Image

അലൈപായുതേ ഓര്‍മ പങ്കുവെച്ച്‌ നടന്‍ മാധവന്‍

Published on 14 April, 2020
അലൈപായുതേ ഓര്‍മ പങ്കുവെച്ച്‌ നടന്‍ മാധവന്‍

20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഏപ്രില്‍ 14 ന് മണിരത്നം പ്രേക്ഷകര്‍ക്കായി സമ്മാനിച്ച ഒരു പ്രണയകാവ്യമായിരുന്നു അലൈപായുതേ. 


ചിത്രം പുറത്തിറങ്ങി 20 വര്‍ഷം പിന്നിട്ടിട്ടും ‌ ഇന്നും കാര്‍ത്തിക്കും ശക്തിയും തീവണ്ടിയിലെ പ്രണയവും പ്രേക്ഷകരുടെ മനസ്സില്‍ മായാതെ കിടക്കുന്നു. മണിരത്നത്തിന്റെ മാജിക്കല്‍ ഫ്രെയിമിനൊപ്പം എആര്‍ റഹ്മാന്റെ മനോഹര സംഗീതവും കൂടിയായപ്പോള്‍ ചിത്രം മാറ്റൊരു തലത്തിലേയ്ക്ക് പോകുകയായിരുന്നു.



ചിത്രം ബോക്സോഫീസില്‍ വന്‍ വിജയം നേടുന്നതിനോടൊപ്പം നടന്‍ മാധവന്റേയും ശാലിനിയുടേയും തലവരമാറുകയായിരുന്നു. 


നിരവധി ഹിറ്റ് ചിത്രങ്ങള്‍ കരിയറില്‍ ഉണ്ടെങ്കിലും ഇന്നും പ്രേക്ഷകരുടെ മനസില്‍ ആദ്യം എത്തുന്നത് കാര്‍ത്തിക്കും ശക്തിയുമാണ്. ചിത്രം പുറത്തിറങ്ങി 20 വര്‍ഷം പിന്നീ‌ടുമ്ബോള്‍ ആലൈപായുതെ ഓര്‍മ പങ്കുവെച്ച്‌ മാധവന്‍.


ചിത്രത്തിന്റെ മികച്ച നിമിഷങ്ങളുടെ ഒരു കൊളാഷ് പങ്കുവെച്ചു കൊണ്ടായിരുന്നു മാഡിയുടെ ട്വീറ്റ്. മാധവന്റെ ആദ്യം ചിത്രം കൂടിയായിരുന്നു ഇത്.


എന്റെ ആദ്യ ചിത്രം പുറത്തിറങ്ങി 20 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. അലൈപായുതേയുടെ 20 വര്‍ഷം. എന്നേയും ചിത്രത്തിന്റെ ഓര്‍മകളും നിലനിര്‍ത്തിയ എല്ലാവര്‍ക്കും

നന്ദി," അദ്ദേഹം ട്വീറ്റ് ചെയ്തു. 


ചിത്രത്തിന്റ ഛായാഗ്രാഹകന്‍ പിസി ശ്രീറാമും അലൈപായുതേ ഓര്‍മ പങ്കുവെച്ച്‌ രംഗത്തെത്തിയിട്ടുണ്ട്. ഏപ്രില്‍ 14, ലോക സിനിമ പ്രേമികളുടെ മനസ്സുകളില്‍ അലൈപായുതെ എത്തിയിട്ട് രണ്ട് പതിറ്റാണ്ട്. ചിത്രത്തില്‍ മാധവനും ശാലിനിയും തകര്‍ത്ത് അഭിനയിച്ച ഒരു സീന്‍ പങ്കുവെച്ചു കൊണ്ടായിരുന്നു ട്വീറ്റ് ചെയ്തത്.



20 വര്‍ഷം ഒരു സിനിമ പ്രേക്ഷകരുടെ മനസ്സില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ അതിന് എന്തെങ്കിലും ഒരു പ്രത്യേകതയുണ്ടായിരിക്കണം. ന്യൂ ജനറേഷന്‍ സിനിമകള്‍ക്ക് ക്ഷാമമില്ലാത്ത കാലത്ത്, ഇപ്പോഴും ആലൈപായുതെ ശ്രദ്ധിക്കപ്പെടണമെങ്കില്‍ എന്തോ ഒരു അദൃശ്യ രുചിക്കൂട്ട് ഉണ്ടെന്നാണര്‍ത്ഥം. 


അലൈപായുതേയുടെ വിജയത്തിന് പിന്നിലെ എടുത്തു പറയേണ്ട ഘടകം സിനിമയുടെ പാട്ടാണ്. ഇന്നും പ്രേക്ഷകരുടെ ചുണ്ടുകളില്‍ ചിത്രത്തിലെ ഗാനങ്ങള്‍ ഇടപിടിക്കുന്നുണ്ട്.


എന്‍ട്രന്‍ട്രം പുന്നകൈ, പച്ചെ നിറമേ.. തുടങ്ങിയ ഗാനങ്ങള്‍ ഇന്നും സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്ങാണ്. മണിരത്‌നത്തിന്റെ പ്രണയത്തിന് കണ്ണില്ല, മൂക്കില്ല, മരണമില്ല. അതു കൊണ്ടാണ് ഇന്നും ആലൈപായുതെ പ്രേക്ഷകരുടെ മനസ്സുകളില്‍ ജീവിക്കുന്നത്.

അലൈപായുതേ ഓര്‍മ പങ്കുവെച്ച്‌ നടന്‍ മാധവന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക