Image

സ്വർഗ്ഗം തേടുന്ന മനുഷ്യർ (ജീ മലയിൽ (ഗീവർഗീസ്)

Published on 23 April, 2020
സ്വർഗ്ഗം തേടുന്ന മനുഷ്യർ (ജീ മലയിൽ (ഗീവർഗീസ്)
വിദ്യാഭ്യാസം ലോകം സ്വർഗ്ഗമാക്കുമെന്നു ധരിച്ചു.
അതു കളവായിരുന്നു.

സമ്പത്ത് ലോകം സ്വർഗ്ഗമാക്കുമെന്നു ധരിച്ചു.
അതും കളവായിരുന്നു.

മതങ്ങൾ ലോകം സ്വർഗ്ഗമാക്കുമെന്നു ധരിച്ചു.
അത് അതിലും വലിയ കളവായിരുന്നു.

പുരോഹിതർ ജനത്തെ സ്വർഗ്ഗത്തിലേക്കു നയിക്കുമെന്ന് ധരിച്ചു.
പുരോഹിതരിൽ  മഹാഭൂരിപക്ഷവും കള്ളന്മാരും കൊള്ളക്കാരും കൊലപാതകികളും ബലാൽസംഗക്കാരും ആയിരുന്നതിനാൽ
അത് ഭീകരഭോഷ്ക്കായി ഭവിച്ചു.

അങ്ങനെ മനുഷ്യർ തങ്ങളുടെ സ്വപ്നമായ സ്വർഗ്ഗം തേടി  ഭൂമിയിയിലെല്ലാം അലഞ്ഞുനടന്നു.
എവിടെയും സ്വർഗ്ഗം  കണ്ടെത്തിയില്ല.
എങ്കിലും അവർ  അടങ്ങിയിരുന്നില്ല.

ഈ ഭൂമിയിൽ സ്വർഗ്ഗം ഉണ്ടാക്കാനായി മനുഷ്യർ  തങ്ങളിൽ നിന്നുതന്നെ  ചിലരെ നേതാക്കന്മാരായി ഉയർത്തിയിട്ട് അവരെ അതിനു   ചുമതലപ്പെടുത്തി.

തങ്ങൾക്കുവേണ്ടി ഇവിടെയൊരു സ്വർഗ്ഗം തീർച്ചയായും അവർ സൃഷ്ടിക്കുമെന്നു ധരിച്ച്
മനുഷ്യർ പ്രതീക്ഷയോടെ കാത്തിരുന്നു.

മനുഷ്യർ ഉറങ്ങിയ തക്കം നോക്കി നേതാക്കന്മാർ നാടിന്റെ സമ്പത്തെടുത്ത് തങ്ങളുടെ മക്കൾക്കും കുടുംബത്തിനും വരുംതലമുറകൾക്കും വേണ്ടി സ്വർഗ്ഗം കെട്ടിപ്പടുത്തുകൊണ്ടിരുന്നു. അത് അവർ അനുഭവിച്ചു തിന്നുകൊഴുത്തു.

ഉറക്കത്തിലായിരുന്ന മനുഷ്യർ ഒന്നും അറിഞ്ഞില്ല.

മനുഷ്യരിൽ ചിലർ ഉറക്കം വിട്ട് എണീറ്റപ്പോൾ  തങ്ങളുടെ നേതാക്കൾ പടുത്തുയർത്തിയ കുടുംബസ്വർഗ്ഗങ്ങളുടെ കാവലാളർ അവരെ മൃഗീയമായി അടിച്ചൊതുക്കി. പിന്നീട് അവരെ തടവറയിൽ ആക്കി മയക്കുമരുന്നു നൽകി വീണ്ടും ഉറക്കിക്കെടുത്തി.

കുറേനാൾ കഴിഞ്ഞപ്പോൾ അവർക്ക് ഒരു കാര്യം മനസ്സിലായി.

ഈ ഭൂമിയിലെ സ്വർഗ്ഗം നേതാക്കൾക്കും അവരുടെ കുടുംബങ്ങൾക്കും  മാത്രമുള്ളതാണെന്ന്.

അതോടെ മനുഷ്യരിൽ നിന്നും ധാരാളം നേതാക്കൾ ഉയർന്നുവന്നു.

ആ നേതാക്കൾ എല്ലാവരും ഒന്നായി ചേർന്ന് വ്യാജത്തെ സത്യമാണെന്ന് ജനത്തെ പറഞ്ഞു പഠിപ്പിച്ചു.

അങ്ങനെ ഭൂമിയിൽ വ്യാജം സത്യത്തിന്റെ വേഷം ധരിച്ചിറങ്ങി മനുഷ്യരുടെ ഇടയിൽ പാർത്തു.

ഭൂമിയിൽ വ്യാജത്തിന്റെ വാഴ്ച തുടങ്ങിയതോടെ നേതാക്കൾ മനുഷ്യരെ മുഴുവനായും പട്ടാപ്പകൽ പോലും കൊള്ളയടിച്ചു സുഖിച്ചു തുടങ്ങി.
അത് നേതാക്കളുടെ അവകാശം ആണെന്ന് മനുഷ്യർ സ്വയം ആശ്വസിച്ചു.

മനുഷ്യരുടെ പ്രതികരണശേഷി നഷ്ടമായെന്നു മനസ്സിലായതോടെ നേതാക്കൾ അവരുടെ   ജന്മാവകാശത്തിൽ മേൽ കയറി ശയിച്ചുതുടങ്ങി.

എന്നിട്ട് അവർ ഉറക്കെ മനുഷ്യരോടു ഘോഷിച്ചു നടന്നു, സ്വർഗ്ഗം ഭൂമിയിലെ പീഡിതർക്കും
ദുഃഖിതർക്കും ദരിദ്രർക്കും വിലപിക്കുന്നവർക്കും രക്തസാക്ഷികൾക്കും  ഉള്ളതാണെന്ന്.

ഏതാണ് സത്യം, ഏതാണ് ഭോഷക്കെന്ന് മനസ്സിലാക്കാനുള്ള കഴിവു നഷ്ടപ്പെട്ട മനുഷ്യർ  അവരെ വിശ്വസിച്ചുകൊണ്ടു ജീവിക്കാൻ പഠിച്ചു.

ആ വിശ്വാസം വർദ്ധിച്ചപ്പോൾ മനുഷ്യർ തങ്ങളുടെ നേതാക്കളെ ആൾ ദൈവങ്ങളായി കണ്ട് അവരെ ആരാധിച്ചു തുടങ്ങി.
അങ്ങനെ ഭൂമി ആൾദൈവങ്ങളാൽ കൂടുതൽ ശക്തി പ്രാപിച്ചു.

പെട്ടെന്നായിരുന്നു ഒരു ശബ്ദം മുകളിൽ നിന്ന് ഉയർന്നുകേട്ടത്.

"ഞാൻ എന്ന നിങ്ങളുടെ ദൈവത്തിന് ജാതി കല്പിച്ചു തന്നതാർ?
ഞാൻ എന്ന ദൈവത്തിന് മതം കല്പിച്ചു തന്നതാർ?
അതിന് എനിക്ക് മുമ്പേ ഉണ്ടായിരുന്നവൻ ആർ?

ഞാൻ നിങ്ങൾക്കു കല്പിച്ചു നല്കിയിട്ടില്ലാത്ത ജാതിയും മതവും പറഞ്ഞു നിങ്ങളെ വഴി തെറ്റിക്കാൻ തക്കവണ്ണം മനുഷ്യർക്കു മുമ്പേ ഭൂമിയിൽ ജനിച്ചവൻ ആർ?

ആ മതങ്ങളിലൂടെ  ഞാനല്ലാതെയുള്ള മറ്റു ദൈവങ്ങളെ നിങ്ങൾക്കു
കാട്ടി തന്നവർ ആർ?

ഭൂമിയിൽ ജാതിയും മതവും ഇല്ലാത്തവർ  ഭൂമിയിലെ സ്വർഗ്ഗത്തിൽ ജീവിക്കുകയും യാഥാർത്ഥ ദൈവത്തെ അറിയുകയും
ചെയ്യുന്നു.
അവർ വെളിച്ചത്തിന്റെ മക്കളും ദൈവം വാഴും ഇടത്തിലെ ദൈവത്തിന്റെ മക്കളും ആകുന്നു എന്നറിഞ്ഞുകൊൾക."


..............
..............

പേര് : ഗീവർഗീസ് ഇടിച്ചെറിയ കിഴക്കേകര,

സിറ്റി: പത്തനംതിട്ട

പ്രൊഫഷൻ: എഞ്ചിനിയർ ആന്റ് സീനിയർ പ്രോജക്ട് കൺസൾട്ടന്റ്‌

ജീ മലയിൽ എന്ന പേരിൽ
നോവലുകൾ, കവിതകൾ, കഥകൾ എന്നിവയും ഗീവർഗീസ് ഡെസ്ക് എന്ന പേരിൽ ലേഖനങ്ങൾ ബ്ലോഗുകൾ തുടങ്ങിയവയും എഴുതുന്നു.

5 നോവലുകൾ മലയാളത്തിൽ പുസ്തകമാക്കിയിട്ടുണ്ട്.

ഒരു ബൈബിൾ പുസ്തകം ഇംഗ്ലീഷിൽ ആമസോണിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗീവർഗീസ് ഡെസ്ക്
സ്വർഗ്ഗം തേടുന്ന മനുഷ്യർ (ജീ മലയിൽ (ഗീവർഗീസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക