Image

കൊറോണ പാഠങ്ങൾ :മീരാ കൃഷ്ണൻകുട്ടി ,ചെന്നൈ

Published on 19 April, 2020
കൊറോണ പാഠങ്ങൾ :മീരാ കൃഷ്ണൻകുട്ടി ,ചെന്നൈ
വനിതയിൽ സ്ഥിരമായി എഴുതിക്കൊണ്ടിരുന്ന പ്രസിദ്ധ പത്രപ്രവർത്തകയാണ് മീരാ കൃഷ്ണൻകുട്ടി .ഇന്റർനെറ്റും ആധുനിക സൗകര്യങ്ങളുമില്ലാതിരുന്ന കാലത്ത് ചെന്നൈയിൽ നിന്നുമുള്ള മീരാ കൃഷ്ണൻകുട്ടിയുടെ റിപ്പോർട്ടുകൾ കേരളമാകെ ആകാംഷയോടെ കാത്തിരിക്കുമായിരുന്നു.വിവിധ രംഗങ്ങളിലെ അതിപ്രശസ്തരുമായുള്ള മീരയുടെ അഭിമുഖങ്ങൾ അത്യാകർഷകമായിരുന്നു.ഇ - മലയാളിയിൽ തുടർന്നും മീരയുടെ എഴുത്തുകൾ പ്രതീക്ഷിക്കുക.


അരുതുകൾ താഴിട്ടു  പൂട്ടി  മുറുക്കിയ,
അതിരുകൾ തീർപ്പാക്കി 
തടയിട്ടൊരുക്കിയ ,
ഭയമിരുൾ മേഘങ്ങൾ പഴുതുകൾ പോക്കിയ,
അകമാകുമിന്നിനി , മനിതനൊരാശ്രയം! 
അന്നേരമകമേ തെളിയുന്ന ചിത്രങ്ങൾ , 
പാഠങ്ങൾ , പലപ്പോഴും പൊരുളുകളും  ,
എത്ര ശരിയെന്നറിയുന്നു നാമിന്നു ,
ഇക്കോറോണ ഭരിക്കും ദിനങ്ങളിൽ ..!

അറിയുന്നു, അധികാരമോഹം പാഴെന്നതും ,
അധികമാം ഭാരമായത് ചമയുമെന്നതും . 
അഹമെന്ന ഭാവം , അതു വെറുമൊരന്ധത ,
അവനവനെത്തന്നെ
വീഴ്ത്തുന്ന വ്യർത്ഥത ..

മതമേതുമല്ല ,മറിച്ചോ , 
മാനവ  മാനസ ചേർച്ചയത്രെ ബലമാകുന്നു 
പണവും  പ്രതാപവും തോൽക്കുന്നിടത്തും 
ജയിക്കുന്നു , പരമമാം  ഒരുമമാത്രം .   

മർത്യനു മാത്രമല്ലീലോകമെന്നതും   
ശക്തമായ്  വ്യക്തമായ്  ഓർക്കവേണം .
കൃത്യമായുള്ള 
പാഠച്ചിത്രമെന്ന  പോൽ , 
ചേതനതന്നിലതും  പതിപ്പിക്കണം.
പുഴുവോ പുൽച്ചാടിയോ  ശലഭമോ  പറവയോ 
നാൽക്കാലിതന്നെയോ  ഏതുമാട്ടെ , 
പുഴകളും മലകളും കാടുകളുമെല്ലാം  
അവരുടെ സ്വത്തു മാണെന്നതോർക്കണം നാം  !

പച്ചപരിഷ്കാര പാഴ്‍പൂച്ചു വേണ്ടിനി , 
വേണ്ടത്  പ്രത്യാശ ശോഭ  മാത്രം .....
ഇന്നു പഠിക്കുമനുഭവപാഠങ്ങൾ, 
എന്നു മോർക്കേണ്ടതാണെ -
ന്നതും   കാര്യം  

മാറുമീ കാലം ..... ദുരിതകാലം .
മാറണം, നമ്മളും ത്വരിതവേഗം. 
നല്ല നാളുകൾക്കായ്  കാത്തിരിക്കാമിനി 
നന്മതൻ  കൈത്തിരി നാളവുമായ്  ...




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക