Image

കേരള സർക്കാരിനോട് ഇപ്പോഴും ഐക്യ ദാർഢ്യമാണ് ( ജെ എസ് അടൂർ)

Published on 20 April, 2020
കേരള സർക്കാരിനോട് ഇപ്പോഴും ഐക്യ ദാർഢ്യമാണ് ( ജെ എസ് അടൂർ)
ഇന്ന് സർക്കാരുമായി സഹകരിക്കുന്നവരും ഭരണപാർട്ടി അനുഭാവികൾ എല്ലാം ചോദിച്ചത് ഇപ്പോൾ സ്പ്രിക്ലെർ പ്രശ്നത്തിൽ പ്രതികരിക്കണമായിരുന്നോ എന്നാണ്?

അങ്ങനെ ചോദിച്ചവരിൽ പലരും എന്റെ അടുത്ത സുഹൃത്തുക്കൾ ആയതു കൊണ്ടു ഇവിടെ പ്രതികരിക്കുന്നു.

1) കേരള സർക്കാരിൽ ആരോഗ്യ പ്രവർത്തകരും, പഞ്ചായത്തുകളും പോലീസും, ജില്ല ഭരണകൂടങ്ങളും, ആവശ്യം സർവീസുകളും വളരെ കാര്യ ക്ഷമമായാണ് പ്രവർത്തിച്ചത്. അതിനുള്ള കാരണം കേരളത്തിൽ നാലു തലത്തിൽ ഉള്ള പബ്ലിക് ഹെൽത്ത്‌ സംവിധാനം, ജാഗ്രതയുള്ള ജനങ്ങൾ, ഉത്തരവാദിത്ത ബോധമുള്ള സർക്കാർ എന്നിവയാണ്.

2. കേരളത്തിൽ മുഖ്യമന്ത്രി ആരോഗ്യ മന്ത്രി ദുരന്തം നിവാരണ മന്ത്രി അഡ്മിനിസ്ട്രേഷൻ എന്നിവ കാര്യക്ഷമമായാണ് പ്രവർത്തിച്ചത്. എന്നും ഐക്യ ദാർഢ്യവും അഭിനന്ദനങ്ങളും പറഞ്ഞിട്ടുണ്ട്. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നേരെത്തെ തന്നെ കൊടുക്കുകയും. കൂടാതെ ഒരു ലക്ഷം രൂപ കോവിഡ് സോളിഡാരിറ്റിക്കു വേണ്ടി ചെലവാക്കിയത് സർക്കാരിനോട് പൂർണ്ണമായും സഹകരിച്ചു ഐക്യ ദാർഢ്യത്തിലാണ്.

മുഖ്യ മന്ത്രിയുടെ നേതൃത്വ ഗുണങ്ങളെ കുറിച്ച് എഴുതിയത് അതു ബോധ്യമുള്ളത് കൊണ്ടാണ്.

3.സർക്കാർ കേരളത്തിലെ എല്ലാ ജനങ്ങളുടേതുമാണ്. അല്ലാതെ ഒരു പാർട്ടിയുടേത് അല്ല. കേരളത്തിൽ നികുതി കൊടുക്കുന്നവരോടും പൗരന്മാരോടും സർക്കാരിന് സുതാര്യതയും അകൗണ്ടബിലിറ്റിയും വേണം . അതു ആരു ഭരിച്ചാലും . അതു കൊണ്ടു തന്നെ സർക്കാരിനോട് ഐക്യ ദാർഢ്യം ഉള്ളപ്പോഴും ചോദ്യങ്ങൾ ചോദിക്കേണ്ടത് ഒരു സജീവ പൗരന്റ് ജനായത്ത ഉത്തരവാദിത്തവും കടമയുമാണ്.

4) സർക്കാരിനെയും മന്ത്രിമാരെയും ഭയഭക്തിയോടെ അല്ല കാണുന്നത്. നമ്മുടെ സർക്കാരിനെ അഭിനന്ദിക്കുവാനും വിമര്ശിക്കുവാനും ഒരു പൗരന് അവകാശം ഉണ്ട്. അതു കേന്ദ്രത്തിൽ ആയാലും കേരളത്തിൽ ആയാലും . പിണാറായി വിജയൻ എന്റെ കൂടി മുഖ്യ മന്ത്രിയാണ്. അതു പോലെ നരേന്ദ്ര മോഡി എന്റെ കൂടി പ്രധാന മന്ത്രി കൂടിയാണ്. ആ ബഹുമാനത്തോടെയാണ് വിമർശിക്കണ്ടപ്പോൾ വിമർശിക്കുന്നത്.

5) ഏതെങ്കിലും സർക്കാരിനെ കണ്ണും അടച്ചു അവർ ചെയ്യുന്നത് എന്തും പിന്താങ്ങുക എന്ന നിലപാടോ അല്ലെങ്കിൽ കണ്ണുമടച്ചു വിമര്ശിക്കാൻ വേണ്ടി വിമർശിക്കുകയോ ചെയ്യില്ല.

പിന്നെ. If he is not with us, he is always against us എന്ന ബൈനറിയുടെ കാണുന്നവരോട് മറുപടി ഇല്ല. അതിനപ്പുറവും ഇടമുണ്ടെന്നു വിശ്വസിക്കുന്ന ഒരുപാടു കോടി ജനങ്ങൾ ഇന്ത്യയിൽ ഉണ്ട് . അതു കൊണ്ടാണ് ഇപ്പോഴും അല്പം ജനാധിപത്യമുള്ളത്.

കേരളത്തെ കുറിച്ച് എന്നും അഭിമാനം. അടിമുടി മലയാളി. സർക്കാരിനോട് ഒരുമിച്ചു സമൂഹത്തിൽ നിരന്തരം പ്രവർത്തിക്കുന്നയാൾ. സർക്കാർ ഉദ്യോഗസ്ഥരോടും നല്ല രാഷ്ട്രീയ പ്രവർത്തകരോടും ബഹുമാനമുള്ളായാൾ.

എന്നാൽ കേരളത്തിൽ ആണ് ലോകത്തിലെ മികച്ച സർക്കാർ എന്ന ധാരണ ഒന്നും ഇല്ല .കേരളത്തിൽ എന്തോ മഹാത്ഭുതം സംഭവിക്കുന്നത് എന്നും ധാരണയും ഇല്ല.

ഒരൊറ്റ നേതാക്കളെയും വിഗ്രഹവൽക്കരിച്ചു deification നടത്തുന്നതിനോടും യോജിപ്പില്ല.

ചോദ്യങ്ങൾ ചോദിക്കണ്ട സമയത്തു ചോദിക്കും. കാരണം ഭരണത്തിൽ ഉള്ളത് ആരാണെങ്കിലും അവർക്കു സ്തുതി ഗീതം പാടി സുഖിപ്പിക്കുക എന്ന കരിയർ താല്പര്യങ്ങൾ ഇല്ല.

ചില സുഹൃത്തുക്കൾ വിളിച്ചു പറഞ്ഞു പറഞ്ഞതിൽ കാര്യമുണ്ട് . പക്ഷെ പറഞ്ഞ സമയം തെറ്റ് . അവരോട് പറയാൻ ഉള്ളത്. ചത്ത കൊച്ചിന്റെ ജാതകം പിന്നീട് എഴുതുന്നതിൽ കാര്യം ഇല്ലെന്നാണ്.
ഒരു പ്രശ്നം വരുമ്പോൾ ആണ് പ്രതികരിക്കുന്നത്. അല്ലാതെ ഒരു കൊല്ലം കഴിഞ്ഞിട്ടല്ല. ഇങ്ങനെ പറയുന്ന പലരും കേന്ദ്ര സർക്കാരിനോട് അതു കാണിക്കില്ല.

കോവിഡ് സമയത്തു കേരള സർക്കാരിനെ വിമര്ശിക്കരുത് എന്ന് പറയുന്നവർ അതെ കോവിഡ് സമയത്തു നിരന്തരം കേന്ദ്ര സർക്കാരിനെ വിമര്ശിക്കുന്നതിലെ വിരോധാഭാസം പലരും സമ്മതിക്കില്ല.


കേരള സർക്കാരിനോട് ഇപ്പോഴും ഐക്യ ദാർഢ്യമാണ് ( ജെ എസ് അടൂർ)
ജെ എസ് അടൂർ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക