Image

പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍ - 82 : ജയന്‍ വര്‍ഗീസ്)

ജയന്‍ വര്‍ഗീസ് Published on 22 April, 2020
 പാടുന്നു പാഴ്മുളം തണ്ടു പോലെ!   (അനുഭവക്കുറിപ്പുകള്‍ -  82 :  ജയന്‍ വര്‍ഗീസ്)
അങ്ങിനെ വിവാഹത്തിനായി ഞങ്ങള്‍ വീണ്ടും നാട്ടിലെത്തി. ഇവിടെ നിന്ന് ഞങ്ങളുടെ മകളുടെ കുടുംബവും, മേരിക്കുട്ടിയുടെ അനുജത്തി ലീലയും, ഭര്‍ത്താവ് ജോര്‍ജും വന്നിരുന്നു. കൂടാതെ എല്‍ദോസിന്റെ ഏറ്റവും അടുത്ത സുഹൃത്ത് ദര്‍ശന്‍, ജോലിസ്ഥലത്തെ സഹപ്രവര്‍ത്തകരായ രണ്ടു യുവതികള്‍ ഉള്‍പ്പടെയുള്ള നാല് വെള്ളക്കാരും എത്തിയിരുന്നു. അവര്‍ക്കു വേണ്ട താമസ സൗകര്യങ്ങളൊക്കെ ദര്‍ശന്റെ  നേതൃത്വത്തില്‍ എറണാകുളത്തെ ഒരു ഹോട്ടലിലാണ്  ചെയ്തിരുന്നത്. 

ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവാണല്ലോ നമ്മുടെ കുട്ടികളുടെ വിവാഹം ? പ്രത്യേകിച്ചും ആണ്‍ കുട്ടികളുടെ. നമ്മുടെ ഒരു രീതി  അനുസരിച്ച്  മകന്റെ കൈ പിടിച്ചു കടന്നു വരുന്ന പെണ്‍കുട്ടിയാണല്ലോ നമ്മുടെ കുടുംബത്തിന്റെ സാരഥിയായി നമ്മുടെ കുടുംബം നോക്കേണ്ടവള്‍ ? അവള്‍ക്ക്  അര്‍ഹിക്കുന്ന സ്ഥാനം നല്‍കി ബഹുമാനിക്കേണ്ടതിനു പകരം അന്യയായിക്കണ്ട് അവഹേളിക്കുന്നതാണ് മിക്ക മലയാളി കുടുംബങ്ങളിലും പുകയുന്ന അഗ്‌നി പര്‍വതങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നത് എന്ന് എനിക്ക് തോന്നിയിരുന്നു. 

നമ്മള്‍ ആര്‍ഭാടമായി, ആഘോഷമായി ഓരോ ചടങ്ങുകള്‍ നിറവേറ്റുന്‌പോഴും അതിനു സാധിക്കാതെ നിര്‍ഭാഗ്യത്തിന്റെ തടവുകാരായി ജീവിക്കുന്ന എത്രയോ മനുഷ്യരുണ്ട് ? അവരുടെ ജീവിത ഭാരത്തിന്റെ മരക്കുരിശുകള്‍ പൂര്‍ണ്ണമായും ചുമലിലേറ്റുവാന്‍ നമുക്ക് പരിമിതികളുണ്ട്  എന്ന് സമ്മതിക്കുന്‌പോള്‍ത്തന്നെ, അവരെക്കൂടി നമ്മുടെ സന്തോഷ അവസരങ്ങളില്‍ ഓര്‍ക്കുവാന്‍ സാധിക്കുകയാണെങ്കില്‍ അത്രയുമെങ്കിലും ആയല്ലോ എന്നായിരുന്നു എന്റെ ചിന്ത. അതുകൊണ്ടു തന്നെ സന്തോഷകരമായ ഈ അവസരത്തില്‍ മനസ്സില്‍ ഓര്‍ത്തു വയ്ക്കാന്‍ പറ്റിയ എന്തെങ്കിലും പ്രത്യേകമായി ചെയ്യണം എന്ന് എനിക്ക് തോന്നി. 

എഴുപതോളം അന്ധ വനിതകളെ താമസിപ്പിച്ചു സംരക്ഷിക്കുന്ന ഒരു സ്ഥാപനം പോത്താനിക്കാട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിവ് കിട്ടി. ഞാന്‍ പഠിച്ച പോത്താനിക്കാട് സെന്റ് മേരീസ് ഹൈ സ്‌കൂളിനോട് ചേര്‍ന്നാണ് ഈ സ്ഥാപനം. അവിടെ അറുപത്തേഴ് അന്തേ വാസികള്‍ ഉണ്ടെന്നറിഞ്ഞ്  ബ്ലൗസ് പീസുകളോട് കൂടിയ അറുപത്തേഴ് സാരികളും, അറുപത്തേഴ് സാരിപ്പാവാടകളും ഓരോ പാക്കറ്റിലാക്കി അവിടെയെത്തിച്ച് ഓരോരുത്തര്‍ക്കുമായി വിതരണം ചെയ്തു. എല്ലാറ്റിനും സഹായിയായി എന്റെ അനുജന്‍ റോയി കൂടെത്തന്നെ ഉണ്ടായിരുന്നു. മുന്‍പ് എന്റെ നാടകത്തില്‍ അഭിനയിക്കുകയും, തയ്യല്‍ ജോലിയില്‍ എന്റെ ഭാര്യയുടെ സഹ പ്രവര്‍ത്തകന്‍ ആയി പ്രവര്‍ത്തിക്കുകയും, ഇപ്പോള്‍ പോത്താനിക്കാട്ട്  നല്ല നിലയില്‍  നടക്കുന്ന ടൈലറിംഗ് ഷോപ്പിന്റെ ഉടമയുമായ മാത്തുക്കുട്ടിയെ കൂടി ഒപ്പം കൂട്ടിക്കൊണ്ടാണ് സാരി വിതരണം നടത്തിയത്. അറുപത്തേഴ് ബ്ലൗസുകള്‍ തയ്ക്കുന്നതിനുള്ള കൂലി മൊത്തമായി സ്ഥാപനത്തില്‍ ഏല്‍പ്പിച്ചു കൊടുത്തു. 

ഇത്രയൊക്കെ ചെയ്തു കഴിഞ്ഞപ്പോളാണ്, സ്ഥാപനത്തിലെ അഡ്മിനിസ്ട്രേറ്ററും, എന്റെ പരിചയക്കാരന്റെ ഭാര്യയുമായ യുവതി പറയുന്നത് : ' ഇപ്പോള്‍ തുണിയെക്കാള്‍ ആവശ്യമായിരുന്നത് ആഹാര വസ്തുക്കള്‍ ആയിരുന്നു ' വെന്ന്. കിട്ടിക്കൊണ്ടിരുന്ന ഗ്രാന്റ് എന്തോ തടസ്സം മൂലം മുടങ്ങിയിരിക്കുകയാണെന്നും, കുറെ ദിവസങ്ങളായി കാര്യങ്ങള്‍ കഷ്ടത്തില്‍ ആണെന്നും അവര്‍ പറഞ്ഞു. അടുത്തുള്ള പലചരക്ക് പീടികയില്‍ നിന്ന് ഒരു ചാക്ക് അരിയും, അര ചാക്ക് ചെറുപയറും വാങ്ങിച്ച് റോയിയും മാത്തുക്കുട്ടിയും, ഞാനും കൂടി ഒരു ഓട്ടോറിക്ഷയില്‍ വലിച്ചു കയറ്റി അവിടെ ഇറക്കിക്കൊടുത്തു. ആശ്ചര്യത്തോടെ ഞങ്ങളെത്തന്നെ കാതോര്‍ത്ത് നില്‍ക്കുന്ന നിസ്സഹായരായ ആ മനുഷ്യ ജീവികളോട് യാത്ര പറഞ്ഞു ഞങ്ങള്‍ മടങ്ങിപ്പോന്നു. 

( ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കുന്‌പോള്‍ അതിനുള്ള നന്ദി സൂചകമായി തക്കതായ തുകകള്‍ പള്ളികളിലോ, ക്ഷേത്രങ്ങളിലോ കാണിക്ക അര്‍പ്പിക്കുന്ന എത്രയോ മനുഷ്യരുണ്ട്. ഞാന്‍ അനുവര്‍ത്തിക്കുന്ന എന്റെ നയം മറ്റൊന്നാണ്. ആ തുക അര്‍ഹിക്കുന്ന ഏതെങ്കിലും ഒരു സാധുവിവ് കൈമാറുക എന്നതാണ് എന്റെ രീതി. നല്ല ജോലി കിട്ടുന്‌പോള്‍, പുതിയ വീടോ, കാറോ ഒക്കെ വാങ്ങുന്‌പോള്‍ ഞാനിതു ചെയ്യാറുണ്ട്. ഇവിടെ,  സ്റ്റാറ്റന്‍ ഐലന്‍ഡ് എക്‌സ്പ്രസ്സ് വേയുടെ പതിനൊന്നാം എക്‌സിറ്റിലെ ആദ്യ ട്രാഫിക് ലൈറ്റില്‍ ' ഫാമിലിയെ സഹായിക്കണം ' എന്നെഴുതിയ കാര്‍ഡ് ബോര്‍ഡ് കഷണവുമായി കാത്തിരിക്കുന്ന ഒരു മനുഷ്യന്‍ എത്രയോ തവണ എന്റെ കാറില്‍ നിന്ന് ലാര്‍ജ് ബക്സുകള്‍ കൈപ്പറ്റുന്‌പോള്‍, ' ഇവനേതാ ഈ വട്ടന്‍  ' എന്ന ആശ്ചര്യ ഭാവത്തോടെ എന്നെ നോക്കിയിരിക്കുന്നു ! ) 

കോതമംഗലം മാര്‍ത്തോമ്മാ ചെറിയ പള്ളിയില്‍ വച്ചായിരുന്നു വിവാഹം. അതിനായി വധുവിനും, അടുത്ത ബന്ധുക്കള്‍ക്കും തലേ ദിവസം തന്നെ കോതമംഗലത്തെ ഒരു പ്രമുഖ  ഹോട്ടലില്‍ താമസിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പാടാക്കി കൊടുത്തിരുന്നു. എറണാകുളത്ത് നിന്ന് വരുത്തിയിരുന്ന രണ്ടു ലക്ഷ്വറി കാറുകളാണ് വരനും, വധുവും പള്ളിയില്‍ എത്തുന്നതിനായി ഏര്‍പ്പെടുത്തിയിരുന്നത്. എല്‍ദോസിന്റെ നിര്‍ദ്ദേശാനുസരണം ഇതെല്ലാം സമയത്തു നോക്കി നടത്താന്‍ ഞങ്ങളുടെ കുടുംബം മുഴുവനായും മാസങ്ങള്‍ക്ക്  മുന്‍പേ രംഗത്തുണ്ടായിരുന്നു എങ്കിലും, അപ്പന്റെ നിര്‍ദ്ദേശാനുസരണം അനുജന്മാരാണ് ഇതിനെല്ലാം ഓടി നടന്നിരുന്നത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്ന വെള്ളക്കാരായ യുവതീ - യുവാക്കളുടെ സാന്നിധ്യം വീട്ടുകാരിലും, നാട്ടുകാരിലും പുതിയൊരു കൗതുകം ഉണര്‍ത്തിയിരുന്നു. ചിലരൊക്കെ അവരെ പരിചയപ്പെടുകയും, കൈ പിടിച്ചു കുലുക്കുകയും ചെയ്തു. 

ഞങ്ങള്‍ ഉള്‍ക്കൊള്ളുന്ന സഭാ വിഭാഗത്തിന്റെ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്താ അന്ന് നാട്ടിലുണ്ടായിരുന്നത് അറിഞ്ഞ് അദ്ദേഹത്തെ വിളിച്ച് വിവാഹ ശുസ്രൂഷ നടത്തിത്തരണം എന്നഭ്യര്‍ത്ഥിക്കുകയും, അദ്ദേഹം അതിനു സമ്മതിക്കുകയും ചെയ്തിരുന്നു. വധുവിന്റെ വീട്ടുകാര്‍ ഉള്‍ക്കൊള്ളുന്ന ബോംബേ ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തായും വിവാഹ ശുസ്രൂഷകള്‍ക്ക് എത്താമെന്ന് അവരോട് വാക്കു പറഞ്ഞിരുന്നതാണ്. രണ്ടു മെത്രാപ്പോലീത്താമാരുടെ കാര്‍മ്മികത്വത്തില്‍ വിവാഹം നടക്കുമല്ലോ എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, സമയമായപ്പോള്‍ ആരുമില്ല. രണ്ടു പേരും ഓരോ അസൗകര്യങ്ങള്‍ വിളിച്ചറിയിച്ചു. 

നമ്മുടെ ചെറിയാന്‍ അച്ചന്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വേറാരും വേണ്ടാ, അച്ഛന്‍ തന്നെ വിവാഹം നടത്തിത്തന്നാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. തന്റെ മേലധികാരികള്‍ക്ക് വേണ്ടി നിശ്ചയിച്ചിരുന്ന ഇടത്തില്‍ പ്രവേശിക്കാന്‍ അല്‍പ്പം മടി കാണിച്ചുവെങ്കിലും അച്ഛന്‍ സമ്മതിച്ചു. അങ്ങനെ ചെറിയാന്‍ അച്ചന്റെ നേതൃത്വത്തിലും, വികാരി ഉള്‍പ്പടെയുള്ള ഏതാനും അച്ചന്മാരുടെ സഹകരണത്തിലും വിവാഹം മംഗളകരമായി നടന്നു. 

പള്ളിയോടനുബന്ധിച്ചുള്ള പാരീഷ് ഹാളിലാണ് വിരുന്നു ഒരുക്കിയിരുന്നത്. ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു വിവാഹത്തിന് എത്തിച്ചേരുകയും, ഞങ്ങളുടെ സന്തോഷത്തില്‍ പങ്കു ചേര്‍ന്ന് കൊണ്ട് വധൂ - വരന്മാരെ അനുഗ്രഹിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചു കൊണ്ട് രണ്ടു മിനിറ്റ് ഞാന്‍ സംസാരിച്ചു. അതിനു ശേഷമാണ് വിരുന്നു തുടങ്ങിയത്. പൈങ്ങോട്ടൂരില്‍ വളരെ വിശ്വസ്ഥതയോടെ പ്രവര്‍ത്തിച്ചിരുന്നതും, ഞങ്ങള്‍ക്ക് നേരിട്ടറിയാവുന്നതുമായ ഒരു കേറ്ററിംഗ് സ്ഥാപനമാണ് മിക്കവാറും എല്ലാ വിഭവങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സദ്യ ഒരുക്കി വിളന്പിയിരുന്നത്. കോതമംഗലത്തു നിന്നുള്ള ' ഒരു ഫ്രൂട് കാര്‍വിങ് ' പാര്‍ട്ടിയുടെ ഫ്രൂട് കാര്‍വിങ്ങും ഒരുക്കിയിരുന്നു. വധൂ വരന്മാരുടെ ഭാഗത്തുള്ള ബന്ധുക്കളെ കൂടാതെ ഞങ്ങളുടെ ഗ്രാമത്തിലെ ഒട്ടു മിക്കവരെയും വിവാഹത്തിന് ക്ഷണിച്ചിരുന്നു. ഇവര്‍ക്ക് വന്നു പോകുന്നതിനായി ചാത്തമറ്റത്തിനും കോതമംഗലത്തിനും ഇടയിലുള്ള പത്തു മൈല്‍ ദൂരത്ത് അര ഡസനിലേറെ ചെറു വാഹനങ്ങള്‍ ( മിക്കതും മിനി വാനുകള്‍ ) രാവിലെ മുതല്‍ ട്രിപ്പ് അടിക്കുന്നതിനുള്ള ഏര്‍പ്പാടാക്കിയിരുന്നു. ആളുകള്‍ക്ക് ബസ്സില്‍ ഇടിച്ചു കയറാതെ വിവാഹ സ്ഥലത്തേക്കും, ഊണൊക്കെ കഴിഞ്ഞു തിരിച്ചു വീട്ടിലേക്കും എത്തുന്നതിനുള്ള ഈയൊരു സംവിധാനം മുന്‍പ് മറ്റാരും തന്നെ ഏര്‍പ്പെടുത്തിയിരുന്നതായി അറിവില്ല. 

തൃശൂരില്‍ നിന്ന് ജോസേട്ടനും, പ്രഭാകരനും എത്തിയിരുന്നു. പോള്‍ കൊട്ടിലിനെ പ്രതീക്ഷിച്ചുവെങ്കിലും എന്തോ അസൗകര്യങ്ങളാല്‍ വന്നില്ല. ( ഇവരെ അവരവരുടെ വീടുകളില്‍ ചെന്ന് നേരത്തേ ഞാന്‍ ക്ഷണിച്ചിരുന്നു. ഞാന്‍ എത്തുന്നതറിഞ്ഞ് പച്ചക്കറി സദ്യയൊക്കെ ഒരുക്കി വച്ച പ്രഭാകരന്റെ ഭാര്യ ലതയെ ഇവിടെ നന്ദിയോടെ സ്മരിക്കുന്നു. ) അവരോടൊപ്പമിരുന്ന് അവസാനമായിട്ടാണ് ഞാന്‍ ആഹാരം കഴിച്ചത്. സാധാരണ ഗതിയില്‍ ചെറിയ പള്ളിയില്‍ വച്ച് നടക്കുന്ന വിവാഹ സദ്യകളില്‍ അവസാനം ആഹാരം തികയാതെ വരികയും, അതിന്റെ പേരില്‍ അലന്പാവുകയും ചെയ്യുക സാധാരണമാണ്. നല്ല നിലയിലുള്ള സദ്യകള്‍ ഉണ്ടെന്നറിഞ്ഞാല്‍ പള്ളിപ്പരിസരത്തുള്ള കുറെ ആളുകളും, ടൗണില്‍ വാഹനം ഓടിക്കുന്നവര്‍ ഉള്‍പ്പടെയുള്ള ഒട്ടേറെപ്പേരും ( എല്ലാവരുമല്ല ) നല്ല വേഷമൊക്കെ ധരിച്ചു വന്ന് സുഖമായി ഉണ്ടിട്ട് പോകും. ഇവര്‍ വരന്റേയോ, വധുവിന്റെയോ ഭാഗത്തുള്ളവര്‍ ആണെന്ന് പരസ്പരം തെറ്റിദ്ധരിക്കപ്പെടുന്നതിനാല്‍ ആരും ഒന്നും പറയുകയുമില്ല. ഈ അപകടം മുന്‍കൂര്‍ അറിയാമായിരുന്നത് കൊണ്ട് കൂടുതല്‍ ഫുഡ് ഏര്‍പ്പാട് ചെയ്തിരുന്നു. അത് കൊണ്ടാണ് നമുക്ക് പ്രശ്‌നം ഉണ്ടാവാതിരുന്നത്.

അങ്ങിനെ മറ്റൊരു വര്‍ണ്ണക്കിളി കൂടി ഞങ്ങളുടെ കൊച്ചു കൂട്ടിലേക്ക് ചിറകടിച്ചു പറന്നു വന്നു. ഞങ്ങള്‍ ആഗ്രഹിച്ച എല്ലാ യോഗ്യതകളും ഒത്തിണങ്ങിയ ഒരുവള്‍. അഹന്തയില്ലാത്ത, പൊങ്ങച്ചമില്ലാത്ത, ആഭരണ ഭ്രമമില്ലാത്ത, ഒരു സുന്ദരിക്കുട്ടി. അമേരിക്കന്‍ മണ്ണിലെ അത്യാകര്‍ഷകങ്ങളായ പ്രലോഭനങ്ങളില്‍ അകപ്പെടാതെ അന്തസ്സോടെ ജീവിക്കുകയും, അന്യന്റെ വേദനകളില്‍ ആകാവുന്നിടത്തോളം ഉള്ള് പിടയുന്ന ശീലം സൂക്ഷിക്കുകയും ചെയ്യുന്ന ഞങ്ങളുടെ മകന് ദൈവം കൊടുത്ത വിലപ്പെട്ട സമ്മാനം !

വിവാഹ സദ്യയൊക്കെ കഴിഞ്ഞ് അച്ചന്‍മാര്‍ വിശ്രമിക്കുകയാണ്. ചെറിയാനച്ചന്‍ എന്നെ വിളിപ്പിക്കുന്നു എന്നറിഞ്ഞ് ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു. മറ്റു രണ്ട് അച്ചന്മാര്‍ കൂടി മുറിയിലുണ്ട്. ' കൂദാശകള്‍ ' എന്ന് വിളിക്കപ്പെടുന്ന മത പരമായ ചടങ്ങുകള്‍ക്ക് ഒരു അലിഖിത ഫീസ് നിരക്ക് നിലവിലുണ്ട്. ചെറിയാനച്ചന്‍ ഒഴികെയുള്ളവര്‍ക്ക് അത് നേരത്തേ കൈമാറിയിരുന്നു. എന്നെ കണ്ടതേ ചെറിയാനച്ചന്‍ എഴുന്നേറ്റു വന്നു. അല്‍പ്പം മാറി നിന്നാണ് ഞങ്ങള്‍ സംസാരിച്ചത്. അദ്ദേഹത്തിന്റെ പിതാവ് രണ്ടു ദിവസമായി ആശുപത്രിയില്‍   ആണെന്നും, അത് കൊണ്ട് ഉടനെ മടങ്ങിപ്പോകേണ്ടതുണ്ടെന്നും ഇനി വീട്ടിലേക്ക് വരുന്നില്ലെന്നും അച്ചന്‍ പറഞ്ഞു.. നന്ദിപൂര്‍വം അദ്ദേഹത്തെ യാത്രയാക്കുന്‌പോള്‍  ചെറിയാന്‍ അച്ചന്‍ ചെയ്തു തന്ന വിലപ്പെട്ട സേവനങ്ങളെ മാനിച്ചു കൊണ്ട് ചെറിയൊരു പാരിതോഷികം അദ്ദേഹത്തിനും നല്‍കുകയുണ്ടായി. 

അമേരിക്കയില്‍ തിരിച്ചെത്തിയ ശേഷം പല പ്രാവശ്യവും അച്ചന്‍ വിളിച്ചിരുന്നു. പിന്നീട് കാനഡായിലുള്ള ഏതോ പള്ളിയുടെ വികാരിയായി നിയമിക്കപ്പെട്ട അദ്ദേഹം കാനഡായിലേക്ക് താമസം മാറുകയും, കുടുംബത്തോടൊപ്പം അവിടെ സെറ്റിലാവുകയും ചെയ്തതിനാല്‍ അധികം നേരിട്ട് കണ്ടിട്ടില്ല. എങ്കിലും വല്ലപ്പോഴുമുള്ള ഫോണ്‍ വിളികളിലൂടെ സൗഹൃദം തുടരുന്നു. 

എന്റെ അനുജന്‍ റോയിയും, കുടുംബവും അമേരിക്കയില്‍ എത്തിച്ചേര്‍ന്നു. എന്റെ സഹോദരങ്ങളില്‍ റോയിയെ മാത്രമേ ഞാന്‍ ഫയല്‍ ചെയ്തിരുന്നുള്ളു. ജോര്‍ജ്, ബേബി എന്നീ സഹോദരന്മാരും, ലീലാമ്മ, മേരി, മീന എന്നീ സഹോദരികളും എനിക്കുണ്ടായിരുന്നുവെങ്കിലും, അവരെയൊന്നും ഫയല്‍ ചെയ്യുവാനുള്ള ദീര്‍ഘ വീക്ഷണം എനിക്കില്ലാതെ പോയി. അവരെക്കൂടി ഫയല്‍ ചെയ്യണം എന്ന് മേരിക്കുട്ടി എന്നെ ഓര്‍മ്മപ്പെടുത്തിയിരുന്നെങ്കിലും ഞാന്‍ വഴങ്ങിയില്ലെന്നതാണ് സത്യം. 

അമേരിക്കയില്‍ എത്തിയ ആദ്യ കാലത്തുണ്ടായ അനുഭവങ്ങള്‍ ഞാന്‍ മുന്നമേ വിവരിച്ചു കഴിഞ്ഞല്ലോ? മൂന്നു ജോലി ചെയ്ത് വാടക കൊടുക്കേണ്ടി വരികയും, പതിനൊന്ന് വയസുള്ള മകനെ പത്ര വിതരണക്കാരനായി റോഡിലെറിഞ്ഞു പട്ടിയുടെ കടി കൊള്ളിക്കേണ്ടി വരികയും ഒക്കെയായ സാഹചര്യങ്ങള്‍ അവര്‍ക്ക് ഉണ്ടാവാതിരിക്കട്ടെ എന്ന സദുദ്ദേശത്തിലാണ് അവരെ ഞാന്‍ ഫയല്‍ ചെയ്യാതിരുന്നത് എന്ന സത്യം ഇന്നാരും വിശ്വസിക്കുമെന്ന് തോന്നുന്നുമില്ല. പോരെങ്കില്‍ അവരൊക്കെത്തന്നെയും അന്ന് സാമാന്യം ഭേദപ്പെട്ട ജീവിത സാഹചര്യങ്ങളിലാണ് ജീവിച്ചു കൊണ്ടിരുന്നത് എന്നതും മറ്റൊരു കാരണമായിരുന്നു. 

ലീലാമ്മയുടെ കുടുംബത്തിന് മൂന്നേക്കറോളം വരുന്ന ആദായമുള്ള കൃഷി ഭൂമിയും, അടിമാലി ടൗണില്‍ നിന്ന് അധികം അകലെയല്ലാതെ നല്ല നിലയില്‍ നടന്നു കൊണ്ടിരുന്ന ഒരു സ്റ്റേഷനറിക്കടയും ഉണ്ടായിരുന്നു. ജോര്‍ജിന് കുരുമുളക് തോട്ടം അടങ്കല്‍, പലചരക്ക് കട, എന്നിവ കൂടാതെ ഒന്നൊന്നരയേക്കര്‍ കൃഷി ഭൂമിയും ഉണ്ടായിരുന്നു. ബേബി പോസ്റ്റുമാസ്റ്റര്‍ ആയിരുന്നതിന് പുറമേ പത്രം ഏജന്‍സി നടത്തിയും വരുമാനം നേടിയിരുന്നു. 
കുടുംബ സ്വത്തില്‍ നിന്ന് കിട്ടിയ വീതത്തില്‍ നിന്നു തന്നെ സാമാന്യം ജീവിച്ചു പോകാനുള്ള വരുമാനം മേരിക്കും, കുടുംബത്തിനും ഉണ്ടായിരുന്നു. മീന പ്രൈവറ്റ് സ്‌കൂള്‍ അധ്യാപിക ആയിരുന്നു എന്നതിന് പുറമേ പാലക്കാട് ജില്ലയില്‍ പത്തേക്കറിലധികം കൃഷി ഭൂമിയും അവളുടെ കുടുംബത്തിന് ഉണ്ടായിരുന്നു. 

വലിയ അല്ലലില്ലാതെ ജീവിച്ചു പോകുന്ന ഇവരെയൊക്കെ ഇവിടെ വലിച്ചു കൊണ്ട് വന്നാല്‍ അവര്‍ക്ക് നഷ്ടങ്ങള്‍ സമ്മാനിക്കുവാനെ അത് ഇടയാക്കുകയുള്ളുവെന്ന് ചിന്തിച്ചു പോയി. ഗ്യാസ്  സ്റ്റേഷനില്‍ കൊടും മഞ്ഞത്തു നിന്ന് ഗ്യാസടിക്കാനും, ഡേലി സ്റ്റോറുകളില്‍ ലോഡിറക്കുവാനും ഇവരെ വിടേണ്ട എന്ന് കരുതിയിട്ടാണ് അന്ന് ഫയല്‍ ചെയ്യാതിരുന്നത് എങ്കിലും, ഇങ്ങനെയൊക്കെ ചെയ്തു പിടിച്ചു നിന്നവരാണല്ലോ അമേരിക്കന്‍ മലയാളി മുതലാളിമാര്‍ എന്ന നിലയില്‍ അടിച്ചു പൊളിച്ചു ജീവിക്കുന്നത് എന്നറിയുന്‌പോള്‍ ഇന്ന് ദുഃഖം തോന്നുന്നുമുണ്ട്.

പൈങ്ങോട്ടൂരില്‍ റോയിയുടെ ഫാഷന്‍ വേള്‍ഡ് എന്ന ബിസിനസ് നല്ല നിലയില്‍ നടന്നു കൊണ്ടിരിക്കുകയും, കുട്ടികള്‍ പത്താം തരത്തിനു താഴെയുള്ള ക്‌ളാസുകളില്‍ പഠിച്ചു  കൊണ്ടിരിക്കുയും ചെയ്തിരുന്ന ഒരു സമയത്താണ് റോയിക്കുടുംബത്തിന് വിസാ കോള്‍ വരുന്നത്. അമേരിക്കന്‍ സ്വപ്നങ്ങളില്‍ ഏറെ ആകൃഷ്ടനായിപ്പോയ റെനിന്‍ (റോയിയുടെ മകന്‍ )ആണ് ഏറെ സന്തോഷിച്ചത്.
 സന്തോഷകരവും സമാധാന പൂര്‍ണ്ണവുമായ ഒരു ജീവിതം നയിക്കുന്നതിനിടയില്‍ എല്ലാം ഇട്ടെറിഞ്ഞു വിമാനം കയറുന്‌പോള്‍ അമേരിക്കയിലെ അത്യാകര്‍ഷകങ്ങളായേക്കാവുന്ന ജീവിത താളങ്ങള്‍ മറ്റാരെയും പോലെ അവരുടെ മനസിലും തുടിച്ചു നിന്നിരിക്കണം. 

നല്ല മഞ്ഞു വീഴ്ചയുള്ള ഒരു വിന്ററിലാണ് അവര്‍ ഇവിടെയെത്തുന്നത്. ഇവിടുത്തെ രീതികളെപ്പറ്റി ഞങ്ങളില്‍ നിന്നും നേരത്തേ മനസിലാക്കിയിരുന്ന റെനിന്‍ ഒരു സ്നോ ഷവലുമായി പുറത്തിറങ്ങുകയും, ആരുടെയൊക്കെയോ വീടുകളില്‍ സ്‌നോ മാറ്റിക്കൊടുത്ത് നൂറിലധികം ഡോളറുമായി തിരിച്ചെത്തുകയും, ചെയ്തു കൊണ്ട് സ്വയം തൊഴില്‍ കണ്ടെത്തി. അതേ വിന്ററില്‍ പല തവണ ഇതാവര്‍ത്തിച്ചു റെനിന്‍ സ്‌കൂളില്‍ ചേര്‍ന്ന് പഠനത്തിന്റെ തിരക്കില്‍ ആവുന്നത് വരെ ഇത് തുടര്‍ന്നു.

 ഞങ്ങളുടെ കൂടെ താമസിച്ചു കൊണ്ട് തൊഴില്‍ തേടിയിറങ്ങിയ റോയി  അമേരിക്കയില്‍ പ്രസിദ്ധമായ ഒരു ഡോണറ്റ് കട നടത്തിക്കൊണ്ടിരുന്ന ഒരു ഇന്ത്യക്കാരിയെ പരിചയപ്പെടുകയും, റോയിയുടെ ഹിന്ദി ഭാഷാ പ്രവീണതയില്‍ ആകൃഷ്ടയായ ഇന്ത്യക്കാരി തന്റെ ഫ്രാന്‍ഞ്ചൈസി സ്ഥാപനത്തില്‍ അയാള്‍ക്ക് ജോലി കൊടുക്കുകയും ചെയ്തെങ്കിലും, പണികള്‍ പഠിച്ചു കഴിഞ്ഞ ശേഷമേ ശന്പളം കൊടുക്കുകയുള്ളു എന്ന് മുന്‍കൂറായി പറഞ്ഞിരുന്നു. ജോലിക്കിടയിലെ ഇടവേളയില്‍ ഒരു ഡോണറ്റും ചായയും ഫ്രീയായി കഴിക്കാം എന്നൊരു ഉഗ്രന്‍ ഓഫര്‍ സമ്മാനിക്കുവാനും ആ സ്ത്രീ മറന്നില്ല.

പാര്‍ക്കിങ് ലോട്ട് ക്‌ളീനിങ്, ഗാര്‍ബേജ് ഡിസ്പോസല്‍, ഫ്ളോര്‍ സ്വീപ്പിങ് ആന്‍ഡ് മാപ്പിംഗ്, സ്റ്റാക്കിങ് എന്ന് ഓമനപ്പേരുള്ള ലോഡിങ് - അണ്‍ലോഡിങ് മുതലായ ജോലികള്‍ രണ്ടു മൂന്നു ദിവസങ്ങള്‍ കൊണ്ട് പഠിച്ചെടുത്ത റോയി  ഇനി ശന്പളം കിട്ടിയേക്കും എന്ന പ്രതീക്ഷയില്‍ ആ ഇന്ത്യന്‍ സഹോദരിയെ സമീപിക്കുന്നു.
ഇത് വരെ പഠിച്ചതെല്ലാം പുറത്തെ പണികള്‍ മാത്രമാണെന്നും, ഡോണറ്റ് നിര്‍മാണവും, അനുബന്ധങ്ങളായ അകത്തെ പണികളും കൂടി പഠിച്ചു കഴിഞ്ഞാലേ ശന്പളം തരികയുള്ളു എന്നുമായിരുന്നു ' എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാര്‍ ആണ് ' എന്ന പ്രതിജ്ഞ എല്ലാ ദിവസവും ഉരുവിട്ട് പഠിച്ച ആ ഇന്ത്യന്‍ സഹോദരിയുടെ അതേ പ്രതിജ്ഞ ഉരുവിട്ടു പഠിച്ച ഈ ഇന്ത്യന്‍ സഹോദരനോടുള്ള ഉളുപ്പില്ലാത്ത മറുപടി. .

വിവരം അറിഞ്ഞ ഞാന്‍ ഇനി ആ ജോലിക്കു പോകേണ്ടന്ന് വിലക്കി. ഏതൊരു ജോലിക്കും മണിക്കൂര്‍ നിരക്കില്‍ വേതനം കൊടുത്ത് കൊള്ളണം എന്ന് നിയമമുള്ള അമേരിക്കയില്‍ മൂന്നു ഡോണറ്റിനും, മൂന്നു ചായക്കും ഒരാളുടെ മൂന്നു ദിവസത്തെ അദ്ധ്വാനം അടിച്ചെടുത്ത ആ ഭാവ ശുദ്ധിയുള്ള ഭാരത സ്ത്രീയോട് നേരിട്ട് ചോദിക്കണം എന്നുണ്ടായിരുന്നു. പിന്നെ വിട്ടു. അമേരിക്കയെയും, ചൈനയെയും കടത്തി വെട്ടി ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് കുതിക്കാനിരിക്കുന്ന ഇന്ത്യക്ക് ഇത്തരത്തിലുള്ള മനോ ഭാവത്തിന്റെ മന്ത് കാലുകളായിരിക്കും തടസമായി നില്‍ക്കുന്നത് എന്ന തിരിച്ചറിവ്  കൂടിയായിരുന്നു അത്.

( തുടര്‍ന്ന് ഞങ്ങള്‍ കൂട്ടായി നടത്തിയ അന്വേഷണത്തില്‍ അവര്‍ക്ക് രണ്ടു പേര്‍ക്കും ജോലി ലഭിക്കുകയും, പല തരം ജോലികള്‍ ചെയ്ത് ഒടുവില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു സ്ഥാപനത്തില്‍ സാമാന്യം ഭേദപ്പെട്ട ഒരു ജോലി ലഭിച്ചതിനാല്‍ ആ കുടുംബവും  പച്ച  പിടിച്ചു.  അവരോടൊപ്പം വന്ന ആരെക്കാളും മുന്‍പേ ഒരു വീട് സ്വന്തമാക്കിക്കൊണ്ട്  അവര്‍ പിടിച്ചു നിന്നു. പഠനം പൂര്‍ത്തിയാക്കിയ അവരുടെ മകന്‍ റെനിന്‍ ഐ. ടി. മേഖലയില്‍ സിറ്റിയില്‍ ജോലി ചെയ്യുകയും. മകള്‍ രശ്മിന്‍ മെഡിക്കല്‍ സ്‌കൂള്‍ ലക്ഷ്യം വച്ച് പഠനം തുടരുകയും ചെയ്തു കൊണ്ടേയിരിക്കുന്നു. )

 പാടുന്നു പാഴ്മുളം തണ്ടു പോലെ!   (അനുഭവക്കുറിപ്പുകള്‍ -  82 :  ജയന്‍ വര്‍ഗീസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക