Image

യൂറോപ്പില്‍ ലോക്ക്ഡൗണ്‍ നീങ്ങിത്തുടങ്ങുന്നു

Published on 15 April, 2020
യൂറോപ്പില്‍ ലോക്ക്ഡൗണ്‍ നീങ്ങിത്തുടങ്ങുന്നു

ബര്‍ലിന്‍:യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഭാഗികമായും ഘട്ടംഘട്ടമായും നീക്കിത്തുടങ്ങുന്നു. ഓസ്ട്രിയ, ഇറ്റലി, സ്‌പെയ്ന്‍ എന്നിവിടങ്ങളില്‍ കടുത്ത ഉപാധികളോടെ ചില മേഖലകളില്‍ വ്യവസായ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കി.

യൂറോപ്പ് ഇനിയും രോഗവ്യാപനത്തിന്റെ മൂര്‍ധന്യത്തില്‍ എത്തിയിട്ടില്ലെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നിലനില്‍ക്കെയാണ്, കുറഞ്ഞു വരുന്ന രോഗബാധിതരുടെ എണ്ണവും കൂടി വരുന്ന സാമ്പത്തിക പ്രതിസന്ധിയും കണക്കിലെടുത്ത് ഇളവുകള്‍ നല്‍കാന്‍ വിവിധ സര്‍ക്കാരുകള്‍ തയാറാകുന്നത്.

ഓസ്ട്രിയയാണ് യൂറോപ്പില്‍ ആദ്യമായി നിയന്ത്രണങ്ങള്‍ നീക്കിയത്. രാജ്യത്ത് ആയിരക്കണക്കിനു കടകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. സ്‌പെയ്‌നില്‍ നിയന്ത്രണം നീക്കിയിട്ടും പൊതു ഗതാഗതം സജീവമായിട്ടില്ല. ഫാക്ടറികളിലും നിര്‍മാണ മേഖലകളിലുമാണ് ഇപ്പോഴത്തെ ഇളവ്.

പുസ്തകശാലകള്‍, സ്റ്റേഷനറി കടകള്‍ തുടങ്ങിയവയ്ക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇറ്റലി ഇളവ് നല്‍കിയിരിക്കുന്നത്. ഡെന്‍മാര്‍ക്കില്‍ കിന്‍ഡര്‍ ഗാര്‍ട്ടനുകളും ചെറിയ സ്‌കൂള്‍ ക്‌ളാസുകളും പുനരാരംഭിച്ചു.

ജര്‍മനിയിലെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നതു സംബന്ധിച്ച് ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ 16 സ്റ്റേറ്റുകളിലെയും അധികൃതരുമായി ബുധനാഴ്ച ചര്‍ച്ച നടത്തും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക