Image

മനുഷ്യ രാശിയെ വിറപ്പിച്ച ഭീകരർ: സ്പാനിഷ് ഫ്‌ളു, കോളറ, യെലോ ഫീവര്‍ (കോര ചെറിയാന്‍)

കോര ചെറിയാന്‍ Published on 15 April, 2020
മനുഷ്യ രാശിയെ വിറപ്പിച്ച ഭീകരർ: സ്പാനിഷ് ഫ്‌ളു, കോളറ, യെലോ ഫീവര്‍ (കോര ചെറിയാന്‍)
ഫിലാഡല്‍ഫിയ: സ്പാനിഷ് ഫ്‌ളു, കോളറ, യെലോ ഫീവര്‍, ക്ഷയം മുതല്‍ ലോകംകണ്ട സര്‍വ്വനാശിനി പകര്‍ച്ചവ്യാധികളില്‍ ഏറ്റവും ഉഗ്രരൂപിണിയാണ് കോവിഡ്-19.

100 വര്‍ഷം മുന്‍പ് 1918-1919 ലോകവ്യാപകമായി 50 കോടിയിലധികം ജനതതിയെ ബാധിച്ച സ്പാനിഷ് ഫ്‌ളൂവിന്റെ കെടുതികള്‍ 1919 അവസാനം വരെ നിലകൊണ്ടു. ആ കാലഘട്ടത്തെ അവ്യക്തമായ മരണനിരക്ക് അനുസരിച്ച് നാലുകോടിയിലധികം മനുഷ്യജീവികള്‍ അകാലമരണത്തിന് ഇരയായി. ഈ മാരകമായ പനി ഏത് യൂറോപ്യന്‍ രാജ്യത്തുനിന്ന് ആരംഭിച്ചുവെന്ന് ഇതുവരെയും തിട്ടപ്പെടുത്തിയിട്ടില്ല. ലോകവ്യാപകമായ ഒന്നാംലോകമഹായുദ്ധത്തിന്റെ ഭീതിയും യുദ്ധകെടുതിയും മൂലം ഒരു രാജ്യവും കൃത്യമായ ചരിത്രാവിഷ്‌ക്കാരമോ മരണപ്പെട്ടവരുടെ പേരുവിവരമോ രോഗപ്രതിവിധികളോ കാര്യമായി കൈകൊണ്ടില്ല. തുടക്കത്തില്‍ ഇന്‍ഫ്‌ളുവെന്‍സസ് ആയി അറിയപ്പെട്ടിരുന്ന ഈ മഹാവ്യാധി പൊട്ടിപുറപ്പെട്ടത് ഏതൊ യൂറോപ്യന്‍ സൈനീക ക്യാമ്പില്‍നിന്നുമാണ്. ആക്രമിക്കുവാനോ സംരക്ഷിക്കുവാനോവേണ്ടിയുള്ള വിവിധ രാജ്യങ്ങളിലേയ്ക്കുള്ള തീവ്രമായ പടയോട്ടംമൂലം സ്പാനിഷ് ഫ്‌ളൂ അതിവേഗം ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ചു.

സ്‌പെയിന്‍ യുദ്ധചേരിയില്‍ ചേരാത്ത നിഷ്പക്ഷ രാഷ്ട്രമായതിനാല്‍ 1918 മെയ്മാസം മാഡ്രിഡില്‍നിന്നുമുള്ള പത്രവാര്‍ത്തകളില്‍ ശമനമില്ലാതെ മരണപ്പെടുന്ന പനിയേപ്പറ്റിയുള്ള വിവരണം പ്രസിദ്ധീകരിച്ചതിനാല്‍ സ്പാനിഷ്ഫ്‌ളൂ എന്ന നാമധേയം പ്രഖ്യാപിതമായി.

ആദ്യമായി ഈ രോഗം കണ്ടു
പിടിക്കപ്പെട്ട യൂറോപ്പിലും തുടര്‍ന്ന് അമേരിക്ക ഭൂഖണ്ഡങ്ങ ളിലേക്കും വ്യാപിച്ചു. ഇപ്പോള്‍ ലോകം കോവിഡ്-19നെ നേരിടുന്നതുപോലെ കൃത്യമായ മരുന്നുകളോ പ്രതിവിധികളോ വാക്‌സിനേഷനുകളോ അന്നു കണ്ടുപിടിക്കപ്പെട്ടിരുന്നില്ല. കൃത്രിമ ശ്വസനശക്തിക്കുവേണ്ടിയുള്ള വെന്റിലേറ്ററുകളും അന്ന്
നിലവിലില്ല. മുഖ്യപ്രതിവിധി ലോക്ഡൗണും മാസ്‌കും മാത്രം. 6,75,000 ത്തിലധികം അമേരിയ്ക്കക്കാരും ഏകദേശം ഒരു കോടി 23 ലക്ഷം, അന്നത്തെ പാക്കിസ്ഥാനും ബംഗ്ലാദേശും ഉള്‍പ്പെട്ട ബ്രിട്ടീഷ് ഇന്ത്യക്കാരും പ്രാണവായു കിട്ടാതെ മരിക്കുന്ന ശിക്ഷ ഏറ്റുവാങ്ങി. കൊടും ക്രൂരകൃത്യം ചെയ്തതിന് കൊലക്കയറില്‍ കിടന്ന് പിടഞ്ഞു മരിക്കുന്നതുപോലെ കോടികണക്കിനുള്ള നിരപരാധികള്‍ പ്രാണവായു കിട്ടാതെ മരണത്തെ വേദനയോടെ ഏറ്റുവാങ്ങിയ കലിയുഗം നൂറു വര്‍ഷങ്ങള്‍ക്കുശേഷം വിസ്മൃതിയിലേയ്ക്കു വഴുതിവീണപ്പോഴാണ് കോവിഡ്-19 ത്രിശൂലവുമായി എത്തിയത്.

സ്പാനിഷ് ഫ്‌ളൂ കാലഘട്ടത്തെ ഉത്തരേന്ത്യ മുഴുവന്‍ അറിയപ്പെടുന്ന 22 വയസ്സുള്ള യുവ ഹിന്ദിഭാഷാ കവി 'നിരാള' എന്ന തൂലികാനാമം ഉള്ള സൂര്യകാന്ത് ത്രിപാദിയുടെ മരണസംഖ്യ അടക്കമുള്ള ഓര്‍മ്മക്കുറിപ്പുകള്‍ ഇപ്പോള്‍ സജീവമായി. പിഞ്ചുപൈതല്‍ മുതല്‍ ഉറ്റവരും ഉടയവരും സഹൃദയരും ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കുന്നത് വേദനയോടെ വീക്ഷിച്ച കവി അന്നുള്ള മാധ്യമങ്ങളിലൂടെയും നേരിട്ടുമുള്ള മരണസംഖ്യ അടക്കമുള്ള രേഖപ്പെടുത്തലുകള്‍ ബ്രിട്ടീഷ് ഗവര്‍മെന്റ് അംഗീകരിച്ചതാണ്.

1817-ല്‍ കോളറ മലീനമായ നെല്ലരിയില്‍കൂടിയും രോഗാണുകലര്‍ന്ന വെള്ളത്തില്‍ക്കൂടിയും ഇന്ത്യയില്‍ ഗംഗാനദി തീരത്തെ ജെസോര്‍ ഡിസ്ട്രിക്റ്റില്‍ പൊട്ടിപ്പുറപ്പെട്ടു വളരെവേഗം ഇന്‍ഡ്യയിലും ശ്രീലങ്ക, ബര്‍മ്മ അടക്കമുള്ള സമീപ രാജ്യങ്ങളിലും പടര്‍ന്നു. കപ്പല്‍യാത്രക്കാരില്‍ക്കൂടി യൂറോപ്പിലേക്കും തുടര്‍ന്ന് അമേരിക്കയിലേക്കും വ്യാപിച്ചു. 1817-1860 കാലഘട്ടം ഇന്ത്യയില്‍ മുഖ്യമായും കോളറായും മറ്റു വിവിധ പകര്‍ച്ചവ്യാധിയിലൂടെ ഏകദേശം 160 ലക്ഷത്തിലധികവും അമേരിക്കയില്‍ 150 ലക്ഷവും മരണങ്ങള്‍ സംഭവിച്ചു. 1832-ല്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ രണ്ടരലക്ഷം ജനസംഖ്യയില്‍ ഒരു ലക്ഷത്തില്‍പ്പരം പട്ടണവാസികള്‍ കോളറായുടെ ക്രൂരതയില്‍ കൊല്ലപ്പെട്ടു.

1793-ല്‍ യെലോ ഫീവര്‍ എന്നറിയപ്പെടുന്ന പിത്തപ്പകര്‍ച്ച പനി ആദ്യമായി ശ്രദ്ധേയമാകുന്നത് അമേരിക്കയുടെ ആദ്യതലസ്ഥാനമായ ഫിലഡല്‍ഫിയായിലാണ്. 18-ാം നൂറ്റാണ്ടിന്റെ അവസാനകാലം വെറും അരലക്ഷം ജനങ്ങളുള്ള ഫിലഡല്‍ഫിയായില്‍ അയ്യായിരത്തിലധികം ജനങ്ങള്‍ യെലോ ഫീവറില്‍ മരിച്ചു. രോഗബീജമുള്ള കൊതുകുകുത്തിലൂടെ യെലോ ഫീവര്‍ അണുക്കള്‍ ശരീരത്തിലെത്തി രോഗലക്ഷണങ്ങള്‍ തുടങ്ങി. അസഹനീയമായ പനി തുടങ്ങി മഞ്ഞപ്പിത്തമായി മാറി. ശരീരത്തിലെ തൊലിയും കണ്ണുകളും മഞ്ഞനിറത്തിലായി. 1793-1905 കാലഘട്ടത്തില്‍ യെലോ ഫീവര്‍ മൂലം അമേരിക്കയില്‍ 81,000 ലധികം മനുഷ്യജീവിതം നഷ്ടമായി. പ്രതിരോധ വാക്‌സിന്റെ ആവിര്‍ഭാവത്തോടെ യെലോ ഫീവര്‍ ഏകദേശം അപ്രത്യക്ഷമായി. ഇപ്പോഴും ആഫ്രിക്കന്‍ പ്രദേശത്തേയ്ക്കുള്ള യാത്രാരംഭത്തിന് മുമ്പായി യെലോ ഫീവര്‍ പ്രതിരോധ വാക്‌സിന്‍ എടുക്കുന്നത് ഉത്തമമാണ്.

ക്ഷയരോഗം ബാക്ടീരിയല്‍ ഇന്‍ഫക്ഷനെത്തുടര്‍ന്ന് ശ്വാസകോശ ഭിത്തികളില്‍ ചെറിയ മുഴകള്‍ ഉണ്ടാക്കി ട്യൂബര്‍ കുലോസിസ് ബാക്‌സിലം അഥവാ ടി.ബി. യായി മാറുന്നു. ക്ഷയരോഗാണുക്കള്‍ അനായാസം ലംഗ്‌സിലേയ്ക്ക് എത്തുന്ന പ്രാണവായുവിനെ ബ്ലോക്ക് ചെയ്ത് ശ്വസനശക്തി ക്ഷയിപ്പിക്കുന്നു. ആഗോളതലത്തില്‍ 13 ലക്ഷം മരണം ക്ഷയരോഗംമൂലം ഉണ്ടായിട്ടുണ്ട്. 2014-ലെ ഡി.എന്‍. എ. ടെസ്റ്റിന്‍പ്രകാരം ആറായിരത്തിലധികം വര്‍ഷങ്ങളായി ക്ഷയരോഗികള്‍ ഉണ്ടായിരുന്നതായി വെളിപ്പെടുത്തി. 1900-ല്‍ 1 ലക്ഷം ജനങ്ങളില്‍ 194 മരണനിരക്കുണ്ടായിരുന്നത് 1960 ന്റെ ആരംഭകാലത്ത് 6 മരണമായി കുറഞ്ഞു. വാക്‌സിനേഷന്റെയും പുതിയ മരുന്നുകളുടെയും ആവിര്‍ഭാവം ശാന്തമായി മരണനിരക്ക് കുറയുവാന്‍ സഹായിച്ചു. ക്ഷയരോഗാണുക്കള്‍ വായുവിലൂടെ സഞ്ചരിക്കുന്നതിനാല്‍ ഏറ്റവും ഭയാനകമായ പകര്‍ച്ചവ്യാധിയാണ്.

ക്ഷയരോഗികളുടെ അതിവേദനയോടെ രക്തം തുപ്പിക്കൊണ്ടുള്ള ചുമയും ശരീര വേദനയും മറ്റുള്ള അസ്വസ്ഥതയും പല മുന്‍കാല മലയാളികള്‍ക്കും സുപരിചിതമാണ്. 1870-1910 കാലഘട്ടം അമേരിക്കയില്‍ 30 ലക്ഷത്തിലധികം മരണം ക്ഷയരോഗംമൂലം ഉണ്ടായി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ക്ഷയരോഗമരണം ഇന്‍ഡ്യയില്‍ സംഭവിക്കുന്നു. പ്രതിവര്‍ഷം 2 ലക്ഷത്തില്‍പ്പരം ഇന്‍ഡ്യന്‍ ജനത ക്ഷയരോഗത്തിന്റെ കാഠിന്യം അനുഭവിച്ച് ഇപ്പോഴും ജീവന്‍ വെടിയുന്നു.

ചോരയും നീരും കാമവും ക്രോധവും ധനവും മാനവും സുഖവും ദുഃഖവും സല്‍ഗുണവും ദുര്‍ഗുണവും എല്ലാമെല്ലാം അവസാനിപ്പിച്ച് ഭൂഗോളം ശൂന്യതയിലേക്ക് പ്രയാണമായി തോന്നുന്നു. ലോകജനതയുടെ ചഞ്ചലമായ മനോമുകുളത്തില്‍ കോവിഡ്-19ന്റെ ഭീതിയോടെ പ്രതിഷ്ഠിച്ച വേദനനിറഞ്ഞ സ്മരണകള്‍ മാത്രം നില്‍ക്കട്ടെ. പലശതവര്‍ഷങ്ങളായി മനുഷ്യരാശിയെ വേട്ടയാടുന്ന നിയതിയുടെ നിബന്ധനകള്‍ക്കും നിശ്ചയങ്ങള്‍ക്കും വ്യതിയാനമുണ്ടാകട്ടെ. ശാന്തിയും സമത്വവും സന്തുഷ്ടിയും സമാഗതമാകട്ടെ. നരകയാതനയില്‍നിന്നും മനുഷ്യര്‍ മുക്തിനേടട്ടെ.
മനുഷ്യ രാശിയെ വിറപ്പിച്ച ഭീകരർ: സ്പാനിഷ് ഫ്‌ളു, കോളറ, യെലോ ഫീവര്‍ (കോര ചെറിയാന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക