Image

കൊറോണ ക്രൈസിസ്; ജര്‍മനി ഏപ്രില്‍ 19നു ശേഷം ജര്‍മനി സാധാരണ നിലയിലേയ്‌ക്കെന്ന് സൂചന

Published on 09 April, 2020
കൊറോണ ക്രൈസിസ്; ജര്‍മനി ഏപ്രില്‍ 19നു ശേഷം ജര്‍മനി സാധാരണ നിലയിലേയ്‌ക്കെന്ന് സൂചന
ബര്‍ലിന്‍: ഈസ്റ്റര്‍ അവധി ദിവസങ്ങള്‍ക്കുശേഷം ജര്‍മനി ക്രമാനുഗതമായി സാധാരണ നിലയിലേക്ക് മടങ്ങിവരുമെന്ന് ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍. ആളുകള്‍ സാമൂഹിക അകലം പാലിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയാണെങ്കില്‍ ഏപ്രില്‍ 19 നു ശേഷം ജര്‍മനി സാധാരണ ജീവിതത്തിലേക്ക് ക്രമേണ തിരിച്ചുവരവ് സാധ്യമാകുമെന്നണ് മന്ത്രി അറിയിച്ചത്.

മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍, ജര്‍മനിയുടെ കൊറോണ വൈറസ് കണക്കുകളുമായി ബന്ധപ്പെട്ട് ഒരു നല്ല പ്രവണതയുണ്ടെന്ന് സ്പാന്‍ പറഞ്ഞു, എന്നാല്‍ എല്ലാം വ്യക്തമാക്കുന്നത് വളരെ നേരത്തെയാണെന്നും മന്ത്രി പറഞ്ഞു.

ജര്‍മനിയിലെ നല്ല കാലാവസ്ഥയില്‍ ബുദ്ധിമുട്ടാണെങ്കിലും ജനങ്ങള്‍ വീട്ടില്‍ തന്നെ തുടരുകയും കുടുംബ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുകയും വേണം, അതിനാല്‍ അണുബാധ പകര്‍ച്ച വീണ്ടും ഉയരില്ല.

ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം.
വ്യാഴാഴ്ച വരെ ജര്‍മനിയില്‍ 113,200 ല്‍ അധികം കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2,300 ല്‍ അധികം പേര്‍ മരിച്ചു. മൊത്തം 46,900 പേര്‍ സുഖം പ്രാപിച്ചു.

ജര്‍മനിയിലെ ക്ലിനിക്കുകള്‍ എല്ലാവിധത്തിലും കൊറോണ വൈറസിനെതിരെ പോരാടുന്ന ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ മെക്‌സിക്കോയില്‍ നിന്നും നഴ്‌സുമാരെ ജര്‍മനിയില്‍ എത്തിച്ചു. നേരത്തെ തന്നെ ആരോഗ്യരംഗത്ത് നഴ്‌സുമാരുടെ ദൗര്‍ലഭ്യം ജര്‍മനിയിലുണ്ടായിരുന്നു. കൊറോണക്കാലം ആയതിനാല്‍ ജോലിയിലുണ്ടായിരുന്ന ഒട്ടനവധി നഴ്‌സുമാര്‍ കോവിഡ് 19 ബാധയേറ്റ് സിക്ക് ലീവായതിനാല്‍ ദൗര്‍ലഭ്യം ഇരട്ടിയായി. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് മെക്‌സിക്കോയില്‍ നിന്നുള്ള നഴ്‌സുമാരുടെ ആദ്യത്തെ സംഘം ജര്‍മനിയിലെത്തി.പോയ വര്‍ഷം നവംബറില്‍ ജര്‍മന്‍ ആരോഗ്യമന്ത്രി ജെന്‍സ് സ്ഫാന്‍ മെക്‌സിക്കോ സന്ദര്‍ശിച്ച് അവിടുത്തെ സര്‍ക്കാരും തമ്മില്‍ ചര്‍ച്ചചെയ്തു ഇതു സംബന്ധിച്ച് കരാറുണ്ടാക്കിയിരുന്നു.ജര്‍മന്‍ വിദേശകാര്യമന്ത്രി ഹൈക്കോ മാസിന്റെ സഹായത്തോടെ ബോണിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലാണ് നഴ്‌സുമാരുടെ ആദ്യ സംഘം എത്തിയത്.

വൈറസ് ബാധയെ നേരിടാന്‍ ജര്‍മനിയിലെ ആശുപത്രികളിലെ എല്ലാ തീവ്രപരിചരണ വിഭാഗങ്ങളും സുസജ്ജമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നിലവില്‍ 4000 അധികം ആളുകളാണ് തീവ്രപരിചരണ വിഭാഗത്തില്‍ ഉള്ളത്. ഇതിനായി ഒരു കേന്ദ്ര രജിസ്റ്റര്‍ ഡാറ്റാ ഉണ്ടാക്കി ഏകോപനം ദ്രുതഗതിയിലാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ഇതിനിടെ നിയമലംഘനം നടത്തുന്നവരെ പിടികൂടാന്‍ ജര്‍മന്‍
പോലീസിന്റെ പട്രോളിംഗ് വീണ്ടും ശക്തമാക്കി.

ലോകോത്തര വിമാനക്കന്പനിയായ ജര്‍മന്‍ ലുഫ്ത്താന്‍സായ്ക്ക് കൊറോണ ക്രൈസിസ് മൂലം ഓരോ മണിക്കൂറിലും ഒരു മില്യണ്‍ യൂറോ നഷ്ടം ആണ് ഉണ്ടാകുന്നതെന്ന് കന്പനിയുടെ പത്രക്കുറിപ്പില്‍ അറിയിച്ചു.

വീണ്ടും ഹോണ്‍ മുഴക്കി മെഴ്‌സിഡസും

ജര്‍മനിയിലെ കൊറോണ വൈറസ് പ്രതിസന്ധിയില്‍ സര്‍ക്കാരുമായി കൈകോര്‍ത്തു നിര്‍മാണ മുടക്കിയിരുന്ന ജര്‍മനിയുടെ മുഖമുദ്രയായ ആഡംബരകാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് ഗ്രൂപ്പ് ഏപ്രില്‍ 20 മുതല്‍ ജര്‍മ്മന്‍ ഫാക്ടറികള്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും.തിരഞ്ഞെടുത്ത ഏതാനും ഫാക്ടറികളില്‍, ഉല്‍പാദനം ഏകോപിതമാക്കി പുനരാരംഭിക്കുമെന്നാണ് ഗ്രൂപ്പ് പ്രസ്താവനയില്‍ അറിയിച്ചത്.ഇത് ജര്‍മനിയിലെ കാര്‍ മോട്ടോര്‍ ഫാക്ടറികളെയും സിന്‍ഡെല്‍ഫിംഗെന്‍, ബ്രെമെന്‍ എന്നിവിടങ്ങളിലെ മെഴ്‌സിഡസ് ബെന്‍സ് കാര്‍ ഫാക്ടറികളെയും വാന്‍സ് ഫാക്ടറികളെയും ബാധിക്കും.ട്രക്ക്, ബസ് സൈറ്റുകളും ഒരേ തീയതി മുതല്‍ തുറക്കും.

ലണ്ടന്‍

ലണ്ടനില്‍ സെന്റ് തോമസ് ആശുപത്രയില്‍ ഇന്റന്‍സീവില്‍ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടന്ന് പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുന്ന വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് അറിയിച്ചു. അദ്ദേഹം എണീറ്റ് കട്ടിലില്‍ ഇരുന്നതായും മന്ത്രി അറിയിച്ചു.ലോക്ഡൗണില്‍ ഉടനെ ഒരു അയവുണ്ടാക്കാനുള്ള സാഹചര്യം രാജ്യത്തില്ലെന്നും മന്ത്രി ഡൊമിനിക് റാബ് അറിയിച്ചു. രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും വര്‍ധനയുണ്ടാവുന്നതില്‍ സര്‍ക്കാരിന് ആശങ്കയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ഇതുവരെയായി രോഗബാധിതരുടെ എണ്ണം 60,000 കടന്നു. 5500 കേസുകളാണ് പുതിയതായി ഉണ്ടായത്. ഇന്നു മാത്രമായി 938 പേര്‍ മരിച്ചു. ഇവിടെ ആകെ മരിച്ചത് 7097 പേരാണ്. ദിവസേനയുള്ള മരണസംഖ്യ ആയിരത്തോടടുക്കുന്‌പോള്‍ ഇതു പിടിച്ചുനിര്‍ത്തുന്നതിലാണ് ആദ്യ ശ്രദ്ധയെന്ന് ചാന്‍സലര്‍ ഋഷി സുനാക് അറിയിച്ചു. അതുവരെ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എക്‌സിറ്റ് പദ്ധതിയുമായി ബ്രിട്ടീഷ് ഉപദേഷ്ടാവ്

കൊറോണവൈറസ് ബാധയെ നേരിടാന്‍ ബ്രിട്ടന്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ നടപടിക്രമങ്ങള്‍ ഘട്ടംഘട്ടമായി അവസാനിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ ഉപദേഷ്ടാവ് പ്രഫസര്‍ കരോള്‍ സികോര കൈമാറി.

ലോകാരോഗ്യ സംഘടനയുടെ മുന്‍ എക്‌സിക്യൂട്ടിവ് കൂടിയായ അവരുടെ അഭിപ്രായത്തില്‍ ഏപ്രില്‍ 27 മുതല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു തുടങ്ങാം. മേയ് 18 ആകുന്നതോടെ പബ്ബുകള്‍ തുറന്നു കൊടുക്കാമെന്നും അവര്‍ പറയുന്നു.

സ്‌കൂളുകള്‍ മേയ് നാലിന് പ്രവര്‍ത്തനം ആരംഭിക്കാം. ഓഫീസുകളും ബാറുകളും റസ്റ്ററന്റുകളും മേയ് 18നു തുറക്കാം. അന്താരാഷ്ട്ര യാത്രാ നിരോധനവും വലിയ ആള്‍ക്കൂട്ടങ്ങള്‍ക്കുള്ള നിരോധനവും ജൂണ്‍ ഒന്നു വരെ തുടരണമെന്നും അവര്‍ പറയുന്നു.

ഇറ്റലി

ഇറ്റാലിയന്‍ നഗരത്തില്‍ സ്ത്രീ-പുരുഷ വ്യത്യാസം അനുസരിച്ച് ഷോപ്പിംഗ് അനുമതി

ഇറ്റലിയിലെ ലംബോര്‍ഡി റീജണിലെ കനോനിക്ക ഡി' അഡ്ഡ എന്ന പട്ടണത്തില്‍ ഷോപ്പിംഗിനു കര്‍ശന നിയന്ത്രണം. ഇതനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ സ്ത്രീ പുരുഷന്‍മാര്‍ക്ക് മാറി മാറി ഷോപ്പിംഗിനു പോകാം. കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായ ഇറ്റലിയിലെ ലൊംബാര്‍ഡി പ്രദേശത്താണ് ഈ പട്ടണം. മേയര്‍ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ സ്ത്രീകള്‍ക്കും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പുരുഷന്‍മാര്‍ക്കുമാണ് അനുമതി. ഈ നിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് നാനൂറ് യൂറോ വരെ പിഴ ചുമത്താനും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

വൈറസ് ബാധിത രാജ്യങ്ങളെ യൂറോപ്യന്‍ യൂണിയന്‍ സഹായിക്കണം

കൊറോണവൈറസ് ബാധ കാരണം കടുത്ത പ്രതിസന്ധി നേരിടുന്ന അംഗരാജ്യങ്ങളെ സഹായിക്കാന്‍ യൂറോപ്യന്‍ യൂണിയനു ബാധ്യതയുണ്ടെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി യൂസപ്പെ കോണ്‍ടെ. അതു സാധിക്കുന്നില്ലെങ്കില്‍, ഒരു പദ്ധതി എന്ന നിലയില്‍ യൂറോപ്യന്‍ യൂണിയന്‍ എന്ന സങ്കല്‍പ്പം തന്നെ പരാജയം മുന്നില്‍ കാണുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ബിബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് രൂക്ഷമായ ഭാഷയില്‍ അദ്ദേഹം സംസാരിച്ചത്. രണ്ടാം ലോകയുദ്ധത്തിനു ശേഷം ആഗോള സമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് കൊറോണവൈറസ് ബാധ. വെല്ലുവിളി നേരിടാന്‍ മതിയായ ഏകോപനവും പ്രവര്‍ത്തനങ്ങളും യൂറോപ്യന്‍ നടത്തേണ്ടത് ഇപ്പോഴാണെന്നും കോണ്‍ടെ ചൂണ്ടിക്കാട്ടി.

കൊറോണ ബോണ്ടുകള്‍ അടക്കം യൂറോപ്യന്‍ യൂണിയന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ കൂടുതല്‍ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് ഇറ്റലിയും സ്‌പെയ്‌നും അടക്കമുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കെയാണ് കോണ്‍ടെയുടെ പരാമര്‍ശങ്ങള്‍. ജര്‍മനിയും നെതര്‍ലന്‍ഡ്‌സുമാണ് ഇത്തരം നടപടികളെ ഏറ്റവും രൂക്ഷമായി എതിര്‍ക്കുന്നത്.
രോഗബാധിതര്‍ 1,4000 ഓട് അടുത്തു. പുതിയ കേസുകളിലും മരണനിരക്കിലും കുറവ് അനുഭവപ്പെടുന്നു. ഇന്നു മാത്രം 542. ആകെ മരണം 17669 ആണ്.

സ്‌പെയിന്‍

സ്‌പെയ്‌നില്‍ യഥാര്‍ഥ മരണസംഖ്യ ഔദ്യോഗിക കണക്കുകള്‍ക്കും മുകളില്‍ സ്‌പെയ്‌നില്‍ കൊറോണവൈറസ് ബാധിച്ച് മരിക്കുന്നവരുടെ യഥാര്‍ഥ എണ്ണം സര്‍ക്കാര്‍ പുറത്തുവിടുന്ന ഔദ്യോഗിക കണക്കുകളെക്കാള്‍ മുകളിലാണെന്ന് വെളിപ്പെടുത്തല്‍.

സിവില്‍ രജിസ്ട്രികള്‍ അവകാശപ്പെടുന്നതനുസരിച്ച്, പുതിയതായി നല്‍കുന്ന മരണ സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണം സര്‍ക്കാര്‍ പറയുന്ന മരണസംഖ്യയെക്കാളൊക്കെ വളരെ കൂടുതലാണ്.

965 പേര്‍ മാര്‍ച്ച് മാസത്തില്‍ കൊറോണവൈറസ് ബാധിച്ചു മരിച്ചതായാണ് സര്‍ക്കാരിന്റെ കണക്ക്. എന്നാല്‍, ഈ സമയത്ത് പുറപ്പെടുവിച്ച ബറിയല്‍ ലൈസന്‍സുകളുടെ എണ്ണം മൂവായിരത്തിനടുത്താണ്. ഇവരെല്ലാം കൊറോണവൈറസ് ബാധിച്ച് മരിച്ചവരാകണമെന്നില്ല. എന്നാല്‍, രാജ്യത്ത് സാധാരണ മരണനിരക്കിനും മുകളിലാണ് ഇതു നില്‍ക്കുന്നത്. 2018 മാര്‍ച്ചില്‍ 1800 ബറിയല്‍ സര്‍ട്ടിഫിക്കറ്റുകളും 2019ല്‍ 1600 എണ്ണവും മാത്രം നല്‍കിയ സ്ഥാനത്താണ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അത് 3319 ആത്.

ഫ്രാന്‍സ്

ഫ്രാന്‍സില്‍ ഏപ്രില്‍ 15ന് അവസാനിക്കുന്ന ഇപ്പോഴത്തെ ലോക്ക്ഡൗണ്‍ കാലാവധി നീട്ടാന്‍ തീരുമാനിച്ചു കഴിഞ്ഞതായി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ടെലിവിഷനിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്യവേ വ്യക്തമാക്കി.രാജ്യത്തെ പുതിയ 3881 കേസുകള്‍ ഉള്‍പ്പടെ രോഗബാധിതര്‍ 1,13,000 ആയി.മരണനിരക്കിലും കുറവുണ്ട്. 541 മരണം ഉള്‍പ്പടെ 10,869 ആയി.

നാലു ലക്ഷം രോഗികളെ തിരിച്ചറിയാതെ പോയെന്ന് ഡെന്‍മാര്‍ക്ക്

ഡെന്മാര്‍ക്കില്‍ ഇതിനകം കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത് അയ്യായിരം പേര്‍ക്കു മാത്രമാണ്. എന്നാല്‍, യഥാര്‍ഥത്തില്‍ രോഗബാധിതരുടെ എണ്ണം നാലു ലക്ഷത്തിനു മുകളില്‍ വരുമെന്ന് ഡാനിഷ് ഹെല്‍ത്ത് ഏജന്‍സിയുടെ കണക്ക്.

ഏപ്രില്‍ ഒന്നു മുതല്‍ മൂന്നുവരെ രക്തദാനം നടത്തിയവരില്‍ നടത്തിയ പരിശോധനകളില്‍ നിന്നുള്ള സ്ഥിതിവിവരക്കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് ഇങ്ങനെയൊരു കണക്കുകൂട്ടല്‍.

മാര്‍ച്ച് 26നുള്ളില്‍ തന്നെ രാജ്യത്ത് 65,000 പേര്‍ക്ക് രോഗം ബാധിച്ചിരുന്നു എന്നും ഇതിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കുന്നു. പലരിലും രോഗലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുകയോ, നേരിയ രീതിയില്‍ വന്നു പോകുകയോ ചെയ്തിരിക്കാമെന്നും വിശദീകരണം.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ രോഗബാധ നിയന്ത്രണത്തിലേക്ക് എന്നു സൂചന

ഇറ്റലിക്കും സ്‌പെയ്‌നിനും പിന്നാലെ സ്വിറ്റ്‌സര്‍ലന്‍ഡിലും കൊറോണവൈറസ് ബാധ നിയന്ത്രണവിധേയമാകുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം അറുനൂറിനുള്ളില്‍ നിന്നു.

ബുധനാഴ്ച 547 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച ഇത് 552 ആയിരുന്നു. മാര്‍ച്ച് 19 മുതല്‍ ഏപ്രില്‍ 2 വരെ പ്രതിദിനം ശരാശരി ആയിരം പേര്‍ക്ക് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരുന്നു.

രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഫലപ്രദമായെന്നാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്. നിയന്ത്രണങ്ങള്‍ ഏപ്രില്‍ 26 വരെ നീട്ടാനും തുടര്‍ ന്നു ഇളവ് നല്‍കാനുമാണ് ഇപ്പോള്‍ സര്‍ക്കാരില്‍ ഉരുത്തിരിഞ്ഞിരിക്കുന്ന ധാരണ.

മാര്‍ച്ച് 21 മുതലാണ് രാജ്യത്ത് കര്‍ക്കശ നിയന്ത്രണങ്ങള്‍ നടപ്പായത്. നിയന്ത്രണം നീക്കിയാലും സോഷ്യല്‍ ഡിസ്റ്റന്‍സിംഗും വ്യക്തി ശുചിത്വവും ദീര്‍ഘകാലം തുടരണമെന്ന് ആരോഗ്യ മന്ത്രി അലെയ്ന്‍ ബെര്‍സെറ്റ് പറഞ്ഞു.

ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പ തുക സ്വിറ്റ്‌സര്‍ലന്‍ഡ് ഇരട്ടിയാക്കി

ചെറുകിട ~ ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ക്ക് നല്‍കിവരുന്ന വായ്പയുടെ തുക സ്വിറ്റ്‌സര്‍ലന്‍ഡ് ഇരട്ടിയാക്കി. കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആവിര്‍ഭവിച്ച സാന്പത്തിക പ്രതിസന്ധി നേരിടുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.

ഇത്തരം സ്ഥാപനങ്ങള്‍ക്ക് ആകെ ഇരുപതു മില്യണ്‍ സ്വിസ് ഫ്രാങ്ക് വായ്പ നല്‍കുമെന്നായിരുന്നു മാര്‍ച്ച് 25 ന്റെ പ്രഖ്യാപനം. ഇത് ഇരുപതു മില്യനായാണ് ഉയര്‍ത്തിയിരിക്കുന്നത്.

പദ്ധതിക്ക് ലഭിച്ച വന്‍ സ്വീകാര്യതയാണ് തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ആദ്യ ആഴ്ച തന്നെ 76,000 സ്ഥാപനങ്ങള്‍ വായ്പയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതു നല്‍കുന്‌പോള്‍ തന്നെ തുടക്കത്തില്‍ അനുവദിച്ച തുകയില്‍ 15 മില്യണ്‍ തീരും.

നോര്‍വേയില്‍ രോഗബാധയുടെ മൂര്‍ധന്യം വരാനിരിക്കുന്നതേയുള്ളൂ എന്ന് അധികൃതര്‍ നോര്‍വേയില്‍ കൊറോണവൈറസ് ബാധയുടെ മൂര്‍ധന്യാവസ്ഥ ഇനിയും കാണാനിരിക്കുന്നതേയുള്ളൂ എന്ന് രാജ്യത്തെ പൊതു ആരോഗ്യ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനു മുന്നറിയിപ്പും നല്‍കി.

സോഷ്യല്‍ ഇമ്യൂണിറ്റി സിദ്ധാന്തം അനുസരിച്ച് രോഗം നിയന്ത്രിതമായ തോതില്‍ വന്നു പോകാന്‍ അനുവദിക്കുന്നത് കൂടുതല്‍ വലിയ പ്രത്യാഘാതങ്ങള്‍ക്കു കാരണമാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

ഇത്തരം സമീപനം സ്വീകരിച്ചാല്‍ രോഗത്തില്‍ നിന്നുള്ള സംരക്ഷണം പൗരന്‍മാര്‍ക്ക് ഉറപ്പ് കൊടുക്കേണ്ടി വരും. ജോലിക്കും വിദ്യാഭ്യാസത്തിനും മറ്റും ആളുകള്‍ തിരിച്ചെത്താന്‍ വൈകുന്ന സാഹചര്യവും സംജാതമാകുമെന്നും മുന്നറിയിപ്പ്. ഇതുവരെയായി 6160 പേരെയാണ് രോഗബാധിതരായി സ്ഥിരീകരിച്ചിരിക്കുന്നത്. ആകെ മരണസംഖ്യ 104 ല്‍ എത്തി.പുതിയ കേസുകള്‍ 118 ഉം മരണസംഖ്യ മൂന്നുമാണ്.

ബെല്‍ജിയത്തിലും നെതര്‍ലാന്റ്‌സിലും മരണ നിരക്കും രോഗബാധിതരുടെ എണ്ണത്തിലും വര്‍ധനവാണ് കാണിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക