Image

എന്തൊക്കെയാണ് കോവിഡ് രോഗലക്ഷണങ്ങള്‍?

Published on 17 April, 2020
എന്തൊക്കെയാണ് കോവിഡ് രോഗലക്ഷണങ്ങള്‍?
പനി, ക്ഷീണം, വരണ്ട ചുമ. ചില രോഗികള്‍ക്ക് ദേഹവേദനയും മൂക്കടപ്പും മൂക്കൊലിപ്പും തൊണ്ടവേദനയും വയറിളക്കവും വരാറുണ്ട്. പതിയെപ്പതിയെയാണ് ലക്ഷണങ്ങള്‍ ശക്തി പ്രാപിക്കുക. ചിലര്‍ക്ക് വൈറസ് ബാധിച്ചാലും ലക്ഷണങ്ങളൊന്നും കാണിക്കില്ല, ശാരീരിക അസ്വസ്ഥതകളും ഉണ്ടാകാറില്ല. ഏകദേശം 80% പേരും പ്രത്യേക ചികിത്സയില്ലാതെ തന്നെ രോഗത്തില്‍നിന്നു മുക്തി നേടും. കോവിഡ് 19 ബാധിക്കുന്ന ആറില്‍ ഒരാളെന്ന കണക്കിനാണ് രോഗം ഗുരുതരമാവുകയുള്ളൂ. അത്തരക്കാര്‍ക്ക് ശ്വസിക്കാന്‍ ഏറെ ബുദ്ധിമുട്ടുണ്ടാകും. വയോജനങ്ങളെയും ആരോഗ്യപരമായി ദുര്‍ബലരായവരെയുമാണ് (ഹൃദയസംബന്ധമായ രോഗം, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയവയുള്ളവര്‍) രോഗം ഗുരുതരമായി പൊതുവെ ബാധിക്കുന്നത്. പനി, ചുമ, ശ്വസിക്കാന്‍ ബുദ്ധിമുട്ട് എന്നിവയുള്ളവര്‍ തീര്‍ച്ചയായും വൈദ്യസഹായം തേടണം.

എങ്ങനെയാണ് വൈറസ് മനുഷ്യരിലേക്കു പടരുന്നത്?

വൈറസ് ബാധിച്ച മറ്റുള്ളവരില്‍ നിന്ന് രോഗം പകരാം. വൈറസ് ബാധിച്ചവര്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മറ്റും വായിലൂടെയും മൂക്കിലൂടെയും പുറത്തെത്തുന്ന വൈറസ് നിറഞ്ഞ ചെറു സ്രവത്തുള്ളികളിലൂടെ കോവിഡ് 19 മറ്റുള്ളവരിലേക്കും പകരാം. ഈ തുള്ളികള്‍ രോഗിയുടെ ചുറ്റിലുമുള്ള വസ്തുക്കളിലും വിവിധ പ്രതലങ്ങളിലും വന്നുവീണേക്കാം. ഇവിടങ്ങളില്‍ സ്പര്‍ശിക്കുമ്പോഴും മറ്റുള്ളവരിലേക്കു രോഗം പകരാം. ഇത്തരം ഇടങ്ങളില്‍ സ്പര്‍ശിച്ചതിനു ശേഷം കൈ കൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോഴാണ് വൈറസ് ആരോഗ്യവാനായ മനുഷ്യന്റെ ശരീരത്തിലെത്തുക. കോവിഡ് 19 രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന സ്രവങ്ങള്‍ മറ്റൊരാള്‍ നേരിട്ടു ശ്വസിക്കുന്നതുവഴിയും രോഗം പരക്കാം. രോഗബാധിതനായ ഒരാളില്‍ നിന്ന് ഒരു മീറ്ററെങ്കിലും (3 അടി) ദൂരം കാത്തുസൂക്ഷിക്കണമെന്നു പറയുന്നത് ഇതിനാലാണ്. 

മുന്‍കരുതലുകള്‍:

കൈകളിലുള്ള വൈറസിനെ ഇല്ലാതാക്കാന്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുന്നത് ശീലമാക്കുക. ഏതു സോപ്പും ഇതിനായി ഉപയോഗിക്കാം. 20 സെക്കന്‍ഡ് നേരമെങ്കിലും കൈ കഴുകണം.
സോപ്പ് ലഭിക്കാത്ത സാഹചര്യത്തില്‍, 60% എങ്കിലും ആല്‍ക്കഹോള്‍ ഉള്ള ഹാന്‍ഡ് സാനിറ്റൈസറുകളും ഉപയോഗിക്കാം.
ആരെങ്കിലും ചുമയ്ക്കുകയോ തുമ്മുകയോ ചെയ്താല്‍ അവരില്‍ നിന്ന് ഒരു മീറ്ററെങ്കിലും (മൂന്നടി) അകലം പാലിക്കുക.
ഒട്ടേറെ വസ്തുക്കളിലും പ്രതലങ്ങളിലും നാം സ്പര്‍ശിക്കാറുണ്ട്. അപ്പോഴെല്ലാം വൈറസ് കയ്യിലെത്താന്‍ സാധ്യതയുണ്ട്. കൈകളിലൂടെ കണ്ണുകളിലും മൂക്കിലും വായിലുമെല്ലാം വൈറസെത്തും. അതുവഴി രോഗബാധിതരാവുകയും ചെയ്യും. ഇതൊഴിവാക്കാന്‍ കണ്ണുകളിലും മൂക്കിലും വായിലുമെല്ലാം അനാവശ്യമായി സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൈവെള്ള ഉപയോഗിക്കാതെ കൈമടക്കി (Bent Elbow) മുഖത്തോടു ചേര്‍ത്തുവച്ച് തുമ്മുക. അല്ലെങ്കില്‍ ടിഷ്യുവോ തൂവാലയോ ഉപയോഗിച്ച് മൂക്കും വായും പൊത്തിപ്പിടിച്ച് തുമ്മുക. ഇവ പിന്നീട് ഉപയോഗിക്കാതെ ഒഴിവാക്കുക. കോവിഡ് 19 മാത്രമല്ല, ജലദോഷം, പനി എന്നിവയില്‍ നിന്നെല്ലാം ഇതുവഴി രക്ഷപ്പെടാം.

ശാരീരിക അസ്വസ്ഥതകള്‍ തോന്നിയാല്‍ വീട്ടില്‍ തുടരുക. ചുമയോ പനിയോ ശ്വസിക്കാന്‍ ബുദ്ധിമുട്ടോ നേരിട്ടാല്‍ വൈദ്യസഹായം തേടുക. പ്രാദേശികമായി നല്‍കിയിട്ടുള്ള ഹെല്‍പ്നമ്പര്‍ ഉപയോഗിച്ചും സഹായം തേടുക.

ഇതുവരെ ഫലപ്രദമായ മരുന്നോ വാക്‌സിനോ കണ്ടെത്താനായിട്ടില്ല. വൈറസുകള്‍ക്കെതിരെ ആന്റിബയോട്ടിക്കുകള്‍ പ്രവര്‍ത്തിക്കില്ല. അവ ബാക്ടീരിയ വഴിയുള്ള അണുബാധയ്ക്കാണു ഫലപ്രദം. അതിനാല്‍ത്തന്നെ കോവിഡ് 19 വൈറസ് പ്രതിരോധത്തില്‍ ആന്റിബയോട്ടിക് ഉപയോഗിക്കില്ല. ശരീരത്തില്‍ ഏതെങ്കിലും വിധത്തില്‍ ബാക്ടീരിയ വഴിയുള്ള അണുബാധയുണ്ടായാല്‍ അതിന് ഡോക്ടറുടെ നിര്‍ദേശത്തോടെ മാത്രം ആന്റിബയോട്ടിക് ഉപയോഗിക്കാമെന്നു മാത്രം. രോഗലക്ഷണങ്ങള്‍ക്കുള്ള ചികിത്സയാണ് ഇപ്പോള്‍ വൈറസ് ബാധിതര്‍ക്കു നല്‍കുന്നത്. 

2019 നവംബറില്‍ ചൈനയില്‍ കണ്ടെത്തിയ വൈറസിന്റെ പേരാണ് സാര്‍സ് കോവ് 2 (Severe Acute Respiratory Syndrome Coronavirus 2 (SARS-CoV-2). പുതിയ (നോവല്‍) കൊറോണ വൈറസ് എന്നും ഇതിനു പേരുണ്ട്. 2002ല്‍ ചൈനയെ ആക്രമിച്ച സാര്‍സ് വൈറസിനോട് ജനിതക ഘടനയില്‍ ഏറെ സാമ്യമുണ്ട് സാര്‍സ് കോവ് 2ന്. അതിനാലാണു ഇന്റര്‍നാഷനല്‍ കമ്മിറ്റി ഓണ്‍ ടാക്‌സോണമി ഓഫ് വൈറസസ് ഇതിനു സമാനമായ പേര് നല്‍കിയത്. മൃഗങ്ങളെയും മനുഷ്യരെയും ഒരുപോലെ ആക്രമിക്കുന്ന കൊറോണ കുടുംബത്തില്‍പ്പെട്ട വൈറസാണിത്. ശരീര കോശങ്ങളെ ആക്രമിച്ച് സ്വന്തം വരുതിക്കു നിര്‍ത്തി കോശങ്ങളിലെ പ്രോട്ടിന്‍ ഉപയോഗിച്ചു കൂടുതല്‍ വൈറസുകളെ ഉല്‍പാദിപ്പിക്കാന്‍ ഇവയ്ക്കു ശേഷിയുണ്ട്. ദേഹം നിറയെ 'ക്രൗണ്‍' അഥവാ കിരീടത്തിലേതു പോലെ ഉയര്‍ന്നു നില്‍ക്കുന്ന മുനകളുള്ളതുകൊണ്ടാണ് കൊറോണ വൈറസിന് ആ പേരു ലഭിച്ചത്. പ്രത്യേകതരം പ്രോട്ടിനുകള്‍കൊണ്ടാണ് ഈ മുനകള്‍ നിര്‍മിച്ചിരിക്കുന്നത്. മനുഷ്യശരീരത്തിലെ കോശങ്ങളിലേക്കു കടക്കാന്‍ കൊറോണയെ സഹായിക്കുന്ന താക്കോലാണ് ഈ പ്രോട്ടീന്‍ മുനകള്‍.

ഏഴിനം കൊറോണ വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക