Image

കൊറോണ വൈറസുകള്‍ മൂന്നുതരമെന്ന് പഠനം; ഗുരുതര ടൈപ്പ് എ വൈറസ് അമേരിക്കയില്‍

Published on 10 April, 2020
കൊറോണ വൈറസുകള്‍ മൂന്നുതരമെന്ന് പഠനം;  ഗുരുതര ടൈപ്പ് എ വൈറസ് അമേരിക്കയില്‍
ന്യൂയോര്‍ക്ക്:  കോവിഡ്19 ന് കാരണമായ മൂന്ന് തരത്തിലുള്ള കൊറോണ വൈറസുകളാണ് ഇപ്പോള്‍ ലോകത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് പഠനം. ചൈനയില്‍ ഉടലെടുത്ത അതേ വൈറസ് തന്നെയാണ് അമേരിക്കയില്‍ പടര്‍ന്നു പിടിച്ചിരിക്കുന്നതെന്നും പഠനത്തില്‍ പറയുന്നു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഗവേഷകരാണ് പുതിയ പഠനത്തിന് പിന്നില്‍. 2019 ഡിസംബര്‍ മുതല്‍ 2020 മാര്‍ച്ച് വരെയാണ് ഇവര്‍ പഠനം നടത്തിയത്. പഠനത്തില്‍ മൂന്ന് കൊറോണ വൈറസുകളെയാണ് ഇവര്‍ കണ്ടെത്തിയത്.  ഇവ മൂന്നും വളരെയധികം സാമ്യം പുലര്‍ത്തുന്നവയാണെന്നും യഥാര്‍ഥ വൈറസിന് മ്യൂട്ടേഷന്‍ സംഭവിച്ചവയാകാമെന്നും ഗവേഷകര്‍ പറയുന്നു.

എ, ബി, സി എന്നിങ്ങിനെ മൂന്ന് ടൈപ്പ് കൊറോണ വൈറസാണ് ഇപ്പോഴുള്ളതെന്നാണ് ഇവര്‍ പറയുന്നത്. വവ്വാലുകളില്‍ നിന്ന് ഈനാംപോച്ചി (ഉറുമ്പ് തീനി)യിലേക്കും അവയില്‍ നിന്ന് മനുഷ്യനിലേക്കുമാണ് കോവിഡിന് കാരണക്കാരനായ വൈറസ് എത്തിയത്. ഈ വൈറസിനെയാണ് ഗവേഷകര്‍ ടൈപ്പ് എ എന്ന് വിളിക്കുന്നത്. അതേസമയം ലോകത്ത് ഏറ്റവും അധികം ആളുകളില്‍ കാണപ്പെടുന്നത് ഈ വൈറസല്ലെന്നും അതിന്റെ രൂപാന്തരമായ ടൈപ്പ് ബിയാണെന്നുമാണ് ഇവരുടെ അഭിപ്രായം. കഴിഞ്ഞ ക്രിസ്മസ് കാലത്താണ് ഇതു പടരാന്‍ തുടങ്ങിയതെന്നാണ് ഗവേഷകര്‍ പറയുന്നത്.

ടൈപ്പ് എ വൈറസ് ചൈനയ്ക്ക് പുറത്ത് വ്യാപിച്ചത് ഓസ്‌ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളിലാണ്. നാല് ലക്ഷം ആളുകളിലാണ് ഈ വൈറസ് ബാധിച്ചത്. അമേരിക്കയിലെ മൂന്നില്‍ രണ്ട് കോവിഡ് രോഗികളിലും ടൈപ്പ് എ വൈറസാണ് ഉള്ളതെന്ന് സാമ്പിള്‍ പരിശോധനയില്‍ തെളിഞ്ഞു. എന്നാല്‍ അമേരിക്കയില്‍ ടൈപ്പ് എ വൈറസ് ഏറ്റവമധികമുള്ളത് ന്യൂയോര്‍ക്കിലല്ല, വെസ്റ്റ് കോസ്റ്റിലാണെന്നും ഗവേഷകര്‍ പറയുന്നു.

യുകെ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ജര്‍മനി, ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ ടൈപ്പ് ബി വൈറസ് വ്യാപിച്ചു. മൂന്നാമത്തെ വകഭേദമായ ടൈപ്പ് സി വൈറസ് ഉരുത്തിരിഞ്ഞത് ടൈപ്പ് ബിയില്‍ നിന്നാണ്. ഇതും യൂറോപ്പിലുണ്ട്. സിങ്കപ്പൂര്‍ വഴിയാണ് ടൈപ്പ് സി വൈറസ് യൂറോപ്പിലെത്തിയത്. നിലവില്‍ യൂറോപ്പില്‍ കൂടുതല്‍ ആളുകളിലും കാണപ്പെടുന്നത് ടൈപ്പ് സി വൈറസാണ്. 

ഈ മൂന്ന് ടൈപ്പുകളില്‍ രണ്ടാമനായ ടൈപ്പ് ബിയാണ് വളരെ വേഗം പടര്‍ന്നുപിടിക്കുന്നത്. മനുഷ്യന്റെ പ്രതിരോധശേഷിയെ അതിജീവിക്കാന്‍ സാര്‍സ് കോവ്2 വൈറസിന് മ്യൂട്ടേഷന്‍ സംഭവിച്ചാണ് ഈ വകഭേദങ്ങള്‍ ഉണ്ടായതെന്നും വിവിധ വംശങ്ങളില്‍ പെട്ടവരില്‍ കൂടി കടന്നാണ് ഈ മ്യൂട്ടേഷനുകള്‍ വൈറസിന് സംഭവിച്ചതെന്നും ഗവേഷകര്‍ പറയുന്നു.

ചൈനയില്‍ ഉള്ളതിനേക്കാള്‍ ടൈപ്പ് എ വൈറസ് അമേരിക്കയിലാണ് ഉള്ളത്. ഇത് വിചിത്രമാണെന്നാണ് ഇവര്‍ പറയുന്നത്. ചൈനയില്‍ പടര്‍ന്നത് ടൈപ്പ് ബി ആണ്. അതേസമയം ജനുവരി ആയപ്പോള്‍ തന്നെ രണ്ട് ടൈപ്പുകളും പടര്‍ന്നു തുടങ്ങിയിരുന്നു. ഇതേസമയം തന്നെയാണ് അമേരിക്കയില്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും. ഇതിനര്‍ഥം അമേരിക്കയില്‍ വൈറസ് അതിനും മുമ്പെ എത്തിയെന്നൊ  കണ്ടുപിടിക്കാന്‍ സാധിച്ചില്ലെന്നോ അര്‍ഥമാക്കുന്നില്ലെന്നും വളരെ ചെറിയ പഠനത്തില്‍ നിന്നുള്ള അനുമാനങ്ങളാണ് ഇവയെന്നുമാണ് ഗവേഷകര്‍ പറയുന്നത്.

അമേരിക്കയില്‍ ഏറ്റവുമധികം രോഗം പടര്‍ന്നു പിടിച്ച ന്യൂയോര്‍ക്കില്‍ ടൈപ്പ് ബി വൈറസാണ് കൂടുതല്‍. ഇത് എത്തിയതാകട്ടെ യൂറോപ്പില്‍നിന്നും. ഇത് ഫെബ്രുവരി പകുതിയോടെയാണ് സംഭവിച്ചിരിക്കാന്‍ സാധ്യതയെന്നും ഗവേഷകര്‍ കരുതുന്നു. അതേസമയം അമേരിക്കയിലെ മൂന്നില്‍ രണ്ട് കോവിഡ് രോഗികളിലും ടൈപ്പ് എ വൈറസാണ് കാണപ്പെടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക