Image

കൊറോണ നാട്ടിലെ നുറുങ്ങുകഥകൾ - ആർ.ബിജു

Published on 20 April, 2020
കൊറോണ നാട്ടിലെ നുറുങ്ങുകഥകൾ -  ആർ.ബിജു
 

1.  

അതിരാവിലേ തന്നെ
ക്യൂവിൽ ആദ്യത്തെ ആളാകാൻ കഴിഞ്ഞു.
ഒ പി ടിക്കറ്റെടുത്തപ്പോൾ
ഒരു ടോക്കൻ നമ്പർ ഫ്രീയായി കിട്ടി.
നറുക്കെടുപ്പുണ്ടെങ്കിൽ
എനിക്ക് തന്നെ അടിക്കും
 ഉറപ്പ്. ശുക്രനടിച്ചിരിക്കുന്ന
കാലമല്ലേ! മനസ്സ് മന്ത്രിച്ചു.
ഒരു മീറ്റർ അകലം പാലിക്കാൻ പുറകിൽ നിൽക്കുന്നവനെ ഒന്നു പദേശിക്കാനും പറ്റി. ആകെ ഒരു സന്തോഷം.
വലതുകാൽ വച്ച് അകത്തു കയറി.
എന്താണ് പ്രശ്നം?
മുഖം മൂടി ധരിച്ച ഭിഷഗ്വരൻ്റെ ചോദ്യം കേട്ട്
ഒന്നു പതറി.
കയ്യിലൊളിപ്പിച്ച തുണ്ട് പേപ്പർ ആരും കാണാതെ നോക്കി ഉറക്കെ പറഞ്ഞു.
ആൽക്കഹോൾ 
വിഡ്രാവൽ സിൻഡ്രം
ആണ് സാർ!

2. 

ചട്ടങ്ങളും നിയമങ്ങളും നോക്കി കവിടി നിരത്തിയപ്പോൾ വ്യക്തമായി
തെളിഞ്ഞു വന്നു.
പുറത്തു നിർത്തുന്നത്
അന്യായം. ആപത്ത് !
അയാൾക്ക്
മനോവിഷമവുമുണ്ടാക്കും.
നമുക്ക് വേണ്ടത്
നീതിയാണല്ലോ!
ഇനി വൈകണ്ട.
ഞാനവനെയിങ്ങ്
എടുക്കുവാ.
- റെട്രൊ ഗ്രഡ് അംനേഷ്യ


ഒരു കുഞ്ഞു കഥ

ഭൂഗോളം മുഴുവൻ
കുറ്റാ കുറ്റി ഇരുട്ട്!'
നിശബ്ദത തളം കെട്ടി അവിടത്തന്നെ നിൽക്കുന്നു.
ചീവീടു പോലും മിണ്ടണില്ല.
ഒരു ഇലയും എവിടേയും
അനങ്ങുന്നുമില്ല.
പെട്ടന്ന്  അതാ അവിടെ
ഒരനക്കം!
പിടിച്ചോളീ.... എന്ന്
ആർത്ത് അട്ടഹസിച്ചു കൊണ്ട് മനുഷ്യരായ
മനുഷ്യരെല്ലാം പന്തവും
തെളിച്ച് ഒറ്റച്ചാട്ടത്തിന്
മുന്നിലെത്തി.
ഒരു മുട്ടൻ കൊറോണ !!!
... കണ്ണുതുറക്കാതെ
ചമ്മിയ ചിരിയോടെ അവൻ സാഷ്ടാംഗം
കീഴടങ്ങി.


കൊറോണ നാട്ടിൽ നിന്ന് ഒരു കഥയും കൂടി ...
ഈ കഥയ്ക്ക് പേരിട്ടില്ല.

   ഇവിടാരുമില്ലേ?
വേലിക്ക് പുറത്ത് ബൈക്കിലെത്തിയ ആൾ അകത്തേയ്ക്ക് വന്നു.
കിണ്ടിയിലിരുന്ന വെള്ളവും സോപ്പും ചൂണ്ടിക്കാണിച്ച് കൈ കഴുകി അകത്തേയ്ക്ക് കയറിയിരിക്കാൻ പറഞ്ഞു. കയ്യിലിരുന്ന കവർ ഏൽപ്പിച്ചിട്ട്, നിങ്ങളുടെ പരാതിക്ക് പരിഹാരമായി. നാളെ പതിനൊന്നു മണിക്ക് ഇവിടെ ഉണ്ടാവണം. ഇത്രയും പറഞ്ഞ് അയാൾ തിരികെ പോയി.
  സർക്കാരിൻ്റെ സീലുള്ള
കവർ പൊട്ടിച്ചു വായിച്ചു.
അതിലെ അക്ഷരങ്ങളിൽ വിരലോടിച്ചു. മണികണ്ഠൻ്റെ കണ്ണ് നിറഞ്ഞു തുളുമ്പി.
"ആർക്കും വേണ്ടാത്തവൻ. ഒരു വിലയുമില്ലാത്തവൻ!
ആരാണീ മണികണ്ഠനെന്ന് നാളെ എല്ലാരും അറിയും"
ഓരോന്ന് ആലോചിച്ച് സമയം പോയതറിഞ്ഞില്ല.
ടി വി ഓൺ ചെയ്തു.
രാമായണവും കണ്ട്
നന്നായൊന്നു കുളിച്ചിട്ട്
ഉറങ്ങാൻ കിടന്നു. 
പതിവില്ലാതെ
നേരത്തേ എഴുന്നേറ്റു.
എണ്ണ തേച്ച് കുളിച്ച് മുടിയും ചീകി അൽപം പൗഡറുമിട്ടു. തേച്ചു മടക്കി വച്ചിരുന്ന മുണ്ടും ചുവന്ന ഷർട്ടും ഇട്ട് കണ്ണാടിയുടെ മുന്നിൽ കുറച്ചു നേരം നോക്കി നിന്നു.
എന്നെക്കാണാൻ ചിലർ
വരുമെന്നു മാത്രം ഭാര്യയോടും മകനോടും
പറഞ്ഞു. പാലു
 കൊണ്ടുവരുന്ന
 പരമുവിനോട് സംഗതി
ഒന്നു സൂചിപ്പിക്കുകയും
ചെയ്തു.
  കൊച്ചു പണിക്കശ്ശേരി തറവാട്ടിലെ ഇളയ സന്താനം കുഞ്ഞിരാമൻ്റെ
കൂട്ടുകൂടിയാണ് ഇവൻ മുഴുകുടിയനായതെന്നാണ് നാട്ടുകാർ പറയുന്നത്.
കുഞ്ഞിരാമൻ കുടി നിറുത്തിയിട്ടും ഇവനു
 മാത്രം പറ്റാത്തതെന്തെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല!കുടിയന്മാരുടെ
ആശാനാണവൻ.
മണികണ്ഠൻ്റെ തെറിവിളി
കേൾക്കാത്തവരാരുമില്ല
ഈ ദേശത്ത്!
പാൽക്കാരൻ പരമുവിൻ്റെ
പ്രഭാത പര്യടനം കഴിഞ്ഞപ്പോൾ നാടു മുഴുവൻ അമ്പരപ്പിലായി.
ഈ ചരിത്ര സംഭവത്തിന്
സാക്ഷിയാവാൻ ജീവിച്ചിരുന്നതു തന്നെ പുണ്യമെന്ന്‌ കാരണവന്മാർ പറഞ്ഞു തുടങ്ങി.
എത്രയും പെട്ടെന്ന് പതിനൊന്നു മണിയായെങ്കിൽ !
എല്ലാവരും അവരവരുടെ
പുത്തനുടുപ്പുകൾ അണിഞ്ഞ് ഒരുങ്ങി നിന്നു.
  "നിങ്ങളാരും പുറത്തിറങ്ങണ്ട എല്ലാം
വീട്ടിലെത്തും " എന്നുപറഞ്ഞപ്പോൾ 
ഇത്രയും കരുതിയില്ല. അടക്കിപ്പിടിച്ച സംസാരങ്ങൾക്കിടയിൽ
സമയം കൃത്യം പതിനൊന്നായി.
  ചെമ്മണ്ണു പാകിയ റോഡിലൂടെ അതാ രണ്ടു
വെളുത്ത ജീപ്പുകൾ പാഞ്ഞു വരുന്നു
ആകാംഷയോടെ കണ്ണുകൾ ഒരു മീറ്റർ അകലം പാലിച്ച് പുറത്തേയ്ക്ക് ഇറങ്ങി വന്നു.
വണ്ടികൾ രണ്ടും മണികണ്ഠൻ്റെ വീട്ടുപടിക്കലെത്തി.മുമ്പിൽ വന്ന പോലീസ് വണ്ടിയിൽ നിന്നും പുറത്തേയ്ക്ക് ചാടിയ നാലു പേർ രണ്ടു വരിയായി നിരന്നു നിന്നു.
  മുഖം മൂടി ധരിച്ച ആരോഗ്യ പ്രവർത്തകൻ
ഡോക്ടറുടെ കുറിപ്പടിയുടെ ഒറിജിനൽ കോപ്പിയുമായി പുറകിൽ വന്ന ജീപ്പിൽ നിന്നും വെളിയിലിറങ്ങി .
തൊട്ടുപിന്നാലെ 
ബവ് കോയുടെ രണ്ട് മുട്ടാളന്മാർ വലിയൊരു പെട്ടിയും താങ്ങിപ്പിടിച്ച് വന്നു. - ഹൃദയം മാറ്റിവയ്ക്കാൻ തിരുവനന്തപുരത്തേയ്ക്ക് ചീറിപ്പാഞ്ഞു വന്ന ആംബുലൻസിൽ എത്തിച്ച ആ പെട്ടിയില്ലേ! അതേപോലത്തെ പെട്ടിയാണ് അവരുടെ കയ്യിലിരിക്കുന്നത്.
   പെട്ടിയുമായി അവർ മണികണ്ഠൻ്റെ അടുത്തേക്ക്  പതിയെ നടന്നടുത്തു.
അഭിമാന ഭാരത്തോടെ മണികണ്ഠൻ രണ്ടു ചുവട്
മുന്നോട്ടു വച്ചു."നിങ്ങൾ
അംഗീകൃത വിതരണക്കാർ തന്നെയല്ലേ?
വ്യാജന്മാരുടെ കാലമാണിത് !
എവിടേ നിങ്ങളുടെ പാസ്സ്? വണ്ടിയുടേയും വന്നവരുടേയും പാസ്സുകൾ
സസൂഷ്മം പരിശോധിച്ചു.ഇത് നിങ്ങളുടെ പാസ്സുതന്നെ ആയിരിക്കുമല്ലേ? സംശയത്തോടെ എല്ലാവരേയും നോക്കിയിട്ട്
തിരികെ കൊടുത്തു.
ആരോഗ്യ പ്രവർത്തകനോടായി പറഞ്ഞു. ഇവർക്കുള്ള മാസ്ക് കൊടുക്കാത്തതാണോ
അതോ ഇവര്കെട്ടാത്തതാണോ ?
  പെട്ടി കൈമാറാനായി
വന്നപ്പോൾ മണികണ്ഠൻ
തടഞ്ഞു. ഇതൊരു
ഔദ്യോഗിക ചടങ്ങല്ലേ!
നമുക്ക് ദേശീയ ഗാനം പാടി തുടങ്ങാം.
എന്തു ചെയ്യണമെന്നറിയാതെ വന്നവർ പരസ്പരം മുഖത്തോട് മുഖം നോക്കി .പറയാൻ വാ തുറക്കുന്നതിനു മുമ്പ് മണികണ്ഠൻ പാടിത്തുടങ്ങി.
ഞാനധികം സമയമെടുത്തില്ലല്ലോ.
പത്ത് മുപ്പത് കൊല്ലം കഴിഞ്ഞിരിക്കുന്നു ഞാനിത് പാടിയിട്ട്.
ദേശാഭിമാനബോധം ഉരുണ്ടുകൂടി വരുന്നതിറഞ്ഞ നിമിഷം തന്നെ, ശരി ഇനി നമുക്ക് ഐശ്വര്യമായി കൃത്യനിർവ്വഹണത്തിലേക്ക് കടക്കാം. ഞാൻ റെഡി.
 വിശിഷ്ട സേവാമെഡൽ നെഞ്ചത്ത് കുത്താൻ വരുന്ന അച്ചടക്കത്തോടെയും ആദരവോടെയും ഉദ്യോഗസ്ഥൻമാർ ആ പെട്ടി മണികണ്ഠനെ ഏല്പിച്ചു.
മതിലിനു മുകളിലൂടെ എത്തി വലിഞ്ഞ് നോക്കി നിന്നവരുടെ ദീർഘനിശ്വാസം മാത്രമേ
അപ്പോൾ കേൾക്കാനുണ്ടായിരുന്നുളളൂ.   മണികണ്ഠൻ്റെ കണ്ണു നിറയുന്നത് ആരും അറിഞ്ഞല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക