Image

ജലശായിയായ നീലകണ്ഠനെ കാണാന്‍ (ചരിത്രമുറങ്ങുന്ന നേപ്പാള്‍- 12: മിനി വിശ്വനാഥന്‍)

Published on 22 April, 2020
 ജലശായിയായ നീലകണ്ഠനെ കാണാന്‍ (ചരിത്രമുറങ്ങുന്ന നേപ്പാള്‍- 12: മിനി വിശ്വനാഥന്‍)
ബൗദ്ധനാഥ് ക്ഷേത്രവും പരിസരവും കണ്ടു കഴിഞ്ഞാൽ തന്നെ വിളിക്കണമെന്നും വണ്ടിയുമായി ഞങ്ങളുള്ളിടത്തേക്ക് വരാമെന്നും നരേഷ് പറഞ്ഞിരുന്നു. അയാളെ കാത്തിരിക്കുന്ന സമയം കൊണ്ട് ആ തെരുവ് ഒന്നു കണ്ടു തീർക്കാമെന്ന് കരുതി.

കാഠ്മണ്ടുവിലെ ഒരു വിധം ആൾത്തിരക്കുള്ള ചെറുപട്ടണമായിരുന്നു യഥാർത്ഥത്തിൽ അത്. പൊടി പിടിച്ചത് പോലെ കിടക്കുന്ന ബഹുനില കെട്ടിടങ്ങളുടെ മുകൾ നിലയിൽ ബാങ്കുകളുടെയും സർക്കാർ ഓഫീസുകളുടെയും അടയാള ബോർഡുകൾ ഉണ്ടായിരുന്നു. മിക്ക കടകളിലും വിൽക്കാൻ വെച്ചിരിക്കുന്ന ഉണക്കി സൂക്ഷിച്ച വിവിധയിനം ഇലകളും പൂവുകളും അവരുടെ പ്രിയപ്പെട്ട സുഗന്ധദ്രവ്യങ്ങളിൽ ചിലതാണ് എന്ന് മനസ്സിലായി. ഗ്രീൻ ടീ കളുടെ വകഭേദമാണ് അവകളെന്ന് കൂടുതൽ അന്വേഷിച്ചപ്പോൾ മനസ്സിലായി. മരുന്ന് കടകളും , പലചരക്കു കടകളും , കമ്പിളിപ്പുതപ്പ് കടകളും നിരന്ന് നിൽക്കുന്ന ആ തെരുവിലൂടെ ഞങ്ങൾ അലസമായി നടന്നു.

തങ്ങൾക്ക് തൊട്ടുപിന്നിൽ പ്രൗഢ ഗംഭീരമായി തലയുയർത്തി നിൽക്കുന്നത് ചരിത്രസ്മാരകങ്ങളിലൊന്നാണെന്ന് മറന്ന്
പോയവരായിരുന്നു അവിടത്തെ കച്ചവടക്കാർ. ശാന്തിമന്ത്രങ്ങൾക്കിപ്പുറം ജീവിതോപാധികൾ തേടി അവർ നിസ്സംഗരായി ഇടപാടുകാരെ കാത്തിരുന്നു.

ഒട്ടും ആകർഷകമല്ലാത്ത ലൈൻബസുകളും മൂട്ടവണ്ടികൾ എന്ന് ശ്രീക്കുട്ടി വിശേഷിപ്പിച്ച പഴയ മാരുതി 800 ടാക്സി കാറുകളും ആ ചളി പിടിച്ച റോഡിലൂടെ ചീറിപ്പാഞ്ഞു. അതിനിടയിലൂടെ നരേഷ് തന്റെ വാഹനവുമായി ഞങ്ങൾക്കരികിൽ എത്തി. അടുത്ത യാത്രാലക്ഷ്യമായി കുറിച്ചു വെച്ചിരുന്നത് തൊട്ടടുത്ത് തന്നെയുള്ള ഒരു  ബുദ്ധിസ്റ്റ് മൊണാസ്ട്രിയായിരുന്നു ,

ബുദ്ധനീലകണ്ഠൻ ഈ ലിസ്റ്റിലില്ലാത്തത് കഷ്ടമായിപ്പോയല്ലോ എന്ന് അയാൾ ആത്മഗതം ചെയ്തു. ഇവിടം വരെയെത്തിയിട്ട് അത് കാണാതെ പോവുന്നത് കഷ്ടമാണല്ലോ എന്നും കൂട്ടിച്ചേർത്തപ്പോൾ ബാംഗ്ലൂരിൽ പോവുന്ന വഴി കൂർഗിലെ ബൈരക്കുപ്പയിലെ ടിബറ്റൻ ഗോൾഡൻ ടെമ്പിൾ മൊണാസ്ട്രി സന്ദർശിച്ച ഓർമ്മയിൽ മൊണാസ്ട്രി കാണണമെന്നില്ല , നീലകണ്ഠനെ കണ്ടാൽ മതി എന്ന കോറസ് ഞങ്ങളിൽ നിന്ന് ഉയർന്നു.

അപ്പോൾ നമുക്ക് ജലശായിയായ നീലകണ്ഠനെ കാണാമെന്ന് പറഞ്ഞ് വണ്ടി നേരെ അങ്ങോട്ടേക്ക് തിരിച്ചു. കാഠ്മണ്ടുവിൽ നിന്ന് എട്ട് കിലോമീറ്ററോളം ദൂരെ ശിവപുരി കുന്നുകളുടെ താഴ്വാരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

അവിടത്തെ ശിവപുരി നാഷണൽ പാർക്ക് സഞ്ചാരികളുടെയും മലകയറ്റക്കാരുടെയും പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. സീസണിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ഹിൽ സ്റ്റേഷൻ  കൂടിയാണിത്. അടുത്ത വരവിൽ ഇവിടെ ഒരു ദിവസത്തെ താമസം യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തിയാൽ നഷ്ടമാവില്ലെന്ന് നരേഷ് അഭിപ്രായപ്പെട്ടു.

ഇരു വശത്തും ചോളപ്പാടങ്ങൾ നിരന്ന് കിടക്കുന്ന കാർഷിക ഗ്രാമങ്ങൾക്കിടയിലൂടെയായിരുന്നു യാത്ര. പാടത്ത് ജോലിയെടുക്കുന്ന സ്ത്രീകളും പുരുഷൻമാരും കേരളത്തിലെ ഗ്രാമങ്ങളിൽ ഒരപൂർവ്വ കാഴ്ചയായി മാറുന്നത് കൊണ്ടാവണം അവരെ ഞാൻ കണ്ണ് നിറച്ച് നോക്കിക്കണ്ടു.

കഴിഞ്ഞ ദിവസങ്ങളിലെ മഴ ഏല്പിച്ച ആഘാതത്തിലായിരുന്നു റോഡ്.
പഴയ നേപ്പാളി പ്രേമഗാനങ്ങളുടെ അകമ്പടിയിൽ ഞങ്ങൾ യാത്ര തുടർന്നു. ഇരുവശത്തെയും കാഴ്ചകൾ മാറിക്കൊണ്ടിരുന്നു. നിബിഡ വനപ്രദേശങ്ങളായി മുന്നിൽ. മുന്നിൽ ശിവപുരിക്കുന്നുകൾ പച്ചവിരിച്ച് നിന്നു . മഴയും, കാർമേഘങ്ങളുമില്ലാത്ത തെളിഞ്ഞ അന്തരീക്ഷം യാത്രയുടെ മാധുര്യം കൂട്ടി.

തമിഴ് നാട്ടിലെ ക്ഷേത്ര പരിസരത്തെ ഓർമ്മിപ്പിക്കുന്ന ഒരിടത്ത് വണ്ടി നിറുത്തി. പുറത്ത് വലിയ ആൾക്കൂട്ടമോ ബഹളമോ ഇല്ലാത്ത ഒരിടം. ആദ്യ കാഴ്ച നിരാശ സമ്മാനിച്ച അവിടത്തെ അപൂർവ്വ കാഴ്ചാനുഭവങ്ങൾ അടുത്ത ലക്കത്തിൽ....
 ജലശായിയായ നീലകണ്ഠനെ കാണാന്‍ (ചരിത്രമുറങ്ങുന്ന നേപ്പാള്‍- 12: മിനി വിശ്വനാഥന്‍)
Join WhatsApp News
francis Thadathil 2020-04-22 23:10:03
Hi Mini chechy. Nice to see your article in Emalayalee. Read it. I too had some experience in Nepal while I was a college student in Ranchi Sanit. Xavier's College. Hows life there in lockdown. wonderful narration like SKP
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക