Image

സ്വപനങ്ങള്‍ നഷ്ട്ടപ്പെട്ടു, എന്നാലും പ്രതീക്ഷ (വാല്‍ക്കണ്ണാടി - കോരസണ്‍)

Published on 12 April, 2020
സ്വപനങ്ങള്‍ നഷ്ട്ടപ്പെട്ടു, എന്നാലും പ്രതീക്ഷ (വാല്‍ക്കണ്ണാടി - കോരസണ്‍)
ജീവിതത്തിന്റെ നോവുകള്‍ അരിച്ചുകയറുന്ന ഒരു കൂട്ടം ആളുകളുടെ കഥനകഥയാണ് ഇന്ന് ന്യൂയോര്‍ക്കിലും ലോകത്തിന്റെ ഇതര സ്ഥലങ്ങളിലും എഴുതപ്പെടുന്നത്, ഈ നൂറ്റാണ്ടിലെ ഏറ്റവും സങ്കീര്‍ണ്ണമായ ദിനങ്ങള്‍ ആണ് കടന്നുപോകുന്നത്. അല്‍പ്പദിവസങ്ങള്‍ മുന്‍പുവരെ ഇതൊന്നും ഞങ്ങള്‍ക്ക് ബാധിക്കില്ല എന്ന ഏതോ ഒരു വിശ്വാസത്തിലായിരുന്നു ശരാശരി അമേരിക്കക്കാരന്‍. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ഒരു മഹാവിപത്തു തനിക്കു ചുറ്റും ആര്‍ത്തടിക്കുന്നു എന്ന നഗ്‌നസത്യത്തില്‍ മരവിച്ചു നില്‍ക്കയാണ്. ഓരോ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുമ്പോഴും, അനുശോചനം രേഖപ്പെടുത്തുമ്പോഴും, തല്ക്കാലം അത് ഞാന്‍ അല്ല എന്ന ഒരു അല്‍പ്പാശ്വാസം മാത്രമാണുള്ളത്. സ്വഗ്ഗങ്ങള്‍ തേടിയിറങ്ങി സ്വപനങ്ങള്‍ നഷ്ട്ടപ്പെട്ട ഒരുകൂട്ടം. പ്രകൃതിയുടെ മൂര്‍ച്ചയും അസഹനീയതയും ആഴ്ന്നിറങ്ങുന്ന അസ്വസ്തലോകത്തിനുള്ളില്‍ ഒരു ഉയര്‍പ്പു പെരുനാള്‍ ആഘോഷിക്കയാണ് 2020.

അറിയാവുന്ന ചിലര്‍ അവസാനവിളിയില്‍ പെട്ടുപോയി എന്നറിയുന്നതും, അടുത്തുഅറിയാവുന്ന പലരും രോഗവുമായി മല്ലിടുകയാണെന്നും അറിയുന്നത് ഒരു പ്രതിസന്ധിതന്നെയാണ്. ആശ്വസിപ്പിക്കാന്‍ പോലും ചെല്ലാന്‍ കഴിയാതെ, ഏകരായി വിലപിച്ചു മുറിക്കുള്ളില്‍ ഒതുങ്ങേണ്ടി വരുന്ന ഹതഭാഗ്യര്‍, ഒരു യാത്രയയപ്പുപോലും നല്കാന്‍ കഴിയാതെ കൈവിട്ടുപോയവര്‍, എപ്പോഴാണ് വീണുപോകുന്നതെന്നറിയാതെ നിരന്തരം ആശുപത്രികളില്‍ ജോലിചെയ്യേണ്ടിവരുന്നവര്‍, ഒന്നൊന്നായി മരണമണി മുഴങ്ങുമ്പോള്‍ ജീവന്‍ മരവിച്ച ആരോഗ്യപരിപാലനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, അവര്‍ അനുഭവിക്കുന്ന മാനസീകവ്യഥകള്‍ ഒക്കെ ജീവിതം മുഴുവന്‍ നിലനില്‍ക്കുന്ന ആധിയും വ്യാധിയുമാണ്.

ഇത്രയും മനുഷ്യര്‍മരിച്ചുവീഴുന്ന ന്യൂയോര്‍ക്കില്‍ എന്തേ പൂര്‍ണ്ണമായ ഒരു ഷട്ട്‌ഡൌണ്‍ സാധ്യമാകുന്നില്ല? എന്തേ രോഗം തടുക്കേണ്ട സംവിധാനങ്ങളില്‍ പാളിച്ചകള്‍ വരുന്നു? എന്തേ പ്രാരംഭഘട്ടങ്ങളില്‍ നിസ്സംഗത പാലിക്കയും ഗൌരവം കുറച്ചു കാണിക്കുകയും ചെയ്തത്? ഒരു മഹാവിപത്തു നേരിടുമ്പോള്‍ പ്രെസിഡന്റും ഗവര്‍ണറും മേയറും പറയുന്ന പരസ്പരവിരുദ്ധപ്രസ്താവനകള്‍, മനുഷ്യത്തമില്ലാതെ മരണത്തിന്റെ കണക്കു പറഞ്ഞു പത്രസമ്മേളനം നടത്തുന്ന രാഷ്ട്രീയക്കാര്‍, മരിക്കുന്നവരുടെ നമ്പറുകള്‍ പറഞ്ഞു തര്‍ക്കിക്കുന്നവര്‍ ഒക്കെ ഈ ഹൃദയസ്പര്‍ശിയായ സമയത്തെ മനുഷ്യത്വരഹിതമാക്കുകയായിരുന്നു.

അഹന്ത തലക്കുപിടിച്ച ചില ലാഭക്കൊതിയന്മാരുടെ സ്വാര്‍ഥതയും, മതഭ്രാന്തുപിടിച്ച ചില കിറുക്കന്‍മാരുടെ രാഷ്ട്രീയ പ്രവര്‍ത്തങ്ങളുംകൊണ്ട് ഭൂമിയുടെ സമതുലനാവസ്ഥ നഷ്ടപ്പെടുന്നു എന്ന ആശങ്കയുടെ കാര്‍മേഘം രൂപപ്പെട്ടപ്പോഴാണ് കൊറോണ വൈറസിന്റെ രംഗപ്രവേശനം. പട്ടിണിയും, വിദ്വേഷവും, സംഘര്‍ഷവും, കാലാവസ്ഥാവ്യതിയാനവും, അന്തരീക്ഷ മലീകരണവും ഒക്കെക്കൂടി ഗ്രഹപ്പിഴ ബാധിച്ച ഭൂമിയിലേക്കാണ് ഈ മഹാവ്യാധി കടന്നുവന്നത്. എന്തെങ്കിലും ഒരു തീരുമാനം ആകാതെ അവന്‍ പുറത്തുപോകില്ല എന്നാണ് കാര്യങ്ങളുടെ കിടപ്പു കണ്ടിട്ട് തോന്നുന്നത്.

എന്നാലും തര്‍ക്കമില്ലാത്ത പ്രത്യാശയാണ് മുന്നില്‍ കാണുന്നത്. 'പ്രത്യാശ ചിലപ്പോള്‍ കിറുക്കന്റെ ശുഭപ്രതീക്ഷ ആയിരിക്കാം' എന്ന് എഴുത്തുകാരി ആനി ലമൊട്ട് പറഞ്ഞിട്ടുണ്ട്. കാണാത്ത ചില കാര്യങ്ങളുടെ ഉറപ്പ് കടന്നുവരാതിരിക്കില്ല. ഒന്നിനു പുറകെ മറ്റൊന്നായി കടന്നുവരുന്ന ഭയാനകമായ അവസ്ഥയും, അവ എന്നുവരെ തുടരും എന്ന ആശങ്കയും, എന്താണ് പ്രതിവിധി എന്ന അറിവില്ലായ്മയും നടുക്കുമ്പോളും, പുതിയ ശാസ്ത്ര സങ്കേതങ്ങളും നല്ലമനുഷ്യരുടെ കരുതലുകളും നമ്മുടെ മനസ്സില്‍ ചില നല്ല ഉറപ്പുകള്‍ സമ്മാനിക്കും.

ദീപകൂട്ടങ്ങളുടെ പ്രഭാവലയത്തില്‍നിന്നോ, ദൂപകൂട്ടുകളില്‍നിന്നോ, സ്‌തോത്ര കീര്‍ത്തനങ്ങളില്‍നിന്നോ, യാമപ്രാര്‍ഥനകളില്‍ നിന്നോ ആയിരിക്കയല്ല അത്തരം ഒരു ഉറപ്പില്‍ എത്തിച്ചേരാനാവുക. കൊടുമുടി കീഴടക്കി ഇരുകൈകളും ഉയര്‍ത്തി നില്‍ക്കുന്ന പര്‍വ്വതാരോഹകന്റെ നെഞ്ചില്‍ ആലേഖനം ചെയ്ത വാക്യം ' ഞാന്‍ ഇവിടെ വരെ എത്തി, ഇനിയും വരും' എന്ന ഒരു യാഥാര്‍ഥ്യബോധമാണ് ഉണ്ടാകേണ്ടത്.

അത് യഥാര്‍ത്ഥമായ സത്യം അംഗീകരിക്കുക എന്നതാണ്. നാമൊക്കെ വിവിധ പ്രതിസന്ധികളില്‍ എപ്പോഴെങ്കിലും പെട്ടുപോയവരാണ്, അതില്‍നിന്നും കരുത്തോടെ തിരിച്ചുവന്നവരാണ് എന്നതാണ് സത്യം. അടുത്തുള്ളവരുടെ സ്‌നേഹമുള്ള കരുതലുകള്‍, സമയത്തിന്റെ ഉണങ്ങാനുള്ള അസാമാന്യ കഴിവ്, അപ്രതീക്ഷമായ ഉദാരമനസ്‌കതകള്‍ ഒക്കെ നമ്മള്‍ തൊട്ടറിഞ്ഞ സത്യങ്ങള്‍ ആണ്. ചിലപ്പോഴെങ്കിലും നമ്മുടെ ചെറിയജീവിതം ചില യാഥ്യാര്‍ഥ്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ പാകത്തില്‍ പിടിച്ചു നിര്‍ത്തും. സ്‌നേഹിച്ചവരുടെ വേര്‍പാടോ, ഖേദകരമായ വഴിപിരിയലുകളോ ഒക്കെയാവാം അത്. സമൂഹത്തിന്റെ കരുതലുകള്‍, ഔഷധങ്ങള്‍ ഒക്കെ ദൈവകൃപ എന്നരീതിയില്‍ അറിയാതെ അത്ഭുതങ്ങളായി അനുഭവപ്പെട്ടുവരും.

ഈ കൊറോണക്കാലം മനുഷ്യനെ ഒന്നായി ചിന്തിക്കാന്‍ പാകത്തില്‍ ക്രമപ്പെടുത്തും. ഇന്നലെയെപ്പോലെ നാളെ കാര്യങ്ങള്‍ പോകില്ല. ചില ശീലങ്ങള്‍ എന്നെന്നേക്കുമായി ഉപേക്ഷിക്കുകയും, പുതിയ പാഠങ്ങള്‍ പഠിക്കുകയും കൈമോശം വന്ന ചില പാഠങ്ങള്‍ തിരിച്ചുകൊണ്ടുവരികയും അങ്ങനെ മനുഷ്യ ജീവിതം ഒരു പുതിയ പാതയില്‍ എത്തിച്ചേരുകയും ആവാം, ആയേ മതിയാകയുള്ളു.

സുരക്ഷിതമായ ദൂരങ്ങള്‍, അത്യന്താപേക്ഷിതമായ സേവനങ്ങള്‍, ശുചിത്വം, മിതത്വം അവയെക്കുറിച്ചുള്ള പുതിയ അളവുകോല്‍ ഈ മനോഹരദേശത്തു വീണിരിക്കുന്നു. ആശ്രയിക്കേണ്ടതും അവകാശമാക്കേണ്ടതും എന്താണെന്നു നമുക്ക് വ്യക്തമായ കാഴ്ചപ്പാടുകള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. അതുകൊണ്ടു ഇനിയും ഭീതിയല്ല, കുലുക്കമില്ലാത്ത നിര്‍ഭയമായ വഴികളാണ് നമ്മുടെ മുന്നില്‍ തെളിഞ്ഞുവരുന്നത്.

ഓഹരികമ്പോളത്തിലെ ഇടിച്ചല്‍ ലോകത്തെ അമ്പരത്തിന്റെ നിറുകയില്‍ നിറുത്തി, അതാണ് കമ്പോളത്തിന്റെ തന്ത്രവും. അതുകൊണ്ടുതന്നെ ദീര്‍ഘകാലത്തേക്കുള്ള വിശ്വസ്തതയുള്ള സുരക്ഷിതമായ ഇടങ്ങള്‍ അടയാളപ്പെടുത്തണം. ലാഭമോഹികളായ ഓഹരികഴുകന്മാര്‍ ദുര്‍ബലരായ സാധാരക്കാരുടെമേല്‍ ദൃഷ്ടിപതിപ്പിച്ചു കഴിഞ്ഞു.

ന്യൂയോര്‍ക്കില്‍ ഫ്രാങ്ക്ളിന്‍ സ്‌ക്വയറില്‍ ഉള്ള അമേരിക്കന്‍ അസ്ട്രോനോട്ട് മൈക്കല്‍ മാസിമിനോ തന്റെ ബഹിരാകാശയാത്രകളില്‍ പാലിച്ചിരുന്ന ചില മൂല്യങ്ങള്‍ സ്വന്തം വീടുകളില്‍ വളരെ ദിവസങ്ങള്‍ പുറത്തിറങ്ങാതെ ജീവിക്കേണ്ടിവരുന്ന കുട്ടികളോട് പറയുന്നുണ്ട്. ലോകം മുഴുവന്‍ തുറന്ന ശൂന്യാകാശത്തു മണിക്കൂറുകള്‍ സ്‌പേസ്വോക് നടത്തിയപ്പോഴും, താന്‍ സ്വയം നിഷ്‌കര്ഷിച്ചിരുന്ന മിതത്വവും ശുചിത്വവും തന്റെ നിലനില്പിനുവേണ്ടി മാത്രമായിരുന്നില്ല, തന്നോടൊപ്പം സഞ്ചരിക്കുന്ന മറ്റുയാത്രികരുടെ സുരക്ഷിതത്വവും തന്റെ ഉത്തരവാദിത്തം ആണെന്ന തിരിച്ചറിവായിരുന്നു. ഇടുങ്ങിയ സ്ഥലങ്ങള്‍ ചിലരില്‍ ഉണര്‍ത്തുന്ന ക്രമാതീതഭയം (ക്ളോസ്‌ട്രോഫോബിയ) അവയെ നേരിട്ടത്, വളരെപ്പേര്‍ അനവധിദിവസങ്ങള്‍ ഒരു ചെറിയ ഇടത്തില്‍ താമസിക്കേണ്ടിവരുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍, മറ്റുള്ളവര്‍ക്കുവേണ്ടി ഒതുങ്ങുക, ഏറ്റവും കുറച്ചു കൂട്ടിവയ്ക്കുക, ശബ്ദവും ഭക്ഷണവും രീതികളും നിയന്ത്രിക്കുക, ഇതൊക്കെ ഉളവാക്കുന്ന സ്‌നേഹവും കരുതലും ത്യാഗവും ഒക്കെ ഈ ഒറ്റപ്പെട്ട ദിവസങ്ങളില്‍ നാം പഠിച്ചുകൊണ്ടിരിക്കുന്നു. അനിശ്ചിതത്വം ഉളവാക്കുന്ന മാനസിക പിരിമുറുക്കം നേരിടുവാനുള്ള തയ്യാറെടുപ്പും പദ്ധതിയും നമ്മുടെ പാഠപദ്ധതിയുടെ ഭാഗമായി.

'ഉബണ്ടു' എന്ന ചിന്താധാര, സൗത്ത് ആഫ്രിക്കയിലെ സുലു വര്‍ഗക്കാരുടെ ഒരു വിശ്വാസത്തില്‍ നിന്നാണ് ഉളവായത്. 'ഐ ആം ബിക്കോസ് വി ആര്‍ ' സഹജീവികളോട് മനുഷ്യസംബന്ധമായ ഇടപെടല്‍ എന്നാണ് ഈ ചിന്തയുടെ അടിസ്ഥാനം. ഇത്, സ്‌നേഹമുള്ള പങ്കുവെയ്പ്പുകൊണ്ട് ലോകംമുഴുവന്‍ ബന്ധിപ്പിക്കുന്ന സഹജീവന സേതുബന്ധനമാണ്. അന്യം നിന്നു പോയിത്തുടങ്ങിയിരുന്ന ഇത്തരം ഒരു ഇടപെടല്‍ സമൂഹത്തിലേക്ക് തിരികെ എത്തുന്നു എന്ന് പ്രതീക്ഷിക്കാം.

പലപ്പോഴും ന്യൂയോര്‍ക്കിലെ കോവിഡ് വാര്‍ത്തകള്‍ നിറംപിടിപ്പിച്ചു പെരുപ്പിച്ചു മലയാള മാധ്യമങ്ങള്‍ അങ്കലാപ്പിലാക്കുന്നതു നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയുമാണ്. പതിറ്റാണ്ടുകളായി യാതൊരു ബന്ധവുമില്ലാതിരുന്ന സഹപാഠികള്‍ ഒക്കെ എവിടുന്നോ നമ്പര്‍സംഘടിപ്പിച്ചു ഇടക്കിടെ വിളിച്ചു തിരക്കുമ്പോള്‍, മത്സരിച്ചു ശത്രുക്കളയവര്‍പോലും ഇപ്പോള്‍ പരസ്പരംവിളിച്ചു അന്വേഷിക്കുന്നത് കാണുമ്പോള്‍, മരവിച്ചുപോയ മനുഷ്യത്വം സടകുടഞ്ഞു എഴുനേറ്റു എന്ന് തോന്നുന്നു. ഫോണ്‍ എടുക്കാന്‍ അല്‍പ്പം താമസിച്ചപ്പോള്‍ അടുത്തദിവസം നാട്ടില്‍നിന്നും വിളിച്ച സുഹൃത്ത് ആകെ പേടിച്ചുപോയി, സ്വരം കേട്ടപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു എന്നും പറഞ്ഞത് മറക്കാനാവില്ല.

കുടുംബത്തോടൊപ്പം അനേകസമയം ഒന്നിച്ചു നിര്‍ബന്ധപൂര്‍വ്വം ചിലവഴിക്കേണ്ടിവരുമ്പോള്‍, വീട്ടില്‍നിന്നുമാത്രം ആഹാരം കഴിച്ചു ശീലിക്കുമ്പോള്‍, പണം അത്യാവശ്യത്തിനു മാത്രം ചിലവഴിക്കുമ്പോള്‍, ആരെയും കാട്ടാന്‍വേണ്ടി വസ്ത്രങ്ങള്‍ വാങ്ങികൂട്ടണ്ട, വീട്ടിലിരുന്നും പ്രാര്‍ഥിക്കാം, സ്നേഹപൂര്‍വമായ അന്വേഷണങ്ങള്‍ പങ്കുവെയ്ക്കാം, ശുചിത്വത്തിനു പുതിയ മാനദണ്ഡം, തിരക്കില്ലാത്ത ബഹളമില്ലാത്ത നീണ്ട ദിനങ്ങള്‍ ഇത് ഒരു അപൂര്‍വ്വ സമയമാണ്. പലതും നഷ്ടപ്പെടുന്നു എന്ന് കാണുമ്പോഴും, മറ്റുചിലതെല്ലാം അറിയാതെ മുളച്ചുവരുന്ന എന്നത് ശുഭ പ്രതീക്ഷയാണ്. മൂകമായ ശൈത്യദിനങ്ങള്‍ കൊഴിഞ്ഞുപോയി, ഇടവമാസത്തെ വിഷുപ്പക്ഷിയുടെ ചിലമ്പലില്‍ പുതിയ മുകുളങ്ങള്‍ തളിര്‍ക്കുകയായി, ഉയര്‍പ്പു സമാഗമമാവുകയായി.

It is better to be unhappy and know the worst, than to be happy in a fool's paradise.
-Fyodor Dostoevsky
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക