Image

ദീനം- (കഥ) ഫെലിക്സ് ദേവസ്യാ

Published on 09 April, 2020
ദീനം- (കഥ)   ഫെലിക്സ് ദേവസ്യാ
അക്കാലത്ത് പള്ളിക്കൂടത്തിലെ കുട്ടികൾക്ക്  അസ്വസ്ഥതകൾ തുടങ്ങി. ദീനം ആണെന്നാരോ പുറകിലെ ബെഞ്ചിലിരുന്ന് പറഞ്ഞു. എന്നാൽ ദീനം എന്താണെന്ന് ആർക്കും മനസിലായില്ല. പള്ളിക്കൂടത്തിലെ  പ്രഥമനും സുമുഖനുമായ സാറും കുട്ടികളും ആലോചനയിലും പരീക്ഷണങ്ങളിലും മുഴുകി. ഇന്ദ്രിയക്ഷതം ആണെന്ന് ഒരു കുട്ടി പറഞ്ഞു. 
"ഇന്ദ്രിയങ്ങളെ പ്രസാദിപ്പിച്ചാൽ ദീനം മാറുമത്രെ. "
ആ കുട്ടി സാറിന്റെ അരുമശിഷ്യനായിരുന്നു. കെ. പി. അരുമൻ. മറ്റൊരു ശിഷ്യന് ആ ഇന്ദ്രിയതിയറിയിൽ എന്തുകൊണ്ടോ വിശ്വാസം ഉണ്ടായിരുന്നില്ല. ആ ശിഷ്യൻ സാറിന്റെ എരുമശിഷ്യനായിരുന്നു. അഥവാ സാറിന് അവനെ ഇഷ്ടമല്ലായിരുന്നു. എരുമൻ എപ്പോഴും അവന്റെ സമാന്യബോധത്തെ പരിഗണിച്ചിരുന്നു. അരുമന്റെ തിയറി ശരിയാണെന്ന് സാറ് കല്പിച്ചു. പരിഹാരമായി പഞ്ചദിനാഘോഷവും കുറിച്ചു.
ഓരോ ദിനവും ഓരോ ഇന്ദ്രിയത്തിനിരിക്കട്ടെ. 
സാറ്: "കുട്ടീകളേ, ഇന്ന് നിങ്ങൾ ശബ്ദമുണ്ടാക്കുക. അത് കാതോദ്വീപകമാകുന്നു. "
അരുമൻ: "ഉവ്വ് ഗുരോ, അത് നല്ലൊരു സ്തുതിയുമാണ്. ഒച്ചമന്ത്ര:ശ്രവസ്സ്തുതി. "
സാറ്: "അതന്നെ"
കുട്ടികൾ അന്ന് ശബ്ദത്തോട് ശബ്ദം ഉണ്ടാക്കി സ്തുതിച്ച് അർമാദിച്ചു. എരുമന് വിശ്വാസം വന്നില്ലെങ്കിലും സ്തുതിക്കാൻ കൂടെ കൂടി. ആകെ സ്തുത്യർമാദം.. പക്ഷേ ദീനം മാറിയില്ല. ദീനത്തിന് കേൾവിശക്തി കുറവാണെന്ന് തോന്നുന്നു.
രണ്ടാം ദിനം സാറ് അരുൾ ചെയ്തു 
"ഇത്തവണ പ്രകാശം ആകട്ടെ"
അരുമൻ : "ഉത്തരവ് സർഗുരോ, നമുക്കൊരു പ്രകാശ്യപ്രകിരണപ്രക്രിയ തന്നെ നടത്തിയാലോ?"
സാറ്: "ആയിക്കോട്ടെ"
എരുമൻ ഒന്നും മിണ്ടിയില്ല.
അന്ന് രാത്രി പള്ളിക്കൂടമാകെ വെട്ടം, പ്രകാശം മുതലായവരുടെ കുന്തളിപ്പ് കാരണം തമസോമൻ ഓടി രക്ഷപെട്ടുകളഞ്ഞു. ആ ദീപ്തിമത്-രാവിൽ ദീനം മാത്രം ഓടിയില്ല. ദീനത്തിന് കാഴ്ചശക്തിയില്ലെന്ന് എരുമൻ ഊഹിച്ചു.
മൂന്നാം ദിനം 
സാറ്: "അരുമാ"
അരുമൻ: "ഗുരോ"
സാറ്: "ഇതിനെ അങ്ങനെ വിട്ടാൽ പറ്റില്ല. ഇന്ന് മൂക്കിനെ പൂജിക്കാം. എന്തേ? ഒരു നാസോപാസന നടത്തിയാലോ?"
അരുമൻ : "പോര സർഗുരോ, ഘ്രാണതർപ്പണോപോദ്വലനം തന്നെ വേണ്ടിവരും. ചെലവ് അല്പം കൂടും."
സാറ്: "സാരമില്ല. അതങ്ങട് നടത്തന്യേ.."
അന്ന് രാത്രിയിൽ പള്ളിക്കൂടത്തിലെ സർവ സുഗന്ധവസ്തുക്കളും ഒരുമിച്ചു പുകഞ്ഞു. ധൂമാധിക്യത്താൽ ആകാശം മറഞ്ഞു , കൂടെ ചന്ദ്രനും. ചന്ദ്രനിലെ മുയലിന് പോലും ശ്വാസം മുട്ടി. അതൊരു മാസ്കും ധരിച്ചു. എന്നാൽ ദീനത്തിന് ഒരു മുട്ടും ഉണ്ടായില്ല. ഈ ദീനം പകരുന്നതാണെന്ന് എരുമൻ നിരീക്ഷിച്ചു. 
സാറ് അടുത്ത ഇന്ദ്രിയത്തിനെ മുട്ടി നോക്കാൻ തീരുമാനിച്ചു. 
സാറ്: "നാക്ക്.. നാവുപൂജ തന്നെ രക്ഷ." 
അരുമൻ: "ജിഹ്വാനമസ്യാ സുഖിയൻ ഭവന്തു എന്നാണല്ലോ."
സാറ്: "എന്നുവച്ചാൽ?"
അരുമൻ: "മധുരപലഹാരങ്ങൾ കഴിക്കുക."
സാറ് : "ദതാണ്."
അങ്ങനെ നാലാം ദിനം കുട്ടികളുടെ വായിൽ തേനും പാലും ഒഴുകി. ലഡുവും ജിലേബിയും ചതഞ്ഞരഞ്ഞു. . കുട്ടികളുടെ ശരാശരി ഷുഗർ കുതിച്ചുയർന്നു. എരുമൻ ഒന്നും കഴിച്ചില്ല.   അവൻ അതെല്ലാം കണ്ടുനിന്നു. അന്ന് ഏതാനും കുട്ടികൾക്ക് കൂടി ദീനം പിടിപെട്ടു .  നോ രക്ഷ. ദീനം അവിടെത്തന്നെ.
സാറ്: "അരുമാ .."
അരുമൻ: "ഗുരോ"
സാറ്: "അടുത്ത ഇന്ദ്രിയം ഏതാ?"
അരുമൻ: "ത്വക്കാണ് സർഗുരോ"
സാറ് ചിരിച്ചു. അദ്ദേഹത്തിന്റെ ഉള്ളിൽ ഐഡിയ വിരിയുന്നത് കണ്ണിൽ പ്രതിഫലിച്ചു.
"ഹും, തലോടൽചികിത്സ തന്നെ വിധി. സ്വയം തലോടുക. മറ്റുള്ളവരെ തലോടി ദീനം തോണ്ടി എടുക്കേണ്ട. എല്ലാം സ്വയം മതി."
അരുമൻ: "സ്വചർമ്മകർമ്മഹസ്തക്രിയ എന്ന് ത്വക് വേദത്തിൽ പറയുന്നുണ്ട്."
സാറ്: "വെരി ഗുഡ്. അതങ്ങ് ചെയ്യട്ടെ."
അവശരായ കുട്ടികൾ അഞ്ചാം ദിനത്തിൽ  സ്വയം ഉഴിയാൻ തുടങ്ങി. ആ പള്ളിക്കൂടം മുഴുവൻ ഉഴിഞ്ഞാടി. ഉഴിഞ്ഞുഴിഞ്ഞ് അവർ വശം കെട്ടു. ദീനം ഒഴിഞ്ഞില്ല.
സാറ്: "അരുമാ ദീനം മാറുന്നില്ല. ഇന്ദ്രിയം തീരുകയും ചെയ്തിരിക്കുന്നു. "
അരുമൻ ഇന്ദ്രിയകോശം മറിച്ചു നോക്കി.
അരുമൻ: "സർഗുരോ ഇനി രണ്ടെണ്ണം കൂടി ഉണ്ടെന്ന് ഇതിൽ പറയുന്നു."
സാറ് : "ദാറ്റ് ഈസ് ഗുഡ്, ആദ്യത്തേത് ഏതാ?"
അരുമൻ: "ആറാമിന്ദ്രിയം, മനസ് ... ദീനസ്തംഭം മനസ്ശ്ചര്യം എന്നിതിൽ പറയുന്നു. അഥവാ മനസുണ്ടെങ്കിൽ ദീനം മാറും എന്ന് വ്യംഗ്യം."
അപ്പോൾ എരുമൻ പറഞ്ഞു 
"ഗുരോ പള്ളിക്കൂടം അടച്ചാലോ, പുറകിലത്തെ ബെഞ്ചിലെ എല്ലാര്ക്കും ദീനം ആയി."
സാറ്: "യൂ ഷട്ട് അപ്പ് ...അത് ഞാൻ തീരുമാനിക്കും .ഇന്നെല്ലാരും മനസെക്സർസൈസ് ചെയ്യൂ. എല്ലാത്തിന്റെയും മനം കുളിരട്ടെ"
തളർന്നുപോയ കുട്ടികൾ അറിയാവുന്ന ധ്യാനമുറകളെല്ലാം ചെയ്തു. പുതിയ ദീനമായിരുന്നതുകൊണ്ട് ചിലതൊക്കെ പുതിയ ധ്യാനമുറകളായിരുന്നു. ദീനത്തിന് ഒരു കുലുക്കവുമില്ല.
എരുമനും ഏതാനും കുട്ടികളും ഒരു മൂലയിൽ മാറിനിന്ന് പറഞ്ഞു "ഗുരോ ഞങ്ങൾക്ക് ഒരു കാര്യം പറയാനുണ്ട്. "
സാറ്: "എന്ത് ?!! എനിക്കെതിരെ ഗ്രൂപ് ഉണ്ടാക്കുന്നോ ? യൂ ഗെറ്റ് ഔട്ട് "
കേട്ടപാതി എരുമനും കൂട്ടുകാരും വരാന്തയിലിറങ്ങി നിന്ന് ശുദ്ധവായു ശ്വസിച്ചു.
സാറ്: "ഏഴാം ഇന്ദ്രിയം ഓൺ ചെയ്താലോ അരുമാ?"
അരുമൻ: "അത് കലക്കി. ഏഴ് അത്യത്ഭുത നമ്പരാണ് ഗുരോ. സപ്ത സ്വരം, സപ്തവര്ണം, സപ്ത നാഡി, സപ്തര്ഷി അങ്ങനെ എന്തെല്ലാം.."
സാറ്: "അതെയതെ ഏഴിലം പാല, ഏഴാം കൂലി, ഏഴു തളി...കൊള്ളാം കൊള്ളാം. അതിനെ പൂജിച്ചേക്കാം"
അരുമൻ: "പക്ഷെ അത് എല്ലാർക്കും ശെരിക്ക് പ്രവർത്തിക്കാറില്ല സർഗുരോ. "
സാറ്: 'അതെന്താ?"
അരുമൻ: "അത് സർഗ സൃഷ്ടി ആകുന്നു. "
സാറ്: "എല്ലാരും കൂടി സൃഷ്ടിക്കണ്ട. ഒരാള് ചെയ്യട്ടെ. "
സാറ് ആ പള്ളിക്കൂടത്തിലെ ആകെയുള്ള സർഗ്ഗനെ നോക്കി. അവൻ കവിത ചൊല്ലുമായിരുന്നു. തികഞ്ഞ സർഗ്ഗീയവാദി.
സാറ്: "സർഗ്ഗൻ ഇവിടെ വരൂ, ഒരു പാട്ട് പാടൂ."
തീരെ അവശനായിരുന്ന അവൻ വേച്ചു വേച്ച് സാറിന്റെ അടുത്തെത്തി പാടാൻ തുടങ്ങി. 
 " ദീപങ്ങളൊക്കെ കെടുത്തി ഞാൻ  പ്രാർത്ഥിച്ചു ദീപമേ നീ നയിച്ചാലും..." 
അത്രയും പാടി സർഗ്ഗൻ നിലത്തു വീണു. എല്ലാരും സ്തബ്ധരായി. അവന്റെ ബോധം മറഞ്ഞിരുന്നു. എരുമൻ ക്ലാസിലേക്ക് ഓടിക്കയറി. സർഗ്ഗനെ കോരിയെടുത്ത് അവൻ പുറത്തേക്ക് ഓടി. വൈദ്യരുടെ അടുത്തേക്ക്. വരാന്തയിൽ നിന്നിരുന്ന കൂട്ടുകാർ അവന്റെ പുറകെ ഓടി. അരുമനും സാറും നോക്കിനിന്നു. കൂട്ടുകാർ ചോദിച്ചു. 
"നീ എന്ത് ചെയ്യാൻ പോകുന്നു?"
എരുമൻ പറഞ്ഞു "എട്ടാമത്തെ ഇന്ദ്രിയത്തെ കാണാൻ"
"അതെന്താ?"
എരുമൻ: "വിധി"

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക