Image

വിദേശ പൗരന്മാരെ കൊണ്ടുപോകാന്‍ അതതു രാജ്യങ്ങള്‍ തായാറാകണം: ഗള്‍ഫ് സഹകരണ കൗണ്‍സില്‍

Published on 18 April, 2020
വിദേശ പൗരന്മാരെ കൊണ്ടുപോകാന്‍ അതതു രാജ്യങ്ങള്‍ തായാറാകണം: ഗള്‍ഫ് സഹകരണ കൗണ്‍സില്‍

കുവൈത്ത് സിറ്റി : കോവിഡ് പ്രതിസന്ധിയുടെ വെളിച്ചത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ നിയമന നയങ്ങള്‍ അവലോകനം ചെയ്യണമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാവരും തയാറാകണമെന്നും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

കൊറോണയെന്ന മാരക വൈറസ് ലോകം കീഴടക്കിയിരിക്കുന്നു.ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായി. സൂക്ഷിച്ചില്ലെങ്കില്‍ മഹാ വിപത്തിലേക്ക് പോകും. ഇതൊഴിവാക്കണമെങ്കില്‍ അടിസ്ഥാന വികസന പദ്ധതികളെ ബാധിക്കാത്ത വിധത്തില്‍ ചിന്തിച്ചുള്ള പരിപാടികള്‍ തയാറാക്കണമെന്നും സമ്മിറ്റ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം ചേര്‍ന്ന അസാധാരണ യോഗത്തില്‍ സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. നായിഫ് അല്‍ ഹജ്റഫ് അധ്യക്ഷത വഹിച്ചു. ചക്രശ്വാസം വലിക്കുന്ന മേഖലകളെ പ്രത്യേകിച്ച് ചെറുകിട, ഇടത്തരം സംരംഭങ്ങളെ സഹായിക്കുന്ന പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കണം. കൊറോണ വൈറസിന്റെ പ്രത്യാഘാതം, വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നതില്‍ സംശയമില്ല. മാതൃ രാജ്യത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന പൗരന്മാരെ കൊണ്ടുപോകുന്നതിന് ബന്ധപ്പെട്ട രാജ്യങ്ങള്‍ തയാറാകണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്ന വിദേശ പൗരന്മാര്‍ക്ക് യാത്രാ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുവാന്‍ അതാത് രാജ്യങ്ങള്‍ തയാറാകണം. അതോടപ്പം തൊഴില്‍ കരാറുകള്‍ അവസാനിച്ച തൊഴിലാളികളും താമസ നിയമങ്ങള്‍ ലംഘിക്കുന്ന തൊഴിലാളികളേയും കൊണ്ടുപോകുവാനുള്ള രാജ്യങ്ങളുടെ ഉത്തരവാദിത്വം മറക്കരുതെന്നും വിവിധ മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു.

തൊഴില്‍ വിപണിയില്‍ സ്ഥിരത നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. അതോടൊപ്പം തൊഴിലാളികളുടെ സംരക്ഷണം മുന്‍ഗണനയായി നല്‍കണമെന്നും അതിനാവശ്യമായ പിന്തുണ സ്ഥാപനങ്ങള്‍ക്കും കമ്പിനികള്‍ക്കും നല്‍കുവാന്‍ ശ്രമിക്കണമെന്നും സമിറ്റ് അംഗരാജ്യങ്ങളോട് ആഹ്വാനം ചെയ്തു. രാജ്യ നിവാസികളെ കോവിഡില്‍ നിന്നും സംരക്ഷിക്കാനും അണുബാധയേറ്റവരെ വിവേചനവുമില്ലാതെ ചികിത്സിക്കാനും അംഗ രാജ്യങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.

വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്ന യോഗത്തില്‍ കൊറോണക്കെതിരെയുള്ള അനുഭവങ്ങളും പകര്‍ച്ചവ്യാധിയുടെ വ്യാപനത്തെ ത്വരിതപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനായി സ്വീകരിച്ച നടപടികളും അംഗ രാജ്യങ്ങള്‍ പരസ്പരം പങ്കുവച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക