Image

അവതാരം (കവിത: ജയന്‍ വര്‍ഗീസ്)

Published on 12 April, 2020
അവതാരം (കവിത: ജയന്‍ വര്‍ഗീസ്)
ഒരു കൊച്ചു വൈറസിന്‍ കര വലയത്തില്‍ നാം
ഒരുമിച്ചുറങ്ങാന്‍ പഠിച്ചു.
അതിരുകള്‍ ഭേദിച്ചു മനുഷ്യന്റെ സൗഹൃദം
ഒരു വര്‍ഗ്ഗമാവാന്‍ പഠിച്ചു.

പല വര്‍ഗ്ഗമായ് നമ്മള്‍ ചിതറിയ തടവില്‍ നി 
ന്നൊരു പച്ച മനുഷ്യനായ് മാറി,
മതിലുകള്‍ പണിയുന്ന മനസ്സിന്റെ താഴുകള്‍
തകരുന്ന ചിത്രങ്ങള്‍ കണ്ടു !

അണു ബോംബ് വിന്യസി, ച്ചതിരുകള്‍ കാക്കുന്ന
ഭരണാധികാരികള്‍ പോലും
ഒരു തുള്ളി, യൗഷധ, ക്കനിവിനായ് യാചിച്ച
ദയനീയ ചിത്രങ്ങള്‍ കണ്ടു.

അകലത്തെ ശത്രുവി, ന്നിടനെഞ്ചു പിളരുന്ന 
യതി സൂക്ഷ്മ യുദ്ധ തന്ത്രങ്ങള്‍,
വെറുതെയായ്, യവനെന്റെ യരുമയാം സഖിയാണെ 
നുരുവിടാന്‍ വീണ്ടും പഠിച്ചു.

അതിരുകളില്ലാത്ത ലോകത്ത്, നെറ്റിയില്‍
പതിയുന്ന ചാപ്പകള്‍ മാറ്റി,  
കുട ചൂടി നില്‍ക്കുമീ, യാകാശക്കുടിലിന്റെ 
യടിയിലായ് മനുഷ്യന്റെ വര്‍ഗ്ഗം,

അപരന്റെ വേദന, ക്കൊരു നുള്ള് സ്വാന്തന 
മെറിയുന്ന മനസ്സുമായ് നില്‍ക്കെ,
മനുഷ്യനെ, പച്ചയാം മനുഷ്യനെ, ക്കാണുവാ
നുഴറുന്ന ദൈവീക നീതി,

കപട വിശ്വാസത്തിന്‍ സൂകരക്കുഴികളി
ലുഴറുമീ മൂത്തുകള്‍ക്കായി,
ഒരു കൊച്ചു വൈറസ്സാ
യവതരിച്ചീടുന്നു : തല്ലുവാനല്ല, തലോടാന്‍ !

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക