Image

പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍ 81 : ജയന്‍ വര്‍ഗീസ് )

ജയന്‍ വര്‍ഗീസ് Published on 17 April, 2020
 പാടുന്നു പാഴ്മുളം തണ്ടു പോലെ!   (അനുഭവക്കുറിപ്പുകള്‍   81 :  ജയന്‍ വര്‍ഗീസ് )
ഞങ്ങളുടെ മകന്‍ എല്‍ദോസ് വിവാഹം കഴിച്ചു കാണണമെന്ന് സ്വാഭാവികമായും ഞങ്ങള്‍ ആഗ്രഹിച്ചു. പല ഭാഗത്തു നിന്നും പ്രപ്പോസലുകളുമായി പലരും ഞങ്ങളെ സമീപിച്ചു. ഉന്നത കുല ജാതന്മാരായ പലരും തങ്ങളുടെ ഹൈക്ലാസ് സ്റ്റാറ്റസില്‍ വളര്‍ത്തപ്പെട്ട  പെണ്മക്കളുടെ ആലോചനയുമായി വന്നു.  ഇത് അവനോടു പറയുന്‌പോള്‍ താനിപ്പോള്‍ വിവാഹം കഴിക്കുന്നില്ലെന്നും, ഇരുപത്തെട്ട് വയസ്സ് പൂര്‍ത്തിയായ ശേഷം വിവാഹത്തെപ്പറ്റി പറഞ്ഞാല്‍ മതിയെന്നും അവന്‍ ഞങ്ങളോട് തീര്‍ത്തു പറഞ്ഞു. ഇരുപത്തെട്ട് വയസ്സ് തികഞ്ഞിട്ട് മതി വിവാഹമെങ്കിലും, ഇപ്പഴേ കണ്ടു വയ്ക്കാമല്ലോ എന്ന ഞങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി ചില പെണ്‍കുട്ടികളെ അവന്‍ കണ്ടുവെങ്കിലും, അവന്റേതായ ഓരോരോ കാരണങ്ങളാല്‍ അതെല്ലാം ഒഴിവായിപ്പോയി. 

നാട്ടില്‍ നിന്നുള്ള ഒരു പാവപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് ഞങ്ങളെപ്പോലെ തന്നെ അവനും ആഗ്രഹിച്ചിരുന്നു. അങ്ങിനെയും ചില ആലോചനകള്‍ വരികയും നാട്ടില്‍ വച്ച് ചില  പെണ്ണ് കാണല്‍ ചടങ്ങകള്‍ ഉണ്ടായിയെങ്കിലും അവയൊക്കെ ഓരോരോ കാരണങ്ങളാല്‍ അവന്‍ തിരസ്‌കരിച്ചു കളഞ്ഞു. ഒരു പെണ്‍കുട്ടിയെ എല്ലാംകൊണ്ടും ഇഷ്ടപ്പെട്ടതായിരുന്നു. നേരിട്ടല്ലെങ്കിലും ഞങ്ങള്‍ക്കും അറിയാവുന്ന ഒരു കുടുംബത്തിലെ അംഗം. കാര്യങ്ങള്‍ ഏകദേശം തീര്‍ച്ചയായതായിരുന്നു. അപ്പോളാണ് അവളുടെ ജോലിസ്ഥലത്ത് ഭയങ്കര കഷ്ടപ്പാടാണെന്നും, ഇത്രയും കഷ്ടപ്പെട്ട് ജോലി ചെയ്യുവാന്‍ താന്‍ തയ്യാറല്ലാത്തതിനാല്‍ ജോലി നിര്‍ത്തി വീട്ടില്‍ പോവുകയാണെന്നും അവള്‍ അവനോടു പറയുന്നത്. 

ഇത് കേട്ടതേ ആ പെണ്‍കുട്ടിയോടുള്ള അവന്റെ താല്‍പ്പര്യം കുറഞ്ഞു. ഒരു ജോലിയന്വേഷിച്ച് ഇന്ത്യയിലെ ലക്ഷക്കണക്കിന് യുവതീ യുവാക്കള്‍ അലയുന്‌പോള്‍ കിട്ടിയ ജോലി പാടാണെന്ന് പറഞ്ഞ് കളഞ്ഞിട്ടു പോരുന്ന ഒരു പെണ്‍കുട്ടി അമേരിക്കയില്‍ വരികയാണെങ്കില്‍ ഇവിടെ മുട്ടോളം മഞ്ഞിലിഴഞ്ഞ് എങ്ങനെ ജോലിക്കു പോകും എന്ന് അവന്‍ എന്നോട് ചോദിച്ചു. അത് ശരിയാണെങ്കിലും ' ഒരു പെണ്‍കുട്ടിയുടെ മനസ് വേദനിപ്പിക്കുന്നത് ശരിയല്ല ' എന്ന എന്റെ അഭിപ്രായം പോലും അവഗണിച്ച് ആ ആലോചന അവന്‍ തന്നെ വേണ്ടാന്ന് വച്ചു. വിവരം വിളിച്ചു പറയുന്‌പോള്‍ ആ പെണ്‍കുട്ടി അങ്ങേത്തലക്കല്‍ തേങ്ങുന്നത് വളരെ വേദനയോടെ എനിക്കും കേള്‍ക്കേണ്ടി വന്നു. ( ഭാഗ്യം ! ആ പെണ്‍കുട്ടിയെ അമേരിക്കയില്‍ ജോലി ചെയ്യുന്ന മറ്റൊരു യുവാവ് വിവാഹം കഴിച്ച് ന്യൂയോര്‍ക്കില്‍ കൊണ്ട് വന്നതായി അറിഞ്ഞപ്പോള്‍ വല്ലാത്ത ഒരാശ്വാസം തോന്നുകയുണ്ടായി. ) 

ഇവിടെ ഞങ്ങളുടെ പരിചയ വലയത്തില്‍ ഉണ്ടായിരുന്ന ഒരാളുടെ സഹോദരീ പുത്രിയെ അയാളോടൊപ്പം കോട്ടയം ജില്ലയിലുള്ള ഒരിടത്തും അവന്‍ കാണാന്‍ പോയിരുന്നു. ഒരു സുഹൃത്തിനോടൊപ്പം കാറില്‍ ഇവര്‍ വധൂ ഗ്രഹത്തില്‍ എത്തുന്‌പോള്‍, വീട്ടില്‍ മറ്റാളുകള്‍ ഉണ്ടായിരുന്നിട്ടും പെണ്‍കുട്ടി തന്നെ ഇറങ്ങി വന്ന് ട്രാഫിക് പോലീസുകാരനെപ്പോലെ സിഗ്‌നലുകള്‍ കാണിച്ചു വണ്ടി മുറ്റത്തേക്ക് കയറ്റിയത്രേ. തന്റെ സാമര്‍ഥ്യം കാണിക്കാന്‍ വേണ്ടിയാകും പെണ്‍കുട്ടി ഇത് ചെയ്തത് എങ്കിലും ഇതിനെ ' ഓവര്‍ സ്മാര്‍ട്ട് ' എന്ന് വിളിച്ച് ആ ആലോചനയും അവന്‍ വേണ്ടെന്ന് വച്ചു. 

ഓരോ ആലോചനകളും അത്രമേല്‍ പ്രസക്തമല്ലാത്ത ഓരോ കാരണങ്ങളാല്‍ അവന്‍ തഴയുന്‌പോള്‍ ശരിക്കും വേവലാതി അനുഭവിച്ചത് ഞങ്ങള്‍ മാതാ പിതാക്കള്‍ ആയിരുന്നു. അമേരിക്കന്‍ ജാടകളില്‍ അകപ്പെട്ട് അനേകം യുവതീ യുവാക്കളാണ് ഇവിടെ മംഗല്യഭാഗ്യം ലഭിക്കാതെ ഒറ്റപ്പെട്ട് കഴിയുന്നത് എന്ന് ഞങ്ങള്‍ക്ക് നേരിട്ട് അറിവുള്ളതാണ്. വലിയ വലിയ സ്വപ്നങ്ങള്‍ സൂക്ഷിക്കുന്ന അടിപൊളിയന്‍ അപ്പനമ്മമാര്‍ തങ്ങളുടെ മക്കളെ സാധിക്കുമെങ്കില്‍ ഇന്ത്യന്‍ പ്രസിഡണ്ടിന്റെ മകനെക്കൊണ്ട് തന്നെ കെട്ടിക്കണം എന്നാശിക്കുകയും, അതിനുള്ള തയ്യാറെടുപ്പുകള്‍ എന്ന നിലയില്‍ രണ്ടോ, മൂന്നോ യൂണിവേഴ്സിറ്റികളില്‍ നിന്നുള്ള മാസ്റ്റേഴ്സും, പി. എച്. ഡി. യും ഒക്കെ  എടുപ്പിക്കുകയും ചെയ്യുന്‌പോഴേക്കും വയസ് നാല്പതിനടുത്തെത്തും. ഏതൊരു പൂവും ഉച്ചകഴിഞ്ഞാല്‍ വാടും എന്ന പ്രകൃതി സത്യം പോലെ യുവാക്കളുടെ ഗ്ലാമര്‍ കുറഞ്ഞു കുറഞ്ഞു വരും.  വാടി വീഴാന്‍ നില്‍ക്കുകയാണെന്ന സത്യം സ്വയം ഉള്‍ക്കൊള്ളാനാവാതെ  വിവാഹ മാര്‍ക്കറ്റില്‍ പുളിങ്കൊന്പും തേടി നടക്കുന്‌പോള്‍ ഈ വൃദ്ധ യുവാക്കള്‍ ചെലവാകാതെ വീട്ടില്‍ നിന്ന് പോകുന്നു.' ഒരു ചായ കുടിക്കുന്നതിന് എന്തിനാ വെറുതേ തേയിലത്തോട്ടം വാങ്ങുന്നത്? ' എന്ന് സ്വന്തം മകനോട് ചോദിച്ച കോതമംഗലം കാരനായ ഒരു തന്തപ്പടിയെയും എനിക്കറിയാം.

മകനും കൂടി ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഒരു വിവാഹാലോചന ഒത്തു വരാത്തതില്‍ ഞങ്ങള്‍ ഏറെ വ്യാകുലപ്പെട്ടിരുന്നു. ഒരു ചായത്തോട്ടം ഒന്നാകെ വാങ്ങി സംരക്ഷിച്ചു ചായ കുടിക്കാനുള്ള മടി കൊണ്ട് വെറുതേ സൗജന്യമായി കിട്ടുന്ന ചായ ഇഷ്ടം പോലെ വാങ്ങിക്കുടിച്ചു ജീവിക്കുന്ന ഞങ്ങളുടെ തന്നെ വേണ്ടപ്പെട്ട ചില കുട്ടികളുടെ ജീവിത രീതി ഞങ്ങളെ ഭയപ്പെടുത്തിയിരുന്നു. അപ്രകാരം സംഭവിച്ചില്ലെങ്കില്‍ കൂടിയും ഒരു കുടുംബവും, കുട്ടികളും ഒക്കെയായി അനന്തമായ ഭാവിയുടെ വിശാലതയിലേക്കു നടന്നു പോകുന്ന സ്വന്തം തലമുറകളുടെ പാദ പതന നാദം കാതോര്‍ത്തു മരിച്ചു വീഴുവാന്‍ സാധിക്കുക എന്നത് തന്നെയാണ് മനുഷ്യ ജീവിതത്തിന്റെ ഏറ്റവും ഭാഗ്യകരമായ ഒരവസ്ഥ എന്ന പഴയ ചിന്തയുടെ പാറാവുകാര്‍ കൂടിയായിരുന്നു ഞങ്ങള്‍. 

അങ്ങിനെ കഴിയുന്‌പോള്‍ ന്യൂ യോര്‍ക്കില്‍  വച്ചു നടന്ന യാക്കോബായ സഭയുടെ ഏതോ വൈദിക സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ വന്ന എറണാകുളം ജില്ലക്കാരനായ ഒരു ചെറിയാന്‍ അച്ഛന്‍ ഞങ്ങളുടെ സ്വന്തക്കാരനായ ഷിനോജ് ജോസഫ് അച്ഛനോടൊപ്പം കുറെ ദിവസം വീട്ടില്‍ താമസിക്കുവാന്‍ ഇടയായി. ഞങ്ങളുടെ ജീവിത രീതികളില്‍ എന്തോ പ്രത്യേകതകള്‍ ദര്‍ശിച്ച ചെറിയാന്‍ അച്ചന്‍ ഞങ്ങളോട് കൂടുതല്‍ അടുത്ത് ഇടപഴകുകയും, എന്റെ ലേഖനങ്ങള്‍ പത്രങ്ങളില്‍ നിന്ന് വായിച്ചിട്ടുള്ള അദ്ദേഹം അതിലൂടെ ഞാന്‍ ഉയര്‍ത്തുന്ന സ്വതന്ത്രമായ ആശയങ്ങളെ അംഗീകരിക്കുകയാണെന്നും, മത വിശ്വാസങ്ങളില്‍ ഇന്ന് നിലവിലിരിക്കുന്ന ശബ്ദ മലിനീകരണത്തിന് പകരം സമൂഹത്തിലെ മനുഷ്യന്റെ ജീവിത ഭാരത്തിന്റെ മരക്കുരിശുകള്‍ പിന്നില്‍ നിന്ന് താങ്ങി കൊടുക്കുന്നതിനുള്ള പ്രായോഗിക പരിപാടികളാണ് അനിവാര്യമായിട്ടുള്ളത് എന്ന എന്റെ കാഴ്ചപ്പാടാണ് കൂടുതല്‍ ശരി എന്ന് സമ്മതിക്കുകയും ചെയ്ത് കൊണ്ട് ഒരേ തൂവല്‍ പക്ഷികളായി ഞങ്ങള്‍ പറന്നു.

മടിച്ചു മടിച്ചാണ് അച്ഛന്‍ ഒരു വിവാഹാലോചന കൊണ്ട് വന്നത്. അച്ഛന്‍ മുന്‍പ് പൂനയിലെ പള്ളിയില്‍ വികാരി ആയിരുന്നപ്പോള്‍ പരിചയപ്പെട്ട ഒരു കുടുംബത്തിലെ മകളാണ് വധു. വളരേ മുന്‍പ് പത്തനം തിട്ടയില്‍ നിന്ന് ജോലി തേടി പൂനായില്‍ എത്തിയവരാണ് മാതാപിതാക്കള്‍. കാര്യമായ സാന്പത്തിക നേട്ടങ്ങള്‍ ഒന്നും കൊയ്‌തെടുക്കാനാവാതെ യാതനകളിലൂടെയാണ് നടന്നു വന്നത്. കുട്ടികള്‍ വളര്‍ന്നപ്പോള്‍ തരക്കേടില്ലാത്ത ജോലികള്‍ ഒക്കെ കിട്ടിയത് കൊണ്ട് ഇപ്പോള്‍ വലിയ പ്രശ്‌നങ്ങളില്ലാതെ ജീവിച്ചു പോകുന്നു. ആര്‍മിയില്‍ ഡെന്റല്‍ വര്‍ക്കാറായി ജോലി ചെയ്യുന്ന മകന്‍ അച്ചന്റെ പള്ളിയില്‍ ശുസ്രൂഷകന്‍ ആയിരുന്നത് കൊണ്ട് അങ്ങിനെയാണ് പരിചയം. ജനറല്‍ നഴ്സിംഗ് പാസായിട്ടു പൂനയിലെ ഒരാശുപത്രിയില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയാണ് മകള്‍ ആന്‍സി. ഇരുപത്തി മൂന്ന്  വയസുള്ള അവളെയാണ് അച്ഛന്‍ ആലോചിക്കുന്നത്. 

അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വിസ്സ് ബാങ്കില്‍ വൈസ് പ്രസിഡണ്ടിന്റെ പദവിയിലുള്ള ഒരു വരന് ചേര്‍ന്ന വിദ്യാഭ്യാസ യോഗ്യതയോ, സാന്പത്തിക സുരക്ഷിതത്വമോ ഇല്ലാത്തവളാണ് വധു എന്ന് അച്ചനറിയാമെന്നും, അച്ഛനറിയാവുന്നിടത്തോളം റെക്കമെന്റ് ചെയ്യാവുന്ന സ്വഭാവ വൈശിഷ്ട്യം ഉള്ളവള്‍ ആയതു കൊണ്ടാണ് ഈ ആലോചന കൊണ്ട് വരുന്നതെന്നും അച്ഛന്‍ മുന്‍കൂര്‍ പറഞ്ഞിരുന്നു. ഒരു പാല്‍ച്ചായ കുടിക്കാനുള്ള കൊതി കൊണ്ട് വെട്ടുകല്‍പ്പൊടി അലിയിച്ചുണ്ടാക്കിയ കലക്ക വെള്ളം അടിച്ചു പതപ്പിച്ചു ചായ പോലെയാക്കി കുടിച്ചു നോക്കിയ ഒരവസ്ഥയില്‍ നിന്നാണല്ലോ ഞാന്‍ വന്നത് എന്ന ബോധം എനിക്കുണ്ടായിരുന്നതു കൊണ്ടും, ഇപ്പോള്‍ ന്യായമായി ജീവിക്കാനുള്ള പണമൊക്കെ ഒത്തു കിട്ടുന്നുണ്ട് എന്നത്  കൊണ്ട്,  ' ഏതെങ്കിലും ഒരു പെണ്ണിന്റെ തന്തപ്പടിയുടെ മടിശീല തപ്പുവാന്‍ എനിക്ക് താല്‍പ്പര്യമില്ലെന്ന് ' മുന്‍കൂറായി ഞാന്‍ അച്ഛനോട് പറഞ്ഞിരുന്നത് കൊണ്ടും കൂടിയാവണം,  അച്ചന്‍ ഈ ആലോചന കൊണ്ട് വന്നത് എന്ന് കരുതുന്നു.

അച്ചന്റെ നിര്‍ദ്ദേശാനുസരണം പെണ്‍കുട്ടിയുടെ ഫോട്ടോയും, ഫോണ്‍ നന്പറും അയച്ചു കിട്ടി. സാധാരണ ഗതിയില്‍ ഇത്തരം കാര്യങ്ങളോട് പ്രതികരിക്കാന്‍ തയാറാവാത്ത മകന്‍, കൊള്ളാം എന്ന് തോന്നിയത് കൊണ്ടായിരിക്കണം, അവന്‍  തന്നെ ആന്‍സിയെ നേരിട്ട് വിളിച്ചു സംസാരിച്ചു. 

പല ദിവസങ്ങളിലായി അവര്‍ വിശദമായി സംസാരിച്ചു. അവരുടെ കാഴ്ചപ്പാടുകള്‍ ഒത്തു പോകും എന്ന് തോന്നിയതിനാലാവണം, നാട്ടില്‍ പോയി ആളെ നേരിട്ട് കാണണം എന്നവന്‍ സമ്മതിച്ചത്. ഞങ്ങള്‍ വിളിച്ചു സംസാരിച്ചപ്പോള്‍ വളരെ വിനയത്തോടെയും, ഭാവ്യതയോടെയും ആണ് ആന്‍സി സംസാരിച്ചത് എന്നതിനാല്‍ എല്ലാവരും കൂടി നാട്ടില്‍ പോയി കണ്ട് ഇഷ്ടപ്പെടുകയാണെങ്കില്‍ എന്‍ഗേജുമെന്റു നടത്തിപ്പോരാം എന്ന തീരുമാനത്തില്‍ ഞങ്ങള്‍ നാട്ടിലെത്തി. 

ഞങ്ങള്‍ പതിവായി വിളിക്കാറുള്ള അനീഷിന്റെ ഇന്നോവയില്‍ ഞങ്ങള്‍ പത്തനം തിട്ടയില്‍ എത്തി. എന്റെ അനുജന്മാരും, അപ്പനും, മേരിക്കുട്ടിയുടെ ഭാഗത്തു നിന്നുള്ള ചിലരും ഉണ്ടായിരുന്നു സംഘത്തില്‍. ഓമല്ലൂരിനടുത്തുള്ള ഒരു വീട്. വീട്ടില്‍ ആന്‍സിയുടെ പിതാവിന്റെ അനുജനും, കുടുംബവുമാണ് താമസം. വീട് അനുജന്‍ പണിയിച്ചതാണ് എങ്കിലും വീടിരിക്കുന്ന സ്ഥലത്തിന്റെ പകുതി ആന്‍സിയുടെ പപ്പക്ക് അവകാശപ്പെട്ടതാണ്. നാട്ടില്‍ അവര്‍ക്കു വേറെ സ്വത്തുക്കളില്ല. പൂനയില്‍ ഒരു വണ്‍  ബെഡ് റൂം അപ്പാര്‍ട്ട് മെന്റ് ഉള്ളതിന്റെ തവണകള്‍ ഇപ്പോള്‍ സുഗമമായി അടഞ്ഞു പോകുന്നത് കുട്ടികളുടെ ജോലികളില്‍ നിന്നുള്ള വരുമാനം കൊണ്ട് കൂടിയാണ്. 

കുട്ടികള്‍ നേരിട്ട് വളരെ നേരം സംസാരിച്ചു. തങ്ങളുടെ നിലപാടുകള്‍ വിശദമായി പങ്കു വച്ച് കൊണ്ട് മാത്രമേ താന്‍ വിവാഹത്തിന് തയാറാവുകയുള്ളു എന്ന് മുന്നമേ അവന്‍ ഞങ്ങളോട് പറഞ്ഞിരുന്നു. കൂടെപ്പോയ എല്ലാവര്‍ക്കും തന്നെ പെണ്‍കുട്ടിയെ ബോധിച്ചു. ഇതൊക്കെയാണെങ്കിലും ഞങ്ങള്‍ എന്ത് ചോദിക്കും എന്നായിരുന്നു സ്വാഭാവികമായും അവരുടെ ആധി. ( സ്ത്രീ ധനം വാങ്ങരുത്, കൊടുക്കരുത് എന്നൊക്കെ നിയമമുണ്ടെങ്കിലും, അതൊക്കെ കാറ്റില്‍ പറത്തിക്കൊണ്ട് കാളച്ചന്തയിലെ അറവു കാരുടെ ആര്‍ത്തി പൂണ്ട മനസുമായിട്ടാണ് മധ്യ കേരളത്തിലെ സത്യ ക്രിസ്ത്യാനികള്‍ വിവാഹ മാര്‍ക്കറ്റില്‍ ഇറങ്ങുന്നത് എന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത് ? ) ഒരു പൈസ പോലും വിവാഹത്തിന്റെ പേരില്‍ കൈപ്പറ്റാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ഞാന്‍ തുറന്നു പറഞ്ഞപ്പോള്‍, അവരുടെ ജീവിതത്തില്‍ അവര്‍ ഇത്തരത്തിലുള്ള ഒരു വാക്ക് ആദ്യം  കേള്‍ക്കുകയാണെന്ന് അവരുടെ മുഖഭാവം വിളിച്ചോതുന്നുണ്ടായിരുന്നു. 

പെണ്‍ വീട്ടുകാര്‍ ഞങ്ങളുടെ വീട് കാണാന്‍ വരുന്‌പോള്‍ വധുവിനെക്കൂടി കൊണ്ട് വരണമെന്ന് ഞാന്‍ നിഷ്‌കര്‍ഷിച്ചിരുന്നു.  ജീവിക്കാന്‍ പോകുന്ന ഭവനവും, ഇടപെടാന്‍ പോകുന്ന മനുഷ്യരും എങ്ങിനെയാണ് എന്ന് അറിഞ്ഞിരിക്കേണ്ടത് ഒരു വധുവിന്റെ അവകാശമാണെന്ന് ഞാന്‍ വിശ്വസിച്ചിരുന്നത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞത്. ' ഇങ്ങിനെയൊരു പതിവ് ഞങ്ങളുടെ കുടുംബങ്ങളില്‍ ഇല്ല ' എന്ന് വധുവിന്റെ ഭാഗത്തുള്ള ചിലര്‍ പറഞ്ഞുവെങ്കിലും, ' മനുഷ്യന്റെ സൗകര്യങ്ങള്‍ക്ക് വേണ്ടി പതിവുകള്‍ തെറ്റിക്കുകയും, പുതിയ പതിവുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതില്‍ തെറ്റില്ല ' എന്ന എന്റെ വാദം അംഗീകരിച്ചു കൊണ്ട് വധുവിനെയും കൂട്ടിയാണ് അവര്‍ ഞങ്ങളുടെ വീട്ടില്‍ വന്നത്. 

മുന്‍ നിശ്ചയമാനുസരിച്ച് പത്തനം തിട്ടയിലെ ഒരു ഹോട്ടലില്‍ വച്ച് എന്‍ഗേജ് മെന്റ് നടന്നു. അതിന്റെ ചെലവുകള്‍ പെണ്‍ വീട്ടുകാര്‍ വഹിച്ചു. വീട്ടുകാരും, അയല്‍ക്കാരുമായി ഒരു ടൂറിസ്റ്റു ബസ്സിനുള്ള ആളുകള്‍ ഞങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. എന്‍ഗേജ് മെന്റ് കഴിഞ്ഞു ഞങ്ങള്‍ മടങ്ങിപ്പോരുന്‌പോള്‍ ആന്‍സിക്ക് വലിയ സങ്കടം ഉണ്ടായിരുന്നു. ഇത്രയും കാലത്തെ സംസാരവും, ഇടപെടലുകളും കൊണ്ട് ഞങ്ങളുടെ കുടുംബത്തിലെ ഒരംഗമായി മനസ് കൊണ്ട് അവള്‍ ആയിത്തീര്‍ന്നിരുന്നു എന്നതാവാം കാരണം. 

മൂന്നു മാസത്തിനു ശേഷമുള്ള ഒരു വിവാഹത്തീയതി നിശ്ചയിച്ചു ഞങ്ങള്‍ മടങ്ങിപ്പോന്നു. പിന്നീടുണ്ടായ ദിവസങ്ങളിലെല്ലാം ഞങ്ങള്‍ പതിവായി ആന്‍സിയെ വിളിച്ചു കൊണ്ടിരുന്നു. സ്വാഭാവികമായും മകന്‍ വിളിക്കാറുള്ളതിന് പുറമെയായിരുന്നു ഞങ്ങളുടെ വിളികള്‍. രണ്ടു ഭൂഖണ്ഡങ്ങളില്‍ അകപ്പെട്ടു പോയ ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ്  ഞങ്ങള്‍ക്ക് അനുഭവപ്പെട്ടിരുന്നത്. എത്രയും വേഗം അവളെ വിവാഹം കഴിച്ചു കൊണ്ട് വന്ന് ഞങ്ങളോട് ചേര്‍ക്കണമെന്ന് മകനെപ്പോലെ തന്നെ ഞങ്ങളും കൊതിക്കുകയായിരുന്നു.

 പാടുന്നു പാഴ്മുളം തണ്ടു പോലെ!   (അനുഭവക്കുറിപ്പുകള്‍   81 :  ജയന്‍ വര്‍ഗീസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക