Image

കോവിഡ് 19 അതിജീവിച്ച ന്യൂജേഴ്‌സിയിലെ 8 അംഗ മലയാളി കുടുംബം അനുഭവ വഴിയിലൂടെ

Published on 21 April, 2020
കോവിഡ് 19 അതിജീവിച്ച ന്യൂജേഴ്‌സിയിലെ 8 അംഗ മലയാളി കുടുംബം അനുഭവ വഴിയിലൂടെ
ന്യൂജേഴ്‌സി: - അമേരിക്കയില്‍ കൊറോണ വൈറസ് അതിരൂക്ഷമായി ബാധിച്ച ഹബ്ബാണ് ന്യൂയോര്‍ക്കും ന്യൂജേഴ്‌സിയും. ഇവിടുന്ന് ഭയാശങ്കളുടെ വാര്‍ത്തകളാണ് നിരന്തരം വന്നുകൊണ്ടിരിക്കുന്നത്.

ഇതിനിടയില്‍ കോവിഡ് വന്ന് രോഗം ഭേദപ്പെട്ടമലയാളി കുടുംബത്തിലെ രണ്ട് സഹോദരന്മാര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ഒരു വീഡിയോ എത്തിയിരിക്കുന്നു. അവരും ഭാര്യമാരും 92 വയസ്സായ അമ്മയും കുഞ്ഞുങ്ങളുമടക്കം 8 പേരുണ്ട് വീട്ടില്‍ .

കലാ സാഹിത്യ രംഗങ്ങളില്‍ സുപരിചിതരായ മിത്രാസ് രാജന്‍ ചീരന്‍, ഡോ. ഷിറാസ് എന്നിവരാണു അനുഭവങ്ങളുടെ വീഡിയോ പങ്കു വയ്ക്കുന്നത്.

നാലാഴ്ച മുമ്പാണ് ഇവര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. രാജൻ ചീരനാണ് ആദ്യം രോഗബാധയുണ്ടായത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയും സഹായങ്ങളും കൊണ്ടാണ് തങ്ങള്‍ക്ക് ഈ വിപത്തിനെ അതിജീവിക്കാനായതെന്നും ഏവരോടും വളരെ നന്ദിയുണ്ടെന്നും ഇവര്‍ വീഡിയോയില്‍ പറഞ്ഞു.

രോഗബാധയെപ്പറ്റി പറയുമ്പോള്‍ തങ്ങള്‍ക്ക് ഇത് എങ്ങനെ പകര്‍ന്നു കിട്ടി എന്നാണ് എല്ലാവരും ആദ്യം ചോദിക്കുന്നതെന്നും സത്യത്തില്‍ ഇതെങ്ങനെ കിട്ടി എന്ന് ഇപ്പോഴും അറിയില്ല എന്നുമാണിവര്‍ പറയുന്നത്. ഈ കോവിഡിന്റെ അവസ്ഥ തുടങ്ങിയതില്‍ പിന്നെ വളരെ അപൂര്‍വമായി അത്യാവശ്യമുണ്ടെങ്കില്‍ മാത്രമാണ് ഞങ്ങള്‍ പുറത്തേക്കിറങ്ങിയത്. അതും ആവശ്യമായ മുന്‍കരുതലോടെ മാത്രം. ഗ്ലൗസും മാസ്‌കും ഇട്ടിരുന്നു. കാറില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉണ്ടായിരുന്നു.

വീട്ട് വാതിലിന് മുന്നില്‍ സാനിറ്റൈസര്‍ വച്ചിരുന്നു. ആവുന്ന രീതിയിലുള്ള എല്ലാ ജാഗ്രതകളും പുലര്‍ത്തിയിരുന്നു. പക്ഷേ എവിടെയോ എങ്ങനെയോ ഒരു പാളിച്ച പറ്റിക്കാണും. അതുകൊണ്ടായിരിക്കണം ഞങ്ങള്‍ക്കിത് കിട്ടിയത്. എങ്ങനെയാണെന്ന് ക്യത്യമായി പറയാന്‍ അറിയില്ല. മുന്‍കരുതലുകള്‍ വളരെ കരുതലോടെയെടുക്കണം. ഒരു പഴുതും ഉണ്ടാകാന്‍ പാടില്ല. കാരണം അത്രയും ചെറിയൊരു വൈറസാണിത്. എവിടുന്ന് എങ്ങനെ ഇത് വരും എന്ന് പറയാന്‍ കഴിയില്ല. കൃത്യമായ ജാഗ്രതയാണ് വേണ്ടത്.

ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയപ്പോള്‍ തന്നെ ട്രീറ്റ്‌മെന്റ് തുടങ്ങി. അത്യാവശ്യം കിട്ടുന്ന മരുന്നുകളൊക്കെ കഴിച്ചു. പിന്നീട് ഓരോരുത്തരായി ടെസ്റ്റ് ചെയ്തു.

പോസിറ്റീവ് ആണെന്നറിഞ്ഞപ്പോള്‍ മുതല്‍ മരുന്നുകളോടൊപ്പം, ഏറ്റവുമടുത്ത സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും രോഗവിവരം ഷെയര്‍ ചെയ്യുകയാണ് ചെയ്തത്. അതു വഴി നമുക്ക് കിട്ടുന്ന സപ്പോര്‍ട് സിസ്റ്റം വളരെ വലുതാണ്. വിദേശത്ത് താമസിക്കുന്ന നമുക്ക് നമ്മുടെ കൂട്ടുകാരില്‍ നിന്നും കുടുംബ സുഹൃത്തുക്കളില്‍ നിന്നും കിട്ടുന്ന പിന്തുണ ഒരു പാട് വിലയുള്ളതാണ്. പ്രത്യേകിച്ച് നമ്മള്‍ കടന്നു പോകുന്ന ഈ സാഹചര്യം

നമ്മള്‍ അറിയുന്നവരും അടുപ്പമുള്ളവരും പറഞ്ഞു കേട്ടിട്ടുള്ളവരുമായ ഒരു പാട് പേര്‍ നമ്മെ വിട്ടു പൊയ്ക്കൊണ്ടിരിക്കുകയാണിപ്പോള്‍. അത്തരം വാര്‍ത്തകളൊക്കെ അറിഞ്ഞ് നമ്മള്‍ തളര്‍ന്നു പോകുന്ന സാഹചര്യമുണ്ട്. അതില്‍ നിന്നൊക്കെ കര കയറാന്‍ നമുക്ക് കരുത്ത് പകരുന്നത് നമ്മുടെ ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെത്തന്നെയാണ്. അതു കൊണ്ട് തന്നെ ആദ്യം ചെയ്യേണ്ടത് അവരോടിത് പറയുകയെന്നതാണ്. അവിശ്വസനീയമായ സപ്പോര്‍ട്ടാണ് എല്ലാവരും നല്‍കിയത്. മാനസിക പിന്തുണയോടൊപ്പം നമ്മുടെ ആവശ്യങ്ങള്‍ നടത്തിത്തരാനും അവര്‍ മുന്നില്‍ നിന്നു. ഗ്രോസറി വാങ്ങിത്തരാനും ഭക്ഷണം നല്‍കാനുമൊക്കെ അവരെല്ലാം തയാറായിരുന്നു.

ലക്ഷണങ്ങള്‍ എന്തു തന്നെയായാലും നിസാരമായെടുക്കാതെ ചികില്‍സ ഉറപ്പാക്കുകയാണ് വേണ്ടത്. അലര്‍ജി ലക്ഷണമാണോ സാധാരണ ജലദോഷമാണോ എന്നു വിചാരിച്ച് ചികില്‍സയെടുക്കാതിരിക്കരുത്. മൂക്കടപ്പ്, തലവേദന, പുകച്ചില്‍, ചുമ, മണം രുചി നഷ്ടപ്പെടല്‍, വയറ് സംബന്ധിച്ച അസ്വസ്ഥതകള്‍ ഡയേറിയ അങ്ങനെ യേതും കോവിഡ് ലക്ഷണമാകാന്‍ സാധ്യതയുണ്ട്. കുടുംബ ഡോക്ടര്‍ അല്ലെങ്കില്‍ സ്വന്തം ഡോക്ടറെ എത്രയും പെട്ടെന്ന് ബന്ധപ്പെടുന്നതാണ് ഏറ്റം പ്രധാനം. സ്വന്തം ഡോക്ടറാണെങ്കില്‍ മെഡിക്കല്‍ ഹിസ്റ്ററി അറിയാന്‍ കഴിയുന്നത് കാര്യങ്ങള്‍ എളുപ്പമാക്കും. നാളെ മാറും സാരമില്ല എന്നു പറഞ്ഞ് കാത്തിരിക്കരുത്. പിന്നെ നമ്മള്‍ നമ്മുടെ ഡോക്ടറായുള്ള സ്വയം ചികില്‍സയും അരുത്. ഡോക്ടറെ കണ്ട് അവര്‍ പറയുന്ന ട്രീറ്റ്‌മെന്റ് കര്‍ശനമായി പിന്‍തുടരണം.

നമ്മള്‍ മലയാളികളുടെ ഭക്ഷണ രീതി കോവിഡ് ചെറുക്കാന്‍ വളരെ നല്ലതാണ്. ഇന്ത്യന്‍ സ്‌പൈസസ് അടങ്ങിയ ഭക്ഷണം വളരെ നല്ലതാണ്. രസം തുടങ്ങിയ കറികള്‍ കഴിക്കാം. സ്‌പൈസസ്, പഴങ്ങള്‍ തുടങ്ങിയ ഭക്ഷണം നല്ലതുപോലെ കഴിച്ചിരുന്നു. അവ നമുക്ക് ഗുണമേ ചെയ്യൂ. വൈറ്റമിന്‍ സി ഓറഞ്ച് ഇതൊക്കെ നല്ലത് തന്നെ. ഞങ്ങളെല്ലാവരും ഇതെല്ലാം കഴിച്ചിരുന്നു. കൂടാതെ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ വളളിപുള്ളി വിടാതെപാലിക്കുകയും ചെയ്തു.

പിന്നെയുള്ളത് രോഗകാലത്തെ അസ്വസ്ഥതകളാണ്. ലക്ഷണങ്ങള്‍ ഓരോരുത്തര്‍ക്കും ഓരോ രീതിയിലായിരിക്കും. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വ്യത്യസ്തമായ അസ്വസ്ഥതകളായിരുന്നു. ചിലര്‍ക്ക് നേരിയ തോതിലുള്ള പ്രയാസമേ ഉണ്ടായിരുന്നുള്ളു. ചിലരില്‍ അധികമായിരുന്നു. ശരീരവേദന, ചുമ, വൈറല്‍ ഫീവര്‍ ലക്ഷണങ്ങള്‍ അങ്ങനെയൊക്കെയായിരുന്നു. ഗന്ധം രുചി ഇതൊക്കെ അറിയാന്‍ കഴിഞ്ഞില്ല. അങ്ങനെയൊക്കെ. ലക്ഷണങ്ങള്‍ എത്രയും പെട്ടെന്ന് ഡോക്ടറെ അറിയിച്ച് ടെസ്റ്റ് നടത്തുന്നതാണ് പ്രധാനം.

വളരെ പ്രധാനമായ മറ്റൊരു കാര്യം; വീട്ടില്‍ നമ്മളിതിനെ എങ്ങനെ നേരിടുന്നവെന്നതാണ്. മരുന്നിന് നമ്മെ ഏറ്റം ബലപ്പെടുത്താന്‍ കഴിയുമെങ്കിലും മാനസിക ബലം ഏറ്റം നിര്‍ണ്ണായകമാണ്. ഞങ്ങള്‍ വീട്ടില്‍ പരസ്പരം പകര്‍ന്ന മാനസിക പിന്തുണ ഒരു പോസിറ്റീവ് എനര്‍ജിയായി വീട്ടിനുള്ളില്‍ നിറഞ്ഞുനിന്നു. ഏതൊക്കെ രീതിയിലാണ് അത് നിലനിര്‍ത്താന്‍ കഴിയുന്നതെന്ന് മനസിലാക്കി പ്രവര്‍ത്തിച്ചു. സിനിമ കാണാനും സുഹൃത്തുക്കളോട് സംസാരിക്കാനും നല്ല ഭക്ഷണം നല്ലതുപോലെ കഴിക്കാനും പരസ്പരം ആശയ വിനിമയത്തിനുമൊക്കെ ഞങ്ങള്‍ സന്തോഷം കണ്ടെത്തി. മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധ മാറ്റി എന്നു പറയാം.

ഒരു പാട് വീഡിയോ കോളുകള്‍ ചെയ്തിരുന്നു. സ്വയം ഇതിനെ മറന്നു ജീവിക്കുകയായിരുന്നു. ഇത് വന്നു പോയാല്‍ നേരിട്ടേ പറ്റൂ.. പേടിച്ചിരുന്നതുകൊണ്ട് ഒന്നുമാകില്ല.

പ്രാര്‍ത്ഥനകള്‍ ഒരുപാട് വേണം. എന്നാല്‍ പ്രാര്‍ത്ഥിച്ചിരുന്നിട്ട് മാത്രം കാര്യമില്ല. മാനസികമായ ഒരു തയാറെടുപ്പോടെ കരുതിയിരിക്കുകയാണ് വേണ്ടത്. എപ്പവേണമെങ്കിലും ആര്‍ക്കുവേണമെങ്കിലും ഇത് വരാം. കാര്യങ്ങളെ പോസിറ്റീവായി സമീപിക്കാം. ഇതിനെ അതിജീവിക്കാന്‍ നമുക്ക് കഴിയും.

ഇപ്പോള്‍ ഞങ്ങളെല്ലാം രോഗമുക്തരാണ്. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും സപ്പോര്‍ട്ടിനും ഒരുപാടൊരുപാട് നന്ദി.

ഇത് സംബന്ധിച്ച് ഏതൊരു അന്വേഷണത്തിനും ഞങ്ങളെ സമീപിക്കാം. അറിയാവുന്ന എളിയ കാര്യങ്ങള്‍ അനുഭവം വച്ച് പങ്കുവയ്ക്കുന്നതില്‍ സന്തോഷമേയുള്ളു. ഒരു പാട് നന്ദി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക