Image

ജോസഫ് മാത്യു പടന്നമാക്കല്‍ (ഒരു അനുസ്മരണം: തോമസ് കൂവള്ളൂര്‍)

Published on 10 April, 2020
ജോസഫ് മാത്യു പടന്നമാക്കല്‍ (ഒരു അനുസ്മരണം: തോമസ് കൂവള്ളൂര്‍)
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാള സാഹിത്യരംഗത്ത് ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന എഴുത്തുകാരനും, ചരിത്രകാരനും, നിരൂപകനുമായ ശ്രീ ജോസഫ് മാത്യു പടന്നമാക്കലിന്റെ അവിചാരിതമായുണ്ടായ വേര്‍പാട് മലയാളം വായനക്കാരായ ലോകമെമ്പാടുമുള്ള മലയാളികളെ ദുഖത്തിലാഴ്ത്തിയിരിക്കുന്ന ഈ വേളയില്‍ അദ്ദേഹത്തിന്റെ വളരെ അടുത്ത ഒരു സുഹൃത്ത് എന്ന നിലയ്ക്ക് അദ്ദേഹവുമായി നേരിട്ട് ബന്ധപ്പെട്ട ഏതാനും ചില സംഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നാം തീയതി അദ്ദേഹം താമസിക്കുന്ന റോക്ക്‌ലാന്‍ഡ് ഏരിയയില്‍ നിന്നും ഒരു ഫോണ്‍ മെസേജ് എനിക്കു കിട്ടി. പതിവില്ലാത്ത ഒരു ഫോണ്‍ കോള്‍ ആണെങ്കിലും ഞാനത് ശ്രദ്ധിച്ചുകേട്ടു. സംസാരം വളരെ അവ്യക്തമായിരുന്നുവെങ്കിലും എന്തോ മെസേജ് ആരോടോ പറയണമെന്നുള്ളതാണെന്നു മനസിലാക്കാന്‍ കഴിഞ്ഞു. ഒരിക്കലും ആ മെസേജ് ജോസ് മാത്യു എന്നു ഞാന്‍ വിളിക്കുന്ന ജോസഫ് മാത്യു പടന്നമാക്കലിന്റേതാണെന്നു അപ്പോള്‍ എനിക്കു മനസിലാക്കാന്‍ കഴിഞ്ഞില്ല.

ഏതായാലും മെസേജ് ഇട്ടയാളെ അറിയാന്‍ ഞാന്‍ മൂന്നു നാലു തവണ ശ്രമിച്ചു. ഒടുവില്‍ ജോസ് മാത്യു തന്നെ എടുത്തു. ഹോസ്പിറ്റലില്‍ അഡ്മിറ്റാണെന്നും, റോക്ക്‌ലാന്‍ഡില്‍ പലര്‍ക്കും കൊറോണ വൈറസ് പിടിച്ചുവെന്നും, തനിക്കും അതു ബാധിച്ചുവെന്നും, സംസാരിക്കാന്‍ വിഷമമുണ്ടെന്നും ഇ- മലയാളിയുടെ ജോര്‍ജ് ജോസഫിനെ വിളിച്ചു വിവരം അറിയിക്കണമെന്നും, രോഗ വിവരം ന്യൂസില്‍ പ്രസിദ്ധീകരിക്കേണ്ട എന്നും പറഞ്ഞു. അതായിരുന്നു ഞങ്ങള്‍ തമ്മില്‍ അവസാനമായി സംസാരിച്ച അവസരം.

ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ ഏറ്റവും പൂജ്യമായി കരുതുന്ന ഒരു ദിവസമാണല്ലോ പെസഹാ ആചരണം. ആ വേളയില്‍ മരിക്കുന്നവരെല്ലാം യേശുവിന്റെ ഉയിര്‍പ്പ് നാളില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നാണ് ഒരു ക്രിസ്ത്യാനിയായ ഞാനും പഠിച്ചിരിക്കുന്നത്. ജോസ് മാത്യുവും നല്ല ക്രിസ്തീയ പാരമ്പര്യമുള്ള ആളും, യേശുക്രിസ്തുവില്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്ന ഒരാളുമായതിനാല്‍ അദ്ദേഹവും യേശുവിനോടൊപ്പം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. എങ്കിലും ദുഖാര്‍ത്തരായിരിക്കുന്ന അദ്ദേഹത്തിന്റെ പ്രിയ പത്‌നി റോസക്കുട്ടിക്കും, മകളായ ഡോ. ജിജി, ഡോ. ജിജോ എന്നിവര്‍ക്കും ബന്ധുമിത്രാദികള്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തിക്കൊള്ളട്ടെ. അതോടൊപ്പം ജോസ് മാത്യുവിന്റെ ആത്മാവിനു നിത്യശാന്തിയും നേര്‍ന്നുകൊള്ളുന്നു.

മാത്യു ജോസഫ്, ജോസഫ് മാത്യു, ജോസഫ് മാത്യു പടന്നമാക്കല്‍ എന്നീ പേരുകളിലാണ് ജോസ് മാത്യു സാഹിത്യരംഗത്ത് അറിയപ്പെടുന്നത്. ഞാന്‍ ആദ്യമായി അദ്ദേഹത്തെ പരിചയപ്പെടുന്നത് 2011-ല്‍ ആണ്. ആ അവസരത്തില്‍ ന്യൂയോര്‍ക്കിലെ റൈക്കേഴ്‌സ് ഐലന്റില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണിനെ ജയില്‍ നിന്നും ഇറക്കാന്‍ ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന സമയം. ഇടയ്ക്കിടെ ഞാന്‍ എഴുതാറുണ്ടായിരുന്ന ആനന്ദ് ജോണിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ കാണുമ്പോള്‍ ജോസ് മാത്യു എന്നെ വിളിച്ച് ഉത്തേജനം നല്‍കുമായിരുന്നു. ആയിടയ്ക്ക് അദ്ദേഹം ജോസഫ് മാത്യു എന്ന പേരില്‍  അത്മായശബ്ദം എന്ന ബ്ലോഗില്‍ ഇടയ്ക്കിടെ എഴുതാറുണ്ടായിരുന്നു. പിന്നാട് സത്യജ്വാല എന്ന മാസികയിലും. അദ്ദേഹത്തിന്റെ അക്കാലത്തുള്ള എഴുത്തുകള്‍ നോക്കിയാല്‍ തോന്നിപ്പോകും അദ്ദേഹം ഒരു ക്രിസ്തീയ വിരോധി അല്ലേ എന്ന്. പക്ഷെ ക്രൈസ്തവ സഭയ്ക്ക് മാറ്റം വരാനും, അനാചാരങ്ങളും, വൈദീകരുടെ അത്മായരോടുള്ള തെറ്റായ നിലപാടില്‍ മാറ്റംവരുത്താനും അദ്ദേഹം ആഗ്രഹിച്ചിരുന്നു. കത്തോലിക്കാ സഭയില്‍ പോപ്പ് ഫ്രാന്‍സീസിനെപ്പോലുള്ള ഒരു പരമാധികാരിയെ കിട്ടിയപ്പോള്‍ അദ്ദേഹം അഭിനന്ദിക്കുന്നതായും കാണാം.

2012-ല്‍ പത്രപ്രവര്‍ത്തകന്‍, സ്വതന്ത്രചിന്തകന്‍, ദൈവശാസ്ത്ര പണ്ഡിതന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന ഡോ. ജയിംസ് കോട്ടൂരിന് ന്യൂയോര്‍ക്കിലെ യോങ്കേഴ്‌സില്‍ വച്ചു അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകരും, എഴുത്തുകാരും, സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്നു ഒരു ഏകദിന സെമിനാര്‍ നടത്തുകയുണ്ടായി. പ്രസ്തുത പരിപാടികളുടെ കോര്‍ഡിനേറ്റര്‍ ഞാനായിരുന്നു. സെമിനാറില്‍ പങ്കെടുക്കാനും, ഡോ. കോട്ടൂരിനെ നേരിട്ടു കാണുന്നതിനുമായി ജോസഫ് മാത്യുവും എത്തിയിരുന്നു. ആദ്യമായി അദ്ദേഹത്തെ നേരിട്ടുകാണുന്നത് അന്നായിരുന്നു. ഇ-മലയാളിയുടെ ജോര്‍ജ് ജോസഫ്, മലയാളം ഡെയ്‌ലി ന്യൂസിന്റെ ഉടമ മൊയ്തീന്‍ പുത്തന്‍ചിറ, ചെന്നൈയിലെ ന്യൂലീഡര്‍ എന്ന പത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അല്‍ഫോന്‍സാ ബെര്‍ണാഡ്, എഴുത്തുകാരായ പി.റ്റി പൗലോസ്, ഡോ. തെരേസാ ആന്റണി, ജേക്കബ് കല്ലുപുര, സാമൂഹ്യ പ്രവര്‍ത്തകരായ ഗോപിനാഥകുറുപ്പ്, രാജു ഏബ്രഹാം തുടങ്ങി നിരവധി പേര്‍ പങ്കെടുത്തിരുന്നു.

ഡോ. ജയിംസ് കോട്ടൂര്‍ ചീഫ് ഗസ്റ്റായിരുന്ന പ്രസ്തുത സെമിനാറിന്റെ പ്രധാന വിഷയം "അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ ഭാവിയില്‍ എങ്ങനെ മാറ്റംവരുത്തണം- പ്രത്യേകിച്ച് എഴുത്തുകാരും, സാമൂഹ്യ പ്രവര്‍ത്തകരും'- എന്നുള്ളതായിരുന്നു. ആ സെമിനാറിന്റെ വാര്‍ത്ത 2012 ജൂണ്‍ 27-ന് മലയാളം പത്രം യു.എസ് കോര്‍ണറില്‍ ജോര്‍ജ് ജോസഫ് എഴുതി പബ്ലിഷ് ചെയ്തിരുന്നു.

അന്നുമുതല്‍ ഞങ്ങള്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കളായി മാറി. ഡോ. ജയിംസ് കോട്ടൂരും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായി മാറി. ഇ-മലയാളി ജോര്‍ജ് ജോസഫും, മലയാളം ഡെയ്‌ലി ന്യൂസിന്റെ മൊയ്തീന്‍ പുത്തന്‍ചിറയും വാസ്തവത്തില്‍ ജോസഫ് മാത്യുവിനു എഴുതാനുള്ള വേദി ഒരുക്കിക്കൊടുത്തു എന്നുള്ളതാണ് പരമാര്‍ത്ഥം. അതില്‍ ഇ-മലയാളിയാണ് ജോസഫ് മാത്യു പടന്നമാക്കലിന്റെ കഴിവുകളെ ശരിക്കും കണ്ടെത്തിയതും, മരിക്കുന്നതിനു മുമ്പ് അദ്ദേഹത്തെ സാഹിത്യ ലോകത്ത് കൈപിടിച്ച് ഉയര്‍ത്തിയതും എന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല.

സുഹൃത്തുക്കള്‍ വളരെ കുറച്ചുമാത്രമേ ഉള്ളുവെങ്കിലും ലക്ഷക്കണക്കിന് ആരാധകര്‍ അദ്ദേഹത്തിനുണ്ടെന്നു ഫെയ്‌സ് ബുക്ക്, ഇ-മലയാളി, മലയാളം ഡെയ്‌ലി ന്യൂസ്, ബ്ലോഗ് എന്നിവ നോക്കിയാല്‍ കാണാന്‍ സാധിക്കും. ചരിത്ര ലേഖനങ്ങള്‍ എഴുതാനുള്ള ജോസ് മാത്യുവിന്റെ കഴിവ് മറ്റാര്‍ക്കുമില്ലാത്ത ഒന്നാണ്. അദ്ദേഹം തന്റെ കുടുംബാംഗങ്ങളെ വിലമതിച്ചിരുന്നു എന്നു കുടുംബ ചരിത്രം പരിശോധിച്ചാല്‍ മനസിലാക്കാന്‍ കഴിയും.

2013-ല്‍ ഹഡ്‌സണ്‍ നദിയിലുണ്ടായ ബോട്ട് അപകടത്തില്‍ മലയാളി ചെറുപ്പക്കാരന്‍ കുരുങ്ങിക്കിടക്കുകാണെന്നും ഏതെങ്കിലും വിധത്തില്‍ അദ്ദേഹത്തെ കേസിന്റെ കുരുക്കില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കണമെന്നും പറഞ്ഞ് ആ ചെറുപ്പക്കാരന്റെ സഹോദരി ഇമെയില്‍ അയച്ച കാര്യവും ജോസ് മാത്യു എന്നെ അറിയിച്ചു. അതനുസരിച്ച് ചെറുപ്പക്കാരനെ ബന്ധിച്ചിട്ടിരുന്ന നയാക് ഹോസ്പിറ്റലില്‍ ഞാനും ജോസ് മാത്യുവും പോയതും ഞാനിപ്പോള്‍ ഓര്‍ക്കുന്നു. ആദ്യമായി അദ്ദേഹം താമസിക്കുന്ന വാലി കോട്ടേജിലെ വീട്ടില്‍ പോയതും ആ അവസരത്തിലാണ്. അതിനുശേഷം ഏതാനും അവസരങ്ങളിലും വീട്ടില്‍ പോകാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു.

അറിവിന്റെ ലോകത്ത് ജോസഫ് മാത്യു- മാത്യു ജോസഫ്- പടന്നമാക്കല്‍ ഒരു ചക്രവര്‍ത്തി ആയിരുന്നുവെന്നു സോഷ്യല്‍ മീഡിയയില്‍, പ്രത്യേകിച്ച് ഫേസ്ബുക്കില്‍ നോക്കിയാല്‍ കാണാന്‍ സാധിക്കും. 2012-ല്‍ യോങ്കേഴ്‌സില്‍ വച്ചു നടന്ന "ഫ്രണ്ട്‌സ് ഓഫ് കോട്ടൂര്‍' എന്ന സെമിനാര്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കിയത് എഴുത്തുകാരനായ ജോസഫ് മാത്യു പടന്നമാക്കല്‍ ആയിരുന്നു എന്നു നിസ്സംശയം പറയാം. ഇന്ത്യക്കാരായ, പ്രത്യേകിച്ച് മലയാളികളായ എഴുത്തുകാര്‍ അവരുടെ ബ്രെയിന്‍ പവര്‍ ഉപയോഗിച്ച് എല്ലാവിധ തടസ്സങ്ങളേയും അഭിമുഖീകരിക്കുക, മസ്സില്‍ പവറിനേക്കാള്‍ വലുത് മൈന്‍ഡ് പവര്‍ ആണെന്നും, അതിനു ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ എന്നിവ ഉപയോഗിക്കുക എന്നുള്ളതായിരുന്നു പ്രധാനപ്പെട്ട ഒരു വിഷയം. ജോസഫ് മാത്യു അത് ഇന്റര്‍നെറ്റിന്റെ സഹായത്താല്‍ തന്റെ എഴുത്തുകാരിലൂടെ യാഥാര്‍ത്ഥ്യമാക്കി മാറ്റി. ഒരു നല്ല എഴുത്തുകാരനെ, അത് ഏതു വിഭാഗത്തിലുള്ളതായിക്കൊള്ളട്ടെ ലോകം ഒരിക്കലും മറക്കുകയില്ല. ജോസഫ് മാത്യു പടന്നമാക്കല്‍ തന്റെ എഴുത്തുകളിലൂടെ മലയാളി മനസുകളില്‍ മായാത്ത മുദ്ര പതിപ്പിച്ചുകഴിഞ്ഞു. അദ്ദേഹത്തിന്റെ മുഖത്തെ മായാത്ത ചിരി ഭൂമിയിലെ തന്റെ ജീവിതം സന്തോഷപൂര്‍ണ്ണമായിരുന്നു എന്നതിനുള്ള തെളിവാണ്.

ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയില്‍ ദക്ഷിണേന്ത്യന്‍ ഭാഷാ സ്‌പെഷലിസ്റ്റും, കാറ്റലോഗറുമായി ദീര്‍ഘകാലം അദ്ദേഹം ജോലി ചെയ്തിരുന്നു. തുടക്കത്തില്‍ വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടിയിലെ ന്യൂ റോഷലിലായിരുന്നു താമസം. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ സ്ഥാപക സെക്രട്ടറിയുമായിരുന്നു ജോസഫ് മാത്യു പടന്നമാക്കല്‍.

അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ വരുംതലമുറയിലെ മലയാള ഭാഷാ പണ്ഡിതന്മാര്‍ക്കുകൂടി പ്രയോജനപ്പെടുത്താവുന്നവയാണ്.

എന്റെ സുഹൃത്തായ ജോസ് മാത്യുവിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

തോമസ് കൂവള്ളൂര്‍

ജോസഫ് മാത്യു പടന്നമാക്കല്‍ (ഒരു അനുസ്മരണം: തോമസ് കൂവള്ളൂര്‍)
ജോസഫ് മാത്യു പടന്നമാക്കല്‍ (ഒരു അനുസ്മരണം: തോമസ് കൂവള്ളൂര്‍)
തോമസ് കൂവള്ളൂര്‍
Join WhatsApp News
Vinayakan 2020-04-11 07:12:00
Heart touching words...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക