Image

`ഡുലാക്ക്‌ മിഷന്‍' ന്യൂഓര്‍ലിയന്‍സില്‍ ചുഴലിക്കാറ്റില്‍ തകര്‍ന്ന വീടുകള്‍ പുനരുദ്ധരിക്കുന്നു

ജോസ്‌ മാളേയ്‌ക്കല്‍ Published on 23 May, 2012
`ഡുലാക്ക്‌ മിഷന്‍' ന്യൂഓര്‍ലിയന്‍സില്‍ ചുഴലിക്കാറ്റില്‍ തകര്‍ന്ന വീടുകള്‍ പുനരുദ്ധരിക്കുന്നു
ഫിലാഡല്‍ഫിയ: മാര്‍ത്തോമ്മാസഭ അമേരിക്കന്‍ ഭദ്രാസനത്തിന്റെ നേറ്റീവ്‌ അമേരിക്കന്‍ മിഷന്‍ പ്രോജക്ടായ `ഡുലാക്ക്‌ മിഷന്‍' ലൂസിയാനയില്‍ ന്യൂഓര്‍ലിയന്‍സിലെ ഡുലാക്‌ എന്ന മല്‍സ്യബന്ധനമേഖലയിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക്‌ വാസയോഗ്യമായ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന ബ്രഹത്തായ ഒരു പ്രോജക്‌റ്റ്‌ കഴിഞ്ഞ 6 വര്‍ഷങ്ങളായി നടത്തിവരുന്നു. മെത്തോഡിസ്റ്റ്‌ സഭയും, ന്യൂഓര്‍ലിയന്‍സിലെ നേറ്റീവ്‌ അമേരിക്കന്‍ വംശജരും, ഫിലാഡല്‍ഫിയായിലെ എക്യൂമെനിക്കല്‍ പ്രസ്ഥാനവും ഇക്കാര്യത്തില്‍ അവരെ സഹായിക്കുന്നു.

നേറ്റീവ്‌ അമേരിക്കന്‍ വിഭാഗത്തില്‍പെട്ട പാവപെട്ട ഹുമാ ഇന്‍ഡ്യന്‍ വംശജര്‍ ധാരാളമായി വസിക്കുന്ന മല്‍സ്യബന്ധനഗ്രാമമായ ഡുലാക്‌ ലൂസിയാനയിലെ
ന്യൂഓര്‍ലീന്‍സിനടുത്തുള്ള ഒരു കുഗ്രാമമാണു. 2005 ലുഭായ കത്രീനാ, റീത്താ എന്നീ ചുഴലികൊടുംകാറ്റുകളില്‍ തകര്‍ന്നു തരിപ്പണമായ പ്രദേശം. തകര്‍ന്നുപോയ അവരുടെ വീടുകള്‍ പുതുക്കിപ്പണിയുന്നതിനോ, പുതിയവ നിര്‍മ്മിക്കുന്നതിനോ ഈ വംശജര്‍ ക്കു സാധിക്കുന്നില്ല. ഗവണ്‍മന്റില്‍നിന്നും കാര്യമായ സഹായമൊന്നും
ഇവര്‍ക്കു ലഭിക്കുന്നില്ല. 2006 ല്‍ അഭിവമ്പ്യ കൂറിലോസ്‌ തിരുമേനിയുടെ നേതൃത്വത്തില്‍ ഒരു സംഘം ലൂസിയാനയിലെത്തി ഹ്യൂമാവംശജരുമായി ചര്‍ച്ചകള്‍ നടത്തി അവരെ സഹായിക്കുന്നതിനുള്ള ഒരു
ഉഭയകക്ഷികരാറിലേര്‍പ്പെട്ടു. അതനുസരിച്ച്‌ 2007 മുതല്‍ മാര്‍ത്തോമ്മാ സഭയുടെ അമേരിക്കന്‍ ഡയോസിസിന്റെ നേതൃത്വത്തില്‍ വോളന്റിയര്‍മാര്‍ വിവിധ ഗ്രൂപ്പുകളായി യുണൈറ്റെഡ്‌ മെത്തോഡിസ്റ്റ്‌
ഡിസാസ്റ്റര്‍ റെക്കവറി മിനിസ്‌ട്രിയുടെ സഹകരണത്തോടെ ഹ|മാ കമ്യൂണിറ്റിയുടെ വീടുകള്‍ നന്നാക്കി താമസയോഗ്യമാക്കി അവര്‍ക്കു നല്‍കി തുടങ്ങി. കഴിഞ്ഞ എല്ലാ വര്‍ഷങ്ങളിലും വിവിധ സ്ഥലങ്ങളില്‍നിന്നുള്ള സേവനസന്നദ്ധരായ ധാരാളം വോളന്റിയര്‍മാര്‍ സ്വന്തം ചെലവില്‍ ലൂസിയാനയിലെത്തി കാറ്റില്‍ തകര്‍ന്ന വീടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തി ഹുമാവംശജര്‍ക്കു വാസയോഗ്യമാക്കി കൊടുത്തു.

തൊഴില്‍ രഹിതരും, നിരക്ഷരരും, നിരാലംബരുമായ ഇവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനു ഒരു കൈത്താങ്ങായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായി ഒരു പറ്റം വോളന്റിയേഴ്‌സ്‌ സഹോദരസ്‌നേഹത്തിന്റെ നാടായ ഫിലാഡല്‍ഫിയയില്‍നിന്നും ഓ. സി. എബ്രാഹം, നിര്‍മ്മല ഏബ്രാഹം എന്നീ ദമ്പതികളുടെ നേതൃത്വത്തില്‍ വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം വീതം ഡുലാക്കില്‍ ഒരാഴ്‌ച്ചക്കാലത്തേക്ക്‌ സൗജന്യസേവനം ചെയ്‌തുവരുന്നു. കഴിഞ്ഞ 6 വര്‍ഷങ്ങളിലായി ഇവര്‍ മുപ്പതിനായിരത്തില്‍പരം ഡോളറും, അയ്യായിരത്തിലേറെ മണിക്കൂറുകളുടെ മനുഷ്യപ്രയത്‌നവും ചെലവഴിച്ചു കഴിഞ്ഞു. സൗജന്യവൈദ്യസേവനം, പെയിന്റിംഗ്‌, പ്ലംബിംഗ്‌, ഫ്‌ളോറിംഗ്‌ എന്നു തുടങ്ങി തകര്‍ന്ന വീടുകളുടെ അറ്റകുറ്റപ്പണികള്‍ ചെയ്‌തുകൊടുക്കുക, വീടുകളുടെ പുനര്‍നിര്‍മ്മാണത്തിനാവശ്യമായ സാധനസാമഗ്രികള്‍
വാങ്ങിക്കുക എന്നിങ്ങനെയുള്ള സേവന പ്രവര്‍ത്തനങ്ങളാണിവര്‍ അവിടെ ചെയ്‌തുകൊടുത്തുകൊണ്ടിരിക്കുന്നത്‌.

ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2011 ല്‍ സമാഹരിച്ച ജീവകാരുണ്യ നിധിയില്‍നിന്നും 3500 ഡോളര്‍ ഡൂലാക്‌ മിഷനായി സംഭാവന ചെയ്‌തിരുന്നു. വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള സാധനസാമഗ്രികള്‍ വാങ്ങുന്നതിനു ഈ പണം വിനിയോഗിച്ചു. ഏപ്രില്‍ 18 മുതല്‍ 22 വരെ ഒരാഴ്‌ച്ചക്കാലം ഫിലാഡല്‍ഫിയായില്‍നിന്നുള്ള 10 വോളന്റിയര്‍മാര്‍ ന്യൂഓര്‍ലിയന്‍സിലെത്തി 2 വീടുകള്‍ അറ്റകുറ്റപ്പണികള്‍ ചെയ്‌ത്‌ വാസയോഗ്യമാക്കി നല്‍കി. ഫിലാഡല്‍ഫിയാ എക്യൂമെനിക്കല്‍ കൂട്ടായ്‌മയില്‍നിന്നുള്ള വോളന്റിയേഴ്‌സ്‌ ആദ്യമായിട്ടാണു ഈ സേവനപദ്ധതിയില്‍ ഭാഗഭാക്കുകളാകുന്നത്‌. പങ്കെടുത്തവര്‍ക്ക്‌ നല്ലൊരു അനുഭവമായിരുന്നു ഈ കരുണപ്രവൃത്തിയിലൂടെ ലഭിച്ചത്‌. ഓ. സി. എബ്രാഹമിന്റെ നേതൃത്വത്തില്‍ `ലവ്‌ ഇന്‍ ആക്‌ഷന്‍' പ്രവര്‍ത്തനത്തില്‍ നിര്‍മ്മല എബ്രാഹം (ഫിലാഡല്‍ഫിയ മാര്‍ത്തോമ്മാ പള്ളി), ബന്‍ജമിന്‍ ജോര്‍ജ്‌ (ക്രിസ്റ്റോസ്‌ മാര്‍ത്തോമ്മാ പള്ളി), രജി എബ്രാഹം, ബിന്നി ചെറിയാന്‍ (ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളി), ജൈനമ്മ ചെറിയാന്‍, ഷീനാ ചെറിയാന്‍, (ബഥേല്‍ മാര്‍ത്തോമ്മാ പള്ളി), ആന്റണി സാന്റിയാഗോ, ബന്‍ജമിന്‍ സാന്റിയാഗോ (കാല്‍വരി ചാപ്പല്‍, ചാഡ്‌ഫോര്‍ഡ്‌), ലെവന്‍ തോമസ്‌ (സെ. തോമസ്‌ മാര്‍ത്തോമ്മാ പള്ളി, ന്യൂയോര്‍ക്ക്‌) എന്നിവര്‍ 2012 ഏപ്രില്‍ 18 മുതല്‍ 22 വരെ ഡൂലാക്കില്‍ സൗജന്യസേവനം ചെയ്‌തുകൊടുത്തു.

വര്‍ഷത്തില്‍ രണ്ടുതവണവീതം നടത്തപ്പെടുന്ന ഈ മിഷന്‍ പ്രവര്‍ത്തനത്തില്‍ താല്‍പര്യമുള്ള ആര്‍ക്കും പങ്കെടുക്കാവുന്നതാണു. അടുത്ത ദൗത്യം നവംബര്‍ 14 മുതല്‍ 18 വരെയായിരിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഈ പ്രോജക്ടിന്റെ ചുമതല വഹിക്കുന്ന ഓ.സി. എബ്രാഹമിനെയോ, നിര്‍മ്മല എബ്രാഹമിനെയോ 302 239 7119 എന്ന ഫോണ്‍ നമ്പരിലോ ocnirmala@aol.com എന്ന ഇ മെയിലിലൂടെയോ വിശദവിവരങ്ങള്‍ക്കായി ബന്ധപ്പെടുക.
`ഡുലാക്ക്‌ മിഷന്‍' ന്യൂഓര്‍ലിയന്‍സില്‍ ചുഴലിക്കാറ്റില്‍ തകര്‍ന്ന വീടുകള്‍ പുനരുദ്ധരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക