Image

കൊറോണ നമ്മോട്‌ ചെയ്തത്‌..(ശാന്തിനി ടോം )

Published on 10 April, 2020
കൊറോണ നമ്മോട്‌ ചെയ്തത്‌..(ശാന്തിനി ടോം )


ഇങ്ങനെയുമൊരു കാലം! 
ഒന്നിനും നേരമില്ലെന്ന പരാതി തീർന്നു. നടന്നും ഓടിയും മടുത്തെന്ന പരാതിയും തീർന്നു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഇന്നോളം സ്വപ്നം പോലും കാണാത്തൊരു പുതിയ ജീവിതശൈലിയാണ്‌ അനുരൂപപ്പെട്ടിരിക്കുന്നത്‌. 

ഒട്ടേറെ കിലോമീറ്ററുകൾ കാറിലും മെട്രോയിലും ഓട്ടോയിലുമൊക്കെയായി ഓടിയും  കിതച്ചും നീക്കിയിരുന്ന ദിവസങ്ങൾ  ഇപ്പോൾ സ്വന്തം വീടിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെയേ സഞ്ചരിക്കേണ്ടതുള്ളൂ.

എന്തുമേതും ഓർഡർ ചെയ്താൽ മണിക്കൂറുകൾക്കുള്ളിൽ ഹോംഡെലിവറി കിട്ടുമെന്ന വിശ്വാസം കൈവിട്ടുപോയപ്പോളാണ്‌ സ്റ്റോക്കിലുള്ള ഗ്രോസറിയും മറ്റും നിബന്ധനകളോടെ ഉപയോഗിക്കാൻ പഠിച്ചത്‌.  

ഉപ്പില്ലെങ്കിൽ കഞ്ഞിക്ക്‌ രുചിയില്ലെന്ന തത്വം ഉപ്പില്ലാതെ വരുമ്പോൾ മാത്രം മനസിലാവുന്ന ഒന്നാണ്‌.  

മടി തോന്നുമ്പൊഴെല്ലാം ആഹാരം വീട്ടിലെത്തുന്ന സൗകര്യങ്ങൾ ഇല്ലാതായപ്പോളാണ്‌ മിനിറ്റുകൾക്കുള്ളിൽ എത്ര ഗുണവും രുചിയുമുള്ള വിഭവങ്ങളാണ്‌ ഉണ്ടാക്കാൻ പറ്റുന്നതെന്നും ഓർമ്മ വന്നത്‌‌.  

എല്ലാത്തിനുമുപരിയായി ജോലിക്കാരിയുടെ തുടർച്ചയായ അഭാവത്തിലാണ്‌ അച്ഛനും അമ്മയ്ക്കും മക്കൾക്കും വീട്ടുജോലികൾ പങ്കിട്ടെടുത്ത്‌ ചെയ്യാമെന്നും മനസിലാക്കിയത്‌.  

സൗകര്യങ്ങളുടെ പാരമ്യതയിൽ സ്വന്തം കാര്യങ്ങൾ മാത്രം ചെയ്തിരുന്നവർ ഒരുകൈ സഹായമൊക്കെ ചുറ്റും പ്രതീക്ഷിക്കുന്നുമുണ്ട്‌, ചെയ്യാനും തയ്യാറാവുന്നുണ്ട്‌.   

ഗതാഗത സൗകര്യങ്ങൾ നിശ്ചലമായപ്പോഴാണ്‌ "എന്തെങ്കിലും കാര്യമുണ്ടെങ്കിൽ ഒന്നറിയിച്ചാൽ മതി, ദാ എന്ന് പറയുമ്പോൾ ഞാനങ്ങെ‌ത്തിക്കൊള്ളാം" എന്ന ആത്മവിശ്വാസം പോയി, പകരം "ദൈവമേ, അനിഷ്ടതകളും അത്യാഹിതങ്ങളുമൊന്നും  സംഭവിക്കല്ലേ", എന്നൊരു പ്രാർത്ഥനയിൽ മനമുടക്കിയത്‌. 

ഒരു കുഞ്ഞൻ വൈറസിനു ലോകത്തിന്റെ ശീലങ്ങളെ മുഴുവൻ മാറ്റാൻ കഴിഞ്ഞെങ്കിലും മനുഷ്യമനസിന്റെ നിഗൂഢതകളെ എത്രത്തോളം സ്വാധീനിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് വരുംനാളുകൾ സാക്ഷ്യപ്പെടുത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക