Image

സുഖം പ്രാപിച്ചവരില്‍ കൊറോണ രോഗം വീണ്ടും വരുന്നതായി റിപ്പോര്‍ട്ട്

Published on 12 April, 2020
 സുഖം പ്രാപിച്ചവരില്‍ കൊറോണ രോഗം വീണ്ടും വരുന്നതായി റിപ്പോര്‍ട്ട്


ലണ്ടന്‍: ആഗോളതലത്തില്‍ പകര്‍ച്ചവ്യാധിയുടെ പുനരുജ്ജീവനത്തെ തടയാന്‍ മതിയായ രോഗപ്രതിരോധനശേഷി രോഗം സുഖം പ്രാപിച്ചവരിലുണ്ടാവുമെന്ന് പല രാജ്യങ്ങളും പ്രതീക്ഷിക്കവേ,സുഖം പ്രാപിച്ച ആളുകള്‍ക്കുതന്നെ വീണ്ടും വൈറസ് ബാധയുണ്ടാകുന്നതായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തി. ഈ റിപ്പോര്‍ട്ട് അന്താരാഷ്ട്ര തലത്തില്‍ കൊറോണ രോഗ പ്രതിരോധന നടപടികളില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്.

മുമ്പ് കരുതിയിരുന്നതിലും കൂടുതല്‍ കാലം രോഗികളില്‍ വൈറസ് സജീവമായി തുടരുമെന്ന ആശങ്കയും പ്രസ്തുത റിപ്പോര്‍ട്ടുകള്‍ നല്‍കുന്നു.വൈറസ് ബാധിച്ചു നെഗറ്റിവ് ആയി എന്നു കണ്ടെത്തിയ 91 രോഗികള്‍ക്ക് വീണ്ടും വൈറസ് രോഗ ബാധ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായി കൊറിയന്‍ ആരോഗ്യ അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച വരെ ഇത്തരക്കാരുടെ സംഖ്യ 51 ആണ്.

കൊറിയ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (കെസിഡിസി) ദക്ഷിണ കൊറിയയില്‍ ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശമായ ഡേഗു നഗരത്തിലേക്ക് ഒരു ഗവേഷക ടീമിനെ കൂടുതല്‍ പഠനാര്‍ഥം അയച്ചതായി അറിയിച്ചു.

ഡിസ്ചാര്‍ജ് ചെയ്ത രോഗികള്‍ക്ക് വീണ്ടും വൈറസ് ബാധിതരാകാന്‍ നിരവധി മാര്‍ഗങ്ങളുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. സുഖപ്പെടുന്ന രോഗികള്‍ക്ക് SARS-CoV-2 ലേക്ക് പ്രതിരോധശേഷി വികസിപ്പിക്കുന്നതിന് ആവശ്യമായ ആന്റി ബോഡികള്‍ അവരില്‍ നിര്‍മിക്കുവാന്‍ കഴിയുന്നില്ല. അതിനാല്‍ തന്നെ വീണ്ടും രോഗം പിടിക്കുവാന്‍ സാധ്യതയുണ്ടാകുന്നു. പ്രസ്തുത വൈറസ് 'ബൈപാസിക്' ആകാം, അതായത് പുതിയ ലക്ഷണങ്ങള്‍ സൃഷ്ടിക്കുന്നതിനുമുമ്പ് ഇത് പ്രവര്‍ത്തനരഹിതമായി ഉള്ളില്‍ കിടക്കുന്നു.

ടൂര്‍-ബസ് ഗൈഡായി ജോലി ചെയ്യുന്ന ഒരു സ്ത്രീ കൊറോണ വൈറസിനു രണ്ടാമതും പോസിറ്റീവ് സ്ഥിരീകരിക്കപ്പെട്ടതായി ജപ്പാനിലെ ഒസാക്ക പ്രിഫെക്ചറല്‍ സര്‍ക്കാര്‍ ബുധനാഴ്ച പറഞ്ഞു. ചൈനയില്‍ നിന്നുള്ള സമാന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് രാജ്യത്തുടനീളം ഡിസ്ചാര്‍ജ് ചെയ്ത രോഗികളെ ആശുപത്രിയില്‍ നിന്ന് മോചിപ്പിച്ച ശേഷം വീണ്ടും തിരിച്ചു വിളിച്ചു പരിശോധന നടത്തുന്നുണ്ടത്രേ.

ഇത്തരം രോഗികള്‍ രോഗം പരത്തുവാന്‍ കാരണക്കാരാവുമെന്നു കണ്ടെത്തിയിട്ടില്ലെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.രോഗികളെ ഡിസ്ചാര്‍ജ് ചെയ്യണമോ എന്ന് തീരുമാനിക്കുമ്പോള്‍ ആശുപത്രികള്‍ മൂക്കിന്റേയും തൊണ്ടയുടെയും സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ടെന്ന് വെസ്റ്റ് ചൈന ഹോസ്പിറ്റലിലെ പകര്‍ച്ചവ്യാധി കേന്ദ്രത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ലീ സ്യൂസോംഗ് പറഞ്ഞു. പുതിയ പരിശോധനകള്‍ ശ്വാസകോശത്തില്‍ ലഘുവായ വൈറസ് ബാധ ഉണ്ടോയെന്ന് കണ്ടെത്തുവാന്‍ സഹായിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക