Image

കൊറോണക്കാലം, വിവാദങ്ങളും വിമര്‍ശനങ്ങളും (മുരളി തുമ്മാരുകുടി)

Published on 23 April, 2020
കൊറോണക്കാലം, വിവാദങ്ങളും വിമര്‍ശനങ്ങളും (മുരളി തുമ്മാരുകുടി)
ലോകത്ത് ഇരുന്നൂറിലേറെ രാജ്യങ്ങളിലും ടെറിട്ടറികളിലും ഇപ്പോള്‍ കൊറോണ വൈറസ് എത്തിച്ചേര്‍ന്നിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നത്. മൊത്തം കേസുകള്‍ 24 ലക്ഷവും മൊത്തം മരണ സംഖ്യ 17,0000 വും കടന്നു. കൊറോണ വര്‍ദ്ധനവിന്റെ ഗ്രാഫ് നോക്കിയാല്‍ ഉറപ്പായും കാണാവുന്നത് അതിന്റെ ഉച്ചിയിലൊന്നും നാം എത്തിയിട്ടില്ല എന്നാണ്. ആദ്യത്തെ പത്തുലക്ഷം കടക്കാന്‍ 93 ദിവസം എടുത്തപ്പോള്‍ അടുത്ത മില്യണ്‍ കടക്കാന്‍ വെറും പതിമൂന്നു ദിവസമാണ് എടുത്തത്. ഈ കണക്കിന് ഈ മാസം അവസാനിക്കുന്നതിന് മുന്‍പ് ഒരുപക്ഷെ മൂന്നാമത്തെ പത്തുലക്ഷവും കടക്കും. മരണ സംഖ്യ ഒന്നില്‍ നിന്നും രണ്ടു ലക്ഷവും ആകും.

ഈ രോഗങ്ങളുടെയും മരണങ്ങളുടേയും നടുക്കും കൊറോണ വിവാദങ്ങള്‍ക്ക് ക്ഷാമമൊന്നുമില്ല. ഇന്നിപ്പോള്‍ ലോകത്തെ നമുക്ക് നാലായി വിഭജിക്കാം.

1. കൊറോണ മരണങ്ങള്‍ ഇല്ല, വിവാദങ്ങളും ഇല്ല.
2. കൊറോണ മരണങ്ങള്‍ ഇല്ല, പക്ഷെ വിവാദം ഉണ്ട്.
3. കൊറോണ മരണങ്ങള്‍ ഉണ്ട്, പക്ഷെ വിവാദം ഇല്ല.
4. കൊറോണ മരണങ്ങള്‍ ഉണ്ട് , വിവാദങ്ങളും ഉണ്ട്.

മരണങ്ങള്‍ പതിനായിരം കടന്ന ബ്രിട്ടനില്‍ രോഗവ്യാപനത്തിന്റെ ആദ്യകാലത്ത് ആ വിഷയത്തെ പറ്റി നടന്നിരുന്ന ക്യാബിനറ്റ് ബ്രീഫിംഗില്‍ (COBRA Meeting എന്നാണ് അവിടുത്തെ പത്രക്കാര്‍ ഇതിന് പേരിട്ടിരിക്കുന്നത്) പ്രധാനമന്ത്രി പങ്കെടുത്തിരുന്നില്ല എന്നതാണ് വിവാദം. അമേരിക്കയില്‍, വേണ്ട സമയത്ത് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചോ, ലോക്ക് ഡൌണ്‍ പിന്‍വലിക്കാന്‍ സമയമായോ തുടങ്ങിയ വിവാദങ്ങള്‍ നടക്കുന്നു. ഗൂഗിളില്‍ Corona Controversy എന്നോ corona criticism എന്നോ ടൈപ്പ് ചെയ്താല്‍ ശറപറേന്ന് വിവാദങ്ങളുടെയും വിമര്‍ശനങ്ങളുടെയും വാര്‍ത്ത വരും. നമുക്ക് ഇഷ്ടമുള്ളത് വായിക്കാം, നമ്മുടെ രാഷ്ട്രീയമനുസരിച്ച് ഭാഗം പിടിക്കാം, ചര്‍ച്ച ചെയ്യാം, ഫോര്‍വേഡ് ചെയ്യാം.

കേരളത്തിലും വിവാദങ്ങള്‍ ഉണ്ടെങ്കിലും ഭാഗ്യവശാല്‍ നമ്മള്‍ ഗ്രൂപ്പ് രണ്ടില്‍ ആണ്. അതായത് കൊറോണ മരണങ്ങള്‍ സംഭവിക്കുന്നില്ല, വിവാദങ്ങള്‍ മാത്രമേ ഉള്ളൂ. കൊറോണ മരണങ്ങളും ഇല്ല വിവാദങ്ങളും ഇല്ല എന്ന സ്ഥിതിയാണ് ഏറ്റവും നല്ലത്. പക്ഷെ അതൊരു ജനാധിപത്യ സംവിധാനത്തില്‍ സാധിക്കുന്നതോ പ്രതീക്ഷിക്കാവുന്നതോ അല്ല. അപ്പോള്‍പ്പിന്നെ സെക്കന്‍ഡ് ബെസ്റ്റ് രണ്ടാമത്തെ ഗ്രൂപ്പ് തന്നെയാണ്. ഞാന്‍ കൊറോണക്കാലം തുടങ്ങിയപ്പോള്‍ മുതല്‍ പറയുന്നത് പോലെ ഇതൊരു മാരത്തണ്‍ ഓട്ടമായതിനാല്‍ ഇനിയും വിവാദങ്ങള്‍ വരും, പോകും. അതിലെ ശരിയും ശരികേടും, രാഷ്ട്രീയവും, അവസരവാദവും എല്ലാം കാലം വിലയിരുത്തട്ടെ. അത് എന്റെ വിഷയമല്ല.

പക്ഷെ ഞാന്‍ ശ്രദ്ധിക്കുന്നതും മറ്റുള്ളവര്‍ ശ്രദ്ധിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നതുമായ ചിലതുണ്ട്. കേരളത്തിലെ കൊറോണക്കാലത്തെ നയരൂപീകരണം എന്നത് താമരശ്ശേരി ചുരത്തിലെ ഡ്രൈവിങ് പോലെയാണ്. കടുകുമണി വ്യത്യാസത്തില്‍ അങ്ങോട്ടോ ഇങ്ങോട്ടോ മാറിക്കഴിഞ്ഞാല്‍ എല്ലാം തവിട് പൊടിയാകും. കൊറോണക്കേസുകള്‍ നിയന്ത്രിച്ചു നിര്‍ത്തിയില്ലെങ്കില്‍ വെറും രണ്ടുമാസത്തിനകം നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ പരിമിതികള്‍ക്കപ്പുറത്തേക്ക് കേസുകളുടെ എണ്ണം വളരും. ലോക്ക് ഡൌണ്‍ അനന്തമായി നീട്ടിക്കൊണ്ടു പോയാല്‍ സാന്പത്തിക സ്ഥിതി ആകെ അവതാളത്തിലാകും, ജന ജീവിതവും. ഇവ തമ്മിലുള്ള ഒരു ബാലന്‍സിംഗ് ആണ് ഇപ്പോള്‍ നടക്കുന്നത്, അവിടെയാണ് ഭരണ സംവിധാനങ്ങളുടെ പരമാവധി ശ്രദ്ധ വേണ്ടത്. ആ കാര്യങ്ങളെ പറ്റിയാണ് ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത്.

1. ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ കേസുകളുടെ എണ്ണം കൂടുന്നു. പ്രതിദിനം ആയിരം കേസൊക്കെയാണ് കൂടി വരുന്നത്. മെയ് മൂന്നിന് ലോക്ക് ഡൌണ്‍ പൂര്‍ണ്ണമായും പിന്‍വലിക്കാന്‍ സാധിക്കുമോ, സാധിച്ചു കഴിഞ്ഞാല്‍ പിന്നീട് സാമൂഹിക അകലം പാലിക്കല്‍ എത്രമാത്രം സാധ്യമാകും, കേസുകളുടെ വളര്‍ച്ച നിരക്ക് കുറഞ്ഞത് നിലനിര്‍ത്താന്‍ സാധിക്കുമോ, കേസുകള്‍ ലക്ഷങ്ങളിലേക്ക് വളരുമോ, അത് എവിടെ വരെ എത്താം, എത്തും?

2. ആഭ്യന്തര യാത്രാ വിലക്കുകള്‍ കുറഞ്ഞു കഴിഞ്ഞാല്‍, സ്വകാര്യ വാഹനങ്ങള്‍ കൂടി അനുവദിച്ചാല്‍, ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് മലയാളികള്‍ തീര്‍ച്ചയായും തിരിച്ചു വരാന്‍ ശ്രമിക്കും. അത് തികച്ചും ന്യായവുമാണ്. ഇപ്പോള്‍ തന്നെ റെയില്‍ പാളത്തിലൂടെയും കാട്ടിലൂടെയും നടന്ന് ആളുകള്‍ കേരളത്തിലെത്താന്‍ ശ്രമിക്കുന്നു. ഇനി വരുന്ന ദിവസങ്ങളില്‍ അത് വര്‍ദ്ധിക്കില്ലേ? ഇങ്ങനെ സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിക്കാതെ ഊടുവഴികളിലൂടെ വരുന്നവര്‍ സര്‍ക്കാരില്‍ റിപ്പോര്‍ട്ട് ചെയ്യുമോ, ക്വാറന്റൈന്‍ നിയമങ്ങള്‍ പാലിക്കുമോ, നമ്മുടെ കേസുകള്‍ വീണ്ടും ഉയരുമോ?

3. ഒന്നും രണ്ടുമായി ഇന്ത്യക്കാര്‍ മറുനാടുകളില്‍ മരിക്കുന്നുണ്ട്. പോരാത്തതിന് ഗള്‍ഫ് നാടുകളില്‍ എണ്ണ വില കുറയുന്നതിന്റെ സാന്പത്തിക പ്രശ്‌നങ്ങളുമുണ്ട്. അവിടെ നിന്നും ആയിരക്കണക്കിന് മലയാളികളുടെ നാട്ടില്‍ എത്തണമെന്ന തികച്ചും ന്യായമായ ആവശ്യം എന്നാണ് സാധിക്കുക? എത്തിക്കഴിഞ്ഞാല്‍ത്തന്നെ നാലാഴ്ചത്തെ ക്വാറന്റൈന്‍ മതിയാകുമോ? വീട്ടിലിരിക്കാന്‍ പറഞ്ഞാല്‍ ആളുകള്‍ അത് അനുസരിക്കുമോ?

4. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൊറോണ എത്തിയത് മറ്റിടങ്ങളേക്കാള്‍ ഒന്നുരണ്ടു മാസം വൈകിയാണ്. ചുരുക്കം ഇന്ത്യക്കാരുള്ള അവിടെയും കേസുകളുടെ എണ്ണം പതുക്കെ കൂടി വരുന്നു. ആഫ്രിക്കയിലെ പലയിടങ്ങളിലും ആരോഗ്യ സംവിധാനം മറ്റിടങ്ങളിലേത് പോലെ വികസിതമല്ല. എങ്ങനെയാണ് ഇവരുടെ കാര്യത്തില്‍ സഹായം ചെയ്യാന്‍ കഴിയുന്നത്?. അവിടെ നിന്നും, അതുപോലെ വളരെ കുറഞ്ഞ എണ്ണം മാത്രം ഇന്ത്യക്കാരുള്ള മറ്റ് നാടുകളില്‍ നിന്നും നാട്ടില്‍ എത്തണമെന്ന് ആഗ്രഹിക്കുന്നവരെ എങ്ങനെയാണ് സഹായിക്കാന്‍ സാധിക്കുന്നത്?

5. എസ് എസ് എല്‍ സി പരീക്ഷ ഇനിയും തീര്‍ന്നിട്ടില്ല, അത് തീര്‍ത്ത് മാര്‍ക്കിട്ട് റിസള്‍ട്ട് പ്രഖ്യാപിച്ച് പുതിയ അധ്യയന വര്‍ഷം തുടങ്ങണം. കേസുകളുടെ കാര്യത്തില്‍ വീണ്ടും ഉയര്‍ച്ച ഉണ്ടായാല്‍ ഇത് നടക്കില്ല. കുട്ടികളുടെയും മാതാപിതാക്കളുടെയും മാനസിക സംഘര്‍ഷം ഇനിയും കൂടും. അതെങ്ങനെ കൈകാര്യം ചെയ്യും?

6. മെയ് മാസത്തില്‍ കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായാല്‍ ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുക സാധ്യമല്ല. ഗള്‍ഫിലും യൂറോപ്പിലും ഉള്‍പ്പെടെ ധാരാളം സ്‌കൂളുകളില്‍ അധ്യയനം ഓണ്‍ലൈന്‍ ആക്കി മാറ്റിയിരിക്കുകയാണ്. എങ്ങനെയാണ് കണക്ടിവിറ്റിയും കന്പ്യൂട്ടറും എല്ലാവര്‍ക്കും ലഭ്യമല്ലാത്ത നമ്മുടെ സാഹചര്യത്തില്‍ അടുത്ത അധ്യയന വര്‍ഷം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നത്?

7. അടുത്ത വര്‍ഷത്തെ പ്രൊഫഷണല്‍ കോഴ്സുകള്‍ക്കുള്ള എന്‍ട്രന്‍സ് പരീക്ഷകളും, പ്ലസ് ടു മുതല്‍ പി ജി വരെയുള്ള അഡ്മിഷനുകളും നടത്തണം. ഇതൊക്കെ സാധ്യമാകുമോ?
8. കേരളത്തിന് പുറത്തും വിദേശത്തും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഓരോ വര്‍ഷവും ഉപരിപഠനത്തിന് പോകുന്നുണ്ട്. ഏറെപ്പേര്‍ ഇപ്പോള്‍ത്തന്നെ അവിടെ ഉണ്ട്? ഇവരുടെ കാര്യങ്ങള്‍ എന്താകും?

9. എണ്ണ വില വളരെ കുറഞ്ഞ സാഹചര്യത്തില്‍ കേരളത്തിലെ ധാരാളം ആളുകള്‍ തൊഴില്‍ ചെയ്യുന്ന ഗള്‍ഫ് നാടുകളില്‍ ഉണ്ടാകുന്ന സാന്പത്തിക പ്രതിസന്ധി നമ്മുടെ തൊഴിലിനെ മാത്രമല്ല അവിടെ ബിസിനസ്സ് ചെയ്യുന്നവര്‍, അവിടേക്ക് കയറ്റുമതി ചെയ്യേണ്ടവര്‍ തുടങ്ങിയവരെയും ബാധിക്കും. എങ്ങനെയാണ് അത് നമ്മുടെ സന്പദ്വ്യവസ്ഥയെ ബാധിക്കുന്നത്? എന്ത് തയ്യാറെടുപ്പാണ് നാം നടത്തേണ്ടത്?

10. ഈ കൊറോണക്കാലത്തും പ്രകൃതിയുടെ നിയമങ്ങള്‍ക്ക് മാറ്റമൊന്നുമില്ല. മഴക്കാലം വരികയാണ്, പനിക്കാലവും. വേനല്‍ക്കാല മഴകള്‍ പതിവിലും കൂടുതലാണ്. ഓടകളും കാനകളും വൃത്തിയാക്കി നാം മഴക്കാലത്തിന് തയ്യാറെടുക്കേണ്ട സമയമാണ്. മഴയുടെ തോത് എന്തായിരിക്കും എന്ന് ശ്രദ്ധിക്കണം, വെള്ളപ്പൊക്കമോ മണ്ണിടിച്ചിലോ ഇനിയും ഉണ്ടാകാം, ഇതിനൊക്കെ കരുതിയിരിക്കണം.

സാന്പത്തിക വെല്ലുവിളികള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വേറെയും പലതുണ്ട്. അതോരോന്നും ചിന്തിക്കേണ്ടതും കാര്യക്ഷമമായി കൈകാര്യം ചെയ്യേണ്ടതുമാണ്. തീര്‍ച്ചയായും കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യങ്ങളിലെല്ലാം മനസ്സിരുത്തിയാണ് മുന്നോട്ട് പോകുന്നതെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ത്യയില്‍ കേസുകളുടെ എണ്ണം കുതിച്ചു കയറാതെ പിടിച്ചു കെട്ടാനാകുമെന്നും കേരളത്തില്‍ ഇനിയും ഒരു പീക്ക് ഉണ്ടാകാതെ നോക്കാന്‍ കഴിയുമെന്നും തല്‍ക്കാലം പ്രതീക്ഷിക്കാം. അതേസമയം അങ്ങനെ അല്ലാത്ത സാഹചര്യങ്ങള്‍ക്ക് തയ്യാറെടുക്കുകയും ആവാം.

വിമര്‍ശനങ്ങളും വിവാദങ്ങളും എല്ലാം സമാന്തരമായി നടക്കട്ടെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക