Image

യേശുവിന്റെ സാന്ത്വനവും സഞ്ജീവനിയുമായി ലോകത്തിന് ഇന്ത്യയുടെ മരുന്ന് (ശ്രീനി)

ശ്രീനി Published on 09 April, 2020
 യേശുവിന്റെ സാന്ത്വനവും സഞ്ജീവനിയുമായി ലോകത്തിന് ഇന്ത്യയുടെ മരുന്ന് (ശ്രീനി)
മലേറിയയ്‌ക്കെതിരെ പ്രയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്ന ഗുളിക കോവിഡ് പ്രതിരോധത്തിന് നല്കണമെന്നുള്ള പ്രസിഡന്റ് ട്രംപിന്റെ ഇന്ത്യയോടുള്ള ആവശ്യം വിവാദം സൃഷ്ടിച്ചിരുന്നു. മരുന്ന് തന്നില്ലെങ്കില്‍ ഇന്ത്യ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്ന ട്രംപിന്റേതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് പിന്നീട് തിരുത്തപ്പെട്ടു. ഏതായാലും പ്രസ്തുത മരുന്ന് അമേരിക്കയിലേയ്ക്ക് കയറ്റുമതി ചെയ്യാന്‍ ഇന്ത്യ തീരുമാനിച്ചു. മോദി ട്രംപിന്റെ മുന്നില്‍ മുട്ടുമടിക്കിയെന്ന പരിഹാസവും ഇത്തരുണത്തിലുണ്ടായി. എന്നാല്‍ ഇന്ത്യയുടെ തീരുമാനം വന്നതേടെ താന്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ മഹാനാണ് മോദിയെന്ന് ട്രംപ് പുകഴ്ത്തുകയും ചെയ്തു. പക്ഷേ, മരുന്ന് കയറ്റുമതിക്കെതിരെ ഇന്ത്യയില്‍ പ്രതിഷേധമുയരുന്നുണ്ട്.

ഹൈഡ്രോക്‌സി ക്‌ളോറോക്വിന്‍ നല്‍കണമെന്ന ആവശ്യവുമായി മുപ്പതോളം ലോകരാഷ്ട്രങ്ങളാണിപ്പോള്‍ ഇന്ത്യയെ സമീപിച്ചിരിക്കുന്നത്. ഇക്കാര്യം അഭ്യര്‍ത്ഥിച്ച് ബ്രസീല്‍ പ്രധാനമന്ത്രി ജെയര്‍ ബൊല്‍സനാരോ നരേന്ദ്ര മോദിക്ക് അയച്ച കത്ത് കൗതുകകരമാണ്. ശ്രീരാമന്റെ സഹോദരനായ ലക്ഷ്മണന്റെ ജീവന്‍ രക്ഷിക്കാന്‍ ഹനുമാന്‍ ഹിമാലയത്തില്‍ നിന്ന് മൃതസഞ്ജീവിനി  കൊണ്ടു വന്നപോലെ, യേശു ക്രിസ്തു അന്ധന് കാഴ്ച നല്‍കിയ പോലെ ജനങ്ങള്‍ക്കായി ബ്രസീലും ഇന്ത്യയും ഒരു ശക്തിയായി നിന്ന് കൊവിഡിനെ അതിജീവിക്കണമെന്ന് ബൊല്‍സാനരോ കത്തില്‍ എഴുതി. ഏപ്രില്‍ നാലാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബൊല്‍സാനരോയും തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ലോകത്തെ സാഹചര്യങ്ങളെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. ഇന്ത്യക്ക് സാധിക്കുന്ന എല്ലാ സഹായങ്ങളും ബ്രസീലിന് വേണ്ടി നല്‍കുമെന്നും അന്ന് മോദി വാഗ്ദാനം ചെയ്തു.

ഹൈന്ദവ വിശ്വാസപ്രകാരം സര്‍വ്വരോഗങ്ങളെയും സുഖപ്പെടുത്താന്‍ കഴിയുന്ന അത്ഭുത ഔഷധ സസ്യമാണ് സഞ്ജീവനി. ഈ സസ്യത്തിന് മരിച്ച ഒരു വ്യക്തിയെ ജീവിപ്പിക്കാന്‍ കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. രാമായണത്തിലാണ് മൃതസഞ്ജീവനിയെക്കുറിച്ച് പരാമര്‍ശിക്കുന്നത്. രാവണന്റെ പുത്രനായ ഇന്ദ്രജിത്തിന്റെ അമ്പേറ്റ് ലക്ഷ്മണന്‍ മരിച്ചതിനുതുല്യമായി. ലക്ഷ്മണനെ രക്ഷിക്കാനായി ഹിമാലയത്തിലെ ദ്രോണഗിരി പര്‍വ്വതത്തിലെ പൂക്കളുടെ താഴ്‌വരയില്‍ നിന്ന് സജ്ജീവനി കൊണ്ടുവരുവാനായി ഹനുമാന്‍ നിയോഗിക്കപ്പെട്ടു. ദ്രോണഗിരി പര്‍വ്വതത്തിലെത്തിയപ്പോള്‍ ഹനുമാന് സജ്ജീവനി തിരിച്ചറിയാന്‍ സാധിച്ചില്ല. തുടര്‍ന്ന് ലങ്കയിലെ യുദ്ധഭൂമിയിലേയ്ക്ക് ദ്രോണഗിരി പര്‍വ്വതത്തെ മൊത്തത്തില്‍ അടര്‍ത്തിയെടുത്തുകൊണ്ടാണ് ഹനുമാന്‍ തിരിച്ചെത്തിയത്. മൃതസഞ്ജീവനി കഴിച്ച് ലക്ഷ്മണന്‍ സുഖം പ്രാപിക്കുകയും ചെയ്തു. അതേസമയം ഹൈന്ദവ പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന യഥാര്‍ഥ സജ്ജീവനി സസ്യം ഏതെന്ന് കൃത്യമായി പറയാന്‍ ഇതുവരെ സാധിച്ചിട്ടുമില്ല.

യേശു ക്രിസ്തു അന്ധന് കാഴ്ച നല്‍കിയത് ബൈബിളില്‍ ഇപ്രകാരം വിവരിക്കുന്നു: അവന്‍ യെരീഹോവിന്നു അടുത്തപ്പോള്‍ ഒരു കുരുടന്‍ ഇരന്നുകൊണ്ടു വഴിയരികെ ഇരുന്നിരുന്നു. പുരുഷാരം കടന്നു പോകുന്നതു കേട്ടു: ''ഇതെന്തു...'' എന്നു അവന്‍ ചോദിച്ചു. നസറായനായ യേശു കടന്നുപോകുന്നു എന്നു അവര്‍ അവനോടു അറിയിച്ചു. അപ്പോള്‍ അവന്‍: യേശുവേ, ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു. മുന്‍നടക്കുന്നവര്‍ അവനെ മിണ്ടാതിരിപ്പാന്‍ ശാസിച്ചു; അവനോ: ദിവീദുപുത്രാ എന്നോടു കരുണ തോന്നേണമേ എന്നു ഏറ്റവും അധികം നിലവിളിച്ചു. യേശു നിന്നു, അവനെ തന്റെ അടുക്കല്‍ കൊണ്ടുവരുവാന്‍ കല്പിച്ചു. അവന്‍ അടുക്കെ വന്നപ്പോള്‍: 'ഞാന്‍ നിനക്കു എന്തു ചെയ്യേണം എന്നു ചോദിച്ചു'. കര്‍ത്താവേ, എനിക്കു കാഴ്ച കിട്ടേണം എന്നു അവന്‍ പറഞ്ഞു. യേശു അവനോടു: ''കാഴ്ച പ്രാപിക്ക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു...'' എന്നു പറഞ്ഞു. ക്ഷണത്തില്‍ അവന്‍ കാഴ്ച പ്രാപിച്ചു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ടു അവനെ അനുഗമിച്ചു; ജനം എല്ലാം കണ്ടിട്ടു ദൈവത്തിന്നു പുകഴ്ച കൊടുത്തു. (ലൂക്കോസ്: 18: 35-43).

ബ്രസീല്‍ പ്രസിഡന്റിന്റെ കത്തില്‍ മൃസഞ്ജീവനിയും യേശു കുരുടന് കാഴ്ച നല്‍കിയതും പരാമര്‍ശിക്കപ്പെട്ടപ്പോള്‍ എന്തുകൊണ്ട് ഹൈഡ്രോക്‌സി ക്‌ളോറോക്വിന്‍..? എന്തുകൊണ്ട് ഇന്ത്യ..? ഹൈഡ്രോക്‌സി ക്‌ളോറോക്വിന്‍, പാരാസെറ്റമോള്‍  എന്നിവയുടെ ലോകത്തെ ഏറ്റവും വലിയ ഉത്പാദകര്‍ ഇന്ത്യയാണ്. അമേരിക്ക ഉപയോഗിക്കുന്നതില്‍ പകുതിയും ഇന്ത്യല്‍ മരുന്നുകളാണ്. മാര്‍ച്ച് മാസത്തില്‍ അമേരിക്കയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് വലിയ ഓര്‍ഡറുകള്‍ നല്‍കിയിരുന്നു. വന്‍തോതിലുള്ള കയറ്റുമതി ഇന്ത്യയില്‍ മരുന്ന് ക്ഷാമം ഉണ്ടാക്കുമെന്ന് കണ്ടതോടെ കയറ്റുമതി നിരോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഏപ്രില്‍ എട്ടിന് നിരോധനം ഭാഗീകമായി നീക്കി. മുന്‍കൂര്‍ ഓര്‍ഡര്‍ ചെയ്ത രാജ്യങ്ങള്‍ക്ക് ഇനി ഇന്ത്യ മരുന്ന് കയറ്റുമതി ചെയ്യും. നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ക്കും അമേരിക്കയുള്‍പ്പെടെ ഗുരുതരമായ സ്ഥിതിവിശേഷമുള്ള രാജ്യങ്ങള്‍ക്കും മരുന്ന് നല്‍കും.

മലമ്പനി കൂടാതെ റുമാറ്റിക് ആര്‍ത്രൈറ്റിസ്, ലൂപ്പസ് തുടങ്ങിയ രോഗങ്ങള്‍ക്കും ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ നല്‍കി വരുന്നു. പ്രധാനമായും മലമ്പനിക്ക് നല്‍കി വരുന്ന പ്രതിരോധ മരുന്നാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും കൊറോണ വൈറസ് ബാധിതരില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ നല്‍കി നടത്തിയ പരീക്ഷണം ഗുണം ചെയ്തു എന്ന സൂചനകള്‍ വന്നതോടെ ഈ മരുന്നിന് ലഭിച്ചിരിക്കുന്ന ആഗോള പ്രാധാന്യം വലുതാണ്. അമേരിക്കന്‍ ഐക്യനാടുകളില്‍ 1955ല്‍ വൈദ്യശാസ്ത്ര ഉപയോഗത്തിനായി ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ അംഗീകരിച്ചു. ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളുടെ പട്ടികയില്‍ ഇതിനെ പെടുത്തിയിട്ടുണ്ട്. കോവിഡ് 19ന്റെ പരീക്ഷണാത്മക ചികിത്സയ്ക്കായി ചൈനീസ്, ദക്ഷിണ കൊറിയന്‍ ആരോഗ്യ അധികൃതര്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍, ക്ലോറോക്വിന്‍ എന്നിവ ശുപാര്‍ശ ചെയ്തിട്ടുണ്ട്. 

'പ്ലാക്വിനില്‍' എന്ന വ്യാപാരനാമത്തില്‍ വില്‍ക്കപ്പെടുന്ന ഒരു മരുന്നാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍. സെന്‍സിറ്റീവ് മലേറിയയ്ക്കാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ല്യൂപ്പസ്, പോര്‍ഫിറിയ കട്ടാനിയ ടാര്‍ഡ എന്നിവയുടെ ചികിത്സയ്ക്കും ഉപയോഗിക്കാറുണ്ട്. വായിലൂടെ നല്‍കുന്ന മരുന്നാണിത്. കൊറോണ വൈറസ് രോഗത്തിനുള്ള പരീക്ഷണാത്മക ചികിത്സയായും ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ രോഗികള്‍ക്ക് കൊടുക്കുന്നു. വളരെയേറെ പാര്‍ശ്വഫലങ്ങള്‍ ഉള്ളതിനാല്‍, ഒരു ആരോഗ്യവിദഗ്ദന്റെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഇതുപയോഗിക്കാവൂ. ഛര്‍ദ്ദി, തലവേദന, കാഴ്ചയിലെ മാറ്റങ്ങള്‍, പേശികളുടെ ബലഹീനത എന്നിവയാണ് സാധാരണ പാര്‍ശ്വഫലങ്ങള്‍. കഠിനമായ പാര്‍ശ്വഫലങ്ങളില്‍ അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടാം. എല്ലാ അപകടസാധ്യതകളും ഒഴിവാക്കാന്‍ കഴിയില്ലെങ്കിലും ഇത് ഗര്‍ഭകാലത്ത് റുമാറ്റിക് രോഗത്തിനുള്ള ചികിത്സയായി തുടരുന്നു. 

രോഗികള്‍ക്ക് ഹൃദയ സംബന്ധമായ അസുഖം, പ്രമേഹം, സോറിയാസിസ് തുടങ്ങിയവ ഉണ്ടെങ്കില്‍ ജാഗ്രത ആവശ്യമാണ്. ഓക്കാനം, വയറിളക്കത്തോടെയുള്ള, ഇടയ്ക്കിടെയുള്ള വയറുവേദന എന്നിവയാണ് ഏറ്റവും സാധാരണമായ പ്രതികൂല ലക്ഷണങ്ങള്‍. ഗുരുതരമായ പ്രതികൂല ഫലങ്ങള്‍ കണ്ണിനെ ബാധിക്കുന്നു. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗം നിര്‍ത്തലാക്കിയതിനുശേഷവും ഡോസുമായി ബന്ധപ്പെട്ട റെറ്റിനോപ്പതി നിലനില്‍ക്കാം. ഗര്‍ഭിണികളോ മുലയൂട്ടുന്ന അമ്മമാരോ ശ്രദ്ധയോടെ ഉപയോഗിക്കണം. 

വാല്‍ക്കഷണം

രാമായണത്തില്‍ പരാമര്‍ശിക്കുന്ന മൃതസഞ്ജീവനി കണ്ടെത്താന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ 2016ല്‍ തിരച്ചില്‍ യജ്ഞത്തിന് ഉത്തരവിട്ടിരുന്നു. ഹനുമാന് കണ്ടെത്താന്‍ കഴിയാതെ പോയ മൃതസഞ്ജീവനി കണ്ടെത്തുന്നതിനായി ഹിമാലയത്തിലെ ദ്രോണഗിരിയില്‍ തിരച്ചില്‍ നടത്താനായിരുന്നു ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ ശ്രമം. 25 കോടി രൂപ സര്‍ക്കാര്‍ ഇതിനായി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യ ചൈന അതിര്‍ത്തിയിലാണ് ദ്രോണഗിരി. ആഗോളവിപണിയില്‍ ആയുര്‍വ്വേദത്തിന് വിപണയില്‍ ഏറെ ആവശ്യക്കാരുണ്ടെന്നും അതിനാലാണ് ഔഷധം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചത്.

 യേശുവിന്റെ സാന്ത്വനവും സഞ്ജീവനിയുമായി ലോകത്തിന് ഇന്ത്യയുടെ മരുന്ന് (ശ്രീനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക