Image

കുവൈത്തില്‍ സ്വകാര്യ ക്ലിനിക്കുകള്‍ക്ക് ഭാഗിക പ്രവര്‍ത്തനാനുമതി

Published on 22 April, 2020
 കുവൈത്തില്‍ സ്വകാര്യ ക്ലിനിക്കുകള്‍ക്ക് ഭാഗിക പ്രവര്‍ത്തനാനുമതി


കുവൈത്ത് സിറ്റി : കുവൈത്തില്‍ സ്വകാര്യ ക്ലിനിക്കുകള്‍ക്ക് കര്‍ശനമായ നിബന്ധനകളോടെ പ്രവര്‍ത്തിക്കുവാന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാവിലെ പതിനൊന്നു മുതല്‍ ഉച്ചക്ക് രണ്ടു വരെയാണ് പ്രവര്‍ത്തനാനുമതി . ടെലിഫോണ്‍ വഴി ബുക്കിംഗ് ചെയ്യുന്നവര്‍ക്കായിരിക്കും ഡോക്ടര്‍മാരെ കാണാന്‍ അനുമതി. അടിയന്തിര പ്രാധാന്യമുള്ള രോഗങ്ങള്‍ക്ക് മാത്രമേ ഡോക്ടറുമായി കൂടിക്കാഴ്ച അനുവദിക്കൂയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.ഡെന്റല്‍, ഡെര്‍മ്മെറ്റോളോജി മുതലായ വിഭാഗങ്ങളുടെ സേവനം ഞായര്‍, ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളില്‍ മാത്രമാക്കി പരിമിതപ്പെടുത്തി.

കര്‍ശനമായ ആരോഗ്യ പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കണം ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ആരോഗ്യ മന്ത്രാലയം മെഡിക്കല്‍ സര്‍വീസ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഫാത്തിമ അല്‍ നജ്ജാര്‍ വ്യക്തമാക്കി. രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ മാര്‍ച്ച് 22 മുതലാണു സ്വകാര്യ ക്ലിനിക്കുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. കൊറോണ വ്യാപനം തടയാനുള്ള മന്ത്രാലയത്തിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചായിരിക്കും ക്ലിനിക്കുകളുടെ പ്രവര്‍ത്തനം നടത്തേണ്ടത് . സാമൂഹിക അകലം പാലിക്കുകയും, എല്ലാ സുരക്ഷാ മുന്‍കരുതലുകളും രോഗികള്‍ പാലിക്കണം, രോഗികളുടെ മുഴുവന്‍ വിവരങ്ങളും പരിശോധിച്ചശേഷമായിരിക്കും ഡോക്ടറെ കാണാന്‍ അനുമതി നല്‍കുകയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക