Image

ഐഇഎല്‍ടിഎസ് , ഒഇടി പരീക്ഷകള്‍ക്ക് അയര്‍ലന്‍ഡ് ഇളവ് അനുവദിച്ചു

Published on 09 April, 2020
ഐഇഎല്‍ടിഎസ് , ഒഇടി പരീക്ഷകള്‍ക്ക് അയര്‍ലന്‍ഡ് ഇളവ് അനുവദിച്ചു

ഡബ്ലിന്‍: അയര്‍ലന്‍ഡിലേക്കുള്ള നഴ്‌സിംഗ് രജിസ്ട്രേഷന് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനയോഗ്യതയില്‍ ഇളവു വരുത്തികൊണ്ട് നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി ബോര്‍ഡ് ഓഫ് അയര്‍ലന്‍ഡ് (എന്‍എംബിഐ) ഉത്തരവിറക്കി.

ഐഇഎല്‍ടിഎസ് റൈറ്റിംഗ് മൊഡ്യൂളില്‍ 7 സ്‌കോര്‍ വേണ്ടിയിരുന്നത് 6.5 ആക്കി കുറച്ചു.എന്നാല്‍ ഓവറോള്‍ സ്‌കോര്‍ 7 ആയി തന്നെ തുടരും. എന്നാല്‍ ലിസണിംഗ് ,സ്പീക്കിംഗ്, റീഡിംഗ് മൊഡ്യൂളുകളില്‍ 7 സ്‌കോര്‍ വേണ്ടി വരും. ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ക്ക് ആവശ്യമായ സ്‌കോര്‍ ലഭിക്കാതിരുന്നത് റൈറ്റിംഗ് മൊഡ്യൂളിനായിരുന്നു.

അയര്‍ലന്‍ഡിലെ ജോലിക്ക് നഴ്സിംഗ് ഡിഗ്രിക്കൊപ്പം മിനിമം യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള ഒക്യുപ്പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റില്‍ (ഒഇടി) റൈറ്റിംഗ് മൊഡ്യൂളിനു വേണ്ട മിനിമം യോഗ്യതയായ ബി ഗ്രേഡ് സി പ്ലസ് ആക്കി കുറച്ചാണ് എന്‍എംബിഐ ഉത്തരവിറക്കിയത്.

ഒഇടിക്ക് ലിസണിംഗിനും റീഡിംഗിനും സി പ്ലസ് ഗ്രേഡ് വേണ്ടിയിരുന്നത് ബി ആയി ഉയര്‍ത്തിട്ടുണ്ട് . ഇതോടെ റൈറ്റിംഗ് മൊഡ്യൂളില്‍ സ്ഥിരമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് അയര്‍ലന്‍ഡിലെ ജോലി സ്വപ്നം എളുപ്പമാകും. കഴിഞ്ഞ ദിവസം നടന്ന എന്‍എംബിഐ യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ണായക തീരുമാനം ഉണ്ടായത്.

ബ്രിട്ടന്‍ കഴിഞ്ഞ വര്‍ഷത്തില്‍ തന്നെ ഐഇഎല്‍ടിഎസിന്റേയും ഒഇടിയുടെയും സ്‌കോര്‍ കുറച്ചിരുന്നു.അത് അയര്‍ലന്‍ഡിലേക്കുള്ള നഴ്‌സുമാരുടെ ഒഴുക്കിനു കുറവു വരുത്തിയിരുന്നു. സ്‌കോര്‍ കുറച്ചു കൊണ്ട് കൂടുതല്‍ നഴ്‌സുമാരെ അയര്‍ലന്‍ഡിലേക്ക് ആകര്‍ഷിക്കാനുള്ള വഴിയൊരുക്കുകയാണ് ഐറിഷ് നഴ്‌സിംഗ്‌ബോര്‍ഡും.

മാര്‍ച്ച് മുതല്‍ ഇന്നലെ വരെ 1,169 നഴ്‌സുമാര്‍ നഴ്‌സിംഗ്, മിഡ് വൈഫറി രജിസ്റ്ററില്‍ ചേര്‍ന്നതായി നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി ബോര്‍ഡ് (എന്‍എംബിഐ) അറിയിച്ചു.രജിസ്റ്ററിലേക്ക് മടങ്ങിവരുന്ന 784 നഴ്‌സുമാരും 385 പുതിയ രജിസ്‌ട്രേഷനുകളും ഉള്‍പ്പെടുന്നതാണ് ഈ കണക്ക് .

കോവിഡ് 19 എമര്‍ജന്‍സി സ്‌കീം പ്രകാരം അപേക്ഷിച്ചിരുന്ന നഴ്‌സുമാരുടെ യോഗ്യത പരിശോധിച്ചു വരികയാണെന്നും എത്രയും വേഗം പരിശോധനകള്‍ പൂര്‍ത്തിയാക്കി നഴ്‌സുമാരെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുമെന്നും എന്‍എംബിഐ വ്യക്തമാക്കി.

യുകെയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ളവരുടെ അപേക്ഷകള്‍ അവരുടെ യോഗ്യത, ഭാഷാ യോഗ്യത എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വേഗത്തില്‍ എത്തുന്ന മുറയ്ക്ക് അംഗീകരിക്കും.

അയര്‍ലന്‍ഡില്‍ നിന്നും വിദേശങ്ങളില്‍ നിന്നും ഫ്രണ്ട് ലൈന്‍ സ്റ്റാഫില്‍ ചേരാന്‍ ആഗ്രഹിക്കുന്ന യോഗ്യതയുള്ള എല്ലാ നഴ്സുമാരെയും മിഡ് വൈഫുകളേയും പിന്തുണയ്ക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുമെന്ന് സിഇഒ ഷീല മക്ക്ലാന്‍ലാന്‍ഡ് വ്യക്തമാക്കി. ഈ ഘട്ടത്തില്‍ സര്‍ക്കാരിനെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവരെ പിന്തുണയ്ക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന്, 'മക്ക്ലാന്‍ലാന്‍ഡ് പറഞ്ഞു.

അയര്‍ലഡില്‍ നിന്നും മലയാളികളായ ഇരുനൂറില്‍ അധികം പേരടക്കം എച്ച്എസ്ഇ വഴി 'ഓണ്‍ കാള്‍ ഫോര്‍ അയര്‍ലന്‍ഡ് ' കാന്പയിനിലേക്ക് അപേക്ഷിച്ചിരുന്നു . ഈ സ്‌കീമില്‍ അഞ്ഞൂറിലധികം അപേക്ഷകരുടെ രജിസ്ട്രേഷനുകള്‍ എന്‍എംബിഐ സ്ഥിരീകരിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്.

നിശ്ചിത ഭാഷാ യോഗ്യതകള്‍ ഇല്ലാതെ തന്നെ, അയര്‍ലന്‍ഡിലെ റസിഡന്റ്‌സ് എന്ന നിലയില്‍ അയര്‍ലന്‍ഡില്‍ ജോലി ചെയ്യാന്‍ അര്‍ഹതയുള്ള മലയാളികളുടെ അപേക്ഷ അംഗീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍. ഇതു സംബന്ധിച്ച കൃത്യമായ സ്ഥിരീകരണം ഇതേ വരെ ഉണ്ടായിട്ടില്ല.

റിപ്പോര്‍ട്ട്: എമി സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക