Image

സത്യന്‍ അന്തിക്കാട് എന്ന സ്വയം പ്രഖ്യാപിത മലയാളി, മമ്മൂട്ടിയില്‍ നിന്ന് അല്പം മനുഷ്വത്വം പഠിക്കണം, അടിയന്തരമായി തന്നെ

ജയമോഹന്‍ എം Published on 14 April, 2020
സത്യന്‍ അന്തിക്കാട് എന്ന സ്വയം പ്രഖ്യാപിത മലയാളി, മമ്മൂട്ടിയില്‍ നിന്ന് അല്പം മനുഷ്വത്വം പഠിക്കണം, അടിയന്തരമായി തന്നെ

'കോമണ്‍ സെന്‍സ് ഈസ് നോട്ട് കോമണ്‍' എന്നൊരു പഴഞ്ചൊല്ലുണ്ട്. ഇത് സത്യന്‍ അന്തിക്കാടിനെ ഉദ്ദേശിച്ച് ഏതോ സായിപ്പ് മുന്‍കൂട്ടി തരപ്പെടുത്തിയതാവാനേ സാധ്യതയുള്ളു. സത്യന്‍ അന്തിക്കാട് മലയാളത്തിലെ പ്രമുഖ പത്രത്തിന്‍റെ വാരന്ത്യ പതിപ്പില്‍ എഴുതിയ നെടുങ്കന്‍  ലേഖനമാണ് ഇങ്ങനെ പറയാന്‍ ലേഖകനെ പ്രേരിപ്പിച്ചത്.  

കോവിഡ് 19 കാരണം  ലോകം മുഴുവനും ലോക്ഡൗണിലേക്ക് പോയിരിക്കുമ്പോള്‍ നമ്മുടെ ഇന്ത്യയും  ഇന്നേനാള്‍ കാണാത്ത ഒരു ഭീതജനകമായ സാഹചര്യത്തിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ പൗരന്‍മാരുടെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും അഹോരാത്രം പൊരുതേണ്ടുന്ന അവസ്ഥ. കോവിഡ് കാലം കഴിഞ്ഞാല്‍ രാജ്യത്തെ  സാമ്പത്തിക നില എങ്ങനെയാകുമെന്ന ഭയം വേറെ. ഗള്‍ഫിലെ  മലയാളികളില്‍ നല്ലൊരു ശതമാനവും രോഗഭീതിയുടെയും തൊഴില്‍ നഷ്ടത്തിന്‍റെയും കാര്യത്തില്‍ ഭീതിയുടെ മുള്‍മുനയിലാണ്. 

ഈ കോവിഡ് കാലത്ത് പൊതുവിതരണശ്രീഖലയെ സര്‍ക്കാര്‍ ശക്തമായി നിര്‍ത്തുമ്പോഴും അന്നത്തെ അന്നം മുടങ്ങുന്ന എത്രയോ ജനമുണ്ടാകും. ഈ ലോക് ഡൗണ്‍ കാലം കൊണ്ട് ജീവിതം പത്തോ മുപ്പതോ വര്‍ഷം പിന്നോട്ടു തള്ളപ്പെട്ടവരാകും മഹാഭൂരിപക്ഷം ജനതയുമെന്നകാര്യത്തില്‍ സംശയമില്ല.  

രാജ്യം വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുന്നു. സമസ്ത മേഖലയിലും തൊഴില്‍ നഷ്ടമുണ്ടാകും എന്ന മുന്നറിയിപ്പ് വന്നു കഴിഞ്ഞു. പ്രൈം ഫോക്കസ് എന്ന സിനിമാ പോസ്റ്റ് പ്രൊഡക്ഷന്‍ കമ്പിനി മാത്രം പതിനായിത്തിലേറെ തൊഴിലാളികളെ പിരിച്ചുവിടുന്നു എന്ന വാര്‍ത്ത കണ്ടിരുന്നു. അതിലേറെ പിരിച്ചുവിടലുകള്‍ ഉണ്ടാകുന്ന എത്രയോ തൊഴില്‍ മേഖലകള്‍ വേറെയും.

ഇതാണ് രാജ്യത്തെ സ്ഥിതിവിശേഷം. 
ഈ സമയത്ത് എന്താണ് ഒരു കലാകാരന്‍റെ പ്രസക്തി?. 

കലാകാരന് ഏതൊരു സാധാരണ പൗരനെയും പോലെ കൊറോണയെക്കുറിച്ച് അഭിപ്രായം പറയാം. എന്നാല്‍ അയാള്‍ ഒരു ഹെല്‍ത്ത് എക്സ്പേര്‍ട്ടല്ലെങ്കില്‍ ശ്രീനിവാസന്‍ വിളമ്പിയപോലെ നാരാങ്ങാനീര് കുടിച്ചാല്‍ കൊറോണമാറും തുടങ്ങിയ ക്രിമിനല്‍ വിഡ്ഡിത്തങ്ങള്‍ പുലമ്പാതിരിക്കുകയാണ് ഉത്തമം.  എന്നാല്‍ മറ്റു സാമൂഹിക വിഷയങ്ങളും സ്വന്തം അഭിപ്രായ പ്രകടനങ്ങളും ലേഖനങ്ങളും കലാപ്രകടനങ്ങളും കലാകാരന് പ്രദര്‍ശിപ്പിക്കാവുന്നതാണ്. 

ഏത് രീതിയില്‍ ?. 

ലോക് ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ ദിവസം മമ്മൂട്ടിയുടെ പ്രതികരണം ഓര്‍മ്മിക്കുക. ജനങ്ങള്‍ പുറത്തിറങ്ങരുത് എന്ന സര്‍ക്കാര്‍ പ്രോട്ടോകോളിന് പ്രചാരണം നല്‍കിയതിന് ഒപ്പം മമ്മൂട്ടി എന്ന മനുഷ്യന്‍ നമ്മുടെ സമൂഹത്തിലെ ദിവസവേതനക്കാരുടെ ദൈനംദിന ഭക്ഷണത്തെക്കുറിച്ച് ആകുലപ്പെട്ടു. അതില്‍ ഓരോരുത്തരും ശ്രദ്ധിക്കണമെന്ന് നമ്മളെ ഓര്‍മ്മപ്പെടുത്തി. 
മോഹന്‍ലാല്‍ ഗവണ്‍മെന്‍റിന്‍റെ താത്പര്യപ്രകാരം സര്‍ക്കാര്‍ ഹോസ്പിറ്റലുകളിലെ നഴ്സുമാരെയും ആരോഗ്യപ്രവര്‍ത്തകരെയും നേരിട്ട് വിളിച്ച് മണിക്കൂറോളം സംസാരിക്കുന്നു. അവര്‍ക്കായി ലൈവായി പാടുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇത് നല്‍കുന്ന ഒരു ഊര്‍ജ്ജമുണ്ട്.  അതു പോലെ നമ്മുടെ എത്രയോ കലാകാരന്‍മാര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പാടുകയും തമാശകള്‍ പങ്കിടുകയും ചെയ്യുന്നു. അതെല്ലാം ലോക്ക് ഡൗണ്‍ കാലത്തെ ബുദ്ധിമുട്ടിനിടയിലും ആളുകള്‍ക്ക് നല്‍കുന്ന റിലീഫ് വളരെ വലുതാണ്.

ഈ ലോക്ക് ഡൗണ്‍ കാലത്ത്  പൊതുവില്‍ അല്ലലില്ലാതെ വീട്ടിലിരിക്കുന്ന ഒരാള്‍ ഇപ്പോഴത്തെ  ലോകത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍, അവന്‍റെ മനസില്‍ ആദ്യം എത്തുന്ന ചിത്രം, തന്നെ ബാധിച്ചില്ലെങ്കിലും ഈ രാജ്യത്ത് പടര്‍ന്നു പിടിക്കുന്ന രോഗത്തെക്കുറിച്ചും വിപത്തിനെക്കുറിച്ചുമായിരിക്കും.

ഇന്ത്യയിലെ സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരുവന്‍റെ ഭക്ഷണത്തെക്കുറിച്ച്, നാളത്തെ ഇന്ത്യയില്‍ അവന്‍റെ തൊഴിലിനെക്കുറിച്ച്, ലോക്ക് ഡൗണ്‍ കാലത്ത് വെറും അഞ്ചും ആറും വയസുള്ള കുട്ടികളുമായി ദില്ലിയില്‍ നിന്നും മുംബൈയില്‍ നിന്നും മൂന്നൂറും നാനൂറും കിലോമീറ്ററുകള്‍ കാല്‍ നട സഞ്ചരിക്കുന്നവരെക്കുറിച്ച് അങ്ങനെ നൊമ്പരപ്പെടുത്തുന്ന അനവധി ചിത്രങ്ങള്‍ മനസിലെത്താം. അങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ അയാളുടെ മാനസിക നിലയക്ക് എന്തോ തകരാറുണ്ടാവും. അല്ലെങ്കില്‍ നിങ്ങള്‍ സ്വന്തം പ്രിവിലേജില്‍ അഹങ്കരിക്കുന്ന കാപട്യക്കാരനാവും. 

ഇവിടെയാണ് മമ്മൂട്ടിയെ ഞാനൊരു മനുഷ്യനായി കരുതുന്നത്. മമ്മൂട്ടിയെപ്പോലെ ലക്ഷകണക്കിന് ആളുകള്‍ ഒരേ മനസോടെ കൂടിച്ചേരുന്നതാണ് മാനവികതയായി മാറുന്നത്.   
(പുറം ലോകവുമായി വലിയ ബന്ധമൊന്നുമില്ലാത്ത പത്രം വായിക്കാതെ വീട്ടില്‍ എന്നും ഒതുങ്ങികഴിയുന്ന ചില പാവങ്ങള്‍, മഞ്ജുവാര്യരുടെ അമ്മ കവിത എഴുതിയത് പോലെ മകള്‍ വെണ്ടക്കാ അരിയുന്നു, മകന്‍ ചാമ്പക്കാ പറക്കുന്നു എന്നൊക്കെ എഴുതിയെന്നും വരാം. അതൊരു തെറ്റല്ല.)

എന്നാല്‍ സത്യന്‍ അന്തിക്കാട് എന്ന സ്വയം പ്രഖ്യാപിത മലയാളി  ലോക് ഡൗണ്‍ കാലത്ത് ഒരു ഐറ്റവുമായി പ്രമുഖ മാധ്യമത്തില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി.  തന്‍റെ   സിനിമ ഏപ്രില്‍ പത്തിന് ഷൂട്ട് തുടങ്ങേണ്ടതായിരുന്നുവെങ്കിലും  തന്‍റെ ദീര്‍ഘവീക്ഷണം കൊണ്ട്  താന്‍ നേരത്തെ ലോക്ക് ഡൗണ്‍ മണത്തുവെന്നും അതുകൊണ്ട് പടം കുറച്ച് മാറ്റിവെച്ചന്നുമൊക്കെയാണ് ലേഖനത്തിന്‍റെ തുടക്കം. പിന്നീടങ്ങോട്ട് പുള്ളിയുടെ തന്നെ സിനിമ ഡയലോഗൊക്കെ അയവിറക്കിയുള്ള ആത്മരതിയുടെ കൂത്തരങ്ങാണ്. പോരാത്തതിന് ജീവിതം ഒരു മഹാത്ഭുതമാണെന്നുള്ള കണ്ടെത്തലും. 

പിന്നീടുള്ള പൈങ്കിളിക്കഥ ഇപ്രകാരമാണ്. പ്രീയദര്‍ശന്‍ ഇതാ വീട്ടിലിരിക്കുന്നു.... മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ക്ക് ശേഷം മോഹന്‍ലാല്‍ തമിഴ്നാട്ടിലെ ബീച്ച് ഹൗസിന്‍റെ മുമ്പില്‍ കടല്‍ക്കാറ്റേറ്റ് സ്വാതന്ത്ര്യത്തോടെ നടക്കുന്നു. (പുള്ളിയോട് നടക്കരുതെന്ന് ആരാണാവോ നിര്‍ബന്ധിച്ചത്) പിന്നെ മമ്മൂട്ടിക്കൊരു ഉപകാരം കിട്ടിയത്രേ. മമ്മൂട്ടി പുതിയൊരു വീട് വാങ്ങിയാരുന്നു. പുതിയ വീട്ടിലേക്ക് മമ്മൂട്ടിക്ക് കയറിയൊന്ന് പൊരുത്തപ്പെടാന്‍ ലോക്ക് ഡൗണ്‍ കാരണം സാധിച്ചല്ലോ. (പാവപ്പെട്ടവരുടെ ഓരോ പ്രതിസന്ധികളെ) അതൊരു വല്യ ആശ്വസമായിപ്പോയത്രേ. പിന്നെ മമ്മൂട്ടിക്ക് ദുല്‍ഖറിനെയും സുറുമിയെയും കാണമത്രേ. അതും വല്ലാത്തൊരു നേട്ടമായിപ്പോയി എന്നേ പറയാനുള്ളു. 
തീര്‍ന്നിട്ടില്ല ജോലിക്കാരെ വിശ്രമിക്കാന്‍ വിട്ട് സിദ്ധിഖ് അടുക്കളയില്‍ ചി്ക്കന്‍ കറി വെക്കുകയാണത്രേ. 
പിന്നെയാണ് മഹാത്ഭുതം വരുന്നത്. 
ഇതിനിടയില്‍ സത്യന്‍ അന്തിക്കാട് ജയറാമിനെ വിളിച്ചുകളഞ്ഞു. 
അപ്പോഴുണ്ടടാ ജയറാം സ്വന്തം ഷര്‍ട്ട് ഇസ്തിരിയിടുവാണെന്ന് ഭാര്യ പാര്‍വതി പറയുന്നു. ശെടാ... ഇതെന്തായാലും ഒരു മഹാകാര്യം തന്നെ... ഷര്‍ട്ട് ഇസ്തിരിയിടുകാന്ന് പറഞ്ഞാല്‍ ഷര്‍ട്ടില്‍ പറ്റിപ്പിടിച്ച കൊറോണയെ ജീവനോടെ കൊല്ലുക എന്ന അതുല്യപരിപാടിയാണല്ലോ. അതൊരു സന്നദ്ധ പ്രവര്‍ത്തനം കൂടിയാണ്. 
പിന്നെയാണ് പുള്ളിയുടെ ആത്മമിത്രയും, സര്‍വോപരി കിളിപാറിപ്പോയവരുടെ സംസ്ഥാന പ്രസിഡന്‍റും, കൂന്നംകുളം മെഡിക്കല്‍ കോളജില്‍ നിന്ന് എം.ബി.ബി.എസ് നേടിയിട്ടുമുള്ള  ശ്രീനിവാസന്‍റെ കാര്യം വരുന്നത്. ശ്രീനിവാസന്‍ ലോക്ക് ഡൗണ്‍ കാലത്ത് പറമ്പില്‍ കൃഷിപ്പണി നടത്തുകയാണത്രേ. 

അതിനു ശേഷം സ്വന്തം കാര്യം മൂപ്പരങ്ങ് വെളിപ്പെടുത്തുകയാണ്. ഞാന്‍, അതായത് പ്രഖ്യാപിത മലയാളിയായ സത്യന്‍ അന്തിക്കാട്, കൃഷിപ്പണിയില്‍ വ്യാപൃതനാണ്. (പുള്ളിയായതുകൊണ്ട് മാര്‍ച്ച് 21 ചക്കക്കുരു കുഴിച്ചിട്ട് വെള്ളമൊഴിച്ച് വളര്‍ത്തി പ്ലാവാക്കി വിഷുവിന് അതില്‍ നിന്ന് ചക്ക പറിച്ച് കണികണ്ടിരിക്കാന്‍ വരെ ചാന്‍സുണ്ട്)

ഇത്രയും കാപട്യം പൈങ്കിളിത്തരമായി വിളമ്പിയപ്പോള്‍ അതിനെന്താ അങ്ങേര്‍ക്കിത് എഴുതരുതോ എന്ന് മുപ്പരുടെ ആരാധകരും മഴവില്‍ മനോരമയിലെ സീരിയില്‍ പ്രേക്ഷകരുമായ മഹത്തുക്കള്‍ക്ക് ചോദിക്കാം. തീര്‍ച്ചയായും മൂപ്പര്‍ക്ക് എഴുതാം. എപ്പോ ഏത് സാഹചര്യത്തില്‍ എന്ത് എഴുതണം എന്ന കോമണ്‍സെന്‍സ് അവരവരുടെ തീരുമാനമാണ്. 

പക്ഷെ പിന്നീടുള്ള മൂപ്പരുടെ എഴുത്തും കണ്ടുപിടുത്തങ്ങളും മുക്കാലിയില്‍ കെട്ടി മുള്ളുമുരിക്കിന് അടികൊടുക്കേണ്ട വഹയാണ്. 

ബംഗാളില്‍ നിന്നും ബീഹാറില്‍ നിന്നും വന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും നാടുവിട്ടുവെന്നാണ് മൂപ്പരുടെ കണ്ടുപിടുത്തം. അതെന്തായാലും ബംഗാളിയും ബീഹാറിയും അറിഞ്ഞിട്ടില്ല. ഏതോ ഗ്രാമങ്ങളിലെ തങ്ങളുടെ വീട്ടുകാരെയോര്‍ത്ത് ആശങ്കപ്പെട്ട് സഞ്ചരിക്കാന്‍ അനുവാദമില്ലാതെ അവരിപ്പോഴും ഈ നാട്ടിലെ ഷെഡുകളിലും വാടകകെട്ടിടങ്ങളിലും താമസിക്കുന്നുണ്ട്. നമ്മുടെ സര്‍ക്കാര്‍ ഭക്ഷണത്തിനും മരുന്നിനും ഏര്‍പ്പാട് ചെയ്യുന്നുണ്ട്. അത്രയും ആശ്വാസം. 
പിന്നീടാണ് പുള്ളിയുടെ അടുത്ത കണ്ടുപിടുത്തം. കൊറോണകാരണം സ്വന്തം വീടിന്‍റെ ഭൂമിശാസ്ത്രം പോലുമറിയാതെ ജീവിച്ചവര്‍ അതൊക്കെ കാണാന്‍ തുടങ്ങിയിരിക്കുന്നുവത്രേ.

നാട്ടില്‍ വന്ന് കൊറോണ പരത്തിയ ആ കാസര്‍കോഡ്കാരനെക്കുറിച്ചും  പിന്നെ വല്യ വല്യ സൂപ്പര്‍ സ്റ്റാറുകളെക്കുറിച്ചുമൊക്കെയാണ് സാറ് ഇത് പറഞ്ഞതെങ്കില്‍ ഓക്കെ. സാധാരണക്കാരന് അവന്‍റെ വീട് കെട്ടിയ ഇഷ്ടികയുടെ എണ്ണം വരെ അറിയും. അതുണ്ടാക്കിയതിന്‍റെ അധ്വാനം അത്രമേല്‍ വിലപ്പെട്ടതാണ്. അങ്ങനെയാണ് സാര്‍ നാട്ടില്‍ ഒരുപാട് ജീവിതങ്ങള്‍. അപ്പോ പിന്നെ സാറിങ്ങനെ സമാന്യവല്‍കരിച്ച് പറയുന്നത് ശരിയാണോ. ഞങ്ങള്‍ പ്രിവിലേജ്ഡ് ക്ലാസ് ഇങ്ങനെയാണ് എന്ന് പറയുന്നതല്ലേ ശരി. 

അടുത്തതായിട്ടാണ് വലിയ കണ്ടുപിടുത്തം തിരക്കുള്ള ഞങ്ങള്‍ സിനിമക്കാര്‍, ഡോക്ടര്‍മാര്‍, വക്കീലന്‍മാര്‍, ബിസ്നസുകാര്‍ തുടങ്ങിയവരുടെ കണ്ണുതുറപ്പിക്കാന്‍ പ്രകൃതി സ്വയം സൃഷ്ടിച്ചതാണ് കൊറോണ എന്ന് ഈ പാവം അന്തിക്കാടുകാരന് സംശയമുണ്ടത്രേ.. 
ആഹാ ഇതൊരുമാതിരി മറ്റേടത്തെ സൃഷ്ടിയായിപ്പോയി. 
ഈ സിനിമക്കാരുടേം ബിസ്നസുകാരുടേം കണ്ണുതുറപ്പിക്കാന്‍ വല്ല ഇന്‍കംടാക്സ് റെയിഡോ മറ്റോ ഇട്ടാല്‍ പോരാരുന്നോ. ഈ കോറോണ പിടിച്ച് നാട്ടുകാരെ മുഴവന്‍ നട്ടംതിരിക്കണമായിരുന്നോ. 
 
അടുത്തതാണ് പ്രഖ്യാപിത കണ്ടുപിടുത്തം. ബാറില്ലെങ്കിലും സൂര്യന്‍ ഉദിക്കുമെന്ന് ലോക്ക് ഡൗണ്‍ കാലം കൊണ്ട് മനസിലായില്ലേ എന്നതാണ് ബില്യണ്‍ ഡോളര്‍ ചോദ്യം. ശരിയാണ് ബാറ് മാത്രമല്ല തീയറ്റര്‍ ഇല്ലെങ്കിലും സൂര്യന്‍ ഉദിക്കുയും അസ്മതിക്കുകയും ചെയ്യുന്നുണ്ട്. മനുഷ്യന് സിനിമ വേണമെന്നില്ല ടിവി സീരിയലായാലും മതി.  അപ്പോ പിന്നെ തീയറ്ററങ്ങ് അടച്ച് പൂട്ടട്ടോ മിസ്റ്റര്‍ സത്യന്‍ അന്തിക്കാട്. 

ഇതിനൊപ്പം മൂപ്പരുടെ സിനിമയിലേത് പോലെ വകതിരിവില്ലാത്ത  ഉപദേശവും തിരുകിയിട്ടുണ്ട്. ഇവിടെയിപ്പോ മുതലാളിയും തൊഴിലാളിയും ഇല്ല എന്നതാണ് ഒരു ഡയലോഗ്. മിസ്റ്റര്‍ ഇവിടെ മുതലാളിയും തൊഴിലാളിയും ഇപ്പോഴും ഉണ്ട്. മുതലാളിയുടെ കൈയ്യില്‍ പണമുണ്ട്. ഒന്നിനും ഒരു കുഴപ്പവുമില്ല. സാധാരണ തൊഴിലാളികള്‍ക്ക് തൊഴിലില്ല. അവരുടെ കൈയ്യില്‍ പണവുമില്ല. എല്ലാം കുഴപ്പത്തിലുമാണ്. സ്കൂള്‍ തുറന്നാല്‍ കുട്ടികള്‍ക്ക് ബുക്ക് വാങ്ങാന്‍ പണമെവിടുന്ന് എന്നാലോചിച്ച് നട്ടംതിരിയുകയാണ് ഭൂരിഭാഗവും. അങ്ങനയൊരു സൈസൈറ്റിയില്‍ ഇമ്മാതിരി ജല്‍പ്പനങ്ങള്‍ക്ക് പ്രസക്തിയുണ്ടോ എന്ന് സ്വയം ചിന്തിച്ചാല്‍ നന്ന്. 
  
അല്ലു അര്‍ജ്ജുന്‍ മലയാളികളെ ആശ്വസിപ്പിച്ചതും ഇവിടെ തൊഴിലില്ലാതെ പോയ സിനിമാ പ്രവര്‍ത്തകരെ (എന്നുവെച്ചാല്‍ സാധാരണ തൊഴിലാളികളെ)ക്കുറിച്ച് ഓര്‍മ്മിച്ചതും അവര്‍ക്ക് ധനസഹായം നല്‍കിയും ഈ അവസരത്തില്‍ ഓര്‍മ്മിച്ചു പോകുന്നു. എവിടെ എന്ത് സംസാരിക്കണം എന്ന് ചില കേശവന്‍മാമാന്‍മാര്‍ക്ക് അറിയില്ല. ചില സാഹചര്യങ്ങളില്‍ അതൊരു കുറ്റം തന്നെയാണ്. 

അല്ലെങ്കില്‍ തന്നെ മലയാളി പാടത്ത് നെല്ല് വിതയ്ക്കുന്നില്ല കൃഷ്ി ചെയ്യുന്നില്ല കൃഷി ചെയ്യാന്‍ മലയാളിയെ കിട്ടുന്നില്ല എന്നൊക്കെ സ്വന്തം സിനിമയിലൂടെയും അല്ലാതെയും പരാതി പറയുന്നയാളാണ് സത്യന്‍ അന്തിക്കാട്.  മലയാളി ഗള്‍ഫില്‍ പോകുന്നതും പിടിക്കത്തില്ല.  
പ്രശ്നം പഴയ ചാതുര്‍വര്‍ണ്യത്തിന്‍റെ വെറിയാണ്.  ചെത്ത്കാരന്‍റെ മകന്‍ ചെത്ത്കാരന്‍ തന്നെയാവണം. അവന്‍ ഗള്‍ഫില്‍ പോകാനോ പത്ത് കാശുണ്ടാക്കാനോ പാടില്ല. അതാണ് ലൈന്‍. 

പിന്നെ നമ്മള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി വാങ്ങുന്നതിലാണ് മറ്റൊരു പരാതി. ഇവിടെ ഉളളവര്‍ വിദ്യഭ്യാസം നേടിയാല്‍ ഗള്‍ഫില്‍ പോകും. പൈസ ഉണ്ടാക്കും. അപ്പോള്‍ പര്‍ചെയിസിംഗ് പവര്‍ ഉള്ളവരാവും. അങ്ങനെ ഒരു മധ്യവര്‍ത്തി സമൂഹം കേരളത്തില്‍ വളര്‍ന്നു വന്നിട്ടുണ്ട്. അവര്‍ പച്ചക്കറിയും അരിയും കടയില്‍ നിന്ന് വാങ്ങുന്നവരായി മാറുമ്പേള്‍ കൂടിയാണ് ഇതരസംസ്ഥാനത്ത് ഉള്ള ഇന്ത്യക്കാരനായ കൃഷിക്കാരന്‍റെ പോക്കറ്റില്‍ കാശ് വരുന്നത്. അങ്ങനെയാണ് ഈ നാട്ടില്‍ പണത്തിന്‍റെ വിതരണം അല്പമെങ്കിലും നടക്കുന്നത്. അതൊക്കെ മനസിലാകണമെങ്കില്‍ മനുഷ്യപ്പറ്റ് എന്ന സാധനം വേണം. 

എന്തായാലും സത്യന്‍ അന്തിക്കാടോ ഒരു വഹയാണ്. പക്ഷെ ഈ അന്തിക്കാടിന്‍റെയൊക്കെ പോക്കണംകേട് പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളെ പറഞ്ഞാല്‍ മതിയല്ലോ. അവിടെ എഡിറ്ററായി ഇരിക്കുന്നവനെങ്കിലും കുറച്ച് ബോധവും ബുദ്ധിയും വതതിരിവും വേണ്ടേ. 

ഈ പൊട്ടസാഹിത്യത്തിന് മൂപ്പര്‍  കൊടുത്തിരിക്കുന്ന പേരാണ്  ബഹുരസം. ഒടുവിലാന്‍റെ ഇരുമ്പന്‍ പുളി. കുറച്ചു നാളുകള്‍ മുമ്പ് ടിപി സെന്‍കുമാര്‍ പോള്‍ ഹെയ്ലിയുടെ കണ്ടുപിടുത്തം പത്രക്കാരോട് വിശദീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു വനിതാ ജേണലിസ്റ്റ് ടിയാന്‍റെ വര്‍ഗീയത സഹിക്ക വയ്യാതെ അവന്‍റെ'അമ്മൂമ്മേടെ പോള്‍ ഹെയ്ലി' എന്ന് പറഞ്ഞുകൊണ്ട് ഇറങ്ങിപ്പോയ വീഡിയോ കണ്ടിരുന്നു. ലേഖകന് സത്യന്‍ അന്തിക്കാടിനോടും അതേ പറയാനുള്ളു. അവന്‍റെ അമ്മൂമ്മേടെ ഇരുമ്പന്‍ പുളി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക