Image

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പിശാചിന്റെ പ്രവര്‍ത്തനങ്ങള്‍

ജോയിച്ചന്‍ പുതുക്കുളം Published on 24 May, 2012
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പിശാചിന്റെ പ്രവര്‍ത്തനങ്ങള്‍
ഗ്ലാസ്‌ഗോ: ലണ്ടന്‍ മലയാളി അസോസിയേഷന്‍ മെയ്‌ 20-ന്‌ സണ്ണി പത്തനംതിട്ടയുടെ അധ്യക്ഷതയില്‍ റുത്തര്‍ഗ്ലനില്‍ കൂടിയ അനുശോചന യോഗത്തില്‍ ടി.പി. ചന്ദ്രശേഖരന്റെ മൃഗീയ കൊലപാതകത്തില്‍ അഗാധമായ ദുഖവും പ്രതിക്ഷേധവും രേഖപ്പെടുത്തി.

`മത രാഷ്‌ട്രീയ കൊലപാതകത്തില്‍ സാഹിത്യ സാംസ്‌കാരിക നാടകന്മാരുടെ പങ്ക്‌' എന്ന വിഷയത്തില്‍ സംവാദവും നടന്നു. ഗള്‍ഫ്‌ നാടുകളില്‍ നിന്ന്‌ പണം ധാരാളമായി കേരളത്തിലേക്ക്‌ ഒഴുകാന്‍ തുടങ്ങിയ കാലം മുതലാണ്‌ കേരളത്തില്‍ മത-രാഷ്‌ട്രീയ-വര്‍ഗ്ഗീയ വാദികളുടെ വളര്‍ച്ച ആരംഭിക്കുന്നത്‌. അന്നു മുതല്‍ സമൂഹത്തിന്റെ എല്ലാ കോണുകളിലും പ്യൂണ്‍ മുതല്‍ പ്രധാനമന്ത്രി വരെയുള്ളവരുടെ അഴിമതി, കൈക്കൂലി, കൊലപാതകം, കൊള്ള, പെണ്‍വാണിഭം, വാടക ഗുണ്ടകള്‍, മാഫിയാ സംഘങ്ങള്‍ അങ്ങനെ എണ്ണിയാല്‍ തീരാത്ത വിധം തഴച്ചുവളര്‍ന്നു. ഇതിന്റെ ഉത്തരവാദികള്‍ ആരാണ്‌? ഭരണഘടനയുടെ മൂല്യങ്ങളെ കാറ്റില്‍പ്പറത്തുന്നത്‌ ആരാണ്‌? ഭരണഘടന ഉറപ്പു നല്‍കുന്ന പൗരന്റെ ജീവിത സംരക്ഷണത്തിന്‌ കോടാലി വെയ്‌ക്കുന്നത്‌ ആരാണ്‌? ഇതിനൊക്കെ ഉത്തരം പറയേണ്ടത്‌ ഭരണാധികാരികളാണ്‌. ഒരു മനുഷ്യനെ മൃഗീയമായി കൊലചെയ്‌ത്‌ കഴിയുമ്പോള്‍ ആരോപണ പ്രത്യാരോപണങ്ങളോ പരസ്‌പരം വിഴുപ്പലക്കലോ അല്ല ആവശ്യം. മറിച്ച്‌ കുറ്റവാളികളെ തുറങ്കലിലടയ്‌ക്കുകാണ്‌ വേണ്ടത്‌. മത രാഷ്‌ട്രീയത്തിലെ വന്‍ സ്രാവുകള്‍ പരല്‍മീനുകളായ യുവ തലമുറയെ ക്രിമിനലുകളായി വളര്‍ത്തുന്നത്‌ സമൂഹത്തിന്‌ എന്നും ആപത്താണ്‌. കോടതികള്‍ കുറ്റവാളികളെ ശിക്ഷിച്ച്‌ ജയിലടയ്‌ക്കുമ്പോള്‍ അധികാരികള്‍ അവരുടെ രക്ഷകരായി എത്തുന്നത്‌ എന്തൊരു വിരോധാഭാസമാണ്‌. ഇതിനെയാണോ നാം ജനാധിപത്യമെന്ന്‌ വിളിക്കുന്നത്‌.?

ഈ മൃഗീയ കൊലപാതകത്തോട്‌ സാഹിത്യകാരന്മാരും കവികളും പ്രതികരിക്കാത്തത്‌ എന്താണ്‌? അവാര്‍ഡുകളും പദവികളും നോക്കാത്തവര്‍ പ്രതികരിക്കും. അവര്‍ക്ക്‌ മത-രാഷ്‌ട്രീയക്കാരുടെ സ്‌തുതിപാഠകരായിരിക്കാന്‍ കഴിയില്ല. അവര്‍ക്ക്‌ സമൂഹത്തോടാണ്‌ പ്രതിബദ്ധതയുള്ളത്‌. വാത്മീകി മഹര്‍ഷി പോലും ഒരു കാട്ടാളന്‍ ഇണക്കിളിയെ കണ്‍മുന്നില്‍ കൊന്നത്‌ കണ്ടപ്പോള്‍ സ്വന്തം കവിതയിലൂടെ പ്രതികരിച്ച വ്യക്തിയാണ്‌. മറ്റൊന്ന്‌ സാഹിത്യകാരന്‍ പ്രതികരിക്കുന്നത്‌ സ്വന്തം ജീവിതത്തിലൂടെയാണ്‌ അല്ലാതെ മൈതാന പ്രസംഗം നടത്തിയല്ല. വായനയില്ലാത്ത മനുഷ്യര്‍ക്ക്‌ തെറ്റും ശരിയും തിരിച്ചറിയാന്‍ കഴിയുന്നില്ല. അവരുടെ മനസ്സ്‌ അറിവില്ലാത്ത മരുഭൂമി പോലെയാകുന്നു. കേരളത്തിലെ ജനത വായിച്ചു വളര്‍ന്നാലേ വളരുകയുള്ളൂ. ആ വളര്‍ച്ചയില്ലെങ്കില്‍ പേരുകൊണ്ട്‌ കുപ്രസിദ്ധി നേടിയ കേരളത്തിന്റെ സ്വന്തം നാട്‌ കുട്ടിപ്പിശാചുകളുടെ നാടായി മാറുമെന്ന്‌ യോഗത്തില്‍ സംസാരിച്ച അവറാന്‍ അമ്പലപ്പറമ്പില്‍, സണ്ണി പത്തനംതിട്ട, ഷാജി കൊറ്റനാട്ട്‌, രാജീവ്‌ കെ. കോശി തോമസ്‌, മിസ്സിസ്‌ ബെസി തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടു. സണ്ണി പത്തനംതിട്ട അറിയിച്ചതാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക