Image

അബുദാബിയില്‍ ഇന്തോ- അറബ്‌ സഹകരണ സമ്മേളനത്തിന്‌ ഉജ്വല തുടക്കം

Published on 23 May, 2012
അബുദാബിയില്‍ ഇന്തോ- അറബ്‌ സഹകരണ സമ്മേളനത്തിന്‌ ഉജ്വല തുടക്കം
അബുദാബി: മൂന്നാമത്‌ ഇന്തോ-അറബ്‌ സഹകരണ സമ്മേളനത്തിന്‌ അബുദാബിയില്‍ തുടക്കമായി. യുഎഇ വിദേശ വ്യാപാര മന്ത്രി ഷെയ്‌ഖ ലുബ്‌ന ബിന്‍ത്‌ ഖാലിദ്‌ അല്‍ ഖാസിമി ഉദ്‌ഘാടനം നിര്‍വഹിച്ചു. ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ്‌ സംബന്ധിച്ചു. പരമ്പരാഗത മേഖലകളില്‍ നിന്ന്‌ വ്യത്യസ്‌തമായി പുതിയ വ്യാപാരമേഖലകളില്‍ സഹകരണം കണ്ടെത്തമെന്ന്‌ ആഹ്വാനം ചെയ്‌താണ്‌ ദ്വിദിന സമ്മേളനം ആരംഭിച്ചത്‌. ലോകത്ത്‌ ഏറ്റവും കൂടുതല്‍ അഭ്യസ്‌ഥവിദ്യരായ യുവാക്കളുള്ള രാജ്യങ്ങളിലൊന്നാണ്‌ ഇന്ത്യയെന്ന്‌ ഇ.അഹമ്മദ്‌ പറഞ്ഞു.

ഈ സാഹചര്യത്തില്‍ വരുന്ന വര്‍ഷങ്ങളില്‍ വിദേശ നിക്ഷേപങ്ങള്‍ നടത്താന്‍ ഏറ്റവും അനുയോജ്യമായ രാജ്യങ്ങളിലൊന്നായിരിക്കും ഇന്ത്യ. ഊര്‍ജം, റിയല്‍ എസ്‌റ്റേറ്റ്‌, വ്യോമയാനം, റയില്‍, റോഡ്‌ തുടങ്ങിയ മേഖലകളിലെ അടിസ്‌ഥാന സൗകര്യങ്ങളിലേയ്‌ക്കാണ്‌ രാജ്യത്ത്‌ നിക്ഷേപങ്ങള്‍ക്ക്‌ സാധ്യതയേറയുള്ളത്‌.

ഇന്ത്യയും അറബ്‌ രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 65 ബില്യന്‍ ഡോളറിന്റേതാണ്‌. വരുന്ന അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ ഇത്‌ 100 ബില്യനാക്കാനാണ്‌ ലക്ഷ്യമിടുന്നതെന്നും അഹമ്മദ്‌ പറഞ്ഞു. അതേസമയം ജലസംരക്ഷണം ഊര്‍ജ പുനരുപയോഗം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയില്‍ നിന്ന്‌ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനാകുമെന്ന്‌ യുഎഇ വിദേശവ്യാപാര മന്ത്രി ഷെയ്‌ഖ ലുബ്‌ന പറഞ്ഞു. പരമ്പരാഗത മേഖലകളില്‍ നിന്ന്‌ വ്യത്യസ്‌തമായി പുതിയ വ്യാപാരമേഖലകളില്‍ സഹകരണം വേണമെന്നും ഷെയ്‌്‌്‌ഖ ലുബ്‌ന സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ നടക്കാന്‍ പോകുന്ന എമര്‍ജിങ്‌ കേരളയിലേക്ക്‌ ഗള്‍ഫ്‌ മേഖലയില്‍ നിന്ന്‌ കൂടുതല്‍ നിക്ഷേപകരെ കൊണ്ടുവരുമെന്ന്‌ ചടങ്ങില്‍ പങ്കെടുത്ത അബുദാബി ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ ഡയറക്‌ടര്‍ എം.എ.യൂസഫലി പറഞ്ഞു. ഇന്ത്യയില്‍ നിന്നെത്തിയിരിക്കുന്ന വിവിധ കമ്പനി പ്രതിനിധികള്‍ക്കായി പ്രത്യേകം സെമിനാറുകളും അബുദാബി ചേംബര്‍ ഓഫ്‌ കൊമേഴ്‌സിന്റെയും ഫിക്കിയുടെയും നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്‌. രണ്ട്‌ ദിവസത്തെ സമ്മേളനം ബുധനാഴ്‌ച സമാപിക്കും.
അബുദാബിയില്‍ ഇന്തോ- അറബ്‌ സഹകരണ സമ്മേളനത്തിന്‌ ഉജ്വല തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക