Image

ഒരു ജന്മദിനാശംസ (കവിത: ബീന ആന്റണി)

Published on 21 April, 2020
ഒരു ജന്മദിനാശംസ (കവിത: ബീന ആന്റണി)
നിങ്ങൾ യൗവ്വനംകൊണ്ട്‌
പ്രായമളക്കും
ഒരു സ്ത്രീയുടെ പ്രായം
അവൾ ജീവിച്ചു തീർത്ത
വർഷങ്ങളല്ല
ജീവിക്കാതെ ജീവിച്ച
വർഷിക്കാതെ വർഷിച്ച
വിയർപ്പും വിഷാദവുമാണ്
ആർത്തവത്തിന്റെ
ആവർത്തനങ്ങളില്ലാതെയാകുമ്പോൾ
അവളാവരണങ്ങളിട്ട
ആമജീവിതത്തിലേക്ക്
പിൻവലിക്കപ്പെടും
നീട്ടിക്കൊടുത്ത കഴുത്തിലെ
ക്ലാവുപിടിച്ച താലി
അവളെ
അറവുമാടിന്റെ
പിച്ചത്തൊഴുത്തിലേക്ക്
മാറ്റിക്കെട്ടും
നോവാറും മുൻപേ
പെറ്റുവീണ കിടാങ്ങൾ
അവളെ
അലക്കിയ വെള്ള പുതപ്പിക്കും
അവൾ വീണ്ടും
യൗവ്വനത്തിന്റെ
ചിദംബരത്തിലെ
ശിവകാമിയാകും.
ഒരു ജന്മദിനാശംസ (കവിത: ബീന ആന്റണി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക