Image

കേളി കലാമേള: ബ്ലുയിന്‍സ്‌ കലാതിലകം, ശില്‍പ്പ കലാരത്‌ന, ഫാ. ആബേല്‍ ട്രോഫി സ്റ്റീജക്ക്‌

വര്‍ഗീസ്‌ എടാട്ടുകാരന്‍ Published on 24 May, 2012
കേളി കലാമേള: ബ്ലുയിന്‍സ്‌ കലാതിലകം, ശില്‍പ്പ കലാരത്‌ന, ഫാ. ആബേല്‍ ട്രോഫി സ്റ്റീജക്ക്‌
സൂറിച്ച്‌: കലയുടെ സര്‍ഗ സഞ്ചാരപഥത്തിന്‌ തിലകക്കുറിയായ കേളി രാജ്യാന്തര കലാമേളയില്‍ ഓസ്‌ട്രിയയില്‍ നിന്നെത്തിയ ബ്ലുവിന്‍സ്‌ തോമസ്‌ കലാതിലക പട്ടവും തങ്കപതക്കവും നേടി മേളയുടെ താരമായി.

ആറോളം രാജ്യങ്ങളില്‍നിന്നായി ഇരുനൂറിലേറെ മാത്സരാര്‍ഥികളെ പിന്തള്ളിയാണ്‌ മൂന്നാംവട്ടവും കേളി കലാതിലകമെന്ന റെക്കാര്‍ഡും നേടിയത്‌. വിയന്നയില്‍ ഐക്യരാഷ്‌ട്രസഭ സംഘടനയിലെ ഉദ്യോഗസ്ഥരായ ഗ്രേഷ്യസ്‌-സില്‍വി ദമ്പതികളുടെ ഏക പുത്രിയാണ്‌ ബ്ലുവിന്‍സ്‌.

2010ലെ കലാതിലകപ്പട്ടമണിഞ്ഞ സ്വിറ്റ്‌സര്‍ലന്‍ഡിലെ ശില്‍പ്പ തളിയത്താണ്‌ ഒന്‍പതാമത്‌ കേളി കലാമേള നാട്യകലൈമണി. മേളയിലെ നൃത്തപ്രതിഭയ്‌ക്കു നില്‍കുന്ന കലാരത്‌നപട്ടം കരസ്ഥമാക്കിയാണ്‌ ശില്‍പ്പ ഈ വര്‍ഷവും തന്റെ മികവ്‌ തെളിയിച്ചത്‌. നാടോടി നൃത്തം, കുച്ചുപ്പുടി, ഭരതനാട്യം എന്നീ നൃത്തയിനങ്ങളില്‍ രണ്‌ടാം സ്ഥാനവും നേടിയാണ്‌ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസലില്‍നിന്നെത്തിയ ശില്‍പ്പ മേളയില്‍ തിളങ്ങിയത്‌.

2007ലെ ദീപിക കലാരത്‌ന ജേതാവും ശില്‍പ്പയുടെ സഹോദരിയുമായ സൂര്യ തളിയത്ത്‌ മേളയില്‍ തിളങ്ങിയ മറ്റൊരു താരമാണ്‌.

നാടോടി നൃത്തത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ മേളയിലെ നൃത്തേതര പ്രതിഭയ്‌ക്ക്‌ നല്‍കുന്ന ഫാ. ആബേല്‍ ട്രോഫിക്ക്‌ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസലില്‍നിന്നെത്തിയ സ്റ്റീജ ചിറയ്‌ക്കല്‍ അര്‍ഹയായി. 2008ലും സ്റ്റീജയ്‌ക്കായിരുന്നു കിരീടം. പ്രസംഗത്തിലും ഏകാഭിനയത്തിലും മികവ്‌ കാട്ടിയ സ്റ്റജിന്‍ ചിറയ്‌ക്കല്‍ സ്റ്റീജയുടെ സഹോദരനാണ്‌. സ്റ്റീഫന്‍ ചിറയ്‌ക്കല്‍ - ഗിരിജ ദമ്പതികളുടെ പുത്രിയാണ്‌ സ്റ്റീജ.

യുകെയില്‍ നിന്നെത്തിയ ബസ്‌ ജൂണിയര്‍ വിഭാഗത്തില്‍ മത്സരിച്ച ജനീത റോസ്‌ തോമസ്‌ മേളയില്‍ തിളങ്ങിയ മറ്റൊരുതാരമാണ്‌. കപ്പിനും ചുണ്‌ടിനും ഇടയ്‌ക്കാണ്‌ നീതക്ക്‌ കലാരത്‌ന പട്ടം നഷ്‌ടമായത്‌. മത്സരിച്ച മൂന്നു നൃത്ത ഇനങ്ങളിലും ഒന്നാമതെത്തിയെങ്കിലും പോയിന്റ്‌ നിലയിലുള്ള വ്യത്യാസത്തിലാണ്‌ ജനീതയ്‌ക്ക്‌ പട്ടം നഷ്‌ടമായത്‌.

പെണ്‍കുട്ടികള്‍ക്ക്‌ കനത്ത വെല്ലുവിളി ഉയര്‍ത്തിയ ശാസ്‌ത്രീയനൃത്ത വിഭാഗങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയ അയര്‍ലന്‍ഡില്‍നിന്നെത്തിയ വിഷ്‌ണു ശങ്കര്‍ മേളയിലെ ഏറ്റവും ജനപ്രിയതാരമായ്‌.

മേളയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ്‌ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രാതിനിത്യം അയര്‍ലന്‍ഡിനായിരുന്നു. നൃത്ത വിഭാഗങ്ങളില്‍ മിക്ക സമ്മാനങ്ങളും അയര്‍ലന്‍ഡില്‍നന്നുള്ളവര്‍ക്കായിരുന്നു.

പങ്കെടുത്ത നാലിനങ്ങളിലും സമ്മാനങ്ങള്‍ നേടിയ സപ്‌ത രാമന്‍ നമ്പൂതിരിയും ജൂറിയുടെയും സദസിന്റെയും പ്രശംസക്ക്‌ പാത്രമായി.

ഓസ്‌ട്രിയയില്‍ നിന്നെത്തിയ ശ്രീജ ചെറുകാടിനാണ്‌ സംഗീത-നൃത്തവിഭാഗങ്ങളില്‍ ഒരുപോലെ മികവു തെളിയിച്ചത്‌. യൂറോപ്പിലെ അറിയപ്പെടുന്ന ഒരു ഗായികകൂടിയാണ്‌ ശ്രീജ. പ്രശസ്‌ത സംഗീതജ്ഞനായ സിറിയക്‌-ലിസി ദമ്പതികളുടെ പുത്രിയാണ്‌ ശ്രീജ.
മേളയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റുവാങ്ങിയ പ്രഛന്ന വേഷം മത്സരത്തില്‍ പങ്കെടുക്കുന്ന വ്യക്തിയേക്കാള്‍ വേദിയിലെ രംഗസജീകരണങ്ങള്‍ക്കായിരുന്നു കൂടുതല്‍ പ്രാധാന്യം.

മത്സരിച്ച നാലിനങ്ങളിലും സമ്മാനങ്ങള്‍ നേടിയ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ കാവ്യകുളങ്ങര, ജെസ്‌ന പന്നാരകുന്നേല്‍, നയന ചയ്‌ക്കാലയ്‌ക്കല്‍ എന്നിവര്‍ മേളയില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

ക്ലാസിക്കല്‍ ഗ്രൂപ്പ്‌ ഡാന്‍സില്‍ ബാസല്‍ കലാനികേതനും അയര്‍ലന്‍ഡ്‌ ഗ്രൂപ്പും സമ്മാനങ്ങള്‍ നേടി. സിനിമാറ്റിക്‌ ഡാന്‍സില്‍ ശില്‍പ്പ തളിയത്ത്‌ ആന്‍ഡ്‌ ടീം, ജെസ്‌ന പന്നാരകുന്നേല്‍ ആന്‍ഡ്‌ ടീം, കാവ്യ കുളങ്ങര ആന്‍ഡ്‌ ടീം എന്നിവരും വിഷ്‌ണു ആന്‍ഡ്‌ ടീമും സമ്മാനങ്ങള്‍ നേടി.

കലാമേളയുടെ യുവജനവിഭാഗം കണ്‍വീനര്‍മാരായ ആതിര മ്‌ളാവിലും ജീവന്‍ അരീക്കലും അണിയിച്ചൊരുക്കിയ സംഘനൃത്തം കലാമേളയുടെ സമാപന സമ്മേളനത്തിന്‌ കൊഴുപ്പേകി. മോഹിനിയാട്ടിലും ചിത്ര രചനയിലും ആതിരയ്‌ക്കായിരുന്നു ഒന്നാം സ്ഥാനം.

നാട്യ-നടന-താളമേള വിസ്‌മയങ്ങളുടെ രണ്‌ടു ദിനങ്ങള്‍ സമ്മാനിച്ചാണ്‌ യൂറോപ്പിന്റെ കലാമേളയായ കേളി കലാമേളക്ക്‌ തിരശീല വീണത്‌. മേയ്‌ 19, 20 തീയതികളില്‍ സൂറിച്ചിലെ ഫെറാള്‍ട്ടോര്‍ഫായിരുന്നു കലാമേളയുടെ വേദി.
കേളി കലാമേള: ബ്ലുയിന്‍സ്‌ കലാതിലകം, ശില്‍പ്പ കലാരത്‌ന, ഫാ. ആബേല്‍ ട്രോഫി സ്റ്റീജക്ക്‌കേളി കലാമേള: ബ്ലുയിന്‍സ്‌ കലാതിലകം, ശില്‍പ്പ കലാരത്‌ന, ഫാ. ആബേല്‍ ട്രോഫി സ്റ്റീജക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക