Image

റോംനി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിന്‌ അരികെ; റോംനിയുടെ സ്ഥാനാര്‍ഥിത്വം നാണക്കേടെന്ന് ബ്രൂസ് വില്ലിസ്

Published on 23 May, 2012
റോംനി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിന്‌  അരികെ; റോംനിയുടെ സ്ഥാനാര്‍ഥിത്വം നാണക്കേടെന്ന് ബ്രൂസ് വില്ലിസ്
വാഷിംഗ്ടണ്‍: മുന്‍ മാസ്ച്യുസെറ്റ്‌സ് ഗവര്‍ണര്‍ മിറ്റ് റോംനി റിപ്പബ്ലിക്കന്‍ സ്ഥാന്‍ഥിത്വത്തിന് തൊട്ടടുത്തെത്തി. ചൊവ്വാഴ്ച നടന്ന കെന്റക്കി, അര്‍കന്‍സാസ് പ്രൈമറി വിജയങ്ങളാണ് റോംനിയെ സ്ഥാനാര്‍ഥിത്വത്തിന് അരികെയെത്തിച്ചിരിക്കുന്നത്. പ്രധാന എതിരാളികളെല്ലാം പിന്‍മാറിയതോടെ വലിയ വെല്ലുവിളികളൊന്നുമില്ലാതെയായിരുന്നു റോംനിയുടെ ജയം. കെന്റക്കിയിലെ ജയത്തോടെ 42 ഡെലിഗേറ്റുകളുടെ പിന്തുണ ഉറപ്പാക്കിയ റോംനി അര്‍കന്‍സാന്‍സിലെ 33 ഡെലിഗേറ്റുകളില്‍ 31 പേരുടെ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട്. ഇന്നത്തെ വിജയങ്ങളോടെ റോംനിയ്ക്കിപ്പോള്‍ 1065 ഡെലിഗേറ്റുകളുടെ പിന്തുണയായി. ജൂലൈയില്‍ ടാംപയില്‍ നടക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്‍വെന്‍ഷനില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കാനായി 1,144 ഡെലിഗേറ്റുകളുടെ പിന്തുണയാണ് വേണ്ടത്. ഈ മാസം 29ന് ടെക്‌സാസിലാണ് അടുത്ത പ്രൈമറി. അവിടെനിന്ന് 152 ഡെലിഗേറ്റുകളാണുള്ളത്. ടെക്‌സാസ് പ്രൈമറിയോടെ റോംനി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കുമെന്നാണ് കരുതുന്നത്.

റോംനിയുടെ സ്ഥാനാര്‍ഥിത്വം നാണക്കേടെന്ന് ബ്രൂസ് വില്ലിസ്

വാഷിംഗ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മിറ്റ് റോംനി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം നേടുകയാണെങ്കില്‍ അത് വലിയ നാണക്കേടാണെന്ന് നടന്‍ ബ്രൂസ് വില്ലിസ്. നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആരു ജയിച്ചാലും തനിക്ക് ഒന്നുമില്ലെന്നും ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വില്ലിസ് പറഞ്ഞു. അതെ റോംനി വലിയ നിരാശയാണ് നല്‍കുന്നത്. വലിയ നാണക്കേടും-വില്ലിസ് വ്യക്തമാക്കി. ഒരുദിവസം കൊണ്ട് എല്ലാം മാറ്റിമറിക്കുമെന്ന് അവകാശപ്പെടുന്നവരുണ്ട്. റോംനിയും അതുപോലെ തന്നെയാണ്. ഒന്നും സംഭവിക്കാന്‍ പോവുന്നില്ലെന്ന് നമുക്ക് എല്ലാവര്‍ക്കുമറിയാം. എല്ലാവരും ഒബാമയാവാനാണ് ആഗ്രഹിക്കുന്നത്. എന്നിട്ടോ ഒബാമ എന്തുമാറ്റമാണ് വരുത്തിയതെന്നും വില്ലിസ് ചോദിച്ചു.

ടിവി റിമോട്ട് കണ്‍ട്രോളിന്റെ ഉപജ്ഞാതാവ് അന്തരിച്ചു

ഷിക്കാഗോ: ടിവി റിമോട്ട് കണ്‍ട്രോളിന്റെ ഉപജ്ഞാതാവ് യൂജിന്‍ പോളി അന്തരിച്ചു. 96 വയസായിരുന്നു. യുഎസിലെ ഷിക്കാഗോയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ടിവിയുടെ നാല് മൂലകളില്‍ ഘടിപ്പിച്ച ഫോട്ടോ സെല്ലുകളുടെ സഹായത്തോടെ പ്രവര്‍ത്തിച്ച 'ഫ്‌ളാഷ് മാറ്റിക്' ആണ് ആദ്യത്തെ വയര്‍ലെസ് റിമോട്ട് കണ്‍ട്രോള്‍. 1955ലാണ് അമേരിക്കയിലെ സെനിത്ത് ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷനിലെ എഞ്ചിനീയര്‍ ആയിരുന്ന യൂജിന്‍ പോളി ഇത് വികസിപ്പിച്ചെടുത്തത്. ഇന്ന് ശബ്ദംകൊണ്ടു നിയന്ത്രിക്കാവുന്ന ടെലിവിഷന്‍ സെറ്റുകള്‍ വിപണിയില്‍ എത്താനിരിക്കെ, ടിവി ചാനലുകള്‍ മാറ്റാന്‍ ഓരോ തവണയും എഴുന്നേല്‍ക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കിയ വയര്‍ലെസ് റിമോട്ട് കണ്‍ട്രോള്‍ എന്ന സംവിധാനം അരനൂറ്റാണ്ടിലധികമായി ജനങ്ങള്‍ ആശ്രയിക്കുന്നു.

1950ല്‍ സെനിത്ത് ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ആദ്യത്തെ പ്രവര്‍ത്തനക്ഷമമായ ടിവി റിമോട്ട് കണ്‍ട്രോള്‍ കണ്ടുപിടിച്ചു. ലെയ്‌സി ബോണ്‍സ് എന്ന പേരിലറിയപ്പെട്ടിരുന്ന ഈ റിമോട്ട് ഒരു വയര്‍ മുഖേനയായിരുന്നു ടിവിയുമായി ഘടിപ്പിച്ചിരുന്നത്. റിമോട്ടില്‍ വിരലമര്‍ത്തുമ്പോള്‍ ടിവിയില്‍ ബന്ധിപ്പിച്ച ഒരു മോട്ടോര്‍ പ്രവര്‍ത്തിക്കുകയും അതിനനുസരിച്ച് മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്തു.

പക്ഷെ നിലത്തുകൂടി ഇഴഞ്ഞു നടക്കുന്ന വയര്‍ ഒരു പ്രശ്‌നമായി നിലനിന്നു. തുടര്‍ന്ന് സെനിത്ത് മറ്റു സാധ്യതകള്‍ ആരാഞ്ഞതിന്റെ ഫലമായിരുന്നു പോളിയുടെ ചരിത്രപരമായ കണ്ടുപിടുത്തമുണ്ടായത്. 47 വര്‍ഷം നീണ്ട കരിയറില്‍ അദ്ദേഹം 18 യുഎസ് പേറ്റന്റുകളാണ് നേടിയത്. ഇതില്‍ പുഷ് ബട്ടണ്‍ കാര്‍ റേഡിയോ, ഇന്നത്തെ ഡിവിഡിയുടെ മുന്‍ഗാമിയായ വീഡിയോ ഡിസ്‌ക് എന്നിവ ഉള്‍പ്പെടും. ലോക ജനതയുടെ ജീവിത രീതികള്‍ മാറ്റിമറിച്ച കണ്ടുപിടുത്തങ്ങള്‍ക്ക് അദ്ദേഹത്തെ തേടി നിരവധി പുരസ്‌കാരങ്ങളും എത്തിയിട്ടുണ്ട്. 1997ല്‍ പോളിയ്ക്കു എമ്മി അവാര്‍ഡ് ലഭിച്ചു.

യുഎസ് പ്രതിരോധ സെക്രട്ടറി ജൂണ്‍ ആദ്യം ഇന്ത്യയിലെത്തും

വാഷിംഗ്ടണ്‍: യുഎസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ ജൂണ്‍ ആദ്യവാരം രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഏഷ്യന്‍ പര്യടനത്തിനിടെയാണ് പനേറ്റ ഇന്ത്യയിലെത്തുന്നതെന്ന് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ അറിയിച്ചു. കൃത്യമായ തീയതി പുറത്തുവിട്ടിട്ടില്ലെങ്കിലും ജൂണ്‍ അഞ്ച്, ആറ് തീയതികളിയായിരിക്കും സന്ദര്‍ശനമെന്നാണ് സുചന. പ്രതിരോധ സെക്രട്ടറി എന്ന നിലയില്‍ പനേറ്റയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനവുമാണിത്. വിയറ്റ്‌നാമില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരിക്കും പനേറ്റ ഇന്ത്യയില്‍ എത്തുക എന്ന് പെന്റഗണ്‍ വക്താവ് ജോര്‍ജ് ലിറ്റില്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക