Image

അത് ആരാണെന്ന് എനിക്ക് അറിയാം, ഇനിയും ഇത്തരം കാര്യങ്ങൾ തുടർന്നാൽ നിങ്ങൾ പ്രശ്നത്തിലാകും: പ്രതാപ് പോത്തൻ

Published on 08 April, 2020
അത് ആരാണെന്ന് എനിക്ക് അറിയാം, ഇനിയും ഇത്തരം കാര്യങ്ങൾ തുടർന്നാൽ നിങ്ങൾ പ്രശ്നത്തിലാകും:  പ്രതാപ് പോത്തൻ
കൊച്ചി; തന്റെ പേര് പറഞ്ഞ് സഹോദരിയെ ഫോൺ വിളിച്ച് അജ്ഞാതൻ പരിഭ്രാന്തിപ്പെടുത്തുകയാണെന്ന് നടൻ പ്രതാപ് പോത്തൻ. തനിച്ച് താമസിക്കുന്ന സഹോദരിയെയാണ് തന്റെ പേര് പറഞ്ഞ് ഒരാൾ കബളിപ്പിക്കുന്നത്. 

ആരാണ് ഇത് ചെയ്യുന്നതെന്ന് അറിയാമെന്നും ഇത് ഇനിയും തുടർന്നാൽ നിയമനടപടി സ്വീകരിക്കുമെന്നും പ്രതാപ് പോത്തൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം

"എന്റെ സഹോദരി അവരുടെ എൺപതുകളിലാണ്. ദീർഘകാലമായി ഇറ്റലിയിൽ ആയിരുന്നു. ആലുവയിൽ അവർക്ക് മനോഹരമായ വീടുണ്ട്. ഭാ​ഗ്യത്തിന് വൈറസിന്റെ ആക്രമണത്തിനു മുൻപു തന്നെ അവർ ഇറ്റലിയിൽ നിന്നു തിരിച്ചെത്തി. 

അവരുടെ ഭർത്താവും മകനും മരിച്ചുപോയതിനാൽ അവർ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഞാനാണെങ്കിൽ ചെന്നൈയിലും. എനിക്കൊപ്പം വന്നു താമസിക്കാൻ നിരവധി തവണ നിർബന്ധിച്ചെങ്കിലും അവർ വിസമ്മതിച്ചു. ഇന്നലെ, ഒരു വിണ്ഢി ഞാനാണെന്ന് പറഞ്ഞ് എന്റെ സഹോദരിയെ വിളിച്ചു. ഡ്രൈവറാണ് ഫോണെടുത്തത്. മറുതലക്കൽ ഞാനാണെന്ന് കരുതി ഡ്രൈവർ ഫോൺ എന്റെ സഹോദരിക്കു നൽകി.

സഹോദരി ഫോണെടുത്തതും അയാൾ ചുമയ്ക്കാൻ തുടങ്ങി. അയാൾ മോശം നടനായതിനാൽ ഇടയ്ക്ക് അയാൾ പറഞ്ഞത് സഹോദരിക്ക് മനസിലായില്ല. എന്താണ് പറയുന്നത് എന്ന് ചോദിച്ചപ്പോൾ ഞാൻ പ്രതാപ് ആണെന്ന് അയാൾ പറഞ്ഞുകൊണ്ടിരുന്നു. ഉടനെ എന്റെ സഹോദരി ഫോൺ കട്ട് ചെയ്ത് എന്റെ നമ്പറിൽ തിരിച്ചു വിളിച്ചു. കുളിക്കുകയായിരുന്നതിനാൽ എനിക്ക് ഫോൺ കോൾ എടുക്കാൻ കഴിഞ്ഞില്ല. 

നേരത്തെ വിളിച്ചത് ആരാണെന്ന് ഫോണെടുത്ത് നോക്കാനുള്ള ഒരു അവസ്ഥയിലായിരുന്നില്ല അവർ. ഒടുവിൽ, ഞാൻ തിരിച്ചു വിളിച്ചപ്പോഴാണ് അവർക്ക് ആശ്വാസമായത്. നമ്പറുകൾ കണ്ടുപിടിക്കാൻ സഹോദരിക്ക് അറിയില്ലായിരുന്നു. എന്റെ നിർദേശങ്ങൾ അൻുസരിച്ച് അവർ നമ്പർ കണ്ടെത്തി. അത് തിരുവനന്തപുരത്തു നിന്നുള്ള നമ്പറാണ്. അത് ആരാണെന്നും എനിക്ക് അറിയാം. ഇനിയും ഇത്തരം കാര്യങ്ങൾ തുടർന്നാൽ നിങ്ങൾ പ്രശ്നത്തിലാകും.

 പ്രായമായ സ്ത്രീയെ പേടിപ്പിക്കാമെന്നാണ് അവർ ചിന്തിക്കുന്നത്. ആ വൃത്തികെട്ടവരെ ദൈവം രക്ഷിക്കും. ഇനിയും കോളുകൾ വന്നാൽ ഞാൻ റിപ്പോർട്ട് ചെയ്യും. എന്നെ ദേഷ്യംപിടിപ്പിക്കാൻ വേണ്ടിയാണ് അവരിത് ചെയ്യുന്നത്. നിങ്ങൾ മുട്ടുകുത്തിനിന്ന് നിങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ദൈവങ്ങളോട് പ്രാർത്ഥിച്ചോളൂ. ഇനിയൊരു തവണ കൂടിയുണ്ടായാൽ നിങ്ങൾ അറസ്റ്റ് ചെയ്യപ്പെടും. പ്രായമായ സ്ത്രീയെ പേടിപ്പിച്ചാൽ നിങ്ങളോട് ആരും ക്ഷമിക്കില്ല.





 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക