Image

സല്യൂട്ട് റദ്ദാക്കി എലിസബത്ത് രാജ്ഞി

Published on 21 April, 2020
സല്യൂട്ട് റദ്ദാക്കി എലിസബത്ത് രാജ്ഞി


ലണ്ടന്‍: കൊറോണ വ്യാപനത്തിനിടയില്‍ 68 വര്‍ഷത്തിനിടെ ആദ്യമായി പരന്പരാഗത ജന്മദിന തോക്ക് സല്യൂട്ടുകള്‍ എലിസബത്ത് രാജ്ഞി റദ്ദാക്കി. ഏപ്രില്‍ 21 നു (ചൊവ്വ) ജന്മദിനം ആഘോഷിക്കാന്‍ തോക്ക് സല്യൂട്ട് വേണ്ടെന്നാണ് രാജ്ഞിയുടെ തീരുമാനം.

പ്രതിസന്ധി ഘട്ടങ്ങളില്‍ തോക്ക് സല്യൂട്ട് ഉചിതമായിരിക്കില്ല എന്ന തോന്നലാകാം രാജ്ഞി ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതിനു പിന്നില്‍. പ്രത്യേക അവസരങ്ങള്‍ അടയാളപ്പെടുത്താന്‍ തോക്ക് സല്യൂട്ടുകള്‍ സാധാരണയായി രാജകുടുംബം ഉപയോഗിക്കുന്നതാണ്. ബ്രിട്ടീഷ് രാജ്ഞിയുടെ 68 വര്‍ഷത്തെ ഭരണത്തില്‍ കൊട്ടാരത്തില്‍ നിന്നുള്ള ആദ്യ അഭ്യര്‍ഥനയാണിതെന്ന് കരുതപ്പെടുന്നു.

വിന്‍ഡ്‌സര്‍ കാസിലില്‍ താമസിക്കുന്ന രാജ്ഞി 94-ാം പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങുകയാണ്. ബ്രിട്ടനില്‍ 14,000 ത്തിലധികം പേര്‍ മരിച്ച പ്രതിസന്ധിയുടെ സാഹചര്യത്തില്‍ തോക്ക് സല്യൂട്ട് ഉചിതമാണെന്നു തനിക്കു തോന്നുന്നില്ലെന്ന് എലിസബത്ത് രാജ്ഞി പറഞ്ഞു.


ദിവസം ഒരു ലക്ഷം ടെസ്റ്റുകള്‍ എന്നത് ആഗ്രഹം മാത്രം: വാക്ക് മാറ്റി ബ്രിട്ടീഷ് ഹെല്‍ത്ത് സെക്രട്ടറി

ലണ്ടന്‍: ദിവസേന ഒരു ലക്ഷം പേര്‍ക്ക് കൊറോണവൈറസ് ടെസ്റ്റുകള്‍ നടത്തുമെന്നു താന്‍ പറഞ്ഞത് തീരുമാനല്ല, ആഗ്രഹം മാത്രമായിരുന്നു എന്ന് ബ്രിട്ടീഷ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക്. പ്രഖ്യാപനം മാത്രമാണുണ്ടായതെന്നും നടപ്പായിട്ടില്ലെന്നും ആരോഗ്യ രംഗത്തെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഹാന്‍കോക്കിന്റെ മലക്കം മറിച്ചില്‍.

ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും സമൂഹത്തില്‍ നേരിട്ട് ഇടപെടുന്ന സര്‍ക്കാര്‍ വിഭാഗങ്ങളില്‍പ്പെട്ട പോലീസ്, ഫയര്‍ ഫോഴ്‌സ്, ജഡ്ജിമാര്‍, ജയില്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കും കൂടുതലായി പരിശോധന അനുവദിക്കുമെന്നും സെക്രട്ടറി പറഞ്ഞിരുന്നു. എന്നാല്‍, ഇതും നടപ്പായിട്ടില്ലെന്ന് വളരെ വേഗം തന്നെ വ്യക്തമായിരുന്നു.

രണ്ടു മണിക്കൂര്‍ വരെ വാഹനമോടിച്ച് പോയിട്ടും എന്‍എച്ച്എസ് ജീവനക്കാര്‍ പരിശോധന നടത്താന്‍ കഴിയാതെ മടങ്ങിപ്പോരേണ്ടി വരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു. സെല്‍ഫ് ഐസൊലേഷനിലുള്ള നഴ്‌സുമാര്‍ക്ക് നാലാഴ്ച വരെയാണ് പരിശോധനയ്ക്കു കാത്തിരിക്കേണ്ടിവരുന്നത്.

ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആവശ്യത്തിന് സുരക്ഷാ വസ്തുക്കള്‍ പോലും ലഭ്യമാക്കാന്‍ സര്‍ക്കാരിനു സാധിച്ചിട്ടില്ല. ഇവരില്‍ പലര്‍ക്കും ഗൗണുകളും മറ്റും പുനരുപയോഗിക്കാനാണ് നിര്‍ദേശം കിട്ടിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക