Image

സ്‌പെയിനില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 'ഓള്‍ പാസ്'

Published on 18 April, 2020
സ്‌പെയിനില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 'ഓള്‍ പാസ്'

മാഡ്രിഡ്: സ്‌പെയ്‌നില്‍ എല്ലാ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും അടുത്ത സ്‌കൂള്‍ വര്‍ഷം 'ഓള്‍ പാസ്' അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. കൊറോണ ബാധ കാരണം ഈ അധ്യയന വര്‍ഷവും പരീക്ഷകളും ഗ്രേഡിംഗും പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്ന സാഹചര്യത്തിലാണ് നടപടി.

ഏറ്റവും അസാധാരണമായ സാഹചര്യങ്ങളില്‍ മാത്രമായിരിക്കും ഏതെങ്കിലും വിദ്യാര്‍ഥിക്കും അടുത്ത വര്‍ഷവും ഈ വര്‍ഷത്തെ ക്ലാസില്‍ തന്നെ ഇരിക്കേണ്ടി വരിക എന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

മാര്‍ച്ച് മധ്യം മുതല്‍ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. 850 മില്യണ്‍ വിദ്യാര്‍ഥികളാണ് ഇപ്പോള്‍ ഇത്തരത്തില്‍ വീട്ടിലിരിക്കുന്നത്.

സ്‌പെയ്‌നില്‍ ശവപ്പെട്ടി വ്യാപാരത്തില്‍ കുതിപ്പ്

മാഡ്രിഡ്: കൊറോണ വ്യാപനത്തോടെ ലോകമെങ്ങും വ്യവസായങ്ങള്‍ തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുന്‌പോള്‍ അല്പമെങ്കിലും പിടിച്ചുനില്‍ക്കുന്ന അപൂര്‍വം പ്രസ്ഥാനങ്ങളിലൊന്നാണ് ശവപ്പെട്ടി വ്യവസായം. കോവിഡ് കാലത്ത് സ്‌പെയ്‌നില്‍ ശവപ്പെട്ടി വ്യവസായം വന്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ലോകത്തേറ്റവും കൂടുതലാളുകള്‍ കോവിഡ് ബാധിച്ചു മരിച്ച രാജ്യങ്ങളിലൊന്നാണ് സ്‌പെയ്ന്‍. ശവപ്പെട്ടികള്‍ക്കുള്ള ഡിമാന്‍ഡ് ഈ സമയത്ത് ഇരട്ടിയായാണ് ഉയര്‍ന്നിരിക്കുന്നതെന്ന് അധികൃതര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

മുന്പ് ചൈനയില്‍ നിന്ന് ധാരളമായി ശവപ്പെട്ടികള്‍ ഇവിടേക്ക് ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍, പുതിയ സാഹചര്യത്തില്‍ അതില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. അതിനാല്‍ തന്നെ പ്രാദേശികമായി നിര്‍മിക്കുന്ന ശവപ്പെട്ടികള്‍ക്കുള്ള ഡിമാന്‍ഡ് പതിന്‍മടങ്ങായി വര്‍ധിക്കുകയാണ്.

സ്ഥിരമായി ശവപ്പെട്ടി നിര്‍മാണം നടത്തുന്ന പലരും ജോലി സമയം വര്‍ധിപ്പിച്ചു കഴിഞ്ഞു. കൂടുതല്‍ അലങ്കാരങ്ങളൊക്കെ ഒഴിവാക്കി ലളിതമായി പെട്ടെന്നു നിര്‍മിക്കാവുന്ന പെട്ടികളാണ് കൂടുതലായി ഇപ്പോള്‍ തയാറാക്കുന്നത്.

സ്‌പെയ്‌നില്‍ 551 പേരാണ് വ്യാഴാഴ്ച മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ പത്തൊന്പതിനായിരം കടന്നു. രണ്ടാഴ്ചയായി മരണസംഖ്യയും രോഗബാധയും കുറയുന്ന പ്രവണതയാണ് രാജ്യത്ത് കണ്ടുവരുന്നത്.

അതിര്‍ത്തി കടന്ന് ഷോപ്പിംഗ് വേണ്ടെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ്

ബേണ്‍: രാജ്യാതിര്‍ത്തി കടന്ന് ആരും ഷോപ്പിംഗിനു പോകുകയോ വരുകയോ വേണ്ടെന്ന് സ്വിസ് സര്‍ക്കാര്‍ ഉത്തരവിട്ടു. അതിര്‍ത്തികള്‍ അടയ്‌ക്കേണ്ടതില്ലെന്ന മുന്‍ തീരുമാനം മാറ്റി മാര്‍ച്ച് 15ന് സ്വിറ്റ്‌സര്‍ലന്‍ഡ് രാജ്യാതിര്‍ത്തികളെല്ലാം അടച്ചിരുന്നു.

എങ്കിലും പൗരന്‍മാര്‍ക്കും റെസിഡന്റ്‌സിനും അതിര്‍ത്തി കടന്ന് ജോലിക്കു പോകുന്നവര്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. ഈ മൂന്നു വിഭാഗങ്ങളില്‍ ഏതിലെങ്കിലും പെടുന്ന പലരും പാസ് കാണിച്ച് നിസാര ആവശ്യങ്ങള്‍ക്ക് അതിര്‍ത്തി കടന്നു പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.ആകെ രോഗബാധിതരുടെ എണ്ണം 27,000 കവിഞ്ഞു.അതേസമയം മരിച്ചവരുടെ സംഖ്യ 1,300 ഓളമായി.

സ്വീഡിഷ് സര്‍ക്കാരിന് പാര്‍ലമെന്റ് പ്രത്യേക അധികാരങ്ങള്‍ അനുവദിച്ചു

സ്‌റേറാക്ക്‌ഹോം: കൊറോണവൈറസിനെ നേരിടാനുള്ള പോരാട്ടത്തിനു കരുത്തു പകരാന്‍ സ്വീഡിഷ് സര്‍ക്കാരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്നതിനുള്ള ബില്ലിന് സ്വീഡനിലെ പാര്‍ലമെന്റ് അംഗീകാരം നല്‍കി.

വ്യവസായ സ്ഥാപനങ്ങള്‍ താത്കാലികമായി അടച്ചിടാനും ആള്‍ക്കൂട്ടങ്ങള്‍ നിരോധിക്കാനും വിമാനത്താവളങ്ങളും തുറമുഖങ്ങളും പൂട്ടാനും സര്‍ക്കാരിന് ഇതുവഴി അധികാരം ലഭിക്കും. പാര്‍ലമെന്റിന്റെ പ്രത്യേക അനുമതി ഓരോ കാര്യങ്ങള്‍ക്കും തേടേണ്ടി വരില്ല.

പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇതു സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുത്തത്.

ഇവിടെ ആകെ മരണം 1400 കടന്നു.രോഗബാധിതരുടെ എണ്ണം 13,000 കടന്നു.

കെയര്‍ഹോമുകളിലെ മരണസംഖ്യ സംബന്ധിച്ച് ഇറ്റലി അന്വേഷണം തുടങ്ങി

റോം: കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ കെയര്‍ ഹോമുകളിലെ സംശയാസ്പദമായ മരണങ്ങള്‍ സംബന്ധിച്ച് ഇറ്റാലിയന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.

യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കെയര്‍ഹോമുകളിലൊന്ന് സ്ഥിതി ചെയ്യുന്ന മിലാനു മുകളിലേക്കാണ് സംശയത്തിന്റെ നിഴലുകള്‍ പ്രധാനമായും നീളുന്നത്. ഇരുനൂറോളം പേര്‍ ഇവിടെ ഒറ്റ കെയര്‍ ഹോമില്‍ മരിച്ചു. ഈ സ്ഥാപനത്തിന്റെ ലൊംബാര്‍ഡിയിലെ ആസ്ഥാനത്തുനിന്ന് അധികൃതര്‍ ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

ഇവിടെ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം മറച്ചു വയ്ക്കപ്പെട്ടെന്നാണ് പ്രധാന സംശയം. രാജ്യത്താകമാനം 21,500 പേര്‍ രോഗം ബാധിച്ചു മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍, ഇത് ആശുപത്രികളില്‍ മരിച്ചവരുടെ എണ്ണം മാത്രമാണ്. കെയര്‍ഹോമുകളിലെ മരണസംഖ്യ കൂടി കണക്കിലെടുത്താല്‍ യഥാര്‍ഥ സംഖ്യ വളരെ കൂടുതല്‍ വരുമെന്നാണ് വിലയിരുത്തല്‍.

ആശ്വാസത്തോടെ യൂറോപ്പ്; ആശങ്ക ഒഴിയാതെ ബ്രിട്ടന്‍

ലണ്ടന്‍: ബ്രിട്ടനിലെ കോവിഡ് 19 വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ നടപടികള്‍ മൂന്ന് ആഴ്ച കൂടി (മേയ് 7 വരെ) നീട്ടിയതായി വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് അറിയിച്ചു. നിലവിലെ സാമൂഹിക നിയന്ത്രണങ്ങളെക്കുറിച്ച് നടന്ന ചര്‍ച്ചയ്ക്കു ശേഷമാണ് വിദേശകാര്യ സെക്രട്ടറി ഇക്കാര്യം പ്രഖ്യാപിച്ചത്.ഈ ഘട്ടത്തില്‍ ഉത്തരവാദിത്തത്തോടെ കഴിയുന്നത്ര തുറന്നുകൊടുക്കുകയാണെന്ന് ബോറിസ് കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് റാബ് പറഞ്ഞു

നമ്മുടെ വിദഗ്ദ്ധരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തിന് അനുയോജ്യമായ രീതിയിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും റാബ് കൂട്ടിചേര്‍ത്തു.

കൊറോണ ബാധ ഇപ്പോഴത്തെ നില തുടരുകയാണെങ്കില്‍ ബിട്ടനില്‍ 40,000 മരണങ്ങളുണ്ടാകാം, ജനസംഖ്യയുടെ പ്രതിരോധ ശേഷിയനുസരിച്ച് പത്ത് തരംഗദൈര്‍ഘ്യം വരെ ബാധിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്‍ ഉദ്യോഗസ്ഥര്‍ ബ്രിട്ടനു മുന്നറിയിപ്പ് നല്‍കി.

ബ്രിട്ടനില്‍ 861 പേര്‍ കൂടി കൊറോണവൈറസ് ബാധ കാരണമുള്ള മരണസംഖ്യയുടെ കണക്കിലേക്ക് ഉള്‍പ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണംം 13,700 പിന്നിട്ടു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി മൂവായിരവും കടന്നു.

ഒരാഴ്ച മുന്‍പ് ബ്രിട്ടനിലെ വൈറസ് ബാധ പരമാവധിയിലെത്തി കഴിഞ്ഞെന്ന അവകാശവാദം വന്നതിനു പിന്നാലെയാണ് ഈ കണക്കുകള്‍ കൂടി പുറത്തുവരുന്നത്. മാര്‍ച്ച് ഒന്പത് മുതല്‍ മരിച്ചവരുടെ പരിശോധനാഫലങ്ങളിലാണ് ഇത്രയും കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

യൂറോപ്പിന്റെ ആകെ ആശ്വാസം കെടുത്തുന്നതാണ് യുകെയിലെ സ്ഥിതിഗതികളെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. ബ്രിട്ടന്റെ അവസ്ഥ യൂറോപ്യന്‍ നയങ്ങള്‍ രൂപപ്പെടുത്തുന്നതിനു വിഘാതമായി നില്‍ക്കുകയാണെന്ന് ഓസ്ട്രിയയും ആരോപിച്ചു.

രോഗം ഏറ്റവും രൂക്ഷമായി ബാധിച്ച ഇറ്റലിയും സ്‌പെയ്‌നും അടക്കമുള്ള രാജ്യങ്ങളില്‍ വ്യക്തമായ ശുഭസൂചനകള്‍ ലഭ്യമായിത്തുടങ്ങുന്‌പോഴാണ് യുകെ ആര്‍ക്കും പിടികൊടുക്കാതെ പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇരു രാജ്യങ്ങളിലും ദിവസേനയുള്ള മരണ സംഖ്യയും പുതിയതായി രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണവും കുറഞ്ഞു വരികയാണ്.

ലോക്ക്ഡൗണിനുശേഷവും ഫ്രാന്‍സിലെ നാല്‍പത് ശതമാനം കഫേകളും ബിസ്‌ട്രോട്ടുകളും തുറക്കില്ല

മാര്‍ച്ച് 15 മുതല്‍ ഫ്രാന്‍സിലെ കഫേകളും ബാറുകളും റസ്റ്ററന്റുകളും അടച്ചിരിക്കുകയാണ്. അതില്‍ 40 ശതമാനം വരെ ഒരിക്കലും വീണ്ടും തുറക്കില്ലെന്ന് ഫ്രാന്‍സിലെ കഫെ, ബിസ്‌ട്രോട്ട് ഉടമകള്‍ മുന്നറിയിപ്പ് നല്‍കി അലാറം മുഴക്കി. ഫ്രാന്‍സിലെ അവിഭാജ്യഘടകമാണ് കഫേകളും ബിസ്‌ട്രോകളും. അതാവട്ടെ യുനെസ്‌കോയുടെ ലോക പൈതൃക പദവി നല്‍കിയ സാംസ്‌കാരിക സ്വത്തായി നില്‍ക്കുന്‌പോള്‍ അപകടത്തിലുമാണ്.

രാജ്യത്തെ കാറ്ററിംഗ് ഒരു ദശലക്ഷം ജോലികളെ പ്രതിനിധീകരിക്കുന്നു. സര്‍ക്കാര്‍ നടപടികള്‍ വേഗത്തില്‍ എടുത്തില്ലെങ്കില്‍, 40,000 മുതല്‍ 50,000 വരെ കന്പനികള്‍ പാപ്പരാകുമെന്ന് ഹോസ്പിറ്റാലിറ്റി യൂണിയന്‍ ലീ പാരിസിയന്‍ പറഞ്ഞു.

ഈ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യൂണിയന്‍ നേതാക്കള്‍ ധനമന്ത്രാലയവുമായി ചര്‍ച്ച നടത്തി ഒരു രക്ഷാ പാക്കേജ് കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്.

ഫ്രാന്‍സിലാകട്ടെ, തുടര്‍ച്ചയായ രണ്ടാം ദിവസവും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ എട്ടാം ദിവസവും കുറവ് കാണുന്നു. പതിനെണ്ണായിരം പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്. ഇംഗ്‌ളണ്ട്, സ്‌പെയ്ന്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമായി കെയര്‍ ഹോമുകളില്‍ മരിക്കുന്നവരുടെ എണ്ണം കൂടി ഫ്രാന്‍സ് ഇപ്പോള്‍ ഔദ്യോഗിക കണക്കുകളില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക