Image

'സഹായവുമായി മുന്നോട്ടുവന്ന മലയാളത്തിലെ ഏക പുതുതലമുറ താരം ഐശ്വര്യ ലക്ഷ്മി'; നന്ദി പറഞ്ഞ് ഫെഫ്ക

Published on 18 April, 2020
'സഹായവുമായി മുന്നോട്ടുവന്ന മലയാളത്തിലെ ഏക പുതുതലമുറ താരം ഐശ്വര്യ ലക്ഷ്മി'; നന്ദി പറഞ്ഞ് ഫെഫ്ക

ലോക്ഡൗണില്‍ ദുരിതത്തിലായ ചലച്ചിത്ര പ്രവര്‍ത്തകരെ സഹായിക്കാന്‍ ഫെഫ്ക ആരംഭിച്ച കരുതല്‍ നിധിയില്‍ സഹായവുമായി എത്തിയ നടി ഐശ്വര്യ ലക്ഷ്മിക്ക് നന്ദി പറഞ്ഞ് സംഘടന. ഫെഫ്കയുടെ ഈ സാമ്പത്തിക സമാഹരണത്തില്‍ മോഹന്‍ലാല്‍ , മഞ്ജു വാരിയര്‍ എന്നീ സീനിയര്‍ അഭിനേതാക്കള്‍ക്കൊപ്പം സ്വയം സന്നദ്ധമായി മുന്നോട്ട് വന്ന മലയാളത്തിലെ ഏക പുതുതലമുറ താരം ഐശ്വര്യ ലക്ഷ്മിയായിരുന്നുവെന്ന് ഫെഫ്ക പറയുന്നു.


ഫെഫ്ക പോസ്റ്റ് ചെയ്ത കുറിപ്പ് വായിക്കാം:

പ്രിയ ഐശ്വര്യ ലക്ഷ്മി ,
ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ആദ്യം നിശ്ചലമായ തൊഴിലിടങ്ങളിലൊന്ന് സിനിമാ മേഖലയായിരുന്നു .
അതോടെ ദുരിതത്തിലായ ചലച്ചിത്ര പ്രവര്‍ത്തകരെ സാമ്പത്തികമായി സംരക്ഷിക്കാന്‍ ഫെഫ്ക ആരംഭിച്ചതാണ് 'കരുതല്‍ നിധി ' പദ്ധതി.

ഈ വിവരമറിഞ്ഞ് ഫെഫ്ക അംഗങ്ങള്‍ക്കൊപ്പം , വ്യവസായ രംഗത്ത് നിന്നും , ചലച്ചിത്ര മേഖലയില്‍ നിന്നും ധാരാളം സുമനസുകള്‍ ഈ പദ്ധതിക്കുള്ള പിന്തുണ , ഫെഫ്ക ജനറല്‍ സെക്രട്ടറി ശ്രീ ബി ഉണ്ണിക്കൃഷ്ണനെ അറിയിച്ചു . ഇന്ത്യയിലെ ദിവസ വേതനക്കാരായ 60000 ത്തിലേറെ ചലച്ചിത്ര തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന വിധത്തില്‍ അഖിലേന്ത്യാ തലത്തിലേക്ക് ഈ പദ്ധതി വളര്‍ത്താന്‍ ഇന്ത്യന്‍ ഫിലിം എപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (AIFEC ) ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ശ്രീ ബി ഉണ്ണിക്കൃഷ്ണന് സാധിച്ചു.
ഫെഫ്കയുടെ ഈ സാമ്പത്തിക സമാഹരണത്തില്‍ മോഹന്‍ലാല്‍ , മഞ്ജു വാര്യര്‍ എന്നീ സീനിയര്‍ അഭിനേതാക്കള്‍ക്കൊപ്പം സ്വയം സന്നദ്ധമായി മുന്നോട്ട് വന്ന മലയാളത്തിലെ ഏക പുതുതലമുറ താരം ഐശ്വര്യ ലക്ഷ്മിയായിരുന്നു എന്നത് ഏറെ അഭിമാനത്തോടെയാണ് ഫെഫ്ക ഓര്‍ക്കുന്നതും അടയാളപ്പെടുത്തുന്നതും .
സിനിമയില്‍ കൂടെ പ്രവര്‍ത്തിക്കുന്ന സഹസംവിധായകരും , ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷന്‍ അസിസ്റ്റന്‍സും , സിനിമാ സംഘത്തെ ലക്ഷ്യ സ്ഥാനങ്ങളിലെത്തിക്കാന്‍ രാപ്പകല്‍ വണ്ടി ഓടിക്കുന്ന ഡ്രൈവര്‍മാരും .. ഇങ്ങിനെ വിവിധ തസ്തികളില്‍ ജോലി ചെയ്യുന്ന ഫെഫ്കക്ക് കീഴിലെ 19 അംഗ സംഘടനകളിലെയും ചലച്ചിത്ര പ്രവര്‍ത്തകര്‍ ഈ സ്‌നേഹ കരുതലിന് താങ്കളോടുള്ള നന്ദി അറിയിക്കുന്നു .
അവിസ്മരണീയ കഥാപാത്രങ്ങളാല്‍ സമ്പന്നമായ ചലച്ചിത്ര ജീവിതം ആശംസിക്കുന്നതിനൊപ്പം ,
ഞങ്ങളോടൊപ്പം കൈകോര്‍ത്തതിന് ഫിലിം എപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരളയുടെ ,
ഫെഫ്കയുടെ അഭിനന്ദനങ്ങള്‍







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക