Image

ഇന്തോ- ജര്‍മന്‍ നയതന്ത്ര വാര്‍ഷിക ആഘോഷങ്ങള്‍ക്ക്‌ തുടക്കം

Published on 23 May, 2012
ഇന്തോ- ജര്‍മന്‍ നയതന്ത്ര വാര്‍ഷിക ആഘോഷങ്ങള്‍ക്ക്‌ തുടക്കം
ബര്‍ലിന്‍: ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക്‌ ജര്‍മന്‍ തലസ്‌ഥാനമായ ബര്‍ലിനില്‍ തുടക്കം കുറിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ ജര്‍മനിയിലെ പ്രധാന നഗരങ്ങളില്‍ നടക്കും. ഇന്ത്യയിലെയും ജര്‍മനിയിലെയും രാഷ്‌ട്രീയ പ്രമുഖരും കലാകാരന്മാരും പരിപാടികളില്‍ പങ്കുചേരും.

ബര്‍ലിനു പുറമേ ഫ്രാങ്ക്‌ഫുര്‍ട്ട്‌, മ്യൂണിക്‌, സ്‌റ്റുട്ട്‌ഗാര്‍ട്ട്‌, ഹാംബുര്‍ഗ്‌ തുടങ്ങിയ പ്രധാന ജര്‍മന്‍ നഗരങ്ങളില്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിലാണ്‌ ആഘോഷപരിപാടികള്‍ നടക്കുക.

ഇതിന്റെ ഭാഗമായി ബര്‍ലിനില്‍ നടന്ന ആഘോഷ പരിപാടികള്‍ ഇന്ത്യന്‍ വാണിജ്യ - വ്യവസായ മന്ത്രി ആനന്ദ ശര്‍മ ഉദ്‌ഘാടനം ചെയ്‌തു. ജര്‍മന്‍ വിദേശ സഹമന്ത്രി ഹാരാള്‍ഡ്‌ ബ്രൗണ്‍, ഇന്ത്യന്‍ അംബാസഡര്‍ സുചിത സിങ്‌ എന്നിവര്‍ പരിപാടിയില്‍ പങ്കുചേര്‍ന്നു.

ഹാംബുര്‍ഗില്‍ ആഘോഷപരിപാടികള്‍ ഹാംബുര്‍ഗ്‌ പോര്‍ട്ടിലാണ്‌ സംഘടിപ്പിച്ചത്‌. സിറ്റി മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കുചേര്‍ന്നു. അനേകം കപ്പലുകളുടെ അകമ്പടിയോടെ ആഘോഷം നടന്നത്‌. ഇന്ത്യയില്‍ നിന്നുള്ള കപ്പലും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

ഫ്രാങ്ക്‌ഫുര്‍ട്ടില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ടാന്‍ജിത്‌ സിങ്‌ സന്ധു ആഘോഷങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.

പത്മശ്രീ ഡോ. സുബ്രഹ്‌മണ്യം ബോളിവുഡ്‌ ഗായിക കവിത കൃഷ്‌ണമൂര്‍ത്തി എന്നിവയുടെ നേതൃത്വത്തിലുള്ള സംഗീത സദസ്സും ഗുജറാത്തി - രാജസ്‌ഥാനി ഡാന്‍സുകളും അരങ്ങേറി.

ഇന്ത്യയും ജര്‍മനിയും നയതന്ത്രബന്ധം സ്‌ഥാപിച്ചിട്ട്‌ 2011 ലാണ്‌ അറുപത്‌ വര്‍ഷം തികഞ്ഞത്‌. ഇതിന്റെ തുടക്കമായി കഴിഞ്ഞവര്‍ഷം ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ഇന്ത്യയില്‍ ആഘോഷ പരിപാടിയ്‌ക്ക്‌ തിരി കൊളുത്തിയത്‌. ജര്‍മനിയിലെ ആഘോഷം 2013 മേയില്‍ അവസാനിക്കും.
ഇന്തോ- ജര്‍മന്‍ നയതന്ത്ര വാര്‍ഷിക ആഘോഷങ്ങള്‍ക്ക്‌ തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക