Image

ഈ വിയോഗം ഞങ്ങൾക്ക് താങ്ങാനാവുന്നതല്ല

അനിൽ പെണ്ണുക്കര Published on 09 April, 2020
ഈ വിയോഗം ഞങ്ങൾക്ക് താങ്ങാനാവുന്നതല്ല
ആ എഴുത്തും അവസാനിക്കുകയാണ്.ജോസഫ് പടന്നമാക്കൽ എന്ന ഇ -മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരൻ, സുഹൃത്ത് ,വഴികാട്ടി എന്നിങ്ങനെയെല്ലാം ഞങ്ങൾക്കൊപ്പം വാക്കുകൾ കൊണ്ടും സ്നേഹം കൊണ്ടും ഒപ്പം കൂടിയ പ്രിയ ചെങ്ങാതിയെയും ഒരു വാതിൽപ്പുറത്തിനപ്പുറത്ത് ആർക്കും കാണാനാവാതെ ഒളിച്ചു നിന്ന ആ ശത്രു കീഴടക്കി. കോവിഡ് മരണങ്ങൾ അമേരിക്കൻ മണ്ണിൽ കൂടുമ്പോൾ നമ്മുടെ പ്രിയ സ്നേഹിതരും അവരോടൊപ്പം കടന്നു പോകുമ്പോൾ ഉളളുലയുന്നു.

നിങ്ങൾ ഗൂഗിൾ സേർച്ചിൽ കയറി " ജോസഫ് പടന്നമാക്കൽ" എന്ന് മലയാളത്തിൽ ഒന്നു ടൈപ്പ് ചെയ്തു നോക്കൂ.
ഈ എഴുത്തുകാരൻ്റെ ആയിരത്തിലധികം ആധികാരിക ലേഖനങ്ങൾ നിങ്ങൾക്ക് വായിക്കാനാവും .ആ കുറിപ്പുകളിലൂടെ നിങ്ങൾ കടന്നു പോകുമ്പോൾ നിങ്ങൾ അദ്ദേഹത്തെ  സ്വയം വിലയിരുത്തുന്ന ഒരു വാചകം ഇതായിരിക്കും.

" ഒരു പരിപൂർണ്ണനായ എഴുത്തുകാരൻ". 

അദ്ദേഹം എഴുത്തിൽ സർവ്വാദരണീയനായിരുന്നു. മതം, രാഷ്ട്രീയം, സമുദായം, സമൂഹം, സാംസ്കാരികം തുടങ്ങി ഏത് മേഖലയും തനിക്കിണങ്ങും എന്ന് അക്ഷരങ്ങളിലൂടെ തെളിയിച്ച അപൂർവ്വ വ്യക്തിത്വം. ഒരു പക്ഷെ ജീവിച്ചിരുന്നുവെങ്കിൽ ഈസ്റ്ററും വിഷുവും അദ്ദേഹത്തിൻ്റെ ആധികാരിക ലേഖനങ്ങൾ കൊണ്ട് ഇ- മലയാളി സമ്പുഷ്ടമായേനെ. പറയേണ്ട കാര്യങ്ങൾ കൃത്യ സമയത്ത്, അതായത് പറയേണ്ട സമയത്ത് അർത്ഥശങ്കയ്ക്ക് ഇടമില്ലാതെ പറയുക എന്നതാണ് ഒരു എഴുത്തുകാരൻ്റെ ധർമ്മം.തൻ്റെ ഓരോ എഴുത്തിലും അത് അക്ഷരം പ്രതി അദ്ദേഹം അത് പാലിച്ചിരുന്നു .

 എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹത്തിൻ്റെ ഔന്നത്യം അദ്ദേഹത്തിൻ്റെ എഴുത്തിന്, വ്യക്തിത്വത്തിന് ഇ-മലയാളിയും അമേരിക്കൻ സാംസ്കാരിക സമൂഹവും നിരവധി ആദരവുകൾ ഇതിനോടകം നൽകിക്കഴിഞ്ഞു. നടക്കാനിരുന്ന ഇ - മലയാളി പുരസ്കാര സമർപ്പണ ചടങ്ങിൻ്റെയും മുഖ്യാതിഥിയായി ജോസഫ് പടന്നമാക്കൽ സജീവ സാന്നിദ്ധ്യമായി നിൽക്കേണ്ടതായിരുന്നു.പക്ഷെ ലോകത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന മഹാമാരി അദ്ദേഹത്തെയും കണ്ടെത്തി .കീഴ്പ്പെടുത്തി.

ലോകം മുഴുവൻ സങ്കടത്തിൻ്റെ തീച്ചൂളയിൽ നിൽക്കുന്ന ഈ സമയത്ത് അങ്ങയുടെ നല്ല വാക്കുകളെ ഓർമ്മിക്കുവാൻ ഇ മലയാളിയും അമേരിക്കൻ മാധ്യമ സമൂഹവും, അമേരിക്കൻ മലയാളികളും അല്പസമയം മാറ്റി വയ്ക്കുന്നു .

ഇ - മലയാളി കുടുംബത്തിന് ഈ വിയോഗം താങ്ങാനാവുന്നതല്ല.പക്ഷെ മരണം രംഗബോധമില്ലാത്ത കോമാളി എന്ന് പറയും പോലെ കടന്നു വരുന്നു..... .കൊണ്ട് പോകുന്നു ......ആ സത്യത്തിലൂടെയാണ് ലോകം ഇപ്പോൾ കടന്നു പോകുന്നത് ...
നമ്മൾ ഉൾക്കൊള്ളേണ്ട സത്യം ...
ലോകം സാധാരണ
സ്ഥിതിയിലാവാൻ ഹൃദയം നുറുങ്ങി ഞങ്ങളുടെ കുടുംബം പ്രാർത്ഥിക്കുകയാണ്
ആഗ്രഹിക്കുകയാണ് ...

ജോസഫ് പടന്നമാക്കലിന്റെയും കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കൻ മലയാളി സമൂഹത്തെ വിട്ടുപോയ സുഹൃത്തുക്കളുടെയും ആത്മാവിനു നിത്യ ശാന്തി നേരുകയും ,അവരുടെ കുടുംബങ്ങൾക്കും ബന്ധുക്കൾക്കും ഈ  വേർപാട് ഉൾകൊള്ളാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു

ഇ-മലയാളി
കുടുംബം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക