Image

രണ്ട് പശുക്കളും പിന്നെ അഞ്ച് കോഴീം: ആൻസി സാജൻ

Published on 23 April, 2020
രണ്ട് പശുക്കളും പിന്നെ അഞ്ച് കോഴീം: ആൻസി സാജൻ
ഭക്ഷ്യക്ഷാമം രൂക്ഷമാവുന്ന നാളുകളാണ് വരാൻ പോകുന്നതെന്ന ആശങ്കൾ ഉയരുന്ന സാഹചര്യമാണിപ്പോൾ ഉള്ളത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ കേരളീയരോട് പ്രത്യേകമായൊരു നിർദ്ദേശം സമർപ്പിച്ചു. ക്ഷാമം വരുമെങ്കിൽ നേരിടാൻ നാം തയാറാവേണ്ടതിന്റെ ഭാഗമായി വീടുകളിൽ പശുക്കളെയും കോഴികളെയും വളർത്തണമെന്നായിരുന്നു അത്. 2 പശുക്കളും 5 കോഴികളുമെങ്കിലും ഓരോ വീട്ടിലും ഉണ്ടായാൽ നന്നായിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. ശരിയാണ്; പശുവും കോഴിയും വീട്ടിൽ വളരുന്നത് എപ്പോഴും നല്ലതാണ്. പണ്ട് പാലും  കോഴിമുട്ടയുമൊക്കെ വിറ്റു കിട്ടുന്ന കാശ് സൂക്ഷിച്ച് വച്ച് മക്കളെ പഠിപ്പിച്ച് ഉയർന്ന നിലയിലെത്തിച്ച എത്രയധികം അമ്മമാരുണ്ടായിരുന്ന നാടാണിത്....

പശുക്ടാങ്ങളും കോഴിക്കുട്ടികളും കുഞ്ഞുങ്ങൾക്ക് കൂട്ടുകാരായിരുന്ന കാലമാണത്. ചിക്ക് കിംഗും കെ എഫ്സിയും ഫ്രൈയുമല്ലാതെ ജീവനുള്ള ഒരു കോഴിയെക്കുറിച്ച് ചിന്തിക്കുന്ന ഏതെങ്കിലുമൊരാൾ ഇപ്പോൾ ഉണ്ടോ..?

പശുവിനും കോഴിക്കുമൊപ്പം  പമ്മി പറന്നു വന്ന് കഴുത്ത് വെട്ടിച്ച് തത്തിക്കളിക്കുന്ന കാക്കയും എത്രയോ പ്രിയപ്പെട്ടതായിരുന്നു. 'പോ.. കാക്കേ ..' എന്നു പറഞ്ഞാൽ ' പോയി വാ കാക്കേ' എന്നാണർത്ഥമെന്ന് കാക്കയ്ക്കറിയാം. അതു കൊണ്ട് തന്നെ അത് പോകില്ല.ഫലമോ.. കൊത്തീം പെറുക്കീം നടന്ന് ഒരഞ്ഞൂറ് രൂപയ്ക്ക് മേലെയുള്ള ജോലിയെടുത്തിട്ടാണത് പോകുന്നത് .. ഒരു വൃത്തികേടും മുറ്റത്തിടാതെ...

കാക്കേ കൂഴ, കൂഴ കൂഴ എന്ന് പറഞ്ഞ് വെയിലത്ത് ഉണക്കാനിട്ടിരിക്കുന്ന സാധനങ്ങളുടെ അരികിലൂടെ തിരുവാതിര കളിച്ചോടിയിരുന്ന പെണ്ണുങ്ങളെ ഓർമ്മയില്ലേ...? (അതോ ,ഹൂഴയോ.. പ്രാദേശികമായ വ്യത്യാസങ്ങളും ഒച്ചയെടുക്കാനുള്ള കഴിവും അനുസരിച്ചുള്ള വ്യതിയാനം പറച്ചിലിലും വരും) അതൊക്കെ ഓരോ തരം കാഴ്ചകളായിരുന്നു.ഇന്നിപ്പോൾ മരിച്ചാൽ അടക്കത്തിന് ആളില്ലാത്ത പോലെ ബലിയിടാൻ വിളിച്ചാൽ വരാൻ പോലും കാക്കകളില്ല.
ഹോഴി (കോഴിയാണ് ) ബാ ബാ ബബ്ബബബ്ബ എന്ന് ഈണത്തിലുള്ള വിളി കേട്ടാൽ ഓടിയടുക്കും പൂവൻകോഴിയും തള്ളയും കുഞ്ഞുങ്ങളുമൊക്കെ ... വന്നാലുടനെ കൊത്തി വിഴുങ്ങ് തുടങ്ങും പൂവൻ. തള്ളേടെ കൊക്കീന്ന് ഒരു സാധനം തൊണ്ടേലോട്ടെറക്കാൻ കുഞ്ഞുങ്ങൾ സമ്മതിക്കില്ല. കൊത്തിപ്പെറുക്കി അവർക്ക് കൊടുക്കാനേ പാവത്തിന് സമയമുള്ളൂ ...

മുട്ടയിടുന്ന കോഴിയുടെ സ്ഥാനമൊന്നു വേറെ തന്നെ ... ചാരക്കൂട്ടിലോ പ്രത്യേക സ്ഥാനങ്ങളിലോ കേറിയിരുന്ന് മുട്ടയങ്ങ് ഇട്ടോളും. ഇടാൻ നേരോം ഇട്ടു കഴിഞ്ഞും എന്തൊരു കൊക്കക്കൊക്കോയാണ്. (നമ്മുടെ മിമിക്രിക്കാരുടെ ഒരു ഉത്തമ ഐറ്റം) മുട്ടയെടുക്കാൻ ആള് വരുന്നതോടെ അതിന്റെ ജോലി കഴിഞ്ഞു. ചൂട് മൊട്ട നിന്ന നിൽപ്പിൽ അകത്താക്കി വീരൻമാരാകുന്നവരുമുണ്ട് കേട്ടോ...

പിന്നെ തലയുയർത്തി വാലിളക്കി വിരിഞ്ഞു നടക്കുന്ന പൂവൻകോഴിയുടെ കാര്യം കഷ്ടമാകുന്നത് വിരുന്നുകാർ വരുമ്പോഴാണ്.. അന്ന് ആ ബഹുമാന്യനെ കറിയാക്കിക്കളയും അമ്മച്ചിമാർ. ( പുറകെ ഓടി ഒടുവിൽ തളർന്നിരിക്കുന്ന കോഴിയെ പിടിക്കുന്നത് അന്നൊരു ഗെയിമായിരുന്നു.)

    പശുവിനെ വളർത്തുന്ന വീട്ടിൽ പാല് വാങ്ങാൻ പോകുന്നതോർമ്മയില്ലേ... ഞാൻ പോകത്തില്ല അവനെ വിട്... എന്നു പറഞ്ഞ് കുറെ നേരം കളഞ്ഞിട്ട് ( രണ്ടെണ്ണം മേടിച്ചെന്നുമിരിക്കും) പാത്രോം കിലുക്കി പോയിട്ട് തിരിച്ചു വരുന്നതും ചിലപ്പോൾ പാലും പാത്രം ആട്ടിയാട്ടി വന്ന് താഴെയിട്ട് പാലും കളഞ്ഞ് വിഷണ്ണരായി വീട്ടിൽ ചെല്ലുന്നതും ഒരു ചിത്രം.(അതിന് രണ്ടല്ല, നാലെണ്ണം കിട്ടിയെന്നിരിക്കും)
ഇതെല്ലാം ഓരോരോ കാര്യങ്ങളാണെങ്കിലും മുഖ്യമന്ത്രി പറഞ്ഞ പ്രകാരമൊക്കെ ചെയ്താൽ നല്ലതാണ്.

കൂടെ പച്ചക്കറികൾ വളർത്താൻ ശ്രമിച്ചാൽ അതും കൊള്ളാം. സൂക്ഷിച്ചാൽ അവനവന് നന്മയേ വരൂ...

ഒരു സംശയമുള്ളത് എന്താണെന്ന് വച്ചാൽ, പണ്ടൊക്കെ കോഴീം കാക്കേമൊക്കെ യഥേഷ്ടം വീടുകളിൽ കയറിയിറങ്ങി നടക്കുമായിരുന്നു. കാഷ്ഠിക്കുമായിരുന്നു ...
ഇന്ന് നമ്മുടെ ടൈല് പാകിയ മുറ്റത്തും ആഡംബരം നിറഞ്ഞ വീട്ടകങ്ങളിലും ഇതിനെയൊക്കെ കയറ്റുമോ?

വില കൂടിയ ഫർണിച്ചറുകളിൽ മനുഷ്യൻ പോലും ഇരിയ്ക്കാൻ മടിയ്ക്കുന്നു.
അപ്പഴാ കോഴി ..

ഇന്നലെ വേറൊരു കലാരൂപം കൂടി വാട്സ് ആപ്പിലൊക്കെ വന്നു.അയൽവക്കത്തെ പെണ്ണുങ്ങൾ തമ്മിൽ തല്ലി കോൽകളി നടത്തുന്ന വീഡിയോ. അത്തരം നല്ല ഐറ്റങ്ങളും മടങ്ങി വരുമോ.. എന്തോ..?
 
ancysajans@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക