Image

കോവിഡ് കാലത്തെ റംസാന്‍ (ഷുക്കൂര്‍ ഉഗ്രപുരം)

Published on 24 April, 2020
കോവിഡ് കാലത്തെ റംസാന്‍ (ഷുക്കൂര്‍ ഉഗ്രപുരം)
ആഗോളസമൂഹം മുഴുവന്‍ പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്ന സമയത്താണ് ഇത്തവണത്തെ വിശുദ്ധറമളാന്‍ വ്രതം എത്തിപ്പെട്ടിരിക്കുന്നത്. അടുത്തകാലത്തൊന്നും ഇത്തരമൊരു പ്രതിസന്ധി ആഗോളസമൂഹത്തെ ബാധിച്ചിട്ടില്ല. ഇത്തവണത്തെ ആഗോള റംസാന്‍ വിപണിയും ഈസ്റ്ററിന്‍റെയും വിഷുവിന്‍റെയും വിപണിപോലെ ശൂന്യമായിരിക്കും.

നാട്ടിന്‍പുറങ്ങളിലെല്ലാം ഉണ്ടായിരുന്ന നോമ്പ് വിഭവങ്ങളുടെ സ്‌പെഷ്യല്‍ പെട്ടിക്കടകളും വസ്ത്രവിപണിയുമെല്ലാം ഇത്തവണ നിര്‍ജീവമാണ്. ഈഉഷ്ണകാലത്ത് ഏതാണ്ട് പതിനാല് മണിക്കൂറിനടുത്ത് അന്നപാനീയങ്ങളില്ലാതെ സമ്പൂര്‍ണ്ണവ്രതത്തിലാവുക എന്നത് തികച്ചും ശ്രമകരമായഒന്നാണ്. റംസാന്‍ കാലം ഇസ്‌ലാംമതവിശ്വാസികളെ സംബന്ധിച്ചിടത്തോളം സക്രിയമായ പ്രവര്‍ത്തനങ്ങ ളുടേയും മുറതെറ്റാതെയുള്ള ജീവിതചിട്ടകള്‍ രൂപീകരിച്ച് പരിശീലിച്ചെടുക്കുന്നതിനുമുള്ള കാലഘട്ടമാണ്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീംമുന്‍ ക്യാപ്റ്റനും കേരള പൊലീസ്ഫുട്‌ബോള്‍താരവുമായിരുന്ന യു.ഷറഫല ിറംസാനില്‍ വ്രതമെടുത്താണ് കളിക്കാനിറങ്ങുന്നതെന്ന് ഇന്ത്യന്‍ഫുട്‌ബോള്‍ ഇതിഹാസവും കേരള പൊലീസിന്‍റെ ഫുട്‌ബോള്‍ താരവുമായിരുന്ന ഫുട്‌ബോളര്‍ ഐഎംവിജയന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. 

ഒട്ടും വീര്യംകുറയാതെകളത്തില്‍ നിറഞ്ഞാടുന്ന ഷറഫലിയെ കണ്ട് താന്‍അത്ഭുദംകൂറിയിട്ടുണ്ടെന്ന് അദ്ദേഹംപറയുന്നു.  നാട്ടിന്‍പുറങ്ങളിലൊക്കെ കൂലിവേലക്ക്‌പോകുന്ന ആളുകളും വ്രതത്തോട്കൂടി ജോലിചെയ്യുന്നു. ഏത് പ്രതിസന്ധിയിലും സക്രിയമായി കര്‍മ്മനിരതരാകാനുള്ള സന്ദേശമാണ് റംസാന്‍ നല്‍കുന്നത്.

ഈ കോവിഡ് ഭീതിയുടെ കാലത്ത് സമ്പത്തുള്ള വനുംഇല്ലാത്തവ നുമെല്ലാം ഭക്ഷണത്തിന്‌പോലും പ്രയാസപ്പെടുന്ന കാഴ്ചയാണ് നമുക്ക്മുന്നിലുള്ളത്. ആഢംബരവും അനാവശ്യവും ഒഴിവാക്കി അത്യാവശ്യ ജീവിത വിഭവം മാത്രമെടുത്ത് ബാക്കി ആവശ്യ ക്കാര്‍ക്ക്‌നല്‍കാനുള്ള പ്രവാചക അധ്യാപനത്തെ ജീവിതത്തില്‍ പകര്‍ത്താന്‍ നാം തയ്യാറാവണം.

പ്രവാചകന്‍ പഠിപ്പിച്ചപോലെ ജീവിതവിഭവങ്ങള്‍ നല്‍കേണ്ടത് ആവശ്യമുള്ള മനുഷ്യര്‍ക്കാണ്, മത ജാതി വര്‍ണ്ണ വര്‍ഗ്ഗ രാഷ്ട്ര ഗോത്രങ്ങള്‍ക്കതീതമായി പാവങ്ങളെയാണ് പരിഗണിക്കേണ്ടത്.  കോവിഡ് കാലത്തെ റംസാനിലും സാമൂഹികബാധ്യതകളെ വിശ്വാസി സമൂഹം വിസ്മരിച്ചുകള യരുത്. ഈ റംസാനിലെ ഏറ്റവുംവലിയ സാമൂഹിക ഉത്തരവാദിത്വം കോവിഡ് രോഗംവരാതെ നോക്ക ലും ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങളെ അനുസരിക്കലും സഹകരിക്കലും അവര്‍ ആവ ശ്യപ്പെടുമ്പോള്‍ വളണ്ടിയര്‍സേവനം നല്‍കലുമാണ്. ഇത് സത്യവിശ്വാസിയുടെ ബാധ്യതയാണ്. മസ്ജിദിനകത്ത് ഭജനമിരുന്ന് നമസ്കരിക്കുന്നവനിലേറെ പ്രതിഫലം അന്യന്‍റെ ആവശ്യം നടത്തിക്കെ ാടുക്കാന്‍വേണ്ടി പ്രയത്‌നിക്കുന്നവനാണെന്ന പ്രവാചക വചനത്തെ വിശ്വാസിസമൂഹം വിസ്മരിക്കരുത്. 

പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ അതുള്ള സ്ഥലങ്ങളിലേക്ക് പുറത്തുള്ളവര്‍ പ്രവേശിക്കരുതെന്നും അത് വ്യാപിച്ചസ്ഥലത്തുനിന്നാരും പുറത്തുകടക്കരുതെന്നും മുഹമ്മദ്‌നബി (സ്വല്ലള്ളാഹു അലൈഹിവസല്ലം) കര്‍ശനമായി വിലക്കിയിട്ടുണ്ടെന്ന ബോധ്യം ജനങ്ങള്‍ക്കുണ്ടാവണം.സമൂഹത്തിന്‍റെ സാംസ്കാരിക കേന്ദ്രമാവേണ്ട മസ്ജിദുകള്‍മറ്റ് ആരാധനാലയങ്ങളെ പോലെതന്നെ അടഞ്ഞ്കിടക്കുകയാണ്, സമൂഹസുരക്ഷക്കും വേണ്ടികോവിഡ് കാലത്ത്‌നിര്‍ദേശംലഭിക്കുംവരെ അത്അടഞ്ഞ് കിടക്കട്ടെ. സ്വന്തംവീടും താമസ്ഥലവും ആരാധനകര്‍മ്മങ്ങളാലും പ്രാര്‍ത്ഥനകളാലും സചേതനമാവട്ടെ. വിശുദ്ധഖുര്‍ആനും പ്രവാചകാധ്യാപനങ്ങളും കൂടുതല്‍മനസ്സിലാക്കാനും ജീവിതത്തില്‍ പകര്‍ത്താനുമായി കൂടുതല്‍വായിക്കപ്പെടേണ്ടതുണ്ട്. മുമ്പ്‌നടത്തിയിരുന്ന വലിയ ഇഫ്താറുകള്‍ക്ക് പകരം പാവങ്ങള്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള പ്രവര്‍ത്തനത്തിലേര്‍പ്പെട്ട ്അല്ലാഹുവിന്‍റെ പ്രീതിനേടാന്‍ സത്യവിശ്വാസി തയ്യാറാവണം.   

ആഗോള മനുഷ്യ സമൂഹം വിശ്വസിച്ചു പോരുന്ന മത പ്രത്യയ ശാസ്ത്രങ്ങളിലെല്ലാം വ്യത്യസ്ത രീതികളിലുള്ള വ്രതം നിലനില്‍ക്കുന്നുണ്ട്.അന്നപാനീയങ്ങളെല്ലാം സുബ്ഹ് മുതല്‍ വര്‍ജ്ജിച്ചുകൊണ്ട് സൂര്യാസ്തമയത്തോടെ അവസാനിക്കുന്നതാണ്  ഇസ്‌ലാം മത പ്രത്യയ ശാസ്ത്രത്തിലെ നോമ്പ്.ഇങ്ങനെ ഒരുമാസം നീണ്ടു നില്‍ക്കുന്ന വ്രതത്തിന് വ്യത്യസ്ത സാമൂഹിക മാനങ്ങളുണ്ട്.മഹാത്മജി എഴുതിയത് പോലെ മുസ്ലിംകള്‍ വ്രതത്തിലൂടെ അവന്‍റെ ഉള്ളിലുള്ള മൃഗീയതകളെ സംസ്ക്കരിച്ച് നല്ല സ്വഭാവത്തിന് സ്വയം വിധേയമാകുന്ന ഒരു പ്രക്രിയകൂടിയാണ് റംസാന്‍ വ്രതം.നോമ്പിന്‍റെ സാമൂഹിക ശാസ്ത്രം പ്രവിശാലമാണ്.''പട്ടിണി  കിടക്കുന്നവന്‍റെ നോവ് നിങ്ങള്‍ക്കറിയാന്‍ കൂടി വേണ്ടിയാണ്'' വ്രതം നിങ്ങളുടെമേല്‍നിര്‍ബന്ധമാക്കിയതെന്ന ഇസ്‌ലാമിക പ്രത്യയ ശാസ്ത്ര വചനം ചിന്തനീയമാണ്.പണ്ഡിതനും പാമരനും,രാജാവും സാധാരണക്കാരനും എല്ലാം ഇതുപോലെ പട്ടിണി കിടക്കുമ്പോള്‍ സമത്വത്തിന്‍റെ ഒരുവൈജാത്യ രീതി അവിടെ പ്രാവര്‍ത്തികമാകുന്നു.യഥാര്‍ത്ഥത്തില്‍ സാമൂഹിക ശാക്തീകരണത്തിന്‍റെ ഒരു മുറ കൂടിയാണ് ഇസ്‌ലാമിലെ കഠിന വ്രതം.മനുഷ്യന്‍റെ ആസക്തികളെ വ്രതത്തിലൂടെ ഉന്മൂലനം ചെയ്ത് സ്വയം ഉത്തമ സ്വഭാവത്തിലേക്ക് സംസ്ക്കരണം നടത്തുന്നതാണ് നോമ്പിന്‍റെ രീതി.പട്ടിണി മാത്രമല്ല വ്രതത്തിന്‍റെ ആത്മാവ്,ശരീരത്തിലെ ഓരോ അവയവങ്ങള്‍ക്കും നോമ്പുണ്ട്.എല്ലാ ശരീര അവയവങ്ങളെയും ചിന്തകളേയും വ്രതത്തിലേക്ക് പ്രവേശിപ്പിച്ചുകൊണ്ടുള്ള സമ്പൂര്‍ണ സംസ്ക്കരണമാണ് നോമ്പിന്‍റെ ഉദ്ദേശം.ഇതിലൂടെ സ്വഭാവ സംസ്ക്കരണം കൈവരിച്ച ഒരു സമൂഹത്തെ നിര്‍മിച്ചെടുക്കാന്‍ സാധിക്കും,കൃത്യമായ സാമൂഹിക ക്രമം ഇതിലൂടെ സ്ഥാപിച്ചെടുക്കാനുമാവും .
റംസാനിലെ മറ്റൊരു ആരാധനയാണ്  സുദീര്‍ഘമായ നിശാപ്രാര്‍ത്ഥനയായ ‘തറാവീഹ്’ നമസ്ക്കാരം.ധനികനും ദരിദ്രനും,ചെറിയവനും വലിയവനും  എല്ലാം തുല്ല്യതയോടെ ചേര്‍ന്ന് നിന്ന് കൊണ്ടുള്ള നമസ്ക്കാരം വംശ,ദേശ,വര്‍ണ്ണ വിവേചനകള്‍ക്കെതിരായ സമത്വ സന്ദേശമുള്‍ക്കൊള്ളുന്നതാണ്;ഇസ്‌ലാമിലെ സമത്വമെന്ന പ്രായോഗിക പ്രത്യയ ശാസ്ത്രത്തിലാകൃഷ്ടനായിക്കൊണ്ടാണ് 1965ല്‍ കറുത്ത വര്‍ഗ്ഗ കാരനായ  അമേരിക്കന്‍ ബോക്‌സി0ഗ്  താരം കാഷ്യസ്മാര്‍സെല്ലസ്‌ക്ലേ  മുഹമ്മദലി ക്ലേ ആയി മാറുന്നത് .
റംസാനില്‍ കൂടുതല്‍ ദാന ധര്‍മ്മങ്ങള്‍ നല്‍കാനും ഇസ്‌ലാം കല്‍പ്പിക്കുന്നു,അതിനാല്‍ തന്‍റെ വാര്‍ഷിക സമ്പാദ്യത്തിലെ 2.5% നിര്‍ബന്ധിത ദാനം നല്‍കാനും,ഓരോവിളവെടുപ്പ്‌സമയത്തുംകൃഷിയുടെസകാത്ത്‌നല്‍കാനും മുസ്ലിം തയ്യാറാകുന്നു.ഇതിലൂടെ സാമ്പത്തിക സമത്വവും,ക്ഷേമവും ഉറപ്പുവരുത്താനാവും.ഖലീഫ ഉമറിന്‍റെ ഭരണ കാലത്ത് സുഭിക്ഷതയാല്‍ നിര്‍ബന്ധിത ദാനം പോലും സ്വീകരിക്കാന്‍ രാജ്യത്ത് പ്രചകളില്ലാതിരുന്ന കാര്യം ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.ഒരാള്‍ തന്‍റെ സഹജീവിയെ കാണുമ്പോള്‍ പുഞ്ചിരിക്കുന്നത്  പോലും ദാനമാണെന്നാണ് പ്രവാചകന്‍ പഠിപ്പിക്കുന്നത്,നല്ല സാമൂഹിക ബന്ധങ്ങള്‍ സമൂഹത്തില്‍ നില നിര്‍ത്താന്‍  ഇത് പോലുള്ളഘടകങ്ങള്‍സഹായിക്കുന്നു .

വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ അവതീര്‍ണമായത് റംസാന്‍ മാസത്തിലാണ്.ഖുര്‍ആന്‍ വായനയുടെ കൂടി മാസമാണ് റംസാന്‍,അറിവിന്‍റെ കുത്തക വല്‍ക്കരണത്തിനെതിരായും അറിവിന്‍റെ വരേണ്യ വല്‍ക്കരണത്തെ ചെറുത്ത് അറിവിന്‍റെ സമത്വത്തെയും ജ്ഞാനത്തിന്‍റെ ഉല്‍കൃഷ്ടതയേയും ഉയര്‍ത്തിപ്പിടിക്കാന്‍ ഖുര്‍ആന്‍ നമ്മെ ദ്യോതിപ്പിക്കുന്നു.വായനയും ചിന്തയും ഔഷധവും ആരാധനയുമാണെന്ന് റംസാന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട് .

ഈന്തപ്പഴം കൊണ്ട് നോമ്പ് തുറക്കുക, അതില്ലെങ്കില്‍ ശുദ്ധജലം കൊണ്ട് നോമ്പ് തുറക്കുക എന്ന് കല്പിക്കുമ്പോള്‍ മതം എളിമയുടെ നേര്‍ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നു മനസ്സിലാക്കാം, കൊട്ടാരത്തിലും കുടിലിലും നോമ്പ് തുറക്കുന്നത് ഈന്തപ്പഴം കൊണ്ടായിരിക്കും, അതില്ലെങ്കില്‍ ജലം കൊണ്ടും; ഇതിലും സമത്വത്തിന്‍റെ വിശുദ്ധി കാണാനാവും. റംസാനില്‍ കൂടുതല്‍ ഉദാരമാവാന്‍  ഇസ്‌ലാം കല്‍പ്പിക്കുന്നുണ്ട്, അതിനാലാണ് റംസാന്‍ പ്രമാണിച്ച് പല ഇസ്‌ലാമിക രാജ്യങ്ങളും തങ്ങളുടെ രാജ്യത്തെ ജയിലിലെ തടവുകാരെ മോചിപ്പിക്കുന്നത്;ഇത് കുറ്റവാളികളുടെ സംസ്ക്കരണത്തിനും പരിവര്‍ത്തനത്തിനും സഹായിച്ചേക്കാം.

പ്രാദേശികവും,ദേശീയവും,അന്തര്‍ദേശീയവുമായ തലങ്ങളില്‍ പല ഇഫ്താര്‍ സംഗമങ്ങളും നടക്കാറുണ്ട്.ഇവിടങ്ങളിലെല്ലാം സാമൂഹിക ഐക്യം (Social solidartiy) നിര്‍മിച്ചെടുക്കാനും സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും സാധിച്ചിരുന്നു.വ്യത്യസ്ത മത പ്രത്യയ  ശാസ്ത്ര വിഭാഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ലോകത്തിന്‍റെവ്യത്യസ്ഥ രാജ്യങ്ങളിലെ മസ്ജിദുകളിലും, ക്ഷേത്രങ്ങളിലും, ചര്‍ച്ചകളിലും,ഗുരുദ്വാരകളിലും നടന്നിരുന്ന ഇഫ്താര്‍ സംഗമങ്ങള്‍ കലുഷിത കാലത്തെ ആഗോള സമൂഹത്തിന് വലിയ പാഠമാണ് പകര്‍ന്ന് നല്‍കിയിരുന്നത്. വ്യത്യസ്ത സാമൂഹിക ക്രമം നിലനില്‍ക്കുന്ന സമൂഹങ്ങളില്‍ വ്യത്യസ്ത രീതിയിലുള്ള സാമൂഹികോദ്ഗ്രഥന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.

നമ്മുടെ അയല്‍  സംസ്ഥാനമായ തമിഴ്‌നാട്ടിലെ പ്രധാന നോമ്പ് വിഭവമാണ് നോമ്പ് കഞ്ഞി.റംസാന്‍ മാസമായാല്‍ എല്ലാ മസ്ജിദുകള്‍ക്കും തമിഴ്‌നാട്  സര്‍ക്കാര്‍ തന്നെ നേരിട്ട് സൗജന്യ അരി നല്‍കാറുണ്ടായിരുന്നു.പ്രശസ്തമായ ഇവിടുത്തെ നോമ്പ് കഞ്ഞി ഉലുവ,നെയ്യ്, ഏലക്കായ,മല്ലിച്ചെപ്പ്, പുതിയിന,പച്ചമുളക്,ജീരകം,കറിവേപ്പില,സവാള, തേങ്ങ, തക്കാളി   തുടങ്ങീ അനേകം പദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് നിര്‍മിക്കുന്നതാണ്. .ഇഫ്താറിന് സമയമായാല്‍ എന്നും മുസ്ലിംഅമുസ്ലിം അതിഥികള്‍ മസ്ജിദിലെത്തും,അവരിലെ സ്ത്രീകളുള്‍പ്പെടെ പലര്‍ക്കും വീട്ടില്‍ കൊണ്ട് പോകാന്‍ നോമ്പ്കഞ്ഞി നല്‍കും.ഇതിലൂടെ വലിയ സാമൂഹിക ദൗത്യമാണ് അവര്‍ നിര്‍വ്വഹിക്കുന്നത്.

മുസ്ലിം സമൂഹത്തിന്‍റെ നോമ്പിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് വ്യത്യസ്ത പ്രത്യയ ശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്ന അനേകം പേര്‍ നോമ്പനുഷ്ഠിക്കുമ്പോള്‍ അത് ലോകത്തിനു നല്‍കുന്ന മാനവിക സന്ദേശം ചെറുതല്ല. വളരെ പ്രഭാതത്തിലുണര്‍ന്നു സക്രിയമാവാനും ഉണര്‍വ്വുള്ള  സമൂഹത്തെ നിര്‍മിച്ചെടുക്കാനും റംസാന്‍ പരിശീലനം നല്‍കുന്നു.ഒരുമാസത്തെ വ്രതം പൂര്‍ത്തീകരിക്കുന്നതിലൂടെ ഈദ് ആഘോഷിക്കുന്നതിനു മുമ്പായി ''ഫിത്വര്‍'' സകാത്ത് നല്‍കുന്നു.ആ നാട്ടില്‍ ഭക്ഷിക്കുന്ന മുഖ്യ ധാന്യമാണ് സകാത്തായി നല്‍കുന്നത്,അവിടെ അന്നാരും പട്ടിണിയില്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണ് അവര്‍ ഈദ്ആഘോഷിക്കാന്‍ പോകുന്നത്.സാമൂഹിക ക്ഷേമത്തിന്‍റെയും,ഐക്യത്തിന്‍റെയും,ഹൃദയസംസ്ക്കരണത്തിന്‍റെയും,സഹജീവികളോടുള്ള കാരുണ്ണ്യത്തിന്‍റെയും മൂല്യത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് റംസാനിന്‍റെ സാമൂഹിക സന്ദേശം.


(ലേഖകന്‍ ഭാരതീദാസന്‍ യൂണിവാഴ്‌സിറ്റിയില്‍ സോഷ്യോളജിയില്‍ പി. എച്ച് .ഡി. ഗവേഷണ വിദ്യാര്‍ത്ഥിയാണ്)


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക