Image

കരിനിഴല്‍ (ബാലകൃഷ്ണന്‍ ആന്ദ്രപ്പള്ളിയാല്‍)

Published on 22 April, 2020
കരിനിഴല്‍ (ബാലകൃഷ്ണന്‍ ആന്ദ്രപ്പള്ളിയാല്‍)
ആരു നീ ഭീകരം ആളിപ്പടര്‍ന്നിടും പ്രളയാഗ്‌നിയോ?
പെയ്തുതീരാത്തോരു പേമാരിയല്ലേ നീ?
ആഴക്കടലിലില്‍ ഞാന്‍ നീന്തിക്കുഴയുമ്പോള്‍
അഷ്ടഭുജങ്ങളാല്‍ ചുറ്റിവരിയുന്ന നീരാളിയോ?

കൂട്ടങ്ങള്‍ പാടില്ലയകലങ്ങള്‍ കൂടുന്നു
യാത്രചുരുക്കണം പ്രാര്‍ത്ഥന വീട്ടിലും
അക്ഷരംതെറ്റുന്നിതക്കങ്ങള്‍ കൂടുന്നു
പക്ഷങ്ങളൊടിയുന്ന പറവകള്‍ നാം

യാത്രചൊല്ലാതെ നാം യാത്രയാക്കീടുന്നു
മിത്രങ്ങള്‍ ബന്ധുക്കളാരാരുമില്ലാതെ
ഊര്‍ദ്ധ്വ്ന്‍ വലിക്കുന്നയേകാന്തയാമത്തില്‍
സാന്ത്വനം മരവിച്ച സേവകര്‍ താന്‍

നിദ്രതീണ്ടാത്തൊരീ പട്ടണവീഥികള്‍
ക്ഷീണിച്ചുറങ്ങി വിറങ്ങലിപ്പൂ
മൃത്യുവിന്‍ കരിനിഴല്‍ നീണ്ടുനീണ്ടെത്തവേ
നൃത്യങ്ങളാടുന്നു രാപ്പകല്‍ പ്രേതങ്ങള്‍

ബാണങ്ങള്‍ കവചനകളൊന്നൊന്നുമില്ലാതെ
മല്ലടിക്കുന്നീ അദൃശ്യമായാവിയെ
അര്‍പ്പണം ചെയ്യുന്നു ദേഹവും ദേഹിയും
ഭീതികളഞ്ഞു ഭിഷഗ്വരന്മാര്‍

ഇക്കരാളസര്‍പ്പത്തിന്‍ ദംഷ്ട്രം പറിച്ചെടുത്തെ–
ന്നിനിക്കൂടുമെന്‍ പ്രിയരുമായൊന്നിച്ചു?
എന്നിനിക്കാണു മീതെളിയുന്നമാനത്തു
വെണ്‍ ചിതലെരിയാത്ത മഴവില്ലിനെ?

നോക്കിയിരിക്കുന്നു നിത്യം നിരന്തരം
വിഷാണു വിന്നാധിയൊഴിഞ്ഞനാളെ,
മുഖങ്ങള്‍ മറയ്ക്കാതടുക്കും സമൂഹത്തെ,
വെറുമൊരുലളിതമാം പഴയനാളെ!!


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക