Image

പ്രവാസി ഇന്ത്യക്കാരുടെ കാര്യത്തില്‍ നടപടി എളുപ്പമാക്കണം: പിസിഎഫ്

Published on 13 April, 2020
 പ്രവാസി ഇന്ത്യക്കാരുടെ കാര്യത്തില്‍ നടപടി എളുപ്പമാക്കണം: പിസിഎഫ്


ജിദ്ദ: ജോലിയും ശമ്പളവും ഇല്ലാതെ ഗള്‍ഫ് നാടുകളില്‍ കഷ്ടപ്പെടുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടി കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി നടത്തണമെന്ന് ജിദ്ദ പിസിഎഫ് ആവശ്യപ്പെട്ടു.

കോവിഡ് 19 ഗള്‍ഫ് മേഖലകളില്‍ ദിനം പ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രവാസികളില്‍ അസുഖമുള്ളവര്‍ക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് പല മേഖലകളിലും ഉള്ളത്. കോവിഡ് പോസിറ്റീവ് ആയകേസുകള്‍ വരെ വേണ്ട രീതിയില്‍ സ്വീകരിക്കാന്‍ കഴിയാതെ തിരിച്ചു താമസസ്ഥലത്തേക്ക് പോകേണ്ടി വന്നസാഹചര്യം ഏറെ പ്രവാസി സമൂഹത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. സാമ്പത്തിക ഞെരുക്കം കാരണം പല ഗള്‍ഫ് മേഖലകളിലും പ്രവാസി സമൂഹം കോവിഡ് പ്രതിരോധനിയമം പാലിക്കപ്പെടാതെ റൂമുകളില്‍ താമസിക്കുന്ന അവസ്ഥയും നിലനില്‍ക്കുന്നുണ്ട്.

ഗള്‍ഫ് മേഖലകളിലെ എംബസി കോണ്‍സുലേറ്റ് മുഖേന ക്വാറന്റൈന്‍ സംവിധാനം ഒരുക്കി മരുന്നും ചികിത്സയും ലഭ്യമാക്കാനും തുടര്‍ന്നുള്ള ചികിത്സക്ക് വിദഗ്ദ ഡോക്ടര്‍മാരുടെ സേവനം ലഭ്യ മാക്കാനും കേന്ദ്ര സര്‍ക്കാര്‍ സാഹചര്യം ഒരുക്കേണ്ടതുണ്ട്.
കേന്ദ്ര സഹമന്ത്രിയും കേരളത്തിലെ എംപിമാരും വിഷയത്തിന്റെ ഗൗരവം മനസിലാക്കി കേന്ദ്ര സര്‍ക്കാരില്‍ ഇടപെടല്‍ ശക്തമാക്കണമെന്നും പിസിഎഫ് നേതാക്കള്‍ അഭ്യര്‍ഥിച്ചു. എല്ലാം നഷ്ടപ്പെട്ടു നാട്ടിലെത്തുന്ന പ്രവാസി കളുടെ കുടുംബത്തെ സാമൂഹ്യ മായും സാമ്പത്തികമായും സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാവണമെന്നും പിസിഎഫ് അഭ്യര്‍ഥിച്ചു.

ദിലീപ് താമരക്കുളം, അബ്ദുറസാക്ക് മാസ്റ്റര്‍ മമ്പുറം, ഉമര്‍ മേലാറ്റൂര്‍, അബ്ദുല്‍ റഷീദ് ഓയൂര്‍ എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക