Image

നിങ്ങൾക്കു വേണ്ടി (കവിത: ഡോ.എസ്.രമ)

Published on 22 April, 2020
നിങ്ങൾക്കു വേണ്ടി (കവിത: ഡോ.എസ്.രമ)
ചാവേറുകളെ പ്പോലെ
പരാജയപ്പെട്ടേക്കാമെന്നറിഞ്ഞാ
ണവർ
പടച്ചട്ടയണിഞ്ഞത്.
പോർക്കളത്തിലിറങ്ങിയത്.
മരണം പതിയിരുപ്പുണ്ടെന്നറിഞ്ഞിട്ടും
സ്നേഹത്തെ പരിചയാക്കിയവർ
നിങ്ങൾക്കു വേണ്ടി യുദ്ധം ചെയ്തു.
അപര്യാപ്തമായ ആയുധങ്ങൾ കൊണ്ടവർ  
അദൃശ്യനായ ശത്രുവിനെ നേരിട്ടു.

സുരക്ഷിതത്വത്തിന്റെ സീമകൾക്കുള്ളിൽ
കൂടാരങ്ങൾ തീർത്തു നിങ്ങളപ്പോൾ  
സുഖമായുറങ്ങി.
പ്രിയപ്പെട്ടവരെ,ചേർത്തുപിടിക്
കാൻ
നിങ്ങൾ മറന്നില്ല.

ഉറ്റവരുമുടയവരും അവർക്കുമുണ്ടായിരുന്നു.
അവർക്കവരെക്കാൾ വലുത് നിങ്ങളായിരുന്നു.
നിങ്ങളുടെ ജീവനായിരുന്നു.

പത്മവ്യൂഹം ഭേദിച്ചൊര-
ഭിമന്യുവേപ്പോലവരിലാ-
രൊക്കെയോ മരിച്ചു വീണു.
ചലനമറ്റ ശരീരങ്ങൾക്കാറടി
മണ്ണു നൽകാൻ നിങ്ങൾ തയ്യാറായില്ല.

നിങ്ങളവരെ കല്ലെറിഞ്ഞു
ആട്ടിപ്പായിച്ചു.
സ്വാർത്ഥതയുടെ,
നന്ദികേടിന്റെ,
വൃത്തികെട്ട
മുഖമായിരുന്നു നിങ്ങൾക്കപ്പോൾ.
നിങ്ങൾക്ക് സ്നേഹിക്കാൻ കഴിയുന്നത്
നിങ്ങളെ മാത്രം.

ഓർക്കുക
അവരിപ്പോഴുമവിടെ
നിലകൊള്ളുന്നുണ്ട്.
ആത്മവിശ്വാസത്തോടെ
നിങ്ങൾക്ക് വേണ്ടിയാണത്
നിങ്ങൾക്ക് വേണ്ടി മാത്രം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക