Image

ചക്ക പുരാണം - പുഷ്പമ്മ ചാണ്ടി

Published on 18 April, 2020
ചക്ക പുരാണം - പുഷ്പമ്മ ചാണ്ടി


എല്ലാ ചക്ക വിഭവങ്ങളും എനിക്ക്  ഒരുപാടിഷ്ടമാണ്.
ഇടിച്ചക്ക തോരൻ,
ചക്ക വേവിച്ചത് ,
ചക്കച്ചുള  വറുത്തത്, 
ചക്ക എരിശ്ശേരി,
( ശ്രീജ ഒരിക്കൽ ഉണ്ടാക്കി തന്ന ചക്ക എരിശ്ശേരിയുടെ രുചി ഇപ്പോഴും  നാവിലുണ്ട്)
പിന്നെ  ചക്കപ്പഴം , 
ചക്കപ്പുട്ട്, 
കുമ്പിൾ അപ്പം 
ചക്കപ്പഴം വരട്ടിയത് , ചക്ക പായസം വച്ചത്,  Mrs.  കെ.എം. മാത്യുവിന്റെ ബുക്കിൽ നിന്നും കിട്ടിയ റെസിപ്പി "ചക്ക പഴ ഫ്രിറ്റേഴ്‌സ് ".... അങ്ങനെ പോകുന്നു ആ ലിസ്റ്റ് ...
ഞാൻ  കോട്ടയത്തെ വീടു വിട്ടു  പോരുമ്പോൾ കൂട്ടുകാരി ശ്രീലത അറിഞ്ഞോ അറിയാതെയോ കൊണ്ടത്തന്നതും  കുമ്പിളപ്പം. മായയുടെ വീട്ടിൽ ഒരിക്കൽ ചെന്നപ്പോൾ മോൻ എനിക്ക്  അവന്റെ സ്വന്തം പാചക രീതി പ്രകാരം കുമ്പിൾ ഉണ്ടാക്കി തന്നു.
കളത്തിപ്പടിയിൽ ആനിയമ്മ മിസ്സ് , ചക്ക കിട്ടിയാൽ വിളിച്ചു  ചോദിക്കും, "ചക്ക ഉണ്ട് , ഇതിലെ ഇറങ്ങുന്നോ" എന്ന്.

അപ്പന്റെ പെങ്ങൾ, മന്നാനത്തുള്ള അമ്മാമയും "ചക്ക ഇട്ടു വെച്ചിട്ടുണ്ട് വരുന്നോ" എന്നു ചോദിക്കും... ഇപ്പൊൾ മനസ്സിലായിക്കാണുമല്ലോ 
എന്റെ ചക്കക്കൊതി..
 .
ഈ കൊറോണയുടെ കാലത്തു , ചില കൂട്ടുകാരികൾ , (ദുഷ്ട പ്രജകൾ എന്ന് ഞാൻ അവരെ വിളിക്കുന്നു,)
അവരുണ്ടാക്കുന്ന എല്ലാവിധ ചക്ക വിഭവങ്ങളുടേയും ഫോട്ടോസ്  whatsapp വഴി അയച്ചുതന്ന് എന്നെ കൊതി പിടിപ്പിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നു .  ആ കൂട്ടുകാരികൾക്കു അറിയാം എനിക്കിപ്പോൾ ചക്ക കിട്ടാൻ ഒരു  വഴിയും  ഇല്ലെന്ന്. "പക്ഷേ അങ്ങനെ എന്നെ തോൽപിക്കാൻ പറ്റില്ല മക്കളേ " - അനുജത്തി ലത കഴിഞ്ഞ വർഷം തന്നുവിട്ട ചക്ക വരട്ടിയത് ഫ്രിഡ്ജിൽ ഇരുന്നതിൽ അല്പമെടുത്ത്  ഞാൻ കുമ്പിളപ്പം ഉണ്ടാക്കി. വഷണ ഇല ഇല്ലാത്തതിനാൽ , ഇവിടെയുള്ള കറുവപ്പട്ട മരത്തിന്റെ ഇലയിൽ, കുറ്റം പറയരുതല്ലോ, miniature ആയിരുന്നെങ്കിലും നല്ല ടേസ്റ്റ് ഉണ്ടായിരിന്നു. ( ഫോട്ടോ എടുത്തില്ല)  . ബാക്കി വന്നതു  കൊണ്ട് പായസവും ഉണ്ടാക്കി.

വീടിനടുത്തുള്ള ," Nilgiris" ഷോപ്പിൽ ചിലപ്പോൾ  പഴുത്ത ചക്കയും , ഇടിച്ചക്കയും കിട്ടും. പഴുത്ത ചക്ക കിട്ടിയാൽ ഉറപ്പാ , അടുത്ത ദിവസം രാവിലെ ചക്കപ്പുട്ട്‌. എന്റെ 
മകനത് തീരെ ഇഷ്ടമില്ലെങ്കിലും , ഭാഗ്യത്തിന്  മരുമകൾക്ക് ചക്ക ഇഷ്ടമാണ്.

ചാണ്ടി ഉണ്ടായിരുന്നപ്പോൾ  ഇടയ്ക്കു ഞാൻ
 " ECR റോഡിൽ ഒരു ഡ്രൈവിനു  കൊണ്ടുപോകാമോ"എന്ന് ചോദിക്കും , അപ്പോൾ പുള്ളിക്കാരന് കാര്യം പിടികിട്ടും 
" ചക്ക തിന്നാഞ്ഞിട്ടു നിനക്ക് പല്ലു വേദനക്കുന്നോ" 
എന്ന് ചോദിക്കുമെങ്കിലും എന്നെ കൊണ്ടുപോകുമായിരുന്നു..

മഹാബലിപുരം  വിട്ടുകഴിഞ്ഞു , പോണ്ടിച്ചേരിക്കു പോകുന്ന വഴിയിൽ , റോഡ് സൈഡിൽ ചക്കകൾ വിൽക്കാൻ വെച്ചിരിക്കും , ഉറപ്പായും അതിൽനിന്നു  രണ്ടെണ്ണം വാങ്ങും 
.panruthi പളാപഴം  തമിഴ്‌നാട്ടിലെ കടലൂർ ജില്ലയുടെ താലൂക്ക് ആസ്ഥാനമാണ്. . കടലൂരിനും നെയ്‌വേലിക്കും ഇടയിലായിട്ടു വരും. ചക്കയ്ക്കും ,  കശുവണ്ടിക്കും  ഇവിടം  പ്രശസ്തമാണ്. ഇവിടെയുണ്ടാവുന്ന ചക്കകൾ ലോകമെമ്പാടും കയറ്റുമതി ചെയ്യുന്നു,   പഴുത്ത ചക്കയുടെ മണവും 
നല്ല  മധുരവും ഏറെ പ്രസിദ്ധവുമാണ്....

ഞാൻ കോളേജിൽ പഠിക്കുന്ന കാലം; പ്രീഡിഗ്രി ആദ്യവർഷം, കുടയംപടിയിൽ സ്വന്തത്തിൽപ്പെട്ട ഒരു അമ്മച്ചിയുണ്ട്.  ഒരു ഒഴിവു ദിവസം , അമ്മച്ചിയെ കാണാൻ ഞാനൊന്നു  പോയി  . എനിക്ക് അവിടെ പോകാനുളള ഇഷ്ടത്തിന്റെ കാരണം മറ്റൊന്നുമല്ല: വിശാലമായ  പറമ്പിൽ,   ചക്കയും, മാങ്ങമൊക്കെ ഇഷ്ടംമ്പോലെയുണ്ട്. . തിരിച്ചുപോരാൻ തുടങ്ങിയ  സമയം അവിടുത്തെ റോസമ്മ ചേച്ചി ചോദിച്ചു " നിനക്ക് ചക്കപ്പഴം ഇഷ്ടമല്ലേ, നല്ല വരിക്കച്ചക്ക മൂത്തതു പ്ളാവിൽ കിടപ്പുണ്ട്,  ഒരെണ്ണം ഇട്ടുതന്നാൽ കൊണ്ടു പോകാമോ ?"
ചക്കയോടുള്ള കൊതി കൊണ്ട് വരും വരായ്കകൾ ഒന്നുംമോർക്കാതെ "ശരി" പറഞ്ഞു . 
കുടയംപടിയിൽ നിന്നുള്ള കോട്ടയം ബസിൽ അവിടുത്തെ ചേട്ടൻ ചക്ക കൊണ്ടുവച്ചു തന്നു.  ആ ബസ്സ് കോട്ടയം ടൗണിലെ ബസ് സ്റ്റാൻഡിൽ വരെയേ ഉളളൂ.  .
 അവിടെ നിന്നും എങ്ങനെ ഞാൻ  good  shephered റോഡിലുള്ള വീട്ടിൽ ചക്ക എത്തിക്കും ... .  രണ്ടും കല്പിച്ചു ചക്കയെടുത്തു തലയിൽവച്ചു. അവിടെ നിന്ന ഒരു ചേട്ടൻ  അതിനെന്നെ സഹായിച്ചു.  ഭയങ്കര നാണക്കേട് തോന്നിയെങ്കിലും ചക്ക കളയാൻ തോന്നിയില്ല. ചക്കയുടെ മുള്ളു തലയിൽ കുത്തിക്കൊണ്ട്  നല്ല വേദനയും... മെയിൻ റോഡു വഴി പോകാതെ , 'paikadaas' കോളേജിന്റെ വഴിയേ 'ചെല്ലിയൊഴുക്കും' വഴി വേഗത്തിൽ  ഞാൻ നടന്നു. ആ വേദനിയിലും പ്രാർത്ഥിച്ചു , "ദൈവമേ കൂടെ പഠിക്കുന്നവരെയും, പരിചയക്കാരെയുമൊന്നും വഴിയിലെങ്ങും കാണല്ലേ. എൻ്റെ  സഹപാഠി അരുൺ മാത്യുവിന്റെ വീടിനടുത്തെത്തിയപ്പോൾ 
നടപ്പിന്റെ  വേഗത കൂട്ടി. അരുൺ എങ്ങാനും കണ്ടാലോ  എന്നോർത്ത് ശരിക്കും പേടിച്ചു.
ഭാഗ്യം, ആരും കണ്ടില്ല.
 വീട് അടുക്കാറായതും ഉറക്കെ വിളിച്ചു പറഞ്ഞു,  "അമ്മച്ചിയേ ഗേറ്റ് തുറക്കോ " തലയിൽ ചക്കയും ചുമന്നോണ്ടു  നിൽക്കുന്ന എന്നെ കണ്ട് അമ്മ ഞെട്ടി. 
" എന്ത് അതിക്രമമാ നീ ഈ കാണിച്ചത്?, ആരെക്കൊണ്ടെങ്കിലും ചുമപ്പിച്ചു കൊണ്ടുവരാൻ പാടില്ലായിരുന്നോ ?" അല്ലെങ്കിൽ നിനക്കൊരു ഓട്ടോ പിടിക്കാൻ വയ്യായിരുന്നോ ?"
സത്യം പറഞ്ഞാൽ ഞാൻ  അതൊന്നും ഓർത്തില്ല. എങ്ങനെയെങ്കിലും , ചക്കയും കൊണ്ട് വീടെത്തിയാൽ 
മതിയെന്നായിരുന്നു . അമ്മച്ചി മരിക്കുന്നതുവരെയും , ഇതും പറഞ്ഞു ചിരിക്കുമായിരുന്നു. 
എല്ലാവരും കളിയാക്കിപ്പറയുന്നത് "ചക്കയിൽ എനിക്കാരോ  കൈവിഷം തന്നിട്ടുണ്ടെന്നാണ്"

കോട്ടയത്തെ വീട്ടിൽ , ചാണ്ടി എനിക്കായി ഒരു പ്ലാവിൻ തയ്യ് നട്ടു. അത് കായ്ക്കുന്നതിനു മുൻപേ ചാണ്ടി പോയി. അതിൽ ഒരു ചക്ക ഉണ്ടായപ്പോൾ ഞാനും ആ വീട് വിറ്റു. ചെന്നൈയിലെ വീട്ടിൽ പ്ലാവ് ഇല്ല. വേര് ഇറങ്ങും എന്നും പറഞ്ഞു നട്ടില്ല . ചക്കയും, ചക്കപ്പഴവും ഒരു ബലഹീനതയായി തുടരുന്നു. കൂടെ കുറെ ഓർമ്മകളും .....

...
ചക്കയുടെ ഫോട്ടോ ഇട്ട് എന്നെ വെറുപ്പിച്ച ആൻസി സാജന് നന്ദി . അതുകൊണ്ടാണ് 
ഇങ്ങനെയൊക്കെ എഴുതാനായത് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക