Image

കനിവിന്റെ കെടാവിളക്കിന് ബലിപീഠത്തിൽ 60 ആണ്ട് (ഫ്രാൻസിസ് തടത്തിൽ )

ഫ്രാൻസിസ് തടത്തിൽ  Published on 24 April, 2020
കനിവിന്റെ കെടാവിളക്കിന് ബലിപീഠത്തിൽ 60 ആണ്ട് (ഫ്രാൻസിസ് തടത്തിൽ )


ന്യൂജേഴ്‌സി:ഫാ. മാത്യു കുന്നത്തിനെ  അറിയാത്തവർ അമേരിക്കയിൽ വിരളമായിരിക്കും. തന്റെ ജീവിത പന്ഥാവിലെ ഏറ്റവും ശ്രേഷ്ടമായ ഔന്ന്യത്തിൽ എത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ. അൾത്താരയിൽ ആൽമബലിയായി ത്യാഗാർപ്പണം ചെയ്‌തതിന്റെ മനോഹരമായ 60 വർഷങ്ങൾ പൂർത്തിയാക്കി പാവങ്ങളിൽ ദൈവത്തിന്റെ പ്രതിരൂപമായി മാറിയ ഈ വയോവൈദികൻ.  ഒരു ജനതയുടെ ചാലക ശക്തിയും ആൽമീയ ഗുരുവും കേരളത്തിലെ നൂറുകണക്കിന് വരുന്ന നിർധനരുടെയും ആലംബഹീനരുടെയും കാണപ്പെട്ട ദൈവമായി മാറിയ ഫാ. മാത്യു കുന്നത്ത് തന്റെ വിശ്രമജീവിതത്തിൽ കഴിഞ്ഞ 60 വർഷങ്ങളിൽ ചെയ്‌ത നന്മകളുടെയും കാരുണ്യ പ്രവർത്തികളുടെയും ചൈതന്യത്തിൽ കഴിയുകയാണ്. അദ്ദേഹത്തിന്റെ ജീവിതയാത്രയിൽ കൂട്ടായിരുന്ന അമേരിക്കയിൽ അദ്ദേഹത്തിന്റെ  നിർലോഭവും  ലാഭേച്ഛയും  കൂടാതെയുമുള്ള സഹായംകൊണ്ടു അമേരിക്കയിൽ എത്തിയ നൂറുകണക്കിന് കുടുംബങ്ങളുടെയും  നാട്ടിലെ ഒരു പിടി നിർധനരുടെയും പ്രാർത്ഥനയിലും, ഓർമ്മയിലും ഈ കോവിഡ് 19 കാലത്ത് അദ്ദേഹത്തിന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ അറുപതാം വാർഷികത്തിൽ പങ്കുചേരുകയാണ്. ഇന്നേ വൈകുന്നേരം ആറിന് സ്വവസതിയിൽ അദ്ദേഹം അർപ്പിക്കുന്ന 60 വര്ഷം മുൻപത്തെ അനുസ്‌മരണ ബലി അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ലൈവ് ആയി സ്‌ട്രെസ് ചെയ്യന്നു.http://www.fmkcf.org/  അല്ലെങ്കിൽ   https://www.youtube.com/watch?v=ye1diWbxGUY&feature=youtu.be സന്ദർശിക്കുക ഇന്ന് വെള്ളി സമയം : 6.30 PM ,

മാത്യു അച്ചൻ എന്ന മഹാനായ വൈദികൻ ഏവർക്കും പ്രിയങ്കരനായത് അദ്ദേഹം നടത്തി വരുന്ന നിരവധി സമൂഹികപ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും വഴിയാണ്. 500 ൽ പരം കുടുംബങ്ങളും  നേരിട്ടും അതിനിരട്ടി കുടുംബങ്ങളും അല്ലാതെയും അമേരിക്കയിലെത്താൻ നിമിത്തമായത്  മാത്യു അച്ചൻ എന്ന മഹാനായ ഈ പുരോഹിതൻ വഴിയാണ്. അദ്ദേഹം കൊണ്ടുവന്ന നിരവധിപേർ രാജ്യം മുഴുവൻ പടർന്ന് വലിയനിലകളിൽ വരെ എത്തിയിട്ടുണ്ട്. 1982 ൽ കുവൈറ്റിൽ ഉള്ള ഒരു നഴ്‌സ് അമേരിക്കയിൽ വരുന്നതിനു ഫയൽ ചെയ്യാൻ സഹായിക്കാമോ എന്നഭ്യർത്ഥിച്ചതാണ്‌ഓരോ വലിയ ല്യ വഴിത്തിരിവിനു കാരണമായത്. ഒരു ഇമ്മിഗ്രേഷൻ അറ്റോർണി വഴി പേപ്പർ വർക്കുകൾ നടത്തിയ അച്ചൻ അവർക്കു വേണ്ട ജോബ് ലെറ്റർ താൻ ജോലിചെയ്‌ത സെയിന്റ് ജെയിംസ് ഹോസ്പിറ്റലിലെ അഡ്മിനിസ്റ്റാർട്ടറിൽ നിന്നും സംഘടിപ്പിച്ചു. അങ്ങനെ ആദ്യത്തെയാൾക്ക് വിസ ലഭിച്ചു. അവർ ഇപ്പോൾ ഡാലസിലോ മറ്റോ ആണ് ആ നഴ്‌സ്.

ഒരാളെ അറ്റോർണി മുഖന്തരം ഫയൽ ചെയ്‌തുകഴിഞ്ഞപ്പോൾ  ആൽമവിശ്വാസമായി ഒരു നോട്ടറി സർട്ടിഫിക്കറ്റ് നേടിയാൽ സ്വന്തമായി ഫയൽ ചെയ്താലെന്തെന്ന് അങ്ങനെ നോട്ടറി സർട്ടിഫിക്കറ്റ് എടുത്തു കൂടുതൽ നഴ്‌സുമാരെ ഫയൽ ചെയ്യാൻ തുടങ്ങി. അക്കാലത്ത് നഴ്‌സുമാരുടെ വിസ മാത്രമായിരുന്നു വലിയ ബുദ്ധിമുട്ടുകൾ കൂടാതെ ലഭിച്ചിരുന്നത്. ഒരു നഴ്‌സിനെ കൊണ്ടുവന്നാൽ അവളുടെ ജീവിതവും ഒപ്പം കുടംബത്തിന്റെ ജീവിതവും മെച്ചപ്പെടും. അവർ വഴി അവരുടെ അനേകം കുടുംബങ്ങൾ രക്ഷപ്പെടും. അങ്ങനെ അച്ഛന്റെ പ്രവർത്തികൾ കേട്ടറിഞ്ഞു നിരവധി  ഗൾഫിലും നാട്ടിലുമുള്ള  നിരവധി നഴ്സുമാർ ഫോൺ വിളിച്ച് അച്ചന്റെ സഹായം സഹായം തേടി.പേപ്പറുകൾ കൃത്യമായഉള്ളവരെ ഫയലിംഗ് ഫീസ് വരെ മുടക്കി അമേരിക്കയിൽ കൊണ്ട് വന്നു.

അവർ അമേരിക്കയിൽ കാലുകുത്തുന്നതിനു മുൻപ് അവർക്കായി അപ്പാർട്ട്മെന്റ് വാടകയ്‌ക്കെടുത്ത് ഫർണീച്ചർ, ഗ്രോസറി എന്തിനു വേണ്ടു ഫ്രിഡ്‌ജിൽ പാലും മുട്ടയും ബ്രെഡും പച്ചക്കറികൾ വരെ വാങ്ങി നിറച്ചു വച്ചിട്ടുണ്ടാകും. ആദ്യമായി അമേരിക്കയിലെത്തുന്ന അവരെ വിമാനത്താവളത്തിൽ പോയി സ്വീകരിക്കുന്നതും അച്ചൻ  തന്നെ.ആദ്യമായി അമേരിക്കയിൽ എത്തുന്നവർ അവരുടെ താമസ സൗകര്യമുറുക്കിയത് കാണുമ്പോൾ വിസ്മയഭരിതരകുമായിരുന്നു .എന്തിനേറെ നാളെ എന്ത് ഭക്ഷിക്കും അവിടെ നിന്ന് സാധനം വാങ്ങുമെന്നൊക്കെ ചിന്തിച്ചു ഫ്രിഡ്‌ജ് തുറന്നു നോക്കുമ്പോൾ പല വീട്ടമ്മമാരുടെയും കണ്ണിൽ ഈറനണിഞ്ഞിരുന്നതായും അത്തരുണത്തിൽ ഇവിടെയെത്തിയ പലരും പങ്കു വയ്ക്കാറുണ്ട്. ഇവരുടെ ഫയലിംഗിനും താമസം,ഭക്ഷണം തുടങ്ങിയ സൗകര്യങ്ങൾ ചെയ്‌തുകൊടുത്തതിനും ചിലവായ തുക മാത്രം ജോലി ലഭിച്ച ശേഷം അവരുടെ ആവശ്യങ്ങൾ കഴിഞ്ഞു തവണകളായി മാത്രമാണ് തിരികെ വാങ്ങിയിരുന്നത്. ഫയലിംഗിനോ മറ്റേതെങ്കിലും കാര്യങ്ങൾക്കോ  നയാ പെനി പ്രതിഫലം വാങ്ങാതെയുള്ള നിസ്വാർത്ഥമായ സേവനം നടത്തിയത് പല കുടുംബങ്ങളും സാമ്പത്തികമായി  മെച്ചപ്പെടണമെന്ന ഉദ്ദേശത്തിലാണ്.

കാലങ്ങൾ കടന്നു പോയപ്പോൾ മാത്യു അച്ചൻ വഴി വന്നിട്ടുള്ള കുടുംബങ്ങളും പെരുകിക്കൊണ്ടിരുന്നു. തുടക്കത്തിൽ പലരും ന്യൂജേഴ്‌സി, ന്യൂയോർക്ക് സ്റ്റേറ്റുകളിലായിരുന്നെങ്കിലും കാലാന്തരങ്ങളിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ കുടിയേറി വളർന്നു പന്തലിച്ചു ഒരു വലിയ സമൂഹമായി വളർന്നു.ആരോംഭകാലത്ത് അമേരിക്കയിൽ എത്തിയവർക്ക് കാറുവാങ്ങാനും മറ്റുമുള്ള ശേഷിയുണ്ടായിരുന്നില്ല. ഇവരുടെ കുടുംബങ്ങളിൽ ഷോപ്പിംഗ് നടത്താൻ അച്ചന്റെ കാർ മാത്രമായിരുന്നു മാർഗം നാലഞ്ചു പേരെക്കൂടി മാളുകളിലും മറ്റുംപോയി എല്ലാ കുടുംബങ്ങൾക്കും വേണ്ട ഷോപ്പിംഗ് നടത്തും. അന്ന് ജീവിതം മാത്യു അച്ചനെ മാത്രം ചുറ്റിപ്പറ്റിയായിരുന്നു. ജോലി, ഹോസ്പിറ്റൽ അപ്പോയ്ന്റ്മെന്റ്.കുട്ടികളുടെ ആവശ്യം ഈലത്തിനും സഹായിക്കാൻ അദ്ദേഹം മാത്രം. അങ്ങനെ ആ ബന്ധങ്ങൾ ഒരു കുടുംബബന്ധം പോലെയായി. എന്നും ആ ബന്ധം അണമുറിയാത്ത നിലനിൽക്കുന്നു.

ഒരു പ്രതിഫലവും വാങ്ങാത്ത തങ്ങളുടെ രക്ഷകനും നാഥനായ അച്ചന് എന്ത് പ്രത്യുപകാരം നൽകുമെന്ന ആലോചനയിൽ അവർ അദ്ദേഹത്തിന്റെ പിറന്നാൾ ദിനം എല്ലാ വർഷവും ഒരു വലിയ ആഘോഷമാക്കി മാറ്റാൻ തുടങ്ങി.പിറന്നാൾ സമ്മാനമായി ഓരോ കുടുംബങ്ങളും അവരുടെ ഇഷ്ട്ടനുസരണം ഒരു നല്ല തുക വർഷംതോറുമുള്ള പിറന്നാൾ സമ്മാനമായി നൽകി തുടങ്ങി. പണ്ടേ പണം കൈയ്യിൽ വയ്ക്കാൻ താൽപ്പര്യമില്ലാത്ത ധാന  ശീലനായ മാത്യു അച്ചൻ ഈ തുക മുഴുവനും നാട്ടിലെ നിർധനരായ നഴ്സിംഗ് വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായി അയച്ചുകൊടുക്കും. കാലങ്ങൾ കടന്ന്‌പോയപ്പോൾ പുതുതായി ഒരുപാടു പേര് ഈ കുടുംബങ്ങളായിൽ അംഗങ്ങളായി. അമേരിക്കയിൽ പ്രത്യേകിച്ച് എല്ലാ ഞായറാഴ്ചയും മലയാളം കുർബാന അർപ്പിക്കാൻ തുടങ്ങിയ മാത്യു അച്ചനോടൊപ്പം അദ്ദേഹം വഴി വരാത്തവരും ചേർന്നു തുടങ്ങി. അങ്ങനെയാണ് അദ്ദേഹത്തിന്റെ 75 പിറന്നാൾ ദിനത്തിൽ ഫാ. മാത്യു കുന്നത്ത് ചാരിറ്റബിൾ ഫൌണ്ടേഷൻ എന്ന ചാരിറ്റബിൾ ട്രസ്റ്റിനു രൂപം കൊള്ളുന്നത്.

അമേരിക്കൻ മലയാളികളുടെ ഇടയിൽ തികച്ചും വ്യത്യസ്തമായ ഒരു ചാരിറ്റബിൾ സംഘടനയാണിത്. തെരെഞ്ഞെടുപ്പുകളില്ല, ഗ്രൂപ്പ് കളികളില്ല, ദുർചെലവില്ല മാത്യു അച്ചൻ വഴി വന്നവരും അല്ലാത്ത അദ്ദേത്തിന്റെ ഉറ്റ സുഹൃത്തുക്കളും സന്തതസഹചാരികളുമായ ഒരു വലിയ ഗ്രൂപ്പ് നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾ മാധ്യമ വർത്തയാകാറില്ല. ട്രസ്റ് രൂപീകൃതമായതിനു ശേഷം ഇന്നുവരെ 6 ലക്ഷത്തിൽപ്പരം ഡോളറിന്റെ കാരുണ്യപ്രവർത്തനങ്ങളാണ് ചെയ്‌തിരിക്കുന്നത്‌. ഓരോ ദിവസവും സഹായത്തിനായി അപേക്ഷിച്ചുകൊണ്ട് ലഭിക്കുന്ന കത്തുകൾ വായിച്ചു നോക്കിയാൽ മനസാക്ഷിയുള്ളവരുടെ  കണ്ണുകളിൽ ഈറനണനയുംഅത്രയ്ക്കും പരിതാപകരമാണ് പല അപേക്ഷകരുടെയും അവസ്ഥ. കേരളത്തിൽ ഇത്രയേറെ പാട്ടിനപ്പാവങ്ങളുണ്ടെന്ന യാഥാർഥ്യമാണ് ഇത്തരം അപേക്ഷകൾ വ്യക്തമാക്കുന്നത്.

ആദ്യകാലങ്ങളിൽ പിറന്നാൾ ദിവസം കിട്ടുന്ന സംഭാവനകളും മറ്റ് പല വ്യക്തികളും അല്ലാതെ തരുന്ന സംഭവനകളുമായിരുന്നു പ്രധാന സാമ്പത്തിക സ്രോതസ്. പിന്നീട് അപെക്ഷകർ കൂടികയും  ഫണ്ട് തികയാതെ വന്നപ്പോൾ ഫണ്ട് റൈസിംഗ് പരിപാടികൾ നടത്തി. എന്നാൽ കിട്ടുന്ന വരുമാനത്തിന്റെ പകുതി പണം ചെലവാകുന്നത് ഒഴിവാക്കാൻ പുതിയ മാർഗം തേടി. ട്രസ്റ്റിനോട് നൂറു ശതമാനം കൂറ് പുലർത്തുന്ന ചാരിറ്റി നൽകാൻ സന്നദ്ധരായ ഏതാനും പേരിൽ നിന്നും ഓരോ മാസവും നിശ്ചിത തുക  ബാങ്ക് വഴി ഡയറക്റ്റ് ഡെപ്പോസിറ്റ്.  ആദ്യം 30 പേർ ചിലർ മാസം 20 ഡോളർ മറ്റു ചില കുടുംബങ്ങൾ 50,60,80,100... എന്നിങ്ങനെ. പ്രതിമാസം 200 ഡോളർ വരെ സംഭാവന ചെയ്യാൻ ചിലർ മുന്നിട്ടിറങ്ങി.എന്നിട്ടും എല്ലാവർക്കും നല്കാൻ ആവശ്യത്തിനു പണമില്ല. എന്നാലും ഓരോ മാസവും ലഭിക്കുന്ന റെമിറ്റൻസിൽ നിന്നു കേസുകളുടെ അവസ്ഥ മനസിലാക്കി ചിലർക്ക് കൂടുതലും മറ്റുള്ളവർക്ക് തുല്ല്യമായതും വിതരണം ചെയ്യുന്നു. 

കഴിഞ്ഞ രണ്ടു വർഷമായി ഏതാണ്ട് 125 അംഗങ്ങൾ ഈ സംരംഭത്തിൽ അംഗമായി കഴിഞ്ഞു. എല്ലാമാസവും ട്രസ്റ്റിന്റെ ഡയറക്റ്റർ ബോർഡ് യോഗം ചേർന്ന് ഓരോ അപേക്ഷകളും വായിച്ച് ഓരോരുത്തരുടെയും ആവശ്യങ്ങളുടെ  ഗൗരവം മനസിലാക്കി അപ്പോൾ തന്നെ തുക പാസാക്കും. ഇതിൽ കൂലംകലുഷിതമായ ചർച്ചകളോ ഒന്നുമില്ല. യോഗ്യരെന്നു കണ്ടാൽ അപ്പോൾ തെന്നെ ചെക്ക് അയച്ചു നൽകാൻ തീരുമാനമാകും.ഡയറക്ട് ഡെപ്പോസിറ്റ് പരിപാടി ആരംഭിച്ചതോടെ ഫണ്ടിന്റെ ലഭ്യതയും കൂടി. ഇനിയും കൂടുതൽ പേര് കൂടി എത്തിയാൽ ഈ നിശ്ബദസേവനം അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ ചാരിറ്റി സംഘടനയായി തുടരും.

ഇങ്ങനെ ജീവിതകാലം മുഴുവൻ  കാരുണ്യപ്രവത്തനങ്ങൾക്കും പരസഹായങ്ങൾക്കും സാമൂഹ്യസേവങ്ങൾക്കുമായി മാറ്റിയ വച്ച കുന്നത്തച്ചന്റെ കുടുംബങ്ങളും എക്സ്റ്റൻഡഡ്‌ കുടുംബാഗങ്ങളും സുഹൃത്തുക്കളും ചേർന്ന് മെയ് മാസം രണ്ടാം തിയതി വിപുലമായ ആഘോഷപരിപാടികൾ നടത്തത്തിനിരുന്നതാണ്. അതിനിടെ കൊറോണ വൈറസ് മഹാമാരി പൊട്ടിപ്പുറപ്പെട്ടു അമേരിക്കയിലെ സ്ഥിതിഗതികൾ വഷളായതിനാൽ ആഘോഷ പരിപാടി അനശ്ചിതമായി മാറ്റി വച്ച്. അദ്ദേഹത്തിന്റെ അറുപതാം പൗരോഹിത്യ വാർഷികത്തോടനുബന്ധിച്ച് ഒരു സുവനീറും ഇറക്കാനിരുന്നതാണ്. സ്ഥിതിഗതികൾ ശാന്തമായാൽ മറ്റൊരു ദിവസം ഈ ആഘോഷം നടത്തിയേക്കും.

അമേരിക്കക്കാരുടെ നല്ല  സമരിയാക്കാരൻ എന്നറിയപ്പെടുന്ന ഫാ. മാത്യു കുന്നത്ത് തന്റെ 60 വർഷത്തെ പൗരോഹിത്യ ജീവിതത്തിൽ നിന്ന് 7 വര്ഷം മുൻപ് ഔദ്യോഗികമായി വിരമിച്ചെങ്കിലും വിശുദ്ധ കുർബാനയോടും അജപാലക ദൗത്യത്തോടുമുള്ള ഒടുങ്ങാത്ത അഭിനിവേശം മൂലം താൻ ജോലി ചെയ്‌തിരുന്ന നട്ട്ലി സെയിന്റ് മേരീസ് പള്ളിയിൽ തുടർന്ന് മൂന്നു വർഷവും അതിനു ശേഷം നട്ട്ലിയിൽ തന്നെയുള്ള മൗണ്ട് കാർമ്മൽ, ഹോളി ഫാമിലി എന്നീ പള്ളികളിലും  നിസ്വാർത്ഥമായ മുഴുവൻ സമയ സേവനം ചെയ്‌തു.എണ്ണയിട്ട യന്ത്രം പോലെ ദിവസേന മൂന്നും നാലും വിശുദ്ധ കുര്ബാനകൾ ഇടവക പള്ളികളിലും കോൺവെൻറ്റുകൾ വൃദ്ധസദനങ്ങൾ ഈനിവിടങ്ങയിൽ അർപ്പിച്ചിരുന്ന ഈ ത്യാഗോജ്ജലിയായ  കുണ്ണത്തച്ചന് വിരമിക്കൽ എന്നത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമായിരുന്നു. എന്നാൽ വിശ്രമമില്ലാത്ത ജീവിത യാത്രയിൽ മനസുകൊണ്ടു ഊർജസ്വലനായിരുന്ന ഫാ. മാത്യു ഒടുവിൽ കിഡ്‌നി സംബന്ധമായ അസുഖവും അതെ തുടർന്നുള്ള പതിവ് ഡയലസീസും മൂലം പള്ളികളിൽ കുർബാന അർപ്പിക്കുന്നത് നിർത്തിവയ്ക്കാൻ നിർബന്ധിതനായി.ഇപ്പോൾ ന്യൂജേഴ്‌സിയിലെ വെസ്റ്റ് ഓറഞ്ചിലുള്ള സഹോദര പുത്രി ബിൻസി, ഭർത്താവ് ജെയിംസ് ജോസഫ്,അവരുടെ ഏക മകൻ അമൽ എന്നിവർക്കൊപ്പം വിശ്രമജീവിതം നയിക്കുന്നു. 

വിശ്രമജീവിതത്തിലും അദ്ദേഹം തിരക്കിലാണ്. അദ്ദേഹത്തിന്റെ  സുഹൃത്തുക്കൾ 16 വര്ഷം മുൻപ് ആരംഭിച്ച ഫാ. മാത്യു കുന്നത് ചാരിറ്റബിൾ ഫൗണ്ടേഷന്റെ ചെയര്മാന്കൂടിയായ അദ്ദേഹം അതിന്റെ പ്രവർത്തനം കൂടുതൽ ഊർജിതമാക്കി. " Life is not worth it if you don't do something to others" എന്ന അദ്ദേഹത്തിന്റെ ആപ്‌ത വാക്യം ഒരു ജിഹ്വായായി കമ്മ്യൂണിറ്റിയിൽ മുഴങ്ങിയപ്പോഴാണ് ഈ ചാരിറ്റബിൾ ട്രസ്റ്റ് എന്ന ആശയത്തിന് രൂപം നൽകിയത്. 16 വർഷത്തിനിടെ കേരളത്തിലെ വളരെ നിർധനരായ അനേകർക്ക് ഭവൻ നിർമ്മാണം,നിർധനരായ നഴ്സിംഗ് വിദ്യാത്ഥികൾ, നിർധനറം  ശയ്യാലംബരുമായ നിരവധി രോഗികൾക്ക് കൈത്താങ്ങാകാൻ ഈ ഫൗണ്ടേഷന് കഴിഞ്ഞു. 

മെയ് മാസം18 നു 89 വയസിലേക്കു പ്രവേശിക്കുന്ന ഫാ. മാത്യുവിന്റെ മഹത്തായ ജീവിത യാത്രയിൽ നന്മയുടെ സ്പർശം ലഭിച്ചവർ അനേകായിരമായിരമുണ്ട് .1931 ൽ കോട്ടയം കാരിത്താസിനടുത്ത് തെള്ളകം എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ച മാത്യു എന്ന കൊച്ചു പയ്യൻ വളർന്നപ്പോൾ തെള്ളകത്തുള്ള ഒരു ചാപ്പലിലെ ‌  സ്ഥിരം അൾത്താര ബാലനായിരുന്നു. അൾത്താര ശിശ്രൂഷയുടെ സ്വാധീനമാകാം ഒരു ദിവസം ആ ചാപ്പലിലെ അൾത്താരയിൽ തനിക്കും ബലിയർപ്പിക്കണമെന്ന മോഹം കുഞ്ഞു മാത്യുവിൽ ജനിപ്പിച്ചത്. തന്റെ ആഗ്രഹം വികാരിയച്ചനോട് പങ്കു വച്ചു. പ്രീഡിഗ്രി പൂർത്തിയാക്കിയ സമയം 19 മത്തെ വയസിൽ മാത്യുവിന് ദൈവവിളി ലഭിച്ചു. അങ്ങനെ1960 ഏപ്രിൽ 24 ന് അന്നത്തെ മദ്രാസിലെ പൊന്നമ്മലിലുള്ള സേക്രഡ് ഹാർട്ട് സെമിനാരി ചാപ്പലിൽ തന്റെ സഹപാഠികളായ 15 പേർക്കൊപ്പം 29 മത്തെ വയസിൽ പട്ടം സ്വീകരിച്ച് തന്റെ ജീവിതാഭിലാഷമായ വൈദികവൃത്തിയിൽ പ്രവേശിച്ചു.

 15 വൈദികരിൽ ഫാ. മാത്യു ഉൾപ്പെടയുള്ള 5 പേരടങ്ങുന്ന സംഘത്തെ ആസാമിൽ മിഷൻ പ്രവർത്തനത്തിനയച്ചു. ആസാമിലെ 20 വർഷത്തെ സ്തുത്യർഹ്യമായ മിഷൻ പ്രവർത്തനത്തിനു ശേഷം 1980 ൽ അമേരിക്കയിൽ എത്തി. 20 വര്ഷത്തെ മിഷൻ പ്രവർത്തനത്തിലെ ജ്വലിക്കുന്ന ഒരമ്മകൾ ഇന്നും അദ്ദേഹത്തിന് മുമ്പിലുണ്ട് തെസ്പ്പൂർ രൂപതയുടെ അപ്പസ്തോലിക്ക് അഡ്‌മിനിസ്ട്രേറ്ററുടെ പദവി (ബിഷപ്പ് മരിക്കുകയോ സ്ഥലം മാറി പോകുകയോ ചെയ്യുമ്പോൾ ആ സ്ഥാനത്തേക്ക് നിയമിക്കുന്ന വൈദികന്റെ സ്ഥാന പ്പേര്‌) അമേരിക്കയിൽ സേവനം ചെയ്യുകയായിരുന്ന സഹോദരനും വൈദികനുമായ ഫാ. സെബാസ്റ്യൻ കുന്നത്തിന്റെ സഹായത്തോടെ അമേരിക്കയിലെത്തിയ ഫാ. മാത്യു കുന്നത്ത് ആദ്യത്തെ ആറുമാസം താമസിച്ചതും താത്കാലികമായി സേവനം ചെയ്തതും ജേഴ്സി സിറ്റിയിലെ 12 നിലകളുള്ള ഒരു വലിയ നഴ്‌സിഗ് ഹോമിലായിരുന്നു. അവിടം തൊട്ട് ഇന്ന് വരെ സംഭവബഹുലമായ ഒരു ജീവിതമാണ് അദ്ദേഹം നയിച്ചത്.

അദ്ദേഹത്തിനൊപ്പം വൈദിക പട്ടം സ്വീകരിച്ച 15 പേരിൽ മാത്യു അച്ചൻ ഉൾപ്പെടെ മൂന്നുപേർ മാത്രമാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത്. അദ്ദേഹത്തോടൊപ്പം മിഷൻ പ്രവർത്തനം നടത്താൻ അദ് ആസാമിൽ പോയ വൈദികനും പിന്നീട് ആസാമിലെ ബിഷപ്പുമായ റവ. ഡോ.മാമ്മലശ്ശേരിയും തെസ്പ്പൂർ രൂപതയിലെ മറ്റൊരു വൈദികൻ ഫാ. മാണി പാറക്കുളങ്ങര എന്നിവർ  മാത്രമാണ്. ഏറ്റുമാകളിൽ ഏഴാമനായ മാത്യു അച്ചനും അനുജൻ സെബാസ്റ്റിയൻ അച്ചനും മാത്രമാണ് ജീവിച്ചിരിപ്പുള്ളതു.അമേരിക്കയിൽ മറ്റൊരു സഹോദര പുത്രനായ ഫാ. തോമസ് കുന്നതും സേവനം ചെയ്യുന്നു.മൂന്ന് മരുമക്കൾ കന്യാസ്ത്രീകൾ ആണ്.
18 വർഷം മുൻപ് മാത്യു അച്ചന്റെ നേതൃത്വത്തിൽ എല്ലാ ഒക്ടോബർ മാസങ്ങളിലും എല്ലാ ദിവസങ്ങളിലും ട്രസ്റ്റിലെ ഓരോ അംഗങ്ങളുടെയും വീട്ടിൽ സൂമൂഹ പ്രാർത്ഥനയും കൊന്ത നമസ്കാരവും നടത്തിവരാറുണ്ട്.ഈ 18 വർഷത്തിനുള്ളിൽ 2012 ൽ സാൻഡി കൊടുങ്കാറ്റ് വന്നതിനെത്തുടർന്ന് ഏതാനും ദിവസങ്ങൾ മാത്രമാണ് കൊന്തനമസ്കാരം മുടങ്ങിയിട്ടുള്ളത്. അമേരിക്കയിൽ എങ്ങനെ എല്ലാ വർഷവറും കൊന്തമാസത്തിലെ എല്ലാ ദിവസവും മുടങ്ങാതെ കൊന്ത നമസകാരം നടടത്തുന്നത്  അപൂർവമാണ്.
 
അമേരിക്കയിൽ വരാനുള്ള ക്ഷണം പലവട്ടം നിരസിച്ച ശേഷമാണ് ഇവിടേയ്ക്ക് വരാൻ തീരുമാനിച്ചത്. അദ്ദേഹത്തിന്റെ അമേരിക്കൻ ജീവിതയാത്ര തുടങ്ങുന്നത് ഇങ്ങനെയാണ്. കൽക്കട്ടയിലെ ഇമ്മിഗ്രേഷൻ ഓഫീസിൽ വിസയ്ക്ക് ചെന്ന മാത്യു അച്ചന് ഗ്രീൻ കാർഡ് സഹിതം വിസ ലഭിച്ചതാണ് ആദ്യത്തെ സംഭവം. അന്ന് വൈദികർക്ക് താൽക്കാലിക വിസയാണ് നല്കരുള്ളത്. കൽക്കത്തയിലുള്ള ഒരു മലയാളി ചെമ്മാച്ചനാണു അന്നത്തെ കോൺസുലാർ ഒരു കത്തോലിക്കനും വൈദികരെ ഏറെ ബഹുമാനിക്കുന്ന ആളാണെന്നും പറഞ്ഞത്. അപ്പോയ്ന്റ്മെന്റ് ദിവസം കോണ്സുലേറ്റിലെത്തിയ അച്ഛൻ കോണ്സുലർക്കു ഒരു നോട്ട് നൽകി. കുറച്ചുകഴിഞ്ഞു അദ്ദേഹം നേരിട്ട് പുറത്തെത്തി ഫാ. മാത്യു ആരെന്നു ചോദിച്ചു. അദേഹം അച്ഛനെ കൂട്ടി ഓഫീസിനകത്തു കയറി പേപ്പറുകൾ പരിശോദിച ശേഷം ഉച്ചകഴിഞ്ഞു വരാൻ പറഞ്ഞു. ഉച്ചകഴിഞ്ഞു അവിടെ ചെന്നപ്പോൾ ഒരു വലിയ പാക്കറ്റ് നൽകിയിട്ട് പറഞ്ഞു. ഇതു അച്ചന്റെ വിസയാണ്. കാര്യം മനസിലാകാതെ വന്ന അച്ചൻ പിന്നീട് ഒരു ട്രാവൽ ഏജൻസിയിൽ ചെന്നപ്പോൾ പാക്കറ്റ് തുറന്ന ഏജൻസിക്കാർ അത്ഭുതസ്തബ്ദരായി. ഇത്തരം ഒരു സംഭവം ആദ്യമായിട്ടാണെന്നായിരുന്നു അവർ പറഞ്ഞത്. അച്ചന്  അമേരിക്കയിലെത്തേണ്ടത് നമുക്കെല്ലാം അനിവാര്യമാണെന്ന കാര്യം അച്ഛനോ ഏജൻസിക്കാരനോ നിനച്ചിരിച്ചിട്ടുണ്ടാകില്ല. 

അങ്ങനെ 1980 ലെ ഡിസംബർ മാസത്തിലെ കനത്ത മഞ്ഞു മൂടികിടന്ന അമേരിക്കയിലെ മണ്ണിൽ അദ്ദേഹം ലാൻഡ് ചെയ്‌തു. ജർമ്മനിയിൽ വൈദികപഠനം പൂർത്തിയാക്കിയ സഹോദരൻ ഫാ. സെബാസ്റ്റിയൻ കുന്നത്ത്  അപ്പോഴേക്കും അമേരിക്കിയിൽ സേവനം ആരംഭിച്ചിരുന്നു. ഫാ. സെബാസ്റ്റിയന്റെ കൂടെ ജേഴ്‌സി സിറ്റിയിലെ ഒരു നഴ്സിംഗ് ഹോമിൽ ചാപ്ലിൻ  ആയിട്ടായിരുന്നു തുടക്കം  അന്ന് സെബാസ്റ്യൻ അച്ചൻറെ  സഹപ്രവർത്തകനായ ഐറിഷ്കാരൻ അച്ചൻ നാട്ടിൽ പോയ രണ്ടു മാസത്തെ അവധിയിൽ ആണ് സേവനം ചെയ്‌തത്‌.ആദ്യം അവിടെ താമസിക്കാൻ തുടങ്ങിയപ്പോൾ അവിടെ അധിക കാലം  താമസിക്കാൻ പറ്റില്ലെന്ന് പിടിവാശിപിടിച്ച പാസ്റ്റർക്കു  എന്തോ അത്യാവ്യം വന്നതുകൊണ്ട് നാട്ടിൽ പോകേണ്ടി വന്നത് അച്ഛന് താമസവും താമസവും ജോലിയും ലഭിക്കാൻ കാരണമായി. പിനീട് മടങ്ങിയെത്തിയ അദ്ദേഹം സഹോദരിയുടെ വീട്ടിൽ വച്ച് ഹൃദയാഘാതം മൂലം മരിച്ചു.അതോടെ അച്ഛന്റെ ജോലിയും സ്ഥിരപ്പെട്ടു.

1981 ൽ ന്യൂയർക്കിലെ സൈന്റ്റ് ജെയിംസ് ഹോസ്പിറ്റലിൽ ചാപ്ലിൻ ആയി നിയമിതനായതോടെയാണ് അച്ചന്റെ ജീവിതത്തിലെ വഴി തിരിവുകൾ ഉണ്ടാകുന്നത്. അന്ന് ന്യൂജേഴ്സിയിലുണ്ടായിരുന്ന മലയാളികൾക്ക് മലയാളത്തിൽ ഒരു വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനുള്ള മോഹം പൂവണിഞ്ഞത് താൻ ജോലി ചെയ്യന്ന ഹോസ്പിറ്റലെ ചാപ്പലിൽ ഓരോ ആഴ്ചയിലും മലയാളത്തിൽ  വിശുദ്ധകുർബാന അർപ്പിച്ചുകൊണ്ടാണ്.അന്ന് കൂടിയതാണ് ഇപ്പോൾ ഡള്ളാസിലെക്കു കുടിയേറിയ മൈക്കിൾ -മേരി കല്ലറക്കൽ ദമ്പതികൾ . ന്യൂജേഴ്‌സി വിടും മുൻപ് വരെ അവർ അച്ചനൊപ്പമാ ഉണ്ടായിരുന്നു.

15 വർഷത്തെ സേവനത്തിനു ശേഷം മാത്യു അച്ഛനെ നട്ട്ലിയിലെ സൈന്റ്റ് ജെയിംസ് ഹോസ്പിറ്റലിലേക്ക് സ്ഥലം മാറ്റി. ആസ്ഥാനം മാറിയപ്പോൾ പ്രതി വാര  മലയാളം കുർബാനയുടെ സമയവും മാറ്റി. ഇതിനിടെ ആസാം ബിഷപ്പിന്റെ അനുമതിയോടെ മിഷൻ അപ്പീൽ ഉൾപ്പെടെയുള്ള കാര്യമാണ് സജീവമാക്കാൻ കൂടിയായ് ന്യൂവർക്ക് അതിരൂപതയിലേക്ക് ഇൻകാർഡിനേറ്റ് (ഒരു രൂപതയിൽ നിന്ന് മറ്റൊരു രൂപതയിലേക്ക് മാറുക) ചെയ്തു. ന്ടലിയിലെത്തിയ ശേഷമാണു ഫൗണ്ടേഷൻ രൂപീകരിക്കുന്നത്. അങ്ങനെ സംഭവ ബഹുലമായ ഒരു സേവനമാണ്  ഈ വന്ദ്യ വൈദികൻ തന്റെ ജീവിതകാലത്തുടനീളം ചെയ്തിട്ടുള്ളത്.

 ഒരുപാട് ഡോളറുകൾ മാത്യു അച്ചന്റെ കൈകളിലൂടെ കടന്നുപോയിട്ടുണ്ട്. ഒരു ഡോളറിൽ പോലും സ്വന്തമാക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിട്ടില്ല. കൈയിൽ കൽ കാശ് വന്നാൽ അപ്പോൾ ആർക്കെങ്കിലും സഹായമായി നൽകും. മുൻപ് ഒരു കാറുണ്ടായിരുന്നു. എപ്പോൾ അതും വിറ്റു.കുറെ കുര്ബാന കപ്പായങ്ങൾ, ബൈബിളുകൾ, ചില പുസ്തകങ്ങൾ, ഒരു കൊച്ചു ടി. വി. ഒരു ഫോൺ,  കുറെ ഫയലുകൾ നിറയെ സഹായം നൽകിയവരും നൽകാനുള്ളവരുമായവരുടെയും കണ്ണീരിൽ കുതിർന്ന അപേക്ഷകൾ, നാലഞ്ച് വസ്ത്രങ്ങളും ഒരു ഷൂസും ചെരുപ്പും തീർന്നു പാവങ്ങളുടെ കൂടെ സഞ്ചരിക്കുന്ന ഈ വൈദികന്റെ ആകെ സമ്പാദ്യം. 

ഒന്നിടവിട്ട ദിവസങ്ങളിൽ  ഡയാലിസിനു വിധേയനാകുന്ന ,മാത്യു അച്ചന്റെ ഓർമ്മകൾക്ക് ഒരു കുറവുമില്ല. ആദ്യകാലത്ത് എല്ലാവരും നിരന്തരമായി അദ്ദേഹത്തെ ബന്ധപ്പെടുമായിരുന്നു. ഇപ്പോൾ പലരും തിരക്കുമൂലം പിതൃതുല്യനായ ഈ വലിയ മനസുള്ള കൊച്ചുമനുഷ്യനെ മറക്കുന്നുണ്ടാകും. ജീവിതത്തിലെ അവസാന ശ്വാസം വരെ പാവങ്ങളെ സഹായിക്കുക എന്ന ഒരൊറ്റ ചിന്ത മാത്രം പേറിനടക്കുന്നമാത്യു അച്ചന് ആരുടേയും സ്നേഹവും കരുതലും മറക്കാനാവില്ല. ആ സുന്ദര മുഹൂർത്തങ്ങൾ നൽകിയ ഓർമ്മകളിൽ ആനന്ദം കണ്ടെത്തുകയാണ് ഈ വിശ്രമജീവിതത്തിൽ. ഇന്നും താൻ ആദ്യം കൊണ്ടുവന്ന കുടുംബങ്ങളാണ് അദ്ദേഹത്തിന്റെ ഓർമ്മകളിലെ ഏറ്റവും പ്രിയപ്പെട്ടവർ. പലരും ഒരിക്കൽപ്പോലും വിളിക്കാറില്ലെങ്കിലും അവരെക്കുറിച്ചു സംശയിക്കുമ്പോൾ ആ മുഖം സന്തോഷങ്ങൾകൊണ്ട് വിരിയുന്നത് കാണാം. ഇന്നല്ലെങ്കിൽ നാളെ തന്റെ കണ്ണടയും മുൻപ് അവരുടെയെല്ലാം വിളിയുടെ കാതോർക്കുകയാണ്... 
കനിവിന്റെ കെടാവിളക്കിന് ബലിപീഠത്തിൽ 60 ആണ്ട് (ഫ്രാൻസിസ് തടത്തിൽ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക