Image

നന്ദു കണ്ടു; അച്ഛന്റെ കൊലയാളിയെ

Published on 24 May, 2012
നന്ദു കണ്ടു; അച്ഛന്റെ കൊലയാളിയെ
വടകര: പ്രതികാരാഗ്നി കത്താത്ത കണ്ണുമായി നന്ദു ശാന്തനായി കാത്തുനിന്നു. പിതാവിനെ നിഷ്‌കരുണം വെട്ടിനുറുക്കി കൊന്നവരുടെ കൂട്ടത്തിലുണ്ടായിരുന്ന സിജിത്ത് എന്ന പ്രതിയെ കാണാന്‍. കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ ഏക മകന്‍ അഭിനന്ദ് എന്ന നന്ദു യാദൃച്ഛികമായാണു കോടതി പരിസരത്ത് എത്തിയത്. ആള്‍ക്കൂട്ടമുണ്ടായതു പിതാവിന്റെ ഘാതകരിലൊരാളെ കോടതിയില്‍ കൊണ്ടുവരുന്നതുകൊണ്ടാണെന്ന് അറിഞ്ഞപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം നന്ദുവും കാത്തുനിന്നു. അമ്മ രമയുടെ സ്‌കൂട്ടര്‍ സര്‍വീസ് ചെയ്യാന്‍ കൊണ്ടുവന്നതായിരുന്നു നന്ദു. 

സുഹൃത്തുക്കളാണ് വധത്തില്‍ നേരിട്ട് ഇടപെട്ട പ്രതിയെ കോടതിയില്‍ കൊണ്ടുവരുന്നുണ്ടെന്ന വിവരം പറഞ്ഞത്. മറ്റൊന്നും ആലോചിക്കാതെ നേരെ കോടതി പരിസരത്തേക്കു പാഞ്ഞു. ഗാന്ധിപ്രതിമയ്ക്കു സമീപം നിന്ന നന്ദുവിനെ തിരിച്ചറിഞ്ഞതോടെ ആള്‍ക്കൂട്ടം പൊതിയാന്‍ തുടങ്ങി. ഉടന്‍ റവലൂഷനറി പ്രവര്‍ത്തകനും അധ്യാപകനുമായ ബിനുകുമാര്‍ നന്ദുവിനെ അവിടെ നിന്നു മാറ്റി. 

ഗാന്ധിപ്രതിമ നില്‍ക്കുന്ന ഐലന്‍ഡില്‍ കയറി നിന്ന നന്ദുവിനെ, മാധ്യമങ്ങളില്‍ തുടര്‍ച്ചയായി ഈ മുഖം കണ്ടിട്ടുള്ളതിനാല്‍ ജനക്കൂട്ടം പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. ടിപിയുടെ മകന്‍ എന്ന വാക്കുകള്‍ പലരും കൈമാറിയതിനൊപ്പം ആളുകള്‍ അടുത്തേക്കു വരാനും തുടങ്ങി. പലരും നന്ദുവിനോടു സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. കേരളം കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ സംസാരിച്ച സംഭവത്തിലൊരാളായ നന്ദു മാറിനിന്നു- ഒന്നും പറയാതെ; ഉള്ളില്‍ അടക്കിപ്പിടിച്ച ക്ഷോഭത്തോടെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക