Image

പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍- 80: ജയന്‍ വര്‍ഗീസ്)

Published on 11 April, 2020
പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍- 80: ജയന്‍ വര്‍ഗീസ്)
ഒരു നാടന്‍ നന്തുണിയുടെ സൗമ്യമായ താളബോധം പോലെ സ്വച്ഛമായ ഗ്രാമ ജീവിതം തുടിച്ചു നിന്ന ഞങ്ങളുടെ ഗ്രാമത്തിന്റെ  മുഖഛായ ക്രമേണ മാറിപ്പോയി. ഞാന്‍ വിമാനം കയറുകയും, ' ജ്വാല ' യുടെ പ്രവര്‍ത്തനം കെട്ടടങ്ങുകയും ചെയ്തതിന് ശേഷം പിന്നീട് യാതൊരു സാംസ്കാരിക പ്രവര്‍ത്തനങ്ങളും നാട്ടില്‍ നടക്കുകയുണ്ടായില്ല. ജ്വാല ലൈബ്രറി ഏല്‍പ്പിച്ചു കൊടുത്ത മൂവായിരത്തോളം പുസ്തകങ്ങള്‍ കൂടി ഉള്‍ക്കൊണ്ടു കൊണ്ട്  ' സന്തോഷ് ക്ലബ് ആന്‍ഡ് ലൈബ്രറി ' നില നിന്നുവെങ്കിലും ചെറുപ്പക്കാര്‍ ഉള്‍പ്പടെയുള്ള പൊതു ജനം വായനയില്‍ നിന്ന് പൂര്‍ണ്ണമായും അകന്നു പോയി. ചീട്ടു കളിക്കുള്ള ഒരു വേദിയായി ക്ലബ്ബ് മാറുകയും, ക്രമേണ അത് പണം വച്ചുള്ള ഒരു ചീട്ടുകളി കേന്ദ്രമായി രൂപാന്തരപ്പെടുകയും ആണുണ്ടായത്.

യുവാക്കളില്‍ ബഹുഭൂരിപക്ഷവും മദ്യപാനത്തിന് അടിമകളായിപ്പോയി. വലിയൊരു മാവിന്റെ തണലില്‍ സ്ഥിതി ചെയ്തിരുന്നത് കൊണ്ട് ' ' മാഞ്ചോട്ടില്‍ ഷാപ്പ് ' എന്നറിയപ്പെട്ടിരുന്ന സ്ഥലത്തെ പ്രധാന കള്ളു ഷാപ്പില്‍ എന്റെ അപ്പനുള്‍പ്പടെയുള്ള പ്രായമായവരാണ് മുന്‍ കാല വൈകുന്നേരങ്ങളില്‍ ' അന്തിക്കള്ള്  'എന്നറിയപ്പെട്ടിരുന്ന ചെത്തു കള്ള് മോന്തിയിരുന്നത്. ഞാനുള്‍പ്പടെ എന്റെ പ്രായത്തിലുള്ള ചെറുപ്പക്കാര്‍ ഷാപ്പില്‍ കയറുന്നതും, കള്ള് കുടിക്കുന്നതും ഒരു മോശപ്പെട്ട കാര്യമായിട്ടാണ് അന്ന് കരുതിയിരുന്നത്. പിന്നെ ഏതെങ്കിലും ഒരു ചെറുപ്പക്കാരന്‍ ഷാപ്പില്‍ പോവുകയാണെങ്കില്‍ തലയില്‍ മുണ്ടിട്ട് പിന്‍ വാതിലിലൂടെ ആരും കാണാതെ അകത്തു കടന്ന് വില്പനക്കാരനോട് രഹസ്യമായി ശകലം വാങ്ങിക്കുടിച്ചിട്ട് സ്ഥലം വിടുകയായിരുന്നു പതിവ്.

ഇന്ന് ചെറുപ്പക്കാര്‍ അകത്തും, പ്രായമായവര്‍ പുറത്തുമായിട്ടുള്ള ഒരവസ്ഥയില്‍ മദ്യ ഷാപ്പുകള്‍ ' വികസനം ' നേടിയിരിക്കുന്നു. ( ഭരിക്കുന്ന സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്ക് മദ്യം നേരിട്ട് വില്‍ക്കുന്ന വിചിത്ര സംപ്രദായം നില നില്‍ക്കുന്ന കേരളത്തില്‍ സര്‍ക്കാര്‍ ഔട്ട് ലെറ്റുകള്‍ക്കു മുന്നിലെ നീണ്ട ക്യുവില്‍ ഉച്ച വെയിലില്‍ വിയര്‍ത്തൊലിച്ചു നില്‍ക്കുന്നതും ചെറുപ്പക്കാരാണ്. ) മൊത്തമായി ഒരു ' ക്വാട്ട '  വാങ്ങാന്‍ കഴിവില്ലാത്ത ' പാവങ്ങള്‍ ' ' ഷെയര്‍ ' എന്നറിയപ്പെടുന്ന സ്വസൃഷ്ടി   സംപ്രദായത്തിലൂടെ ആവശ്യത്തിന് അകത്താക്കുന്നു. കൂലിപ്പണി ചെയ്‌തോ, കുടുംബത്തില്‍ നിന്ന് മോഷ്ടിച്ചോ കിട്ടിയ പണവുമായി ഇവര്‍ കവലയില്‍ എത്തുന്നു. സമാന മനസ്കര്‍ രണ്ടോ മൂന്നോ പേര്‍ ഒത്തു കൂടി ഒരു ഫുള്‍ ബോട്ടില്‍ സ്വന്തമാക്കി വീതം വച്ച് കുടിക്കുന്നു. കുപ്പി വാങ്ങാന്‍ പോകുന്നത് പണം ഇറക്കിയവരില്‍ പെടാത്ത ഒരാളായിരിക്കാം, അയാള്‍ക്കും കിട്ടും ഒരു ചെറിയ വീതം. മൊബൈലില്‍ വിളിച്ചു പറഞ്ഞാല്‍ പക്ഷിയുടെ വേഗത്തില്‍ സൈക്കിളില്‍ സാധനം സ്ഥലത്തെത്തിക്കുന്ന ' പക്ഷി ' എന്നറിയപ്പെടുന്ന രഹസ്യ വില്പനക്കാരുമുണ്ട്.

പല കുടുംബങ്ങളും ദാരിദ്ര്യത്തിന്റെ അടിത്തട്ടില്‍ എത്തിയിരിക്കുന്നു. രണ്ടു രൂപക്ക് ' സര്‍ക്കാര്‍ അരി 'കിട്ടുന്നത് കൊണ്ട് കഞ്ഞി കുടിച്ചു പോകുന്നു. ഭാര്യക്ക് ' തൊഴിലുറപ്പ് ' ഉള്ളത് കൊണ്ട് കുട്ടികളുടെ കാര്യങ്ങള്‍ അങ്ങനെ നടന്നു പോകുന്നു. ഇടക്കെങ്ങാന്‍ ആശുപത്രിക്കാര്യം വന്നാല്‍  തീര്‍ന്നു. സ്വകാര്യ മേഖലയിലെ കഴുത്തറുപ്പന്‍ ആതുര സേവകരുടെ കൊലക്കത്തിയില്‍ കഴുത്തുകള്‍ ചേര്‍ക്കപ്പെട്ട് തിരിച്ചെത്തുന്‌പോഴേക്കും മുറ്റത്ത് ദേശസാല്‍കൃത ബാങ്കുകളുടെ ചെണ്ട കൊട്ട് ഉയരുന്നുണ്ടാവും. വീടും കുടിയും അവര് കൊണ്ട് പോകും. പിന്നേം ശങ്കരന്‍ തെങ്ങേലും, കോരന് കഞ്ഞി കുന്പിളിലുമാകും. യാതൊരു ഉളുപ്പുമില്ലാതെ ' ഇന്‍ക്രിഡിബിള്‍ ഇന്ത്യ ' യുടെ വിസ്മയ ചിത്രങ്ങള്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ അനവരതം വരച്ചു കൊണ്ടേയിരിക്കുന്നു !

ക്ഷമിക്കണം, അല്‍പ്പം കാട് കയറിപ്പോയി. നാട്ടിലെ കാര്യങ്ങള്‍ ഓര്‍ത്തപ്പോള്‍ പറഞ്ഞു പോയതാണ്. അഞ്ചു മൈല്‍ നീളവും അര മൈല്‍ വീതിയുമുണ്ടായിരുന്ന വിസ്തൃതവും, പ്രസിദ്ധവുമായിരുന്ന ഞങ്ങളുടെ ചാത്തമറ്റം പാടം ഇന്നില്ല. ആ പാടത്തെ ഉഴവും, വിതയും, ഞാറു നടീലും, കിളപറിയും, കൊയ്ത്തും, മെതിയും എല്ലാമായി എത്രയോ ജീവിത നാടകങ്ങള്‍ അരങ്ങേറിയിരുന്ന ഇടം കഥാവശേഷമായിരിക്കുന്നു. ഒരരികിലൂടെ പളുങ്കു മണികള്‍ ചിതറിച്ച്  കുണുങ്ങിയൊഴിക്കൊണ്ടിരുന്ന തോട്ടിലേയും, പാടത്തെയും വെള്ളത്തില്‍ തുള്ളിക്കളിച്ചിരുന്ന പരല്‍ മീനുകള്‍. വരാലും, മുഴിയും, ആരോനും, കുറുവയും, വാലേക്കോടിയനും. ഒന്നുമില്ല. വെള്ളം ഇല്ലാതായതോടെ എല്ലാം പോയി. എന്റെ അപ്പന്‍ ഉള്‍പ്പടെയുള്ള കൃഷിക്കാര്‍ നിലം നികത്തി കരയാക്കിയതാണ് പ്രശ്‌നം. നെല്‍കൃഷി നഷ്ടമായതാണ് ഒരു കാരണം. പാടത്തെ ചളിയില്‍ പണിയാന്‍ ആളില്ലാതായതാണ് മറ്റൊരു കാരണം. അലക്കിത്തേച്ച വസ്ത്രവുമായി രാവിലെ റോഡിലിറങ്ങിയാല്‍ അന്നത്തേക്ക് കുടിക്കാനുള്ളത് ഒപ്പിച്ചെടുക്കാന്‍ ആര്‍ക്കും സാധിക്കും എന്ന നില വന്നു. വിവാഹത്തിനോ, വസ്തു വില്‍പ്പനക്കോ ഇടനിലക്കാരന്‍ ആയാല്‍ മതി, കമ്മീഷന്‍ കിട്ടും. അല്ലെകില്‍ രാഷ്ട്രീയക്കാരുടെ പ്രകടനത്തിലിറങ്ങി പത്തു മുദ്രാവാക്യം വിളിച്ചാല്‍ മതി, അഞ്ഞൂറ് രൂപയും, ബീഫ് ബിരിയാണിയും കിട്ടും. പിന്നെ ആരെങ്കിലും ഇറങ്ങുമോ, പാടത്തെ ഈ ചളിയിലേക്ക് ?

നിവര്‍ത്തിയില്ലാതെ കൃഷിക്കാര്‍ പാടം നികത്തി തെങ്ങും, റബറും, കമുകും നട്ടു. വിദേശ മുള്ളന്‍ വൃക്ഷം എണ്ണപ്പന നട്ടവരുമുണ്ട്. ഒന്നും പൂര്‍ണ്ണമായി വിജയിച്ചില്ല. എന്തായാലും പാടമല്ലേ ? എത്ര ശ്രമിച്ചാലും വെള്ളക്കെട്ട് പൂര്‍ണ്ണമായും ഒഴിവാകില്ല. വെള്ളക്കെട്ടില്‍ ഒരു കരച്ചെടിയും തഴച്ചു വളരുകയുമില്ല. ഒക്കെ ഒരു പരുവത്തിലായി. അമേരിക്കയിലെത്തിയ നമ്മളെപ്പോലെ : ഇംഗ്ലീഷ് ഒട്ടു പഠിച്ചുമില്ല, മലയാളം മറന്നും പോയി.

ഇളം കാറ്റില്‍ അല ഞൊറിയുന്ന നെല്‍ച്ചെടികളുടെ പച്ചപ്പട്ടിനു മുകളിലൂടെ അങ്ങ് കിഴക്ക് മുള്ളരിങ്ങാടന്‍ മലനിരകളിലെ  '  തീയെരിയാന്‍ '  മുതലുള്ള നീല മല നിരകള്‍ അനാഘ്രാതയായി അരികിലെത്തുന്ന അതിസുന്ദരികളായ  മഴ മേഘത്തിടന്പുകളെ ആവേശത്തോടെ ആഞ്ഞു പുണരുന്ന അപൂര്‍വ ദൃശ്യം എന്റെ വീട്ടില്‍ നിന്ന് നോക്കിക്കാണാമായിരുന്നത് എനിക്ക് നഷ്ടമായി. പാടത്ത് തലയുയര്‍ത്തുന്ന മരച്ചാര്‍ത്തുകള്‍ എന്റെ കണ്ണില്‍ നിന്ന് ആ മനോഹര കാഴ്ചകള്‍ മറച്ചു കളയുന്‌പോള്‍, ഈ ദൃശ്യ ചാരുത ആസ്വദിക്കാന്‍ കൂടി വേണ്ടിയായിരുന്നല്ലോ ഇവിടെത്തന്നെ ഞാന്‍ വീട് പണിയിച്ചത് എന്ന നഷ്ടസ്വപ്നം വെറുതേ  ഓര്‍മ്മിച്ചെടുത്തു ഞാന്‍.

മൂന്നു ബസ്സുകള്‍ മാത്രം സര്‍വീസ് നടത്തിയിരുന്ന ഞങ്ങളുടെ റോഡിലൂടെ ഇന്ന് വാഹനങ്ങളുടെ പ്രളയമാണ്. ആദ്യ ഘട്ടത്തില്‍ മുള്ളരിങ്ങാട്ടേക്കും, രണ്ടാം ഘട്ടത്തില്‍ ഒരിക്കലും വാഹനങ്ങള്‍ക്ക് എത്തിച്ചരാനാവില്ലെന്നു കരുതിയിരുന്നതും, ആളുകള്‍ കോണി ( ഗോവണി ) വച്ചുകെട്ടി മുകളിലെത്തിയിരുന്നതുമായ ഒരു മല മുകളിലേക്ക് റോഡ് നിര്‍മ്മിക്കാനായതുമാണ് ഈ വാഹനപ്പെരുപ്പത്തിന് കാരണമായിത്തീര്‍ന്നത്.  ഈ റോഡ് ഇടുക്കി ജില്ലയിലെ ചേലച്ചുവട് എന്ന സ്ഥലത്തേക്ക് എത്തിയതോടെ മറ്റു ജില്ലകളില്‍ നിന്ന് ഇടുക്കിയിലേക്കുള്ള ദൂരത്തില്‍ ഗണ്യമായ കുറവ് വന്നതോടെ യാത്രക്കാര്‍ ഇതിനെ ഒരു കുറുക്കു വഴിയായി കണ്ടതോടെയാണ് ഈ വഴിയില്‍ തിരക്കേറിയത്.

കൃഷി ഭൂമികള്‍ വിജനമായിക്കിടന്നു. മണ്ണില്‍ പണിയാന്‍ ആര്‍ക്കും താല്‍പ്പര്യമില്ല. ചൊവ്വാ ദോഷം ആരോപിക്കപ്പെട്ട അനാഘ്രാതയായ പെണ്ണിനെപ്പോലെ മണ്‍ വെട്ടിയുടെ കരുത്തന്‍ ഖര സ്പര്‍ശം കാത്തു കിടന്ന് കന്നി മണ്ണ് കരയുന്നു. കാര്‍ഷികോല്പന്നങ്ങളുടെ വിലയിടിവും, ജോലിക്കാര്‍ ആവശ്യപ്പെടുന്ന കൂലിക്കൂടുതലും മൂലം പല കൃഷിക്കാരും കൃഷി ഉപേക്ഷിച്ചു. ഞാനുള്‍പ്പെടെയുള്ള തലമുറ വിദേശ സ്വപ്നങ്ങളില്‍ കണ്ണ് നട്ട് കൂട് വിട്ട് പറന്നകന്നതും കൃഷിയുടെ തകര്‍ച്ചക്ക് ഒരു കാരണമായി. വിദ്യാ സന്പന്നര്‍ മെച്ചപ്പെട്ട തൊഴിലുകള്‍ തേടി പട്ടണങ്ങളിലേക്ക് ചേക്കേറി. അതിന് അവസരം ലഭിക്കാഞ്ഞവര്‍ കൂടുതല്‍ ലാഭം കൊയ്‌യാനാവുന്ന ബിസിനസ്സുകളില്‍ മുഴുകി. കോഴി ഫാമുകളും, പന്നി ഫാമുകളും നിലവില്‍ വന്നു. റബര്‍ പാല്‍ സംസ്കരണം ഉള്‍പ്പടെയുള്ള ചെറുകിട വ്യവസായ യൂണിറ്റുകള്‍ ഉണ്ടായി. ഇവകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ യഥാവിധി സംസ്ക്കരിക്കുവാന്‍ ആരും തയ്യാറാവാതെ അവകള്‍ എളുപ്പ വഴിയില്‍ തോട്ടിലേക്കൊഴുക്കി. കുടിക്കാന്‍ കൊള്ളാമായിരുന്ന തോട്ടിലെ ജലം കുളിക്കാന്‍ പോലും കൊള്ളാതെ അഴുക്കായി.

കുടുംബ ഭാരത്തിന്റെ പകുതിയിലേറെയും ചുമലില്‍ ഏറ്റിയിരുന്ന സ്ത്രീകള്‍ ചാനല്‍ ബൂര്‍ഷ്വാസികള്‍ വളര്‍ത്തി വിട്ട അടിപൊളിയന്‍ ജീവിത കാമനകളില്‍ അകപ്പെട്ട് സ്വര്‍ണ്ണ  മദ്യ  വസ്ത്ര മാഫിയകളുടെ അടിമകകളായി, എട്ടും, പത്തും കണ്ണീര്‍ സീരിയലുകള്‍ പതിവായിക്കണ്ട് കരഞ്ഞു തളര്‍ന്ന് മേദസ്സ് പെരുത്ത് രോഗികളായി കാലം കഴിക്കുന്നു. അച്ചായന്മാര്‍ എന്നും പുറത്താണ്. ഓരോ തരികിട പരിപാടികളുടെ മറവില്‍ കള്ളടിക്കാനുള്ള എളുപ്പ വഴി. മനുഷ്യാവസ്ഥയെ മാറ്റി മറിക്കാന്‍ പര്യാപ്തമാവേണ്ട കലാ  സാംസ്കാരിക രംഗങ്ങള്‍ മിമിക്രിയന്‍ ഇളിപ്പുകാരുടെ വളിപ്പന്‍ പ്രകടനങ്ങളില്‍ ഇളിച്ചുമറിഞ്ഞ് മയങ്ങുന്നു. വസ്ത്ര  സ്വര്‍ണ്ണ ഷോറൂമുകളുടെ ആദ്യ വില്‍പ്പനക്കെത്തുന്ന ഇറച്ചിക്കോഴികളായ സിനിമാ നടികളെ ഒന്ന് ദര്‍ശിക്കാന്‍ പാഞ്ഞെത്തിയ നമ്മുടെ ന്യൂജെന്‍ പിള്ളേര് അടുത്തടുത്ത അഞ്ചു പട്ടണങ്ങളിലാണ് ട്രാഫിക് ജാമ് സൃഷ്ടിച്ചു കളഞ്ഞത് എന്നത് ചരിത്ര സത്യം.

സാമൂഹികമായി സംഭവിച്ച ഈ സാംസ്കാരിക  ധര്‍മ്മിക തകര്‍ച്ച എന്റെ കുടുംബത്തില്‍ ഉള്ളവരെയും ബാധിച്ചിരിക്കണം എന്നാണ് ഞാന്‍ വിലയിരുത്തുന്നത്. അതുകൊണ്ടായിരിക്കണം, സ്വപ്നക്കൂട് പോലെ ഞാന്‍ പണിയിച്ച പ്രാവിന്‍ കൂടില്‍ ചേക്കേറി പെറ്റു പെരുകിയ പ്രാവുകളെ അവര്‍ വെറുക്കാന്‍ തുടങ്ങിയത്. ഒരിക്കല്‍ നാട്ടില്‍ ചെന്നപ്പോള്‍ ഈ പ്രാവുകളെക്കൊണ്ട് വലിയ ശല്യമാണെന്ന് 'അമ്മ തന്നെ എന്നോട് പരാതി പറഞ്ഞിരുന്നു. പ്രാവുകള്‍ വീട്ടിലും, പരിസരത്തും കാഷ്ടിക്കുകയാണെന്നും, അവയെ ആട്ടിയോടിക്കുന്നതിനുള്ള വഴി നോക്കണമെന്നും 'അമ്മ പറഞ്ഞപ്പോള്‍ ഞാനതിനെ എതിര്‍ത്തു സംസാരിച്ചതിന്റെ പേരില്‍ അമ്മയുടെ ദേഷ്യം ഇരച്ചെത്തിയ മുഖവും കണ്ടു കൊണ്ടാണ് ആ തവണ ഞാന്‍ വെക്കേഷന്‍ കഴിഞ്ഞു മടങ്ങിയത്.

ഞാന്‍ പോന്നതിനു ശേഷം ആരൊക്കെയോ മുന്‍കൈയെടുത്ത് പ്രാവുകള്‍ക്ക് കയറാനും, ഇറങ്ങാനുമായി പ്രാവിന് കൂട്ടില്‍ നിര്‍മ്മിച്ചിരുന്ന നാല് കിളിവാതിലുകളും സിമന്റും, ഇഷ്ടികയും ഉപയോഗിച്ച് അവര്‍ അടച്ചു കളഞ്ഞു. കുറേക്കാലം കൂടി കഴിഞ്ഞിട്ടാണ് ഞാന്‍ വിവരം അറിയുന്നത്. അറിഞ്ഞപ്പോള്‍ അകമനസില്‍ ആരോ തുടലിമുള്ള് ( മൂര്‍ച്ചയേറിയ മുള്ളുകള്‍ നിറഞ്ഞ ഒരു കാട്ടു ചെടിയാണ് തുടലി.) ഇട്ടു വലിക്കുന്നത് പോലുള്ള വേദനയാണ് എനിക്ക് അനുഭവപ്പെട്ടത്. ആ കൂട്ടില്‍ അന്നുണ്ടായിരുന്ന മുട്ടകളും, വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളും, അകത്ത് ഒറ്റപ്പെട്ടു പോയ ഇണകളും, തന്റെ ഓമനകള്‍ക്കൊപ്പം  മരണം മുഖാമുഖം  ദര്‍ശിച്ചു കൊണ്ട്, ശ്വാസം മുട്ടി മരിച്ചു വീഴുന്ന തന്റെ പിഞ്ചോമനകളെ നെഞ്ചില്‍ ചേര്‍ത്തു പിടിക്കുന്ന അമ്മപ്രാവുകളുടെ ആധിയും ഒരു നിമിഷം കൊണ്ട് ഞാന്‍  തിരിച്ചറിഞ്ഞു. നര്‍മ്മദാ നദീ തീരത്തെ വാത്മീകിയുടെ വേദന എന്തായിരുന്നുവെന്ന് ഞാന്‍ അനുഭവിച്ചറിഞ്ഞു. മുഗള്‍ രാജ സിംഹം അക്ബര്‍ ചക്രവര്‍ത്തിയുടെ പിടിവാശി കല്ലറയില്‍ അടച്ചു കൊന്നു കളഞ്ഞ പേര്‍ഷ്യന്‍ സൗന്ദര്യ ധാമം അനാര്‍ക്കലിയുടെ മാതളപ്പൂ ദള കവിള്‍ ചോപ്പിലൂടെ ഒഴുകിയിറങ്ങിയ ചുടു കണ്ണീരരുവികള്‍ എന്റെ മനസ്സില്‍ ഓടിയെത്തി.  ' ജീവിതം ആഘോഷമാക്കുക ' എന്ന അടിപൊളിയന്‍ മുദ്രാവാക്യത്തിന്നടിയില്‍ മുരട്ടു കാളയെപ്പോലെ മുക്രയിട്ടോടുന്ന ആധുനിക ലോക വ്യവസ്ഥയില്‍,  വേട്ടക്കാര്‍ വേദമോതുന്ന പുത്തന്‍ കാലാവസ്ഥയില്‍, എത്രയോ ജീവിതങ്ങള്‍ വേട്ടയാടപ്പെടുകയും, ആ വേട്ടക്കാര്‍ സുരക്ഷിതരായി ജീവിക്കുകയും ചെയ്‌യുന്ന ഈ വര്‍ത്തമാനാവസ്ഥയില്‍ ഒരു വാത്മീകിക്കും പ്രസക്തിയില്ല എന്ന് തിരിച്ചറിഞ്ഞു കൊണ്ട് ഞാന്‍ നിശബ്ദനായി.

ക്രൗഞ്ച മിഥുനമേ, ക്രൗഞ്ച മിഥുനമേ,
കരയരുതേ, തേങ്ങിക്കരയരുതേ,
ശരമേറ്റു പിടയും നിന്നിണക്കിളി പിരിയുന്‌പോള്‍.
പിടയരുതേ, കരള്‍ പിടയരുതേ !

' മാനിഷാദ ' പാടിവരാ, നാവാതെ മാമുനിമാര്‍
നീതിശാസ്ത്ര ചിതല്‍പ്പുറ്റില്‍ മുഖമൊളിപ്പൂ,
വേദ കാല നീതി ബോധം വേദനയാല്‍ പിടയുന്‌പോള്‍,
ആദികവി വാത്മീകി കരയുന്നു !

' താമസോമാ ' യോതി വരാന്‍ കഴിയാതെ യാചാര്യന്മാര്‍,
തമസ്സിന്റെ ഗുഹകളില്‍ മുഖമൊളിപ്പൂ,
മാനവീക മൂല്യ ബോധം കീഴടക്കി, യധര്‍മ്മത്തിന്‍
' മേധ ' യശ്വ, മജയ്യനായ് കുതിക്കുന്‌പോള്‍,

കാല, മുണക്കാത്ത മുറിവുകളുണ്ടോ ?
കണ്ണീരിലലിയാത്ത വിരഹമുണ്ടോ ? എന്നെഴുതി ഞാന്‍ ആശ്വസിച്ചു.

ഡല്‍ഹി പോലീസില്‍ ഇരുപത് വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കി റോയിയും കുടുംബവും മടങ്ങിയെത്തി. നാട്ടിലെ ഞങ്ങളുടെ വീട് പണിയില്‍ സജീവ സാന്നിധ്യമായിരിക്കുകയും, റോയിക്കു വേണ്ടി ഒരു ബെഡ് റൂം പറഞ്ഞു വയ്ക്കുകയും ഒക്കെ ചെയ്തിരുന്നുവെങ്കിലും റോയി ആ വീട്ടില്‍ താമസിക്കുകയുണ്ടായില്ല. വീടിനോട് ചേര്‍ന്ന് മുന്‍പുണ്ടായിരുന്ന വീട് ചെറിയ റിപ്പയറിങ്ങുകള്‍ ഒക്കെ നടത്തി അവിടെയാണ് റോയിക്കുടുംബം താമസമാക്കിയത്. അതോടൊപ്പം വീടിനു ചുറ്റും പഴവര്‍ഗ്ഗ ചെടികള്‍ വച്ച് പിടിപ്പിക്കുന്നതിനും, ഞങ്ങള്‍ കൂട്ടായി നിര്‍മ്മിച്ച മീന്‍ കുളത്തില്‍ മീനുകളെ വളര്‍ത്തുന്നതിനുമെല്ലാം റോയി സമയം കണ്ടെത്തി. കാല ക്രമത്തില്‍ നോക്കാനാളില്ലാതെ മീന്‍കുളം നശിച്ചു പോയെങ്കിലും റോയി വച്ച് പിടിപ്പിച്ച സപ്പോട്ടയും, മാങ്കോസ്റ്റിനും അടക്കമുള്ള പഴ മരങ്ങള്‍ ഇന്നും സമൃദ്ധമായി കായ്ച്ചു നില്‍ക്കുന്നുണ്ട്

 ഫീല്‍ഡ് ഫോട്ടോഗ്രാഫര്‍ എന്ന തസ്തികയില്‍ ഡല്‍ഹി പോലീസില്‍ ഇരുപത് വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിയ റോയിക്ക് കേന്ദ്ര ഗവര്‍മെന്റ് നിരക്കിലുള്ള പെന്‍ഷനും, മറ്റാനുകൂല്യങ്ങളും ലഭിച്ചിരുന്നു. നാട്ടിലെത്തിയ റോയി  കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുകയും, പൈങ്ങോട്ടൂരില്‍ ഒരു തുണിക്കട ആരംഭിക്കുകയും ചെയ്തു കൊണ്ട് ജീവിതം നാട്ടിലേക്ക് പറിച്ചു നട്ടു. ' ഫാഷന്‍ വേള്‍ഡ് ' എന്ന പേരിട്ട സ്ഥാപനം പൈങ്ങോട്ടൂരില്‍ ബേബിക്ക് സ്വന്തമായി ഉണ്ടായിരുന്ന കെട്ടിടത്തില്‍ ആണ് തുടങ്ങിയത്. അന്ന് അവിടെയുണ്ടായിരുന്നതില്‍ ഏറ്റവും വലിയത് ആയിരുന്നത് കൊണ്ടും, ഷോറൂം എയര്‍ കണ്ടീഷന്‍ ചെയ്തിരുന്നത് കൊണ്ടും ആവാം നല്ല ബിസിനസ് കിട്ടിയിരുന്നു. ഡല്‍ഹിയില്‍ നിന്നുള്ള ചരക്കുകള്‍ ഞങ്ങള്‍ക്ക് വേണ്ടി പര്‍ച്ചേസ് ചെയ്തു തന്നതിലുള്ള മുന്‍ പരിചയം ഫാഷന്‍ വേള്‍ഡിന്റെ പ്രവര്‍ത്തനത്തില്‍  റോയിയെ ഏറെ സഹായിച്ചിരുന്നു.

 നല്ല നിലയില്‍ നടന്നു കൊണ്ടിരുന്ന ബിസിനസില്‍ നിന്ന് മികച്ചവരുമാനം ഉണ്ടാക്കുവാന്‍ റോയിക്ക് കഴിഞ്ഞിരുന്നു. രണ്ട് സെയില്‍സ് ഗേളുകള്‍ക്കൊപ്പം റോയിയുടെ ഭാര്യ റൈനയും മുഴുവന്‍ സമയവും ബിസിനസിന് സഹായത്തിനുണ്ടായിരുന്നു. ബിസിനസ്സില്‍ നിന്നുണ്ടായ ലാഭം ഉപയോഗപ്പെടുത്തി ചെറിയൊരു പ്രോപ്പര്‍ട്ടി സ്വന്തമാക്കാനും റോയിക്കു  കഴിയുകയുണ്ടായി.

അമ്മയെ ഏറെ സ്‌നേഹിക്കുകയും, 'അമ്മ ഏറെ സ്‌നേഹിക്കുകയും ചെയ്തിരുന്ന ഇളയ മകനായ റോയിയുടെയും, കുടുംബത്തിന്റെയും തിരിച്ചു വരവ് കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും വലിയ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക