Image

ചൈന നമ്മുടെ മിത്രമൊ; അമേരിക്ക ഇന്ന് (നാലാം പുറം) - വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍

Published on 10 April, 2020
ചൈന നമ്മുടെ മിത്രമൊ; അമേരിക്ക ഇന്ന് (നാലാം പുറം) - വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍
മാവോയുടെ കാലത്തു അദ്ദേഹത്തിനുള്ള ഒരു വാശിയായിരുന്നു ചൈനീസ് രാഷ്ട്രീയ പാര്‍ട്ടി ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരിക്കണം എന്ന്. ഇന്നത്തെ ചൈനയുടെ സ്വപ്നവും അതു തന്നെയാണ്. എന്നാല്‍ ഇന്നവര്‍ക്കു വേറൊരു സ്വപ്നം കൂടെയുണ്ട്; ലോക മേധാവിത്വം കയ്യടക്കി വാഴുന്ന ഒരു സൂപ്പര്‍ പവറായി തീരുക എന്ന ആ ഒന്ന്. ആ സ്വപ്നം ഏതാണ്ടു പൂവണിയുന്ന ലക്ഷണമാണ് ഇന്നവരുടെ വളര്‍ച്ച കണ്ടാല്‍.
   
ഇന്നു ലോകത്തിന്റെ ഏതു കോണില്‍ ചെന്നാലും ചൈനീസ് നിര്‍മ്മിതമല്ലാത്ത സാധനങ്ങള്‍ ഉണ്ടോ? സകല ലോകരുടെയും ഒരു വെയര്‍ ഹൗസാണിന്നു ചൈന. ചെസ്സ് കളിക്കുമ്പോള്‍ എതിരാളി ചെക്ക്‌മേറ്റ് പറയുന്ന ഒരു സമയമുണ്ട്. ഒരു നിര്‍ണ്ണായക സമയം! ലോകം നിശ്ചലമായിരിക്കുന്ന ഈ സമയത്തു, ചൈന ഇന്നു സകല ലോകരോടും ചെക്ക്‌മേറ്റ് പറയാതെ പറഞ്ഞിരിക്കുന്നു.
   
കമ്മ്യൂണിസം വേദനിക്കുന്ന മനുഷ്യനുവേണ്ടി നില കൊള്ളുന്നു എന്നു പറഞ്ഞാലും, ചൈന സനാതന-അദ്ധ്യാത്മിക ചിന്തകളില്‍ വിശ്വസിക്കുന്നില്ല. അതറിയണമെങ്കില്‍ അന്‍പതിന്റെ ഉത്തരാര്‍ദ്ധത്തില്‍ ചൈനയില്‍ നടന്നതു എന്തെന്നു ഒന്നു കണ്ണോടിച്ചു നോക്കിയാല്‍ മാത്രം മതിയാവും. 1959-നു ശേഷം മാവോ കൊന്നതു രണ്ടാം ലോക മഹായുദ്ധകാലത്തു മരിച്ചവരെക്കാളും എത്രയോ അധികം.  എത്രയോ മനുഷ്യര്‍ പട്ടിണി കിടന്നു മരിച്ചു. അന്നു ഭൂമിയില്‍ ഇഴയുന്ന എന്തിനെയും പിടിച്ചു തിന്നു പരിചയിച്ച ചൈനക്കാരന്‍ ഇന്നും ആ ശൈലിയിലാണു ജീവിതം തുടരുന്നത്. ലോകത്തിന്റെ വിഹായസിലേക്കു കയറ്റിവിട്ട എത്രയെത്ര സൂക്ഷ്മാണുക്കള്‍ ലോകത്തിന്റെ അതതു ഭാഗങ്ങളിലുള്ളവരുടെ ജീവിതരീതിയില്‍ നിന്നുമുടലെടുത്ത ‘സംഭാവന’കളാണ്.
   
ചൈനയിലെ ജനങ്ങള്‍ കഠിനാദ്ധ്വാനികളാണ്, ബുദ്ധിമാന്മാരാണ്-ബുദ്ധിമതികളാണ്. അവരുടെ പരിശ്രമത്തിന്റെ പ്രതീകമാണ് ഇന്ന് കാണുന്ന ചൈന. ദാരിദ്യം കൊടികുത്തിവാണിരുന്ന ചൈനയ്ക്കു വികസിതരാഷ്ട്രങ്ങള്‍ കല്‍പിച്ച ഇളവുകള്‍ അവര്‍ പരമാവധി പ്രയോജനപ്പെടുത്തി. കോടാനുകോടി യുവാന്‍ മുടക്കി നിര്‍മ്മിച്ച സ്വപ്ന പദ്ധതികളായ ഫാക്ടറികള്‍, വണ്ടര്‍ലാന്റുകള്‍, മറ്റു വിസ്മയങ്ങള്‍ അമേരിക്കയോടു കളിച്ചു ഒരു രാത്രി കൊണ്ടു തച്ചുടച്ചു ചാമ്പലാക്കാന്‍ ഇന്നവര്‍ തുനിയുകയില്ല. അപ്പോള്‍ താരിഫിന്റെ തിക്തഫലം അനുഭവിച്ചു കൊണ്ടിരിക്കുന്ന അവര്‍ അമേരിക്കയെ ഒരു പാഠം പഠിപ്പിക്കാന്‍ പ്രതികാരബുദ്ധിയോടെ ഇലയ്ക്കും, മുള്ളിനും കേടുവരാതെ ഒരു കണം വിയര്‍പ്പോ, രക്തമോ ഭൂമിയില്‍ വീഴാതെ ചെയ്ത ഒരു ‘നിശബ്ദയുദ്ധ’മാണോ ഈ കൊറോണാ വൈറസ് എന്നു തോന്നിപ്പോവുന്നു.
   
ഇന്ന് അമേരിക്കയുടെ ബലഹീനത അവര്‍ ശരിക്കും മനസ്സിലാക്കിയിരിക്കുന്നു. ഇറാക്കുയുദ്ധത്തില്‍ മൂവായിരത്തില്‍ പരം അമേരിക്കന്‍ ഭടന്മാര്‍ മരിച്ചു വീണപ്പോള്‍ അമേരിക്കന്‍ മണ്ണില്‍ നിന്നും ഉയര്‍ന്ന ജനരോദനം അവര്‍ കണ്ടതാണ്. ഇന്നൊരു ചൈന-അമേരിക്ക യുദ്ധമുണ്ടായാല്‍ അമേരിക്ക തോല്‍ക്കുമെന്നു ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ചൈനീസ് പ്രിമീയര്‍ പറഞ്ഞിരുന്നു. യുദ്ധത്തില്‍ മരിയ്ക്കാന്‍ ചൈനയില്‍ രണ്ടു മില്യന്‍ ഭടന്മാര്‍ തയ്യാറാക്കി നില്‍പുണ്ടെന്നു പറയുമ്പോള്‍ ചൈനീസ് പ്രിമീയറിനു നല്ല തന്റേവും ആത്മവിശ്വാസവും.
   
ഈ രാജ്യം ഇപ്പോള്‍ മള്‍ട്ടി കള്‍ച്ചറലിസത്തിന്റെ ഒരു ഉത്തമ ഉദാഹരണം കൂടിയാണല്ലോ? ഇന്നത്തെ ഈ സമൂഹത്തില്‍ അമേരിക്കന്‍ പൗരന്‍ എന്നവകാശപ്പെടുന്ന പല ന്യൂനപക്ഷങ്ങളും ഈ രാജ്യത്തെ ഹൃദയംഗമായി സ്‌നേഹിക്കുന്നവരല്ല. അമേരിക്ക നല്‍കുന്ന സ്വാതന്ത്ര്യവും ജോലിയും, സുഖസൗകര്യങ്ങളുമൊക്കെ അനുഭവിച്ചു ഒരു ഏകാത്മക അനുഭാവമില്ലാത്ത ഒരു വിഭാഗം ഇവിടെയുണ്ട്. ഇതു കഴിഞ്ഞ അര നൂറ്റാണ്ടായി ഈ ലേഖകന്‍ പലപ്പോഴും നേരില്‍ കണ്ടിട്ടുള്ള ഒരു നഗ്നസത്യവും, അതോടൊപ്പം ഒരു ദുഃഖസത്യവുമാണ്. ഈ രാജ്യം ഒരു യൂണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക ആയിട്ടാണല്ലോ അറിയപ്പെടുന്നത്? എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷക്കാലത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ വന്ന കോളിളക്കങ്ങള്‍ കണ്ടാല്‍ ഇപ്പോള്‍ ഒരു ‘ഡിവൈഡഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയെ’ ആണോ കാണുന്നത് എന്നു തോന്നിപ്പോവും.
   
ഈ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കു ഏതെങ്കിലും കാരണവശാല്‍ സാരമായ പോറല്‍ ഏറ്റാല്‍ പുത്തന്‍ കുടിയേറ്റക്കാരായ നമ്മെയും അതു വളരെയധികം ബാധിക്കും. മുമ്പൊരിക്കല്‍ എഴുതിയതു പോലെ ഒരു ഡോളറിനു ഒരു രൂപ എന്ന അനുപാതത്തില്‍ എത്തിയാല്‍..?
   
കമ്മ്യൂണിസത്തോടെ സന്ധിയില്ലാ സമരം നടത്തിയ അമേരിക്ക ഇന്നു കമ്മ്യൂണിസത്തെ ഭയക്കുന്നില്ല. ഇന്നവര്‍ക്കു ഭീകരവാദം എന്ന കീറാമുട്ടിയാണു തലവേദനയായി തീര്‍ന്നിരിക്കുന്നത്. കമ്മ്യൂണിസം ഇന്നു പല്ലു കൊഴിഞ്ഞ ഒരു സിംഹം പോലെയായിരിക്കുന്നു. ലോക കമ്മ്യൂണിസം ഇന്നു ഊര്‍ദ്ധശ്വാസം വലിക്കുകയാണ്. ബംഗാളിലെയും യൂറോപ്പിലെയും കമ്മ്യൂണിസത്തിനെന്തുപറ്റി? മുപ്പതില്‍ പരം വര്‍ഷം കമ്മ്യൂണിസ്റ്റുകാര്‍ ബംഗാള്‍ ഭരിച്ചതിന്റെ പരിണതഫലമായി കേരള ജനതയ്ക്കു ഇരുപതു ലക്ഷത്തില്‍ പരം ബംഗാളികളെ ദാനമായി ലഭിച്ചു. ഒരു കാലത്തു കുടിയാനു, അവന്‍ ചെയ്ത തൊഴിലിനു കൂലി വാങ്ങിക്കൊടുക്കാന്‍ കമ്മ്യൂണിസം ചെയ്ത സഹായം ഇവിടെ വിസ്മരിക്കുന്നില്ല. കമ്മ്യൂണിസം ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ ആ കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. കുടിയാനും മനുഷ്യനാണ് എന്ന് ഭൂജന്മിക്കു മനസ്സിലാക്കി കൊടുത്ത ഒരു മദ്ധ്യവര്‍ത്തി. ഇന്നു കമ്മ്യൂണിസത്തിന്റെ പ്രസക്തി നഷ്ടമായിരിക്കുന്നു. ഗാന്ധിജിയുടെ രാജ്യത്തെ ഒരു സംസ്ഥാനത്തു ലോകത്തിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റു ഗവണ്‍മെന്റു പ്രാബല്യത്തില്‍ വന്നപ്പോള്‍ അമേരിയ്ക്കയ്ക്കു അതൊരു ആശങ്കയ്ക്കു വകയായിരുന്നു എന്നു പറയുന്നതില്‍ അതിശയോക്തിയില്ല. ഒരു വശത്തു കമ്മ്യൂണിസം ഭൂപടത്തില്‍ നിന്നും തുടച്ചുമാറ്റാന്‍ അമേരിക്ക ധനസഹായം ചെയ്യുമ്പോള്‍, മറുവശത്തു കമ്മ്യൂണിസം പ്രചരിപ്പിക്കാന്‍ അന്നു റഷ്യയും, ചൈനയും സഹായം ചെയ്യുകയായിരുന്നു എന്നുള്ളതു പരസ്യമായ രഹസ്യമാണ്. ഇന്നു ചൈനയിലുള്ളതു കാള്‍മാക്‌സ് കമ്മ്യൂണിസമല്ല. പോളിറ്റു ബ്യൂറോയിലുള്ള വിരലലിലെണ്ണാവുന്നവര്‍ കമ്മ്യൂണിസത്തിന്റെ പേരില്‍ അധികാരത്തില്‍ തൂങ്ങിക്കിടക്കുന്നു എന്നു മാത്രം. കാള്‍മാക്‌സിന്റെ കമ്മ്യൂണിസവും ഇന്നത്തെ കമ്മ്യൂണിസവുമായി അജഗജാന്തരം. ഇന്നത്തെ ചൈനക്കാരന്‍ കാപ്പിറ്റലിസ്റ്റ് വ്യവസ്ഥിതി പ്രായോഗികമാക്കിയവന്‍. ഇന്നു മാവോ കോട്ടിനു പകരം പാശ്ചാത്യരുടെ ത്രീപീസ് സ്യൂട്ടാണല്ലോ അവരുടെ വേഷവിധാനം തന്നെ. സോഷ്യലിസവും സമത്വവും പ്രസംഗിച്ചു നടന്ന ചൈനയില്‍ ഇന്നു എത്ര ബില്യനേഴ്‌സ്??? അവര്‍ കമ്മ്യൂണിസത്തെ പേപ്പറില്‍ മാത്രമായി ഒതുക്കി നിര്‍ത്തിയിരിക്കുന്നു. ഇന്നു ലോകത്തില്‍ ഒരു കാള്‍ മാക്‌സ് കമ്മ്യൂണിസ്റ്റിനെ കാണണമെങ്കില്‍ മഷിയിട്ടു നോക്കണം.
   
ജപ്പാനെ അമേരിക്ക ബോംബിട്ടു നാമാവശേഷമാക്കിയെങ്കിലും, അവര്‍ അമേരിക്കയുടെ സ്റ്റൈലില്‍ വികസനം കൈകൊണ്ടു. ഫലമോ, അവരുടെ വളര്‍ച്ച അസൂയാര്‍ഹമായിരുന്നു. ജപ്പാന്‍ നിര്‍മ്മിത കാറുകള്‍ ഓടാത്ത ലോകത്തിലെ ഏതു തെരുവുകള്‍ ഉണ്ടിന്ന്? ആ സ്ഥാനം ഇന്നു കയ്യാളുവാന്‍ ചൈന ശ്രമിക്കുകയാണ്. മോഷ്ടിച്ചതെങ്കിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് ഇന്നവരുടെ കൈവെള്ളയിലാണ്. ലോകത്തിന്റെ ഇന്റലെക്ഷ്വല്‍ പ്രോപ്പര്‍ട്ടി മോഷ്ടിക്കുന്നതില്‍ ഇന്നവര്‍ ഒന്നാമതാണ്. ഇന്നവര്‍ യുവാനെ ഡോളറിന്റെ സ്ഥാനത്ത് അവരോധിക്കാന്‍ ഉള്ള ശ്രമത്തിലാണ്. ഇപ്പോള്‍ മുപ്പതു ശതമാനത്തില്‍ കൂടുതല്‍ അമേരിക്ക ചൈനയോടു കടപ്പെട്ടിരിക്കുന്ന എന്നു വായിച്ചു. അതവര്‍ ഇന്നത്തെ സാഹചര്യത്തില്‍ തിരികെ ചോദിച്ചാല്‍...?
   
താരിഫ് ഒടുവില്‍ അവര്‍ ഉള്‍ക്കൊണ്ടു. ‘ഒന്നും മിണ്ടാത്ത’ ചൈനീസ് പ്രസിഡന്റു ബങ്കറിലെ അകത്തളങ്ങളിലെവിടെയോ ഇരുന്നു തയ്യാറാക്കുന്ന പദ്ധതികള്‍ എന്തെന്ന് ആര്‍ക്കറിയാം? അവര്‍ക്കു അമേരിക്കയുടെ മുകളിലെത്തണം. ചൈനയുടെ ഒരു പ്രൊവിന്‍സില്‍ മാത്രം ഒതുങ്ങിക്കൂടിയ ‘ചുവന്ന സുന്ദരിയായ’ ഈ വൈറസ് എന്തുകൊണ്ടു  ചൈനയുടെ മറ്റു വന്‍ നഗരങ്ങളിലൊന്നും കയറിയിറങ്ങിയില്ല? പൂക്കള്‍ വിടരുന്ന പോലെ ഈ ലോകത്തിന്റെ വിരിമാറില്‍ വിടര്‍ന്നു, പരന്നു നാശം വിതച്ചപ്പോള്‍, മറ്റു ലോകര്‍ക്കു വെന്റിലേറ്ററും, മാസ്കും വില്‍ക്കാനുള്ള തിരക്കിലായിരുന്നവര്‍. ഇതിനിടയില്‍ ഒരു മില്യന്‍ മാസ്കുമായി അവരുടെ ഒരു കാര്‍ഗോ വിമാനം അമേരിക്കന്‍ മണ്ണില്‍ ലാന്റു ചെയ്തു. ഇത്രയും വേഗത്തില്‍ അത്രമാത്രം മാസ്ക് ഉണ്ടാക്കണമെന്നും, അമേരിക്കയ്ക്കു ഉടനെ വേണ്ടി വരുമെന്നും അവര്‍ക്കറിയാമായിരുന്നുവോ? ചൈനയില്‍ ഏകദേശം നാല്‍പതിനായിരം പേര്‍ മരിച്ചപ്പോള്‍ അവര്‍ പുറത്തുവിട്ട വാര്‍ത്ത വെറും മൂവായിരം പേരുടേതായിരുന്നു. ഏക്‌സ്പയറി ഡേറ്റു കഴിഞ്ഞു എന്നു വരുത്തി വയോധികരെ അവര്‍ തന്ത്രപരമായി നിര്‍മ്മാര്‍ജ്ജനം ചെയ്തതായിരുന്നോ? അമേരിക്കയില്‍ കാടുകള്‍ക്കു ‘കണ്‍ട്രോള്‍ഡ് ഫയര്‍’ എന്നു പറഞ്ഞു തീയിടുന്നതു പോലെ ഒരു വക ‘കണ്‍ട്രോള്‍ഡ് എപ്പിഡെമിക്‌സ്’ ആയിരുന്നോ ചൈന നടത്തിയത്? എന്നിട്ടവര്‍ വൈറസിനെ ലോകത്തിന്റെ നാനാ ഭാഗത്തേക്കും ‘കയറ്റുമതി’ ചെയ്തു. മൂന്നു മാസം കൊണ്ടവര്‍ വൈറസിനെ നിയന്ത്രിച്ചു. എങ്ങനെ??? അതിനു ശേഷം വൂഹാന്‍ നഗരം കഴുകി വൃത്തിയാക്കി പഴയപടിയാക്കി. ആ സമയങ്ങളിലെല്ലാം ഇറ്റലിയുടെ, ഫ്രാന്‍സിന്റെ, സ്‌പെയിനിന്റെ, അമേരിക്കയുടെ നാലു കോണുകളിലും ആ വൈറസ് അനേകരെ നാകപുരിയ്ക്കയച്ചു. ആയിരങ്ങള്‍ മരിക്കുമ്പോള്‍ അതതു വ്യോമമണ്ഡലങ്ങളിലെല്ലാം കൂട്ടനിലവിളികള്‍ ഉയരുകയായിരുന്നു.
   
ഇതിനോടകം ചുരുങ്ങിയ സമയത്തിനുള്ളില്‍ പാശ്ചാത്യലോകത്തിന്റെ സമ്പദ്ഘടനയുടെ ആണിക്കല്ല് ഉലഞ്ഞിളകിയാടി. തന്‍മൂലം പല കമ്പനികളും മൂക്കു കുത്താന്‍ തുടങ്ങി. മുപ്പതു ശതമാനം അമേരിക്കന്‍ സമ്പത്തു നേരത്തെ തന്നെ കൈക്കലാക്കിയ ചൈന വീണ്ടും താണു കിടക്കുന്ന സ്റ്റോക്കു ഓഹരികള്‍ കുറഞ്ഞ വിലയ്ക്കു കരസ്ഥമാക്കി.
   
ഇന്നലെ കിട്ടിയ വാര്‍ത്തയില്‍ പറയുന്നു ആറു ലക്ഷം മാസ്ക്കുകള്‍ നെതര്‍ലന്റിലേക്കു അയച്ചതു ക്വാളിറ്റി കുറഞ്ഞതിനാല്‍ ഉപയോഗശൂന്യമായി. സ്‌പെയിനിലേക്കും, ചെക്ക് ഗവണ്‍മെന്റിനും അയച്ച ടെസ്റ്റിംഗ് കിറ്റുകളും ഉപേക്ഷിക്കേണ്ട സ്ഥിതിയായി. ചൈന ക്വാളിറ്റി കണ്‍ട്രോളിന്റെ കാര്യത്തില്‍ പിന്നോക്കമാണെന്നല്ലെ പണ്ടു മുതലേ കേള്‍ക്കുന്ന പരാതി? ഇനിയും മെയ്ഡ് ഇന്‍ ചൈന എന്നു കാണുമ്പോള്‍ രണ്ടാമതൊന്നു കൂടി ചിന്തിക്കേണ്ടതായി വരുന്നു.
   
ഒരിക്കല്‍ തോക്കിന്‍ കുഴലിലൂടെ വിപ്ലവം നടത്തിയ ചൈന ഇന്നു തോക്കിന്‍ കുഴലില്ലാതെ, വെടിമരുന്നില്ലാതെ, ഒരു വെടിയുണ്ട പൊട്ടാതെ, നിശബ്ദമായി നടത്തിയ ഒരു വിപ്ലവമായിരുന്നോ ഇന്നു നാം കാണുന്നത്? ഇന്നത്തെ കേരളീയന്‍ ആഹാരത്തിനു വേണ്ടിയും, നിത്യോപയോഗ സാധനങ്ങള്‍ക്കും വേണ്ടി കര്‍ണ്ണാടകത്തിലേക്കും, തമിഴ്‌നാട്ടിലേക്കും, തെലുങ്കാനയിലേക്കും, കണ്ണുംനട്ടിരിക്കുന്നതു പോലെ, ഇന്നു പുറംലോകം ചൈനയെ ആശ്രയിച്ചു വേണം ഓരോ ദിവസവും തള്ളിനീക്കാന്‍. ഇവിടെ ബിസിനസ് സംരംഭകര്‍ ചൈനയിലെ പോലെ തന്നെ ഉയര്‍ത്തെഴുന്നേല്‍ക്കേണ്ട സമയം അമ്പേ അതിക്രമിച്ചിരിക്കുന്നു.
   
അടുത്തു വരുന്ന ഇലക്ഷനില്‍ ഈ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ ഒരു വാക്വം സൃഷ്ടിച്ചു ഒരു റിമോട്ട് കണ്‍ട്രോള്‍ സമ്പ്രദായത്തില്‍ ഇലക്ഷനെ പരോക്ഷമായി നിയന്ത്രിക്കാമെന്ന താല്‍പര്യം ഇതിന്റെ പിന്നിലുണ്ടോ? താരിഫ് എന്നു പറഞ്ഞു പണി കൊടുത്ത പ്രസിഡന്റു ട്രമ്പിനു പണിത ഒരു പാരയാണോ ഇത്?
   
കഴിഞ്ഞ മൂന്നു വര്‍ഷക്കാലം അമേരിക്കന്‍ രാഷ്ട്രീയ നേതാക്കള്‍ ജനങ്ങളെ ഭിന്നിച്ചു ജീവിക്കാന്‍ പഠിപ്പിച്ചു. പണ്ടു ബ്രിട്ടീഷുകാരന്‍ പൊടിയും തട്ടി പോയപ്പോള്‍ ഇന്ത്യാക്കാരന്റെ ചെവിയില്‍ ഓതിക്കൊടുത്ത ഒരു മന്ത്രം. അതായതു ഭിന്നിച്ചു ഭരിക്കുക. ഇന്നും ഇന്ത്യാക്കാരന്‍-പ്രത്യേകിച്ചു കേരളീയര്‍ തുടര്‍ന്നു കൊണ്ടു പോവുന്ന ആ മന്ത്രം-ഒരു നശീകരണ മന്ത്രം! ഇലക്ഷനു മുമ്പേ ഒരു അരക്ഷിതാവസ്ഥ സൃഷ്ടിച്ചു കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള തന്ത്രത്തിലാണോ ഇന്നു ചൈന? ഈ സാഹചര്യത്തില്‍ ജനങ്ങള്‍ അക്ഷമരാവും അല്ലെങ്കില്‍ രോഷാകുലരാവും. അങ്ങനെ രാഷ്ട്രീയാന്തരീക്ഷം കലങ്ങിമറിയും.
   
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലാഭേഛ മാത്രം മുന്നില്‍ കണ്ടുകൊണ്ടു നല്ലൊരു ശതമാനം അമേരിക്കന്‍ കമ്പനികള്‍ ചൈനയിലേക്കു പറച്ചു നട്ടു. അതിനിന്നു മുതലക്കണ്ണീര്‍ ഒഴുക്കുന്ന റിപ്പബ്ലിക്കന്‍-ഡെമോക്രാറ്റിക് ഭരണകര്‍ത്താക്കള്‍ ഒരുപോലെ കുറ്റക്കാരാണ്. അങ്ങനെ തൊഴിലില്ലായ്മയുടെ സംഖ്യ ഒരു കാലത്തു വാനോളം ഉയര്‍ന്നിരുന്നു. ഇന്നു ഉപ്പു തൊട്ടു കര്‍പ്പൂരം വരെ ചൈന ഉണ്ടാക്കി തന്നെങ്കിലെ ഒരു ദിവസം തള്ളിനീക്കാനൊക്കൂ എന്ന നിലയിലായി. ഇവിടെ, അമേരിക്കയിലുണ്ടാക്കിക്കൊണ്ടിരുന്ന- ഇന്നും ഉണ്ടാക്കാമായിരിക്കുന്ന പല സാധനങ്ങളും ചൈനയുടെ കുത്തകയായി. ഇന്നു മാസ്കില്ല, മരുന്നില്ല, വെന്റിലേറ്ററില്ല എന്നു പറഞ്ഞു സമ്പല്‍സമൃദ്ധമായ ഒരു രാജ്യം കേഴുകയാണ്.
   
കഴിഞ്ഞ മൂന്നുവര്‍ഷക്കാലം കൊലൂഷന്‍ ഇംപീച്ചുമെന്റ് എന്നൊക്കെ പറഞ്ഞു പാഴാക്കിയ ഓരോ ഡോളറിനും കഴുത്തറ്റം കടക്കെണിയില്‍ മുങ്ങിത്താഴുന്ന ഓരോ അമേരിക്കന്റെയും വിയര്‍പ്പിന്റെ ഗന്ധമുണ്ട്. ഈ പ്രഹസനങ്ങള്‍ കൊണ്ട് ആര്, എന്തു നേടി? ഈ തുക കൊണ്ട് എത്ര മില്യന്‍ മാസ്കുകള്‍ നിര്‍മ്മിക്കാമായിരുന്നു? നേതാക്കള്‍ കൃത്യവിലോപം കാട്ടി, ബുഷ് പ്രസിഡന്റായിരുന്നപ്പോള്‍ വളരെ അസന്നിഗ്ദധമായി പറഞ്ഞതാണ് ഒരു പാന്‍ഡമിക് ഫ്‌ളൂ വന്നാല്‍ അതിനു വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്ന്! അതു കഴിഞ്ഞ് എത്ര വര്‍ഷങ്ങള്‍ കടന്നു പോയി? രാഷ്ട്രീയ നിസ്സംഗത..!
   
ഇവിടെ കൊലൂഷനും, ഇംപീച്ചുമെന്റും നടന്നുകൊണ്ടിരിക്കുമ്പോള്‍, അവിടെ വൂഹാനിലെ- പീക്കിംഗിലെ-ബീജിംഗിലെ ഫാക്ടറികളില്‍ ആയിരക്കണക്കിനു തൊഴിലാളികള്‍ രാപകല്‍ ഉറക്കമിളച്ചു ഫേസ് മാസ്കുകളും വെന്റിലേറ്ററുകളും, മരുന്നുകളും ഉണ്ടാക്കുകയായിരുന്നു-യൂറോപ്പിനു വേണ്ടി... അമേരിയ്ക്കയ്ക്കു വേണ്ടി... അല്ലാ നമുക്കു വേണ്ടി...!
   
മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം കൂട്ടിവായിക്കുമ്പോള്‍ ഒരു സാദാ മനുഷ്യനില്‍ ഉണ്ടായേക്കാവുന്ന സംശയങ്ങളോ, ചോദ്യങ്ങളോ മാത്രമാണിത്. അതു തെറ്റോ ശരിയോ എന്നു കാലം തെളിയിക്കട്ടെ!
*************

Join WhatsApp News
Boby Varghese 2020-04-11 09:27:24
Congratulations. You covered almost all corners.
സാംസി കൊടുമൺ 2020-04-11 15:56:15
ലേഖനം നന്നായി പഠിച്ച് എഴുതിയിട്ടുണ്ട്. കമ്മ്യുണിസ്റ്റ് ആശയം സോഷ്യലിസ്റ്റ് ചിന്തയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടില്ലാത്ത ചൈനയിൽ എന്തും ആകാം. എന്നാല്‍ ഇവിടെ ഒരു ജനാതിപത്യ രാജ്യമായ അമേരിക്ക ഈ വൈറസ്സിനെ തടയാന്‍ വേണ്ട മുന്‍കരുതല്‍ എടുത്തില്ല എന്നുള്ള സത്യം മറച്ചു വെച്ചിട്ടും കാര്യമില്ല.
Sudhir Panikkaveetil 2020-04-11 16:50:23
Well written Mr. Varghese Abraham. Congratulations.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക