Image

നീലച്ചിറകുള്ള മൂക്കുത്തികൾ - 10 സന റബ്സ്

Published on 25 April, 2020
നീലച്ചിറകുള്ള മൂക്കുത്തികൾ - 10  സന റബ്സ്

     ഉച്ചഭക്ഷണം കുറച്ച്കൂടി വൈകിയാണ് മൂവരും കഴിച്ചത്. എന്തുകൊണ്ടോ വല്ലാത്തൊരു ശ്വാസംമുട്ടല്‍  തനൂജ അനുഭവിക്കുന്നുണ്ടായിരുന്നു. ആഭിജാത്യപ്പെരുമാറ്റം കൊണ്ട് ദാസിന്‍റെ അമ്മ താരാദേവി  വളരെ ഉയരത്തില്‍ നില്‍ക്കുമ്പോള്‍ താന്‍ കൊണ്ടുവന്ന സമ്മാനം അവര്‍ക്ക് നല്‍കണോ വേണ്ടയോ എന്നറിയാതെ അവള്‍ കുഴങ്ങി. ആ ആഭരണം വാങ്ങാന്‍ തുനിഞ്ഞപ്പോള്‍ ദാസ്‌ പറഞ്ഞത് തനൂജ  ഓര്‍ത്തു. ‘അമ്മ അങ്ങനെ ഗിഫ്റ്റ് സ്വീകരിക്കുന്ന കൂട്ടത്തിലല്ല’ എന്ന്.

റായിയുടെ അമ്മ എന്ന് പറഞ്ഞപ്പോള്‍ അത് വയസ്സായ ഒരു സ്ത്രീ എന്നതില്‍ക്കവിഞ്ഞ് അപ്പുറത്തേക്ക് ചിന്തിക്കാന്‍ തനൂജ മിനക്കെട്ടില്ലായിരുന്നു. ഇങ്ങനെയൊരു അമ്മയെയല്ല അവള്‍ പ്രതീക്ഷിച്ചതെന്ന് ചിന്താഗ്രസ്തമായ ആ മുഖം പറയുന്നുണ്ടായിരുന്നു.

വിശ്രമിക്കാനായി മുറി കാണിച്ചുകൊടുക്കുമ്പോള്‍ ദാസ്‌ തന്‍റെ എപ്പോഴുമുള്ള പുഞ്ചിരിയോടെ  തനൂജയെ നോക്കിയിട്ട്  ചോദിച്ചു.“എന്താ ഗിഫ്റ്റ് കൊടുക്കേണ്ട എന്ന് തീരുമാനിച്ചോ ..?”

തനൂജ ആശ്ചര്യത്തോടെ അയാളെ നോക്കി. എന്തൊക്കെയായാലും സ്ത്രീകളുടെ മനസ്സറിയാനുള്ള അയാളുടെ കഴിവ് സമ്മതിച്ചുകൊടുത്തേ പറ്റുമായിരുന്നുള്ളൂ.

“ ഏയ് .... ഇല്ല റായ്...  കൊടുക്കാന്‍ തന്നെയല്ലേ വാങ്ങിയത്. എങ്ങനെ മനസ്സിലായി ഞാന്‍ അതാണ്‌ ആലോചിച്ചതെന്ന്?”

ദാസ്‌ തന്‍റെ തലയൊന്ന് വെട്ടിച്ച് മുടിയെ ഒതുക്കി. “അമ്മയുടെ പ്രകൃതം അങ്ങനെയാണ്.  പണ്ട് മുതലേ അല്പം റിസര്‍വ്ഡ് ആണ്. കാര്യമാക്കേണ്ട.  തന്‍റെ ആലോചന കണ്ടപ്പോഴേ കാര്യം പിടികിട്ടി.”  അയാള്‍ ചിരിച്ചു.

 മുറിയില്‍ വിശ്രമിക്കാനായി കിടന്നപ്പോള്‍ തനൂജാ തിവാരിയുടെ മനസ്സില്‍ വ്യക്തമായ കണക്കുക്കൂട്ടലുകള്‍ നടക്കുകയയായിരുന്നു. റായ് വിദേതന്‍റെ പബ്ലിസിറ്റിയേക്കാള്‍ ഇപ്പോഴവളെ ആകര്‍ഷിച്ചത് അയാളുടെ പാരമ്പര്യവും മഹിമയും ചുറ്റുപാടുകളുമാണ്.  എങ്ങനെയാണ് രണ്ട് സ്ത്രീകള്‍ അയാളെ ഉപേക്ഷിച്ച് പോയത്? അതോ അവരൊന്നും കൃത്യമായി അയാളിലേക്കുള്ള വഴി അറിയാതെ പോയവരാണോ? ഈ വീട്ടിലേക്കുള്ള വഴിയും ഈ വീട്ടുകാരെയും  ഈ പരമ്പരയും താന്‍ കൈവിട്ട് കളയേണ്ടതുണ്ടോ? ചുണ്ടില്‍ ഒരു ഗൂഢസ്മിതത്തോടെ കട്ടിലിലേക്ക് ചാഞ്ഞു അവളൊന്ന് മയങ്ങി.

  ഒരു മണിക്കൂറിന് ശേഷം യാത്ര പറയാനായി വീണ്ടും തനൂജ വിശാലമായ ആ ഹാളിലേക്ക് കടന്നുചെന്നു. ദാസും അമ്മയും സംസാരിച്ചുകൊണ്ട് ഇരിപ്പുണ്ടായിരുന്നു. തനൂജ അടുത്തേക്ക് ചെന്നപ്പോള്‍ താരാദേവി ചോദിച്ചു.  “ഇന്ന് പോകണമോ? ഇന്ന് മൈത്രേയി വരും. കുറച്ചുകഴിഞ്ഞാല്‍ അമ്പലത്തില്‍ പോകും. ദുര്‍ഗാക്ഷേത്രം ഇവിടെ അടുത്താണ്. വരുന്നോ?”

“ഇല്ല അമ്മേ.... ,  പിന്നീടൊരിക്കല്‍ ആവാം. ഇന്ന് വൈകീട്ട് എനിക്കും ഒരു പ്രോഗ്രാം ഉണ്ട്. കുറെ നാളായി അമ്മയെ കാണണം എന്ന് കരുതുന്നു. ഇപ്പോള്‍ പെട്ടെന്ന് കുറച്ചു സമയം കിട്ടിയപ്പോള്‍ ഈ വഴി വന്നതാണ്.” തനൂജ അവരുടെ അരികിലേക്ക് വരികയും കാലില്‍ തൊട്ട് നമസ്കരിക്കുകയും ചെയ്തു. താരാദേവി പെട്ടെന്നെഴുന്നേറ്റു അവളെ പിടിച്ചുയര്‍ത്തി.

“എന്താ ഈ കുട്ടി കാണിക്കുന്നേ?” അവര്‍ അവളുടെ മുഖത്തേക്ക് നോക്കി കൈകളില്‍ പിടിച്ചു.

“ഇതൊക്കെ ഇപ്പോഴത്തെ കുട്ടികള്‍ ചെയ്യുമോ?” അവര്‍ കളിയോടെ ചോദിച്ചു.

കൈയില്‍ പിടിച്ചിരുന്ന ഗിഫ്റ്റ് പാക്കെറ്റ്  അവള്‍ അവരുടെ നേരെ നീട്ടി. “ഇത് ഞാന്‍ അമ്മയ്ക്കായി  വാങ്ങിയതാണ്. എന്റെ ചെറിയൊരു സമ്മാനം.”

താരാദേവി മനോഹരമായി ചിരിച്ചു. “കുട്ടീ എന്തിനാണ് ഇങ്ങനെ പൈസ മുടക്കിയത്. ശരി, കൊണ്ടുവന്നതല്ലേ... കാണട്ടെ...” അവര്‍  അവിടെവെച്ചുതന്നെ  ആ പാക്കെറ്റ് തുറന്നു വംഗി പുറത്തെടുത്ത് ഭംഗി നോക്കി.

“കൊള്ളാം നന്നായിട്ടുണ്ട്.” അവര്‍ തല തിരിച്ചു അവളെ നോക്കി.  തനൂജയുടെ മുഖം വികസിച്ചു.

“പക്ഷെ കുട്ടീ, ഞാന്‍ ഈ പ്രായത്തില്‍ ഇത്തരത്തിലുള്ളതൊന്നും ഉപയോഗിക്കാറില്ല. ഇവനറിയാമല്ലോ...”  അവര്‍ ദാസിനെ നോക്കി.

“അതെ, എന്നോട് റായ് പറഞ്ഞിരുന്നു. പക്ഷേ ആദ്യമായി കാണുന്നതല്ലേ , അതുകൊണ്ട്...”  തനൂജ പകുതിയില്‍ നിറുത്തി.

“എന്തായാലും ഇത് ഞാന്‍ സ്വീകരിച്ചതായി കണക്കാക്കി എന്‍റെ ആശീര്‍വാദമായി കരുതി തിരികെ സ്വീകരിക്കൂ...”  താരാദേവി അത് തനൂജയുടെ നേരെത്തന്നെ നീട്ടി.

തനൂജ ധര്‍മ്മസങ്കടത്തിലായെന്നു ദാസിനു മനസ്സിലായി. അയാള്‍ അവരുടെ അടുത്തേക്ക് വന്നു.  അമ്മയെ ചേര്‍ത്ത് പിടിച്ചു  പറഞ്ഞു. “ അമ്മാ, തനൂജ ആഗ്രഹിച്ചു വാങ്ങിയതല്ലേ, തിരികെ കൊടുത്താല്‍ അത് വിഷമമാവില്ലേ.... അതുകൊണ്ട് വാങ്ങിച്ചോളൂ...”

“ഇത്തരം ആഭരണം ഇവരെപ്പോലെ ചെറുപ്പക്കാര്‍ അണിയുന്നതാണ് ചേര്‍ച്ച.  ഇവിടെ ഇപ്പോള്‍ വളരെ ചെറുപ്പമായി ഉള്ളത് നിന്‍റെ മകളാണ്. എനിക്കായി കൊണ്ട് വന്ന ഒരു ആഭരണം ഞാന്‍ നിന്റെ മകള്‍ക്ക് കൊടുക്കാം എന്ന് കരുതി വാങ്ങിവെക്കുന്നത് ശരിയാണോ? അതുകൊണ്ടാണ് ഈ കുട്ടി തന്നെ ഇത് ഉപയോഗിച്ചോട്ടെ എന്ന് പറഞ്ഞത്. അത് എന്‍റെ സമ്മാനമായി കണക്കാക്കിയാല്‍ മതിയല്ലോ....” താരാദേവി തനൂജയെ ചേര്‍ത്തുപിടിച്ചു ചിരിച്ചുകൊണ്ട് തുടര്‍ന്നു.

ആദ്യം തോന്നിയ ഗൗരവം അവരില്‍ നിന്നും ഊര്‍ന്നുവീണതായി തോന്നി. “ഞാന്‍ വാങ്ങിയതായി കണക്കാക്കുക കേട്ടോ....” അവര്‍തന്നെ  അവളുടെ കൈകളിലേക്ക് ആ വംഗി ഇട്ടുകൊടുത്തു. “ദാ... ഇവിടെയാണ്‌ ഇത് കൂടുതല്‍ ചേരുക.” 

തനൂജയ്ക്ക് ഒന്നും പറയുവാന്‍ കഴിഞ്ഞില്ല. ദാസ്‌ ചെറുചിരിയോടെ എല്ലാം വീക്ഷിച്ചുകൊണ്ട്‌ നിന്നു.

അയാള്‍ പറഞ്ഞത് അവളുടെ ഓര്‍മ്മയിലേക്ക് വീണ്ടും കയറിവന്നു. “സാരമില്ല തനൂജ, ഈ പൈസ ഒരിക്കലും വെറുതെ ആകില്ല. തനിക്കിതിന്റെ ഓര്‍മ്മകള്‍ എന്നും സൂക്ഷിക്കാം...”  അമ്മ ഇത് വാങ്ങില്ല എന്നത് അയാള്‍ക്ക്‌ നല്ല നിശ്ചയമുണ്ടായിരുന്നു എന്നവള്‍ക്കിപ്പോള്‍ ബോധ്യമായി.

തങ്ങളുടെ അതിഥിയെ യാത്രയാക്കുവാന്‍ അമ്മയും മകനും പുറത്തേക്കു വന്നു. അതിനു മുന്നേ ഒരല്പം സമയം തനിയെ കിട്ടിയപ്പോള്‍  ദാസ് തനൂജയുടെ കാതില്‍ മന്ത്രിച്ചു. “ അതെന്‍റെ സമ്മാനമായി കരുതിക്കൊള്ളൂ , അപ്പോള്‍ കുഴപ്പമില്ലല്ലോ....” ദാസ് അവളെ  നോക്കി കണ്ണിറുക്കി.  താരാദേവി അങ്ങോട്ട്‌ നടന്ന് വരുന്നത് കണ്ടു അയാള്‍ അവളുടെ അരികില്‍ നിന്നും അകന്നു.

അമ്മയുടെ സാന്നിദ്ധ്യത്തില്‍ തന്റെ കൂടെ കാറില്‍ വരാന്‍ ദാസിനോട് പറയാന്‍ തനൂജ മടിച്ചു.  “ശരി റായ്, നമുക്ക് കാണാം, ഞാന്‍ വിളിക്കാം....”  തനൂജ പറഞ്ഞു. ദാസ്‌ അവള്‍ക്കു കാറിന്റെ ഡോര്‍ തുറന്നുകൊടുത്തു. കണ്ണുകള്‍ കൊണ്ട് രണ്ട് പേരോടും ഒരിക്കല്‍ക്കൂടി സമ്മതം ചോദിച്ചു തനൂജ കാറില്‍ കയറി.

“എന്താണ് നിന്റെ പ്ലാന്‍? ബിസിനസ് പാര്‍ട്ട്‌ണറെ ജീവിതത്തിലേക്ക് വിളിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ....” തിരികെ പനമരത്തണലിലൂടെ  വീട്ടിലേക്ക് നടക്കുമ്പോള്‍ മകനെ സൂക്ഷിച്ചുനോക്കി അവര്‍ ചോദിച്ചു.

“അമ്മ ഇവിടെ ഇരിക്കൂ...” പറഞ്ഞുകൊണ്ട് ദാസ് അവരെ അവിടെ  മരത്തിന് കീഴെയുള്ള  ഇരിപ്പിടത്തിലേക്ക് ഇരുത്തി.  അരികില്‍ അയാളും ഇരുന്നു.

“ഉം....?” ചോദ്യരൂപത്തില്‍ താരാദേവി മിഴികളുയര്‍ത്തി.

“എങ്ങനെ ? തനൂജയെ അമ്മക്ക് ഇഷ്ടമായോ...?” ദാസ് ചോദിച്ചു.

“എന്തേ... ഈ കുട്ടിയാണോ നീ അന്ന് സൂചിപ്പിച്ച കുട്ടി? അല്ലല്ലോ. അത് മിലാന്‍ പ്രണോതി അല്ലേ...?”

“ ഓ... അപ്പൊള്‍ അമ്മ ഓര്‍ക്കുന്നുണ്ടല്ലേ...”

“ഉണ്ട്...വാര്‍ത്തകളില്‍ നിങ്ങള്‍ ഇടയ്ക്കു നിറഞ്ഞു നിന്നിരുന്നല്ലോ... പോരാത്തതിനു ഇപ്പോള്‍ ഒരുമിച്ചഭിനയിച്ചു. പക്ഷേ തനൂജ എന്തെങ്കിലും ആഗ്രഹിക്കുന്നുണ്ടോ നിന്നില്‍ നിന്നും?”

“എന്താ അങ്ങനെ ചോദിച്ചത്? തനൂജയ്ക്ക്  അറിയാമല്ലോ ഞാനും മിലാനും വിവാഹിതരാകാന്‍ പോകുകയാണെന്ന്..” ദാസ്‌ പറഞ്ഞു.

“അതൊക്കെ ശരിയായിരിക്കാം.. പക്ഷെ സ്ത്രീകളുടെ കണ്ണുകളില്‍ നോക്കിയാല്‍ ആ തിളക്കത്തില്‍ നിന്നും  പുരുഷനോടുള്ള ആഗ്രഹം തിരിച്ചറിയാന്‍ കഴിയും. നിന്‍റെ കണ്ണിലും അതുണ്ട്.” അമ്മ തന്‍റെ മുഖത്തേക്ക്തന്നെ നോക്കിക്കൊണ്ട്‌ പറഞ്ഞപ്പോള്‍ ദാസിനു ചെറിയൊരു അസ്വസ്ഥത അനുഭവപ്പെട്ടു.

“മാത്രല്ല  ആ ആഭരണം നമ്മുടെ കടയിലെ അല്ലേ, അത് ആ കുട്ടിക്കാണ് കൊടുക്കേണ്ടത്. നിനക്കറിയില്ലേ ഞാന്‍ അതൊന്നും ഉപയോഗിക്കില്ല എന്ന്.  അവള്‍ക്കത് കൊടുത്തെങ്കിലും  അതിലൊരു അപകടമുണ്ട്.”

ദാസ്‌ ചോദ്യരൂപത്തില്‍ തലയുയര്‍ത്തി. “നാളെ അത് നീ കൊടുത്ത ഗിഫ്റ്റ് ആയി തനൂജ ഉപയോഗിക്കാനും മറ്റുള്ളവരെ  കാണിക്കാനുമുള്ള പോസ്സിബിലിറ്റി തള്ളിക്കളയാന്‍ കഴിയില്ല.” ദാസ് അത്രയും കടന്നു ചിന്തിച്ചിരുന്നില്ല. അത് ശരിയാണെന്ന് അയാള്‍ക്ക്‌ തോന്നി.

“ഞാന്‍ പറഞ്ഞത് ശരിയല്ലേ.... ഞാന്‍ മിലാനെ നേരിട്ട് കണ്ടിട്ടില്ല, പക്ഷെ തനൂജ ഇവിടെ എന്നെ കാണാന്‍ വന്നിരിക്കുന്നു. നിനക്കറിയാമായിരിക്കും, സ്ത്രീകളുടെ മനസ്സ് അതിസങ്കീര്‍ണ്ണമാണ്. അത് മുഴുവനായും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല നിനക്ക്. അതുകൊണ്ടാണ് നീ ഒരു സ്ത്രീയില്‍ ഒതുങ്ങാത്തത്.  നീ കാലത്തിലൂടെ ഒഴുകുകയാണ്.  നല്ലത് നല്ലത് തേടുകയാണ്. അതില്‍ നീ ഒരിക്കലും തൃപ്തനാകുന്നും ഇല്ല.  അല്ലേ?”

ദാസ് ഒരു മറുപടിയും പറഞ്ഞില്ല.

“പക്ഷേ ആ ഒഴുക്കില്‍ കാലത്തെ രേഖപ്പെടുത്താന്‍ നീ എന്തെങ്കിലും കരുതി വെക്കേണ്ടതുണ്ട്. അല്ലെങ്കില്‍ കാലം നിന്നെ രേഖപ്പെടുത്തുക നീ പ്രതീക്ഷിക്കുന്നതു പോലെ ആകില്ല.  അത് നീ ഓര്‍ക്കുന്നില്ല. നിന്‍റെ അച്ഛന്‍ അങ്ങനെ ആയിരുന്നില്ല.  ഞാന്‍ നിങ്ങളെ താരതമ്യം ചെയ്യുകയല്ല. നീ ഒരുപാടു രാജ്യങ്ങളെയും മനുഷ്യരെയും കണ്ടവനാണ്. അപ്പോള്‍ അവനവനിലേക്ക്‌ നോക്കേണ്ടതല്ലേ.  അവനവനെ സ്റ്റബിലൈസ് ചെയ്യാന്‍ നീ ശ്രമിക്കാത്തത് എന്നെ ചിന്തിപ്പിക്കാറുണ്ട്. ശരിയാണ്, നീ തര്‍ക്കിക്കും; നിനക്ക് പ്രായമുണ്ട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ എന്ന്.  മാത്രമല്ല  പുരുഷന്‍ പോളിഗാമിയാണെന്ന് നീ എപ്പോഴും ആവര്‍ത്തിക്കുന്നു. പക്ഷെ ഇനിയുമൊരു സ്ത്രീയുടെ മനസ്സിന് മുന്നില്‍ നീ പരാജയപ്പെടരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അല്ലെങ്കില്‍ ഇനിയുമൊരു സ്ത്രീ നിന്നെ പരാജയപ്പെടുത്തരുത് എന്ന്.”

അവര്‍ ഒന്ന് നിറുത്തി. “എനിക്കറിയാം ഉപദേശം നിനക്ക് കേള്‍ക്കാനും സ്വീകരിക്കാനും വയ്യെന്ന്.”

“തനൂജയെക്കുറിച്ചു നീ മനസ്സിലാക്കിയിട്ടുണ്ട് എങ്കില്‍ അവള്‍ നിന്നെ ആഗ്രഹിക്കുന്നു എന്നും  അറിഞ്ഞിരിക്കും അല്ലേ?” താരാദേവിയുടെ വെട്ടിത്തുറന്ന ചോദ്യത്തില്‍ ദാസ് ഒന്ന് പകച്ചു.

ശരിയാണ്. പലപ്പോഴും തനൂജ കൂടുതല്‍ അടുക്കുന്നു. ‘വിവാഹിതരാകാന്‍ പോകുന്ന രണ്ട്പേരുടെ ഇടയിലേക്ക് ഇടിച്ചുകയറി അതിലെ പുരുഷനെ ബലമായി ആലിംഗനം ചെയ്യുന്നതും ജസ്റ്റ്‌ കള്‍ച്ചര്‍ എന്ന് പറയുമോ...’ മുന്‍പ് മിലാന്‍ ചോദിച്ചത് അയാളുടെ ചെവിയില്‍ മുഴങ്ങി.

അയാള്‍ക്ക് അമ്മയുടെ ധാരണ തിരുത്തണമെന്ന് തോന്നി. അയാള്‍ പറഞ്ഞുതുടങ്ങി. “അമ്മേ, ഞാന്‍ ഇപ്പോള്‍ തിരക്കിട്ട് വന്നത് മിലാനുമായുള്ള വിവാഹക്കാര്യം സംസാരിക്കാന്‍ തന്നെയാണ്. കുറേ നാളുകളായി മിലാനോട് ഞാന്‍ അമ്മയോട് സംസാരിക്കട്ടെ എന്ന് പറയുന്നു. അവള്‍ കാത്തിരിക്കയാണ്. ഞാന്‍ ഡല്‍ഹിക്ക് വരുമ്പോള്‍ അവളെ ഇങ്ങോട്ട് ക്ഷണിച്ചതുമാണ്. പക്ഷെ ഉറപ്പായതിന് ശേഷം തമ്മില്‍ കാണാം എന്നത്  മിലാന്‍റെ തീരുമാനമായിരുന്നു.  ഫ്ലൈറ്റില്‍ വെച്ച് അവിചാരിതമായാണ് തനൂജ ഇങ്ങോട്ടേക്ക് വരുന്നെന്ന് പറഞ്ഞത്. അതും ഇതുമായി യാതൊരു ബന്ധവുമില്ല. ഇന്ന് അമ്മ  മൈത്രേയി വരുമ്പോള്‍ അവളോട്‌ സംസാരിക്കണം.”

“ഞാനോ...” താരാദേവി എടുത്തു ചോദിച്ചു.

“അല്ലാതെ അച്ഛന്റെ വിവാഹക്കാര്യം അച്ഛന്‍ തന്നെ സംസാരിക്കണോ...” അയാളും എടുത്തു ചോദിച്ചു.

“എത്ര വട്ടം നീ മകളോട് സമ്മതം ചോദിക്കാനാണ് പ്ലാനിട്ടിരിക്കുന്നത് ..?”  അവര്‍ എഴുന്നേറ്റു മുന്നോട്ട് നടന്നു. “മകളോട് മാത്രം ചോദിച്ചാല്‍ മതിയോ? മകള്‍ക്കൊരു അമ്മയും ഉണ്ട്.” താരാദേവി തിരിഞ്ഞുനിന്നു. ദാസ് എഴുന്നേറ്റു അമ്മയുടെ അരികിലേക്ക് ചെന്നു.

“വിട്ടുപോയ ആളുകളോട് കണക്കുകള്‍ കൊടുത്തു ജീവിക്കാന്‍ എനിക്ക് വശമില്ല. അതിന്‍റെ ആവശ്യവും വന്നിട്ടില്ല. പുകഞ്ഞാല്‍ കൊള്ളി പുറത്ത്. പുക സഹിച്ച് തീ കായേണ്ട കാര്യമില്ല.” അയാളുടെ സ്വരം കനത്തു.

“വിട്ടുപോയ ആ കണ്ണി നിന്‍റെ രക്തത്തിന്‍റെ പകുതിയാണ്...”  പരിഹാസത്തോടെ  അവര്‍ പറഞ്ഞത് കേട്ട് ദാസിന്‍റെ മുഖം കൂടുതല്‍ ചുവന്നു.

“സൊ....?” ദേഷ്യത്തോടെയുള്ള അയാളുടെ ചോദ്യം കേട്ടിട്ടും മറുപടി കൊടുക്കാതെ അവര്‍ നടന്നുകൊണ്ടിരുന്നു. 

“എന്‍റെ പരമ്പരയ്ക്ക് ഒരവകാശി ഇത്തവണയെങ്കിലും ഉണ്ടാകുമോ...” നടക്കുമ്പോള്‍ അവര്‍ ആത്മഗതം ചെയ്തത് ദാസ് കേള്‍ക്കാതിരുന്നില്ല.

അയാള്‍ മുന്നോട്ട് വേഗം നടന്നുചെന്ന് അവരെ പിടിച്ചു നിറുത്തി.  “എന്താണ് അമ്മ ഉദ്ദേശിച്ചത്? ഈ പരമ്പര കാക്കാന്‍ എനിക്കൊരു മകളുണ്ട്. അമ്മയുടെ പേരക്കുട്ടി.”

“ഓഹോ... അത് നീ ഓര്‍മ്മപ്പെടുത്തിയത് നന്നായി.  അല്ലെങ്കില്‍ ഞാന്‍ മറന്നേനേം. നിന്‍റെ മകളല്ല എന്‍റെ പരമ്പര കാക്കേണ്ടത്‌. ഈ മൂക്കുത്തി ഞാന്‍ കൈമാറേണ്ട  എന്‍റെ മകന്‍റെ ഭാര്യയാണ്. അത് ഇടത്താവളങ്ങള്‍പോലെ കയറിവന്നിറങ്ങിപ്പോകുന്ന നിന്‍റെ ജീവിതകൌതുകങ്ങള്‍ക്ക് കൊടുക്കാനുള്ളതല്ല എന്ന് എന്‍റെ മകന്‍ ഓര്‍ത്താല്‍ നന്ന്.  മനസ്സിലായോ?

 വാക്കുകള്‍കൊണ്ട് ആഞ്ഞടിച്ച് അയാളെ പുച്ഛത്തോടെ  നോക്കി തന്‍റെ വജ്രമൂക്കുത്തിയിലേക്ക് വിരലോടിച്ച് താരാദേവി നടന്നുപോയി
sana rubs : 91 75102 56742

                             ( തുടരും)
നീലച്ചിറകുള്ള മൂക്കുത്തികൾ - 10  സന റബ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക