Image

യോഗാ ബോയ് ആൻഡ് യോഗാ ഗേൾ: പുഷ്പമ്മ ചാണ്ടി

Published on 20 April, 2020
യോഗാ ബോയ് ആൻഡ് യോഗാ ഗേൾ: പുഷ്പമ്മ ചാണ്ടി

ഒരാഴ്ചയായി കൃപനാഥൻ , ഭാര്യ ആന്ദവല്ലിയെ കൊണ്ട് പൊറുതി മുട്ടിയിട്ട്.
" നമുക്കും ഈ ലോക്ക്  ഡൗണിൽ എന്തെങ്കിലും ചെയ്യണം "
" എന്ത് ചെയ്യണം ?"
" ദേ നോക്കു , ഓരോരുത്തരും എന്തൊക്കെയാണ്  ചെയ്യുന്നതെന്ന് , ചിലരു വീട് പെയിന്റടിക്കുന്നു, ഇന്നത്തെ പത്രത്തിൽ കണ്ടില്ലേ സിനിമാ നടൻ സുരാജ് വെഞ്ഞാറമൂട് അടുക്കള പെയിന്റു ചെയ്തു എന്ന്, സ്ത്രീകളാണെങ്കിൽ പാചക പരീക്ഷണം , ചിലര് പാട്ടു പാടുന്നു, എല്ലാം യു ട്യൂബിലും , whatsapp, ഫേസ്ബുക്ക്,  എല്ലായിടത്തും ഇട്ടു ലൈക്കും , കമന്റ്സും വാരിക്കൂട്ടുന്നു "
"ആനന്ദം , നമ്മൾ സ്ഥിരം വീട്ടിൽ ഇരിക്കുന്നവരല്ലേ, നിനക്കു എഴുപതു വയസ്സ് , എനിക്ക്  എഴുപത്തഞ്ചു കഴിഞ്ഞു , ദൈവാനുഗ്രഹത്താൽ നമ്മൾക്കു വലിയ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ല "

ആനന്ദം ഇടയ്ക്കു കയറി പറഞ്ഞു ..
" എനിക്ക് ബിപി ഉണ്ട് "
കൃപാനാഥൻ അത് കേൾക്കാതെ തുടർന്നു ...

" ഞാൻ മാസത്തിൽ ഒന്ന് ATM വരെ പോകും, പെൻഷൻ അക്കൗണ്ടിൽ വരും,  ബില്ലുകൾ എല്ലാം മോൻ അടക്കും, പച്ചക്കറി,  മറ്റു വീട്ടു സാധനങ്ങൾ എല്ലാം  വിളിച്ചു പറഞ്ഞാൽ വീട്ടിൽ വരും. പാലും , പത്രവും അങ്ങനെ തന്നെ.  കഴിഞ്ഞ ദിവസം നിന്റെ  മരുന്നും മെഡിക്കൽ ഷോപ്പ്  ഇവിടെ എത്തിച്ചു ... എല്ലാം സ്റ്റോക്കുണ്ട്, വീ ആർ സേഫ് " 
ഒരു കാര്യം മറന്നു , നീ മാസ്ക് വേണമെന്നു പറഞ്ഞിട്ട് നല്ല  അസ്സല് മാസ്ക്  തുണിയിൽ ഞാൻ തയ്ച്ചു തന്നില്ലേ ? ഒന്നല്ല , നാല് എണ്ണം. ( കൃപാനാഥന് കുറേശ്ശേ തയ്യൽ അറിയാം , പഴയ 'ഉഷ' തയ്യൽ മെഷീൻ, അമ്മയുടേത്  പെങ്ങൾക്ക്,  മുംബൈക്കു കൊണ്ടുപോകാൻ പറ്റാഞ്ഞ കാരണം , അയാൾ അത് എടുത്തു.)
പിന്നെ ആനന്ദം, ഈ സെലിബ്രിറ്റികളു അങ്ങനെ എപ്പോഴും ഇതുപോലെ വീട്ടിലിരിക്കുന്നില്ല..അതുകൊണ്ടാണ് അവരിതൊക്കെ എൻജോയ് ചെയ്യുന്നത്" 

" എന്നാലും ലോക്ക് ഡൌൺ അല്ലെ ? 
Furniture ഒന്ന് re-arrange ചെയ്തു നോക്കിയാലോ ? എന്നിട്ടു ഫോട്ടോ എടുക്കാം  കുട്ടികൾക്കും അയക്കാം" 

" ആനന്ദം നീ എന്നെ ശല്യം ചെയ്യാതെ ഒന്ന് പോ. അത് മാറ്റിയിട്ടിട്ടു വേണം എൻ്റെ നടുവ് ഉളുക്കാൻ , "

" കണ്ടോ , ലോക്ക് ഡൌൺ ആയപ്പോൾ , എനിക്ക് പുറത്തുപോകാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ , "പോ " എന്ന്.  മാളു രാത്രിയിൽ വിളിക്കട്ടെ , അച്ഛൻ ഈ അവസ്ഥയിൽ  " നീ പോ " എന്ന് പറഞ്ഞത് ഞാൻ അവളോടു  പറയും ."
" നീ പോ" എന്ന് പറഞ്ഞില്ല , പോ എന്ന് മാത്രം "
"ഇവിടെ വേറെയാരും ഇല്ലല്ലോ. അപ്പോൾ അത് എന്നോടല്ലെ പറഞ്ഞത് ?"

" നിനക്ക് ഇപ്പോൾ എന്താ വേണ്ടത് ?"
"അല്ലെങ്കിൽ മൈക്രോ ഗ്രീൻ ചെയ്താലോ ?"
" മൈക്രോ ഗ്രീൻ എന്നും പറഞ്ഞു , ഉള്ള പരിപ്പും ,പയറും ,ഉലുവയും കടുകുമൊക്കെ മുളപ്പിച്ചു , ആവശ്യത്തിലധികം വെള്ളമൊഴിച്ച് , എല്ലാം ചീഞ്ഞു പോയില്ലേ ?"
" ഒന്ന് കൂടി നോക്കിയാലോ ? എല്ലാ സ്റ്റേജിലും ഫോട്ടോ എടുക്കണം , എന്നിട്ടു  ഫേസ്ബുക്കിൽ ഇടണം ."

" ശരി , ശരി നീ പോയി , കുറച്ചു പരിപ്പും, പയറും , ഉലുവയും ഒക്കെ കുതിർത്തു വെക്ക് "

" അയ്യോ പരിപ്പ് പറ്റില്ല "

"ഇഷ്ടമുള്ളത് കുതിർത്തു വെക്കൂ "

" അപ്പോൾ ഞാൻ ആദ്യം നിങ്ങളെ കുതിർക്കും "

"വലിയ തമാശക്കാരി. നീ എന്നെ , കുതിർക്കുകയല്ല,  കുറച്ചു ദിവസമായി പുഴുങ്ങുകയാ. അധികം ശല്യം ചെയ്‌താൽ ഞാൻ പരീക്ഷ സമയത്തു പിള്ളേരുടെ ടി.വി. കണക്ഷൻ കട്ടു ചെയ്യന്നതു  പോലെ , നെറ്റ് കണക്ഷൻ കട്ട് ചെയ്യും."

കൃപാനാഥൻ പറഞ്ഞത് കേൾക്കാത്ത പോൽ അടുക്കളയിലേക്കു പോയ ആനന്ദം പോയ പോലെ തന്നെ തിരികെയും വന്നു .

"കേട്ടോ ? " പത്രത്തിൽ നിന്നും തലയെടുക്കാതെ കൃപാനാഥൻ,  
" കേട്ടു , ഏതാ അടുത്ത പ്രശ്നം ?
" വെയിലാറിയിട്ടു , ഒരു ആറു , ആറരക്ക് നമുക്ക് ഈ കോളനിയിൽ ഒന്ന് നടക്കാൻ പോയാലോ ? സാമൂഹിക അകലം പാലിച്ചു , മാസ്ക് ഒക്കെ കെട്ടിക്കൊണ്ട്.."
 " ആനന്ദം,  ഈ വയസ്സാം കാലത്തു ഭാര്യയെ ചീത്ത വിളിച്ചു, തല്ലി എന്നൊക്കെയുള്ള പേരുദോഷം എനിക്ക് 
വാങ്ങിത്തരല്ലേ ?"
" കഴിഞ്ഞ 15 വർഷമായി എത്ര പ്രാവശ്യം ഞാൻ നിന്നെ നടക്കാൻ പോകാൻ വിളിച്ചിരിക്കുന്നു ., നീ വന്നിട്ടുണ്ടോ ? ഐ ആം എ യോഗാ ഗേൾ എന്ന് പറഞ്ഞു  ഇവിടെ കസർത്തല്ലെ. എന്നെയും ഒരു യോഗാ ബോയ് ആക്കി. പക്ഷെ അതുകൊണ്ട് ഒരു ഗുണം കിട്ടി. എൻ്റെ സുഹൃത്തുക്കളൊക്കെ നടക്കാൻ പോകാൻ പറ്റുന്നില്ല , ദേഹം അനങ്ങുന്നില്ല, എന്നൊക്കെ പരാതി പറയുമ്പോൾ വീ യോഗാ ബോയ് ആൻറ് യോഗാ ഗേൾ ആർ ഫിറ്റ്.
അല്ലെ?"

"അങ്ങനെ എന്നെപ്പറ്റി 
നല്ലതെന്തെങ്കിലും പറയൂ "

" ദേ നോക്ക് , "

"നോക്കി" ഇനിയെന്താ "?

"  we oldies are doing yoga എന്നൊരു വീഡിയോ ചെയ്താലോ ?"

"ആനന്ദം, നീ എന്നെയിങ്ങനെ ശല്യം ചെയ്‌താൽ ഞാൻ ഉറപ്പായിട്ടും  ബൈക്കെടുത്തു പുറത്തു പോകും. എന്നെ  പോലീസു  പിടിക്കും. അപ്പോൾ ഞാൻ,  നിന്റെ ശല്യം സഹിക്കാഞ്ഞിട്ടു പുറത്തിറങ്ങിയതാണെന്ന് പറയും,  കുറച്ചു കൂട്ടിയും പറയും , അത് ആരെങ്കിലും വീഡിയോ എടുക്കും , അത് facebook , whatsapp , ചിലപ്പോൾ ടി.വി.യിലും കാണിക്കും.  വേണോ ?"
ആനന്ദം എന്തോ  പിറുപിറുത്തു കൊണ്ട് അടുക്കളയിലേക്കു പോയി , മൈക്രോ ഗ്രീൻ പരീക്ഷണങ്ങൾക്കായി .....


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക